Image

നേതൃത്വവും ലൈംഗിക ചൂഷണവും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 3)

Published on 24 August, 2021
നേതൃത്വവും ലൈംഗിക ചൂഷണവും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 3)
"എന്താ മാഷേ, ഇന്ന് റൂട്ട് മാറ്റിപിടിച്ചോ?"
"ങ്ഹാ, കഴിഞ്ഞ രണ്ടു ദിവസത്തെ കാറ്റും മഴയും മറ്റേ വഴിയിൽ ഒത്തിരി മരങ്ങൾ ഒടിച്ചിട്ടിരിക്കെയാണ്. ഈ വഴിയിൽ ആ പ്രശ്നമില്ല."
"ഹോ, എന്തൊരു മഴയായിരുന്നു. ഗവർണർ എമർജൻസി പ്രഖ്യാപിച്ചിരിക്കയല്ലാരുന്നോ?"
"അതെ, എന്നിട്ടദ്ദേഹം ഇറങ്ങി പോകുകയും ചെയ്തല്ലോ?"
"ഇറക്കി വിട്ടതല്ലേ മാഷേ?"
"അതേ, എങ്ങനെ ഇറക്കി വിടാതിരിക്കും? അമ്മാതിരിയുള്ള പണിയല്ലേ കാണിച്ചത്?"
"അദ്ദേഹം അത്ര കുഴപ്പക്കാരനാണെന്നെനിക്കു തോന്നിയിട്ടില്ല."
"അതെന്താ അങ്ങനെ ചിന്തിക്കാൻ കാരണം? അദ്ദേഹത്തെ കണ്ടിട്ടുണ്ടോ?"
"എന്റെ ജോലിസ്ഥലത്തു യാദൃച്ഛികമായി അദ്ദേഹം വന്നപ്പോൾ കാണുകയും സംസാരിക്കയും ചെയ്തു. ജോലിക്കാര്യങ്ങളിൽ കർക്കശ സ്വഭാവമുണ്ടെങ്കിലും ഒരു നല്ല മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയത്."
"അതാണ് ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുതെന്നു പറയുന്നത്."
"ആ സ്ഥാനത്തൊക്കെ ഇരിക്കുമ്പോൾ പലരുമായും അടുത്ത് ഇടപഴകേണ്ട സാഹചര്യങ്ങൾ ഉണ്ടാകില്ലേ? അങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോൾ കൈ അബദ്ധത്തിൽ മുട്ടിയതായിക്കൂടെ?"
"ആകാം. ഒരബദ്ധം പറ്റാത്തവരും ഒൻപതബദ്ധം പറ്റിയവരും ഉണ്ടാകില്ലെന്നല്ലേ? ഇത് ഒന്നും രണ്ടുമല്ല, ഒരു ഡസനോളമാ."
"മാഷേ, കോവിഡ് വന്നപ്പോൾ അദ്ദേഹം കൊടുത്ത നേതൃത്വം എത്രയോ ശ്ലാഘിക്കപ്പെട്ടതാണ്! അടുത്ത പ്രസിഡന്റ് ആകുമെന്നു പോലും പലരും അഭിപ്രായപ്പെട്ടതാണ്. ആ നിലയ്ക്കു പുള്ളിക്കിട്ടു ചിലർ കൊടുത്ത പണിയായിക്കൂടേ?"
"ആകാം. പക്ഷേ, അദ്ദേഹം കൂടുതൽ ശ്രദ്ധിക്കണമാരുന്നു. ഇരിക്കുന്ന കസേരയുടെ മഹിമയും മഹത്വവും അതിൽ ഇരിക്കുന്നവൻ അറിയണമെടോ. അത് മനസ്സിലാക്കാത്തവനാണ് ഇങ്ങനെയുള്ള അബദ്ധത്തിൽ ചെന്നു വീഴുന്നത്."
"ഇവിടെ അമേരിക്കൻ പ്രസിഡന്റ് മുതൽ സാധാരണ ഓഫീസിൽ ജോലി ചെയ്യുന്നവർ വരെ ഇതിന് ആരോപണവിധേയവരായിട്ടുണ്ട്. എല്ലാവരും കുറ്റം ചെയ്തവർ ആകണമെന്നില്ലലോ."
"അത് ശരിയാണ്. സാഹചര്യമാണ് പലപ്പോഴും മനുഷ്യരെ വഴിതെറ്റിക്കുന്നതെന്നു ന്യായീകരിക്കുന്നവരുണ്ട്. എന്നാൽ ഇവരാണ് അങ്ങനെയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് എന്നതാണ് സത്യം."
"ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞാൽ മതിയോ മാഷെ? പെണ്ണുങ്ങൾ ഒട്ടും അനുകൂല മനോഭാവം കാണിക്കാതെ ആണുങ്ങൾ ഇതിനു പുറകെ പോകുമോ?"
"അവിടെയാണു നിങ്ങൾക്കു തെറ്റിയത്. ഷേക്ക് ഹാൻഡ് ചെയ്യുമ്പോൾ കൈ അല്പം നേരം കൂടുതൽ പിടിച്ചു വച്ചാലോ കൈ പുറത്തൊന്നു തട്ടിയാലോ ഒന്നും പെട്ടെന്നാരും പരാതിപ്പെടില്ല. അപ്പോൾ പിന്നെ ഇങ്ങനെ ഒരു ബന്ധം തുടങ്ങാൻ അവൾക്കിഷ്ടമാണെന്നു ധരിക്കുമ്പോളാണ് കുഴപ്പം തുടങ്ങുന്നത്. ജോലിയിലുള്ള സെക്രട്ടറിയോട് പേഴ്‌സണൽ ഫോൺ നമ്പർ ചോദിച്ചാൽ ആരാണു കൊടുക്കാത്തത്?"
"മനുഷ്യൻ ഉണ്ടായ കാലം മുതലേ ലൈംഗിക മുതലെടുപ്പു നടക്കുന്നതാണ്. വിശുദ്ധ ഗ്രന്ഥങ്ങളിൽ പോലും അതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ന് സമൂഹത്തിൽ അതിന്റെ അതിപ്രസരം കൂടി വരുന്നു എന്ന് മാത്രം."
"എന്ന് മാത്രം പറഞ്ഞാൽ അത് ശരിയാണോ എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യമുണ്ട്. ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ഇത് വളരാനും തടയാനും കൂടുതൽ ഉപകരിക്കുന്നു എന്നത് സത്യമാണ്. സമൂഹത്തെ ഉദ്ധരിക്കാൻ ഇറങ്ങുന്നവർ മറ്റു പലതും ഉദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിൽക്കുന്നവർ അതിലെ തെറ്റു ചൂണ്ടിക്കാണിക്കയാണു വേണ്ടത്, അവർക്ക് ഓശാന പാടുകയല്ല.  പക്ഷേ, സമൂഹത്തിൽ ലൈംഗിക ചൂഷണം ഒരു പുരുഷന്റെ കഴിവായി പലപ്പോഴും സമൂഹം ചിത്രീകരിക്കുന്നതായി തോന്നും. അഥവാ, അതിന് അംഗീകാരം നൽകുന്നതായി തോന്നും. അല്ലെങ്കിൽ കുമ്പസാരിക്കുന്ന വിശ്വാസിനിയുടെ ഫോൺ നമ്പർ വാങ്ങുവാൻ പുരോഹിതനോ കൊടുക്കുവാൻ വിശ്വാസിനിയോ തയ്യാറാകില്ലായിരുന്നു. ഫ്രാൻകോയുടെ കൂടെ പതിമൂന്നു വട്ടം കിടന്നുറങ്ങിയിട്ടു മാത്രം പരാതിപ്പെടാൻ കന്യാ(?)സ്ത്രീ കാത്തു നിൽക്കില്ലായിരുന്നു. സരിതമാരും സ്വപ്‍നമാരും ഭരണസിരാ കേന്ദ്രങ്ങൾ നിയന്ത്രിക്കില്ലായിരുന്നു.”
"ലൈംഗികത സ്വാഭാവികമല്ലേ മാഷേ?  അപ്പോൾ ഒരു നല്ല പെണ്ണിനെ കണ്ടാൽ സ്വാഭാവികമായും ആകർഷണം തോന്നുകില്ലേ? അതുകൊണ്ടാണ് ഒന്ന് മുട്ടി നോക്കാൻ തോന്നുന്നത്."
"എടോ, അതിനാണ് നാം ജീവിക്കുന്ന സിവിലൈസ്ഡ് സൊസൈറ്റിയിൽ ചില അതിർവരമ്പുകൾ വരച്ചിട്ടിരിക്കുന്നത്. അതിനുള്ളിൽ നിന്നുവേണം നാം പ്രവർത്തിക്കേണ്ടത്."
"അതെല്ലായ്പ്പോഴും സാധ്യമാകുമോ, എല്ലാരും മനുഷ്യരല്ലേ?"
"മനുഷ്യരായതു കൊണ്ടല്ലേ അമ്മയും ഭാര്യയും സഹോദരിയും ഒക്കെ ഉള്ളത്! അവരെ തിരിച്ചറിയേണ്ട സംസ്കാരമുള്ളവരേ എന്തിന്റെയും നേതൃത്വത്തിലേക്കു വരാവൂ. ആ ബോധം ഇല്ലാതെ പോയതുകൊണ്ടല്ലേ ഗവർണ്ണർക്ക്  ഇന്നലെ രാത്രി അധികാരമൊഴിയേണ്ടി വന്നത്.?"
"അദ്ദേഹം അധികാരം ഒഴിയാനുള്ള മാന്യത കാണിച്ചല്ലോ. നമ്മുടെ ചില മലയാളി സംഘടനകളിൽ പോലും ഇപ്പോൾ ഇങ്ങനെയുള്ള ആരോപണങ്ങൾ വന്നു കൊണ്ടിരിക്കയാണല്ലോ. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അങ്കം മുറുകുന്നതല്ലാതെ മാതൃകാപരമായി സ്ഥാനം ഒഴിഞ്ഞു നിരപരാധിത്വം തെളിയിക്കയല്ലേ മാന്യത?"
"എടോ, ഇങ്ങനെയുള്ള മിക്കവാറും എല്ലാ സംഘടനകളിലും ലൈംഗിക ചൂഷണം പലരും ലാക്കാക്കിയിട്ടുണ്ട്. സാംസ്‌കാരിക സംഘടനകളിലും സാഹിത്യ സമ്മേളനങ്ങളിലും ഒക്കെ ഇങ്ങനെ ചില ഞരമ്പുരോഗികളിൽ നിന്നും അനുഭവമായുണ്ടായതായി ചിലരെങ്കിലും എന്നോടു പങ്കുവച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ 'സാംസ്കാരിക മാന്യത' കാരണം ആരും വെളിയിൽ പറയുന്നില്ലെന്നേയുള്ളൂ. പിന്നെ, നമ്മുടെ ഇടയിൽ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് സ്വന്തം കഴിവുകൊണ്ട് പടിപടിയായി ഉയർന്നു പോകുമ്പോൾ 'അവൾ ആളു ശരിയല്ല' എന്നു പറയാനാണ് പലരും താൽപര്യപ്പെടുന്നത്. സ്വന്തം നിലപാടു വ്യക്തമാക്കി സ്വകാര്യത സൂക്ഷിക്കാൻ ശ്രമിക്കുന്ന സ്ത്രീകളെപ്പറ്റി അപവാദം പറയുന്നതു പലപ്പോഴും പുരുഷന്മാരെ സംബന്ധിച്ചിടത്തോളം തമാശയാണ്. അവിടെയുണ്ടാകുന്ന വ്യക്തിഹത്യ അവർ കാര്യമായി എടുക്കുന്നില്ല. പുരുഷന്മാരെപ്പോലെ സ്ത്രീകൾ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുമ്പോൾ, സുന്ദരിയാണെങ്കിൽ പ്രത്യേകിച്ചും, അവളെ തേജോവധം ചെയ്യുന്നത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ പ്രവണതയാണ്. ഇത് മാറണം."
"ചില സ്ത്രീകൾ ഭർത്താക്കന്മാർ പറയുന്നത് കേൾക്കാതെ കുടുംബത്തിലെ കാര്യങ്ങൾ പോലും നോക്കാതെ സമൂഹത്തിൽ പ്രവർത്തിക്കാൻ ഇറങ്ങുന്നത് ശരിയാണോ, മാഷേ?"
"കുടുംബത്തിൽ നോക്കേണ്ട കാര്യങ്ങൾ തീർച്ചയായും നോക്കണം. എന്നാൽ ഭർത്താക്കന്മാരുടെ അടിമയായി നാല് ചുമരുകൾക്കുള്ളിൽ മാത്രം നിൽക്കണം എന്ന് പറയുന്നത് ശരിയല്ല. നമ്മൾ താലിബാന്റെ ഭരണത്തിൻ കീഴിലല്ല ജീവിക്കുന്നത്. ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ട്. ഇയാളുടെ ഭാര്യ സമൂഹത്തിൽ പ്രവർത്തിക്കാൻ കഴിവുള്ളവളാണെങ്കിൽ ഇറങ്ങി പ്രവർത്തിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം അവൾക്കു ലഭിക്കണം. അതുപോലെ അവൾ അർഹിക്കുന്ന മാന്യതയും."
"അതത്ര എളുപ്പമാണോ മാഷേ?"
"അതാണ് ഞാൻ പറഞ്ഞത് നാം മാറേണ്ടിയിരിക്കുന്നു എന്ന്. ഇവിടെ നമ്മുടെ അടുത്ത ജനറേഷനെ കണ്ടു പഠിക്കണം. അവർ നമ്മളെക്കാൾ എത്രയോ മുൻപിലാണ്!"
"അതു ശരിയാണ്. ഏതായാലും ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോയിൽ നിന്നും നമ്മുടെ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരും നേതൃത്വത്തിലേക്കു വരാൻ ആഗ്രഹിക്കുന്നവരും പാഠം ഉൾക്കൊണ്ടേണ്ടിയിരിക്കുന്നു."
"എടോ എങ്കിൽ നമുക്കു പിന്നെ കാണാം."
"അങ്ങനെയാവട്ടെ മാഷെ."
 
Join WhatsApp News
ck 2021-08-25 23:08:40
An article worth reading. Let us walk the talk
Benjamin 2021-08-26 02:03:13
Is this about FOAMA?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക