Image

ആനപ്പുറത്തൊന്നു കേറണ്ടേ (കവിതിലകൻ)

Published on 24 August, 2021
ആനപ്പുറത്തൊന്നു കേറണ്ടേ (കവിതിലകൻ)
(കാടിളകി, ആനകൾ ചിന്നം വിളിക്കുന്നു, എന്തു  ചെയ്യാം?  ഒരു കവിത ആയാലോ)

ഈരണ്ടാണ്ടുകൾ കൂടുമ്പോളൊരു
പൂരമുണ്ടൊരു പൂരം
കൊട്ടും മേളവുമായി കരക്കാർ
പിരിവിന്നായിട്ടൂരു ചുറ്റുണ പൂരം
ഏഴാം കടലിന്നിക്കരെയാരോ
വെട്ടിവെളുപ്പിച്ചുള്ളൊരു കാട്ടിൽ
ഒറ്റയാനങ്ങെഴുന്നുള്ളുന്നൊരു
പൂരമുണ്ടൊരു പൂരം
കരിമ്പിൻ കറ്റകളിട്ടു കൊടുത്ത്
നമ്മൾ വളർത്തിയൊരാനക്കുട്ടി
ഇന്നോ പൊക്കം കൂടിയൊരാന
ഐക്യനാടിൻ ആശീർവ്വാദം
തിടമ്പുമായിട്ടതിന്റെ മേലേ
ഒന്ന് കയറാൻ മത്സരം ഇവിടെ
പണമല്ലാതെ ഒട്ടും വിവരം
ശേഷിക്കാത്തോർ ഓടികൂടി
കുയ്യാനകളേം കൊമ്പന്മാരേം
തമ്മിലറിയാ ത്തൊരു ശുദ്ധന്മാർ
എന്നാലവരെ അവരോധിക്കാൻ
കയ്യും കെട്ടി മറ്റൊരു കൂട്ടം
എന്തൊരു യോഗ്യതയീകൂട്ടർക്ക്
ആളുകൾ തമ്മിൽ കലഹം കലശൽ
മത്സര രംഗം ആകെ ബഹളം
സംഘാടകരോടവരുര ചെയ്തു
കാര്യം,വിവരം ഗൌരവമൊന്നും
ഇല്ലെങ്കിലെന്ത് പണമുണ്ടല്ലോ
എങ്കിൽ പ്രശ്നം ഒന്നുമേയില്ല
പണമോ  പല പല നേരം തരണം
അങ്ങനെ പല പല ത്യാഗം ചെയ്താൽ
നേതാവായിട്ടൊന്നു വിലസാം
പൊക്കാനകളാണല്ലൊ നാട്ടിൽ-
താപ്പാനകളായ്  അവരുമെത്തും
പൊക്കാനൊട്ടും മടിയില്ലാത്തോർ
പണമായാലും,തുണിയായാലും
അവരെ കാണാൻ മണ്ടന്മാരായി
പൊതു ജനമെന്നൊരു കഴുതകൂട്ടം
വെറുമൊരു ആഘോഷത്തിന്നായി
എന്തിനു കാശു പൊടിച്ചീടുന്നു
ഹതഭാഗ്യത്താൽ ക്ലേശിക്കുന്നോർക്കായി
നന്മകൾ ചെയ്യാൻ തയ്യാറാകൂ
അതൊന്നു പോരെ നമ്മുടെ നാമം
ലോകം മുഴുവൻ ബഹുമാനിക്കാൻ
നാലാൾ കൂടി നാല് ദിവസം
അടിച്ച്പൊളിച്ചാൽ കിട്ടും സുഖവും
നന്മയും സ്നേഹവും കൊണ്ട് ലഭിക്കും
സുഖവും വേറെ വേറെ തന്നെ
__________


Join WhatsApp News
Rasikan 2021-08-24 12:44:20
ഇത് ഏതു ആന? അമേരിക്കൻ മലയാളി കുട്ടികളുടെ വരും തലമുറ പറയാൻ വഴിയുള്ള ഞങ്ങളുടെ ഡാഡിമാർക്ക് ഒരു ആനേണ്ടാർന്നു ആണോ? ഇപ്പോൾ ആനകൾക്കൊക്കെ എന്താ വില. പണക്കാരനായ അമേരിക്കൻ മലയാളികൾക്ക് ആനയെ സ്വന്തമാക്കാൻ എന്ത് പ്രയാസം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക