Image

പ്രയാണം (കഥ: മഞ്ജു രവീന്ദ്രൻ)

Published on 22 August, 2021
പ്രയാണം (കഥ: മഞ്ജു രവീന്ദ്രൻ)
ഇടയ്ക്കൊന്നുണർന്നു അവൾ. എന്തോ സ്വപ്നം കണ്ടുണർന്നതാണ്. അമ്മയെ ഒന്ന് കൂടെ മുറുകെ പിടിച്ചു. സുഖം ആയി ഉറങ്ങുന്നു അമ്മ. പാവം നന്നായി ഉറങ്ങട്ടെ. മാറി കിടന്ന ഷീറ്റ് എടുത്തു അവൾ അമ്മയെ ശരിയായ രീതിയിൽ പുതപ്പിച്ചു. അമ്മയെ പുണർന്നു ഉറങ്ങുവാൻ ശ്രമിച്ചു. പക്ഷെ, പറ്റുന്നില്ല. തനിക്കുവേണ്ടി ഒരുപാട് കഷ്ടപെടുന്നു അമ്മ എത്ര വയ്യായ്ക ഉണ്ടെങ്കിലും ജോലിക്ക് പോകാതിരിക്കില്ല. ഒരു അല്ലലും ഇല്ലാതെ ആരേയും, ഒന്നിനെയും ആശ്രയിക്കാതെ തന്നെ നന്നായി വളർത്തണം എന്നുള്ളത് അമ്മക്ക് ഒരു വാശി പോലെ ആയിരുന്നു. അതിനായി അമ്മ കണ്ടുപിടിച്ച മാർഗം ആണ് വിശ്രമം ഇല്ലാത്ത ജോലി.. എവിടുന്നോ വരുന്ന ചമ്പക പൂവിന്റെ സുഗന്ധം അവൾ നന്നായി ആസ്വദിച്ചു.

എവിടെയോ പൂവിട്ടിരിക്കുന്നു ചമ്പകം.അതിന്റ ഇളം ഗന്ധം അവൾക് ഒരുപാടിഷ്ടം ആണ്. അച്ഛനെ കണ്ടിട്ടില്ല, അറിയില്ല ഇടയ്ക്കൊരുനാൾ താൻ വീണ്ടും അച്ഛനെ കുറിച്ച് ചോദിച്ചു.പതിവുപോലെ അമ്മ നിശബ്ദയായി. പിന്നെ കുറെ നേരം അമ്മ എന്തോ ചിന്തയിൽ ആയിരുന്നു. അസ്വസ്ഥമായ മനസ് എപ്പോഴും ചിന്ത കളുടെ വേലിയേറ്റം ആയിരിക്കും.ഇനി ഞാൻ ഒരിക്കലും അച്ഛനെ കുറിച്ച് ചോദിക്കില്ല. അമ്മയോടൊപ്പം പോവുമ്പോൾ അറിയുന്നവർ പറയുന്നത് കേട്ടിട്ടുണ്ട്.'എത്ര വലിയ കുടുംബത്തിൽ ഉള്ളതാ, എങ്ങനെ കഴിയേണ്ടതാ'.ആ വാക്കുകളിൽ നിറയുന്നത് സഹതാപമോ, പരിഹാസമോ.. അവിടെയും അമ്മയുടെ മറുപടിമൗനം.'എത്ര ഉന്നത കുടുംബത്തിൽ ജനിച്ചാലും, ഉയർന്ന തറവാടിത്തം ഉണ്ടെങ്കിലും പണം എന്ന ആയുധം ഇല്ലെങ്കിൽ ആ പേരും പെരുമയും എപ്പോഴും അവനു മുൾകിരീടം ആവും സമ്മാനിക്കുക'.

തലേന്ന് തനിക്കു വിളമ്പി തരുമ്പോൾ അമ്മ പറഞ്ഞത് ഇതാണ് 'എന്റെ മോളു പഠിച്ചു ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞിട്ടുവേണം അമ്മയ്‌ക്കൊന്നു വിശ്രമിക്കാൻ'. കണ്ണുകളിൽ നിറഞ്ഞ നീർമുത്തുകൾ താഴേക്കുതിർന്നു, ശുഷ്‌കിച്ച ആ കവിൾതടങ്ങളിൽ തട്ടി തഴുകി തലോടി നിന്നു. സമയം നാലു മണിയോടടുക്കുന്നു. പുലർച്ചെ നാലു മണി കഴിഞ്ഞാൽ അമ്മ ഉണർന്നു കുറെ ജോലികൾ ചെയ്തശേഷം തനിക്കും അമ്മയ്ക്കുമുള്ള ചായ ഉണ്ടാക്കി, തന്നെ ഉണർതാറാണ് പതിവ്.ഇന്ന് എന്തായാലും അമ്മയെ ഒന്ന് ഞെട്ടിക്കുക തന്നെ. അവൾ പതിയെ അമ്മയെ തൊടാതെ എണീറ്റു. അടുക്കളയിൽ എത്തി.. ചമ്പക പൂവിന്റെ സുഗന്ധം വീണ്ടും അവളെ പുണർന്നു.

ഒന്നുകൂടെ പുലർന്നോട്ടെ താൻ ഇതു കണ്ടുപിടിക്കും. അവൾ പെട്ടെന്ന് ചായ ഉണ്ടാക്കി അമ്മക്കരികിൽ വന്നു പതിയെ വിളിച്ചു. മരവിപ്പിക്കുന്ന തണുപ് അമ്മക്ക് ചുറ്റും. അമ്മ ഉണരുന്നില്ല.. മരണത്തിന്റെ തണുപ്പും, മരണത്തിന്റെ ഗന്ധവുമായ ചമ്പക പൂവിന്റെ മണവും അവൾ തിരിച്ചറിഞ്ഞു. പ്രതീക്ഷ നശിക്കാത്ത മനുഷ്യമനസിന്റെ വ്യഗ്രത പോലെ വീണ്ടും വീണ്ടും അവൾ അമ്മയെ കുലുക്കി വിളിച്ചു കൊണ്ടേയിരുന്നു.അവളുടെ അമ്മയാകട്ടെ, അപ്പോൾ നിത്യതയുടെ ലോകത്തിലേക്കുള്ള നിശബ്ദ പ്രയാണത്തിലും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക