Image

അപ്പുണ്ണി (കഥ: രാകേന്ദു അജിത്)

Published on 25 August, 2021
അപ്പുണ്ണി (കഥ: രാകേന്ദു അജിത്)
"അപ്പൂ…. അമ്മേനെ ചവിട്ടണ്ടാട്ട്വോ! ദൈവം കോപിക്കും "
" അതെന്താ ദൈവം കോപിക്ക്ണത്?"
അപ്പു ജിജ്ഞാസയോടെ അപ്പുണ്ണിയോട് തിരക്കി.

" അതോ അമ്മ ദൈവത്തിന് തുല്യല്ലേ? ദൈവത്തിനെ ആരെങ്കിലും ചവിട്ട്വോ? ഇല്യാലോ? അതാണ്. "

അപ്പുണ്ണി തിരിച്ചുത്തരം പറഞ്ഞു. എന്നിട്ടും തീർന്നില്ല അപ്പൂന്റെ സംശയം.

" അപ്പുണ്യാമേ അപ്പുണ്യാമേ! നമ്മള് ദൈവങ്ങളെ ഒരിടത്ത് വെച്ച് വിളക്ക് വയ്ക്കലും പ്രാർത്ഥിക്കലും അല്ലേ ചെയ്യാറ്? ഈ അമ്മ ദൈവാണെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ എറങ്ങി നടക്ക്ണത്? "

" ഇന്റെ കുട്ട്യേ! നെന്നോട് ഉത്തരം പറഞ്ഞു ഞാൻ മടുത്തു. കുട്ട്യോൾടെ ഓരോരോ സംശയങ്ങളേ! ഇതിപ്പൊ എങ്ങന്യാ ഒന്ന് പറഞ്ഞു കൊടുക്ക്വാ ന്റെ കൃഷ്ണാ! "

അപ്പുണ്ണി ചിന്താമഗ്നനായി താടിക്ക് കയ്യും കൊടുത്ത് ഉമ്മറക്കോലായിൽ കുത്തിയിരുന്നു. കുറേനേരം കഴിഞ്ഞപ്പോൾ കുത്തുമടിയിൽ നിന്നും ഒരു ബീഡിയും തീപ്പെട്ടിയും എടുത്തു. പതിയെ തീപ്പെട്ടിക്കൊള്ളി ഒരെണ്ണം പുറത്തെടുത്ത് ഉരച്ച് ബീഡിക്ക് തീ കൊളുത്തി. ബീഡിപ്പുക ഒട്ടുമുക്കാലും ഉള്ളിൽ ചെന്നു കഴിഞ്ഞപ്പോൾ അപ്പുണ്ണിക്ക് വേറെ ആശയമുദിച്ചു. അയാൾ അപ്പുവിനെ അരികിലേക്ക് വിളിച്ചു.

" പിന്നേ….അപ്പ്വോ…. നമ്മളെല്ലാം അമ്മയുടെ വയറ്റിൽ നിന്നല്ലേ വന്നത്? അതുകൊണ്ടാണ് അമ്മ നമ്മുടെ ദൈവാണെന്ന് പറഞ്ഞത്. മനസ്സിലായോ? "

" അമ്മേനെ ചവിട്ടലും ചീത്ത കാര്യങ്ങൾ പറയലും കാണിക്കലും മറ്റുള്ളവരെ ഉപദ്രവിക്കലും ഒക്കെ നമ്മൾ പ്രാർത്ഥിക്ക്ണ ദൈവങ്ങളില്യേ.. അവർക്കിഷ്ടാവില്യ. "

 അപ്പുണ്ണി ഒന്നു നിർത്തിയിട്ട് ആകാശത്തെ നരച്ച മേഘങ്ങളെ നോക്കി. എന്നിട്ട് തുടർന്നു.

" അങ്ങ് മേലെ ആകാശത്തിനും അപ്പുറത്ത് ദേവലോകമുണ്ട്. അവിടെ വെള്ളത്താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ ഒരു മുത്തശ്ശനുണ്ട്. ആ മുത്തശ്ശന്റെ പുരികങ്ങളും കൂടി വെളുത്തിട്ടാ! കുട്ടൻ നോക്കൂ! ആ മേഘങ്ങൾ കണ്ട്വോ? അതുപോലെ നല്ലോണം വെളുത്തിട്ടാ ആ മുത്തശ്ശന്റെ താടിയും മുടിയുമൊക്കെ! മൂപ്പര് അയഞ്ഞ ഒരു വെളുത്ത കുപ്പായാ ഇട്ടിരിക്ക്ണത്. കയ്യിൽ ഒരു വലിയ പുസ്തകവും ഒരു വെളുത്ത തൂവൽ കൊണ്ട് ഉണ്ടാക്കിയ പേനയുമുണ്ട്. എന്നിട്ട് സദാ ഒരു മേശക്കരികിൽ ഇരുന്ന് ആ പുസ്തകത്തിൽ എഴുതിക്കൊണ്ടിരിക്കും. എന്താന്നല്ലേ? "

ഇത്തവണ കുഞ്ഞൻ അപ്പൂന് വേറെ സംശയങ്ങൾ ഒന്നും ഉണ്ടായില്ല. അവന്റെ കുഞ്ഞിക്കണ്ണുകൾ വിടർന്നു. അവൻ കൗതുകത്തോടെ തിരക്കി.

" എന്താ? "

" ഉം…!"

അപ്പുണ്ണി ഒന്നു നീട്ടി മൂളി. വായിൽ ഊറിക്കൂടിയ വഴുവഴുത്ത ഉമിനീർ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി. എന്നിട്ട് തുടർന്നു.

" താഴെ ഭൂമിയിൽ ആരൊക്കെ എന്തൊക്കെ നല്ല കാര്യങ്ങളും ചീത്തക്കാര്യങ്ങളും ചെയ്യുന്നു എന്ന് നോക്കി ഇരിക്കലാണ് മൂപ്പരുടെ പണി. കയ്യിലെ പുസ്തകത്തിന്റുള്ളിൽ നമ്മുടെയെല്ലാം പേരുകളുണ്ട്. ഓരോ താളും ഓരോരുത്തർക്കാ! ഇപ്പൊ ഈ അപ്പുണ്യാമ എന്തെങ്കിലും കുറ്റം ചെയ്തൂന്ന് വെയ്ക്ക്യ. അപ്പൊ മൂപ്പര് അത് ആ പുസ്തകത്തിന്റുള്ളിൽ എഴുതി വയ്ക്കും. നല്ലതു ചെയ്താലും എഴുതും. അങ്ങനെ എഴുതി എഴുതി താള് നിറഞ്ഞു കഴിയുമ്പോളാവും നമ്മളൊക്കെ മരിക്ക്യാ!"

അപ്പുണ്ണി ഒന്നു നിറുത്തി വീണ്ടും തുടർന്നു.

" മരിച്ചാൽ പിന്നെ നേരെ ദൈവത്തിന്റെ അടുത്തേക്കല്ലേ പൂവ്വാ? അവിടെ എത്തിക്കഴിയുമ്പോഴോ? ദൈവം എഴുത്തു മുത്തശ്ശനെ വിളിക്കും. എന്നിട്ട് പുസ്തകം എടുത്തു കൊണ്ടു വന്ന്, മരിച്ചു ചെന്ന ആളുടെ കർമങ്ങൾ വായിക്കാൻ പറയും. മുത്തശ്ശൻ ആള് ജനിച്ചപ്പോൾ മുതൽ ചെയ്തിട്ടുള്ള ഓരോ കാര്യങ്ങളും വായിക്കും. അതിൽ നിന്നും നല്ല കർമവും ചീത്ത കർമവും നോക്കും. ഏതാണ് കൂടുതൽ ചെയ്തിരിക്കുന്നത് എന്ന് നോക്കും. നല്ല പ്രവൃത്തികൾ കൂടുതലാണെങ്കിൽ ആ ആളിനെ സ്വർഗ്ഗത്തിൽ ഇരുത്തും. ചീത്ത കാര്യങ്ങളാണ് കൂടുതൽ ചെയ്തിരിക്ക്ണതെങ്കിലോ? നരകത്തിൽ കൊണ്ടോയിത്തള്ളും! അത്രന്നെ!"

" ഇപ്പൊ മനസ്സിലായോ അപ്പൂട്ടന്? "

" അതാണ് ചീത്തക്കാര്യങ്ങൾ ചെയ്യരുത് ന്ന് പറയ്ണത്. അതോണ്ട് അമ്മേനേന്നല്ല,  ആരേനെയും ചവിട്ടരുത് ട്ട്വോ!"
 പറഞ്ഞു നിർത്തിയ ആശ്വാസത്തിൽ ആ വൃദ്ധന്റെ മുഖത്ത് ഒരു സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു.

അപ്പു കഥയെല്ലാം കേട്ട് അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.

അറിയാതെയാണെങ്കിലും ചെയ്തു പോയത് അബദ്ധമായി എന്ന് അവനു തോന്നി. അവൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.

" അമ്മേ! ഇനി അപ്പു തെറ്റൊന്നും ചെയ്യില്ല്യാട്ടോ. അമ്മ എഴുത്തു മുത്തശ്ശനോട് ഒന്ന് പറയ്യോ അമ്മേനെ ചവിട്ടീത് എഴുതണ്ടാന്ന്? "

അപ്പൂന്റമ്മ ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ട് പറഞ്ഞു.

" ഞാൻ പറയാട്ടോ അപ്പു പക്ഷേ ഇനി കുറുമ്പൊന്നും കാട്ടരുത്. "

"ഇല്ല്യ."

അവൻ തലകുലുക്കി സമ്മതിച്ചു. അവന്റെ കവിളുകൾ അപ്പോൾ വല്ലാതെ ചുവന്നുതുടുത്തു കാണപ്പെട്ടു.

"എങ്കിൽ വേഗം പോയി കളിച്ചോളൂ. വെയിലത്തിക്ക് എറങ്ങണ്ടാ ട്ട്വോ."

അമ്മയുടെ വാക്കുകൾ കേട്ട് അവൻ തലകുലുക്കി കൊണ്ട് ഓടിപ്പോയി മുറ്റത്തു നിന്നു. എന്നിട്ട് മഞ്ഞ വെയിൽ പരന്ന് ശുഭ്രമായ ആകാശത്തേക്ക് അല്പനേരം മിഴിയും നട്ട് അങ്ങനെ നിന്നു. അപ്പോൾ ആ കുഞ്ഞു മനസ്സിൽ വെളുത്ത താടിയും മുടിയും നീട്ടിവളർത്തിയ വെളുത്ത എഴുത്തു മുത്തശ്ശന്റെ രൂപം തെളിഞ്ഞു നിന്നിരുന്നു. ആ കുഞ്ഞു മിഴികൾ മേഘങ്ങൾക്കിടയിലൂടെ എഴുത്തു മുത്തശ്ശനെ തേടി. അല്പം കഴിഞ്ഞ് നിരാശയോടെ തെങ്ങിൻചുവട്ടിൽ കിടന്നിരുന്ന മച്ചിങ്ങകൾ പെറുക്കിയെടുത്ത് കളി ആരംഭിച്ചു.

 അപ്പുണ്ണി ചെറിയ പ്രായത്തിലേ വന്നതാണ് അപ്പുവിന്റെ വീട്ടിൽ. അന്ന് അപ്പൂന്റെ അമ്മയുടെ അച്ഛനും മുത്തശ്ശനും ഒക്കെ ഉണ്ടായിരുന്നു. കാര്യസ്ഥൻ ഒരു ഗോവിന്ദൻ നായരായിരുന്നു. അപ്പുണ്ണി വന്ന കാലം തൊട്ടു തന്നെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധപുലർത്താൻ മിടുക്കു കാണിച്ചിരുന്നു. ഗോവിന്ദൻ നായരുടെ കാലശേഷം കാര്യസ്ഥപ്പണി മുഴുവനും അപ്പുണ്ണിയുടെ ചുമലിലായി. ഇപ്പോൾ പ്രായം എഴുപത്തഞ്ചോടടുക്കുന്നു. കണ്ടാൽ പറയില്ല. ചുറുചുറുക്കോടെ ഓടിനടന്ന് കാര്യങ്ങൾ നടത്താൻ മിടുക്കനാണ് ഇപ്പോഴും. ഒരിടത്ത് അടങ്ങിയിരിക്കില്ല. താൻ നോക്കി നടത്തുന്നതുകൊണ്ടാണ് എല്ലാം നേരാംവണ്ണം നടന്നു പോകുന്നത് എന്നാണ് മൂപ്പരുടെ ധാരണ. അത് ഒരു പരിധി വരെ ശരിയുമാണ്. അപ്പുവിന്റെ അച്ഛൻ വിശ്വനാഥമേനോന് കൃഷിയും കാര്യങ്ങളും നോക്കി നടത്താൻ എവിടെയാ നേരം? ആള് വലിയ ഏതോ കമ്പനിയുടെ തലപ്പത്തിരിക്കുന്നവരിൽ ഒരാളാണ്. ആണ്ടിൽ ഒരു മാസത്തെ ലീവിനുവരുമ്പോൾ അദ്ദേഹത്തിന്റെ അകമ്പടിക്കാരനും അപ്പുണ്ണി തന്നെ!

മേനോൻ വിശാഖപട്ടണത്താണ് ഇപ്പോൾ ജോലി നോക്കുന്നത്. ആദ്യം മുംബൈയിലായിരുന്നു. കല്യാണം കഴിഞ്ഞ് അപ്പൂന്റമ്മ കുറേക്കാലം മുംബൈയിൽ അദ്ദേഹത്തിന്റെ കൂടെയായിരുന്നു താമസം. പിന്നീട് ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശത്തും ജോലി നോക്കേണ്ടതായി വന്നപ്പോൾ അടിക്കടിയുള്ള സ്ഥലം മാറ്റങ്ങളിൽ അവശനായ അപ്പൂനേയും കൊണ്ട് അവന്റെ അമ്മ നാട്ടിലേക്ക് തിരികെ പോന്നു. അതുകൊണ്ട് ഇപ്പോഴും തറവാട്ടിൽ ആളനക്കമുണ്ട്.

" ഞാനില്യാണ്ടാവുമ്പോ അറിയാം. അപ്പളേ എല്ലാവർക്കും മനസ്സിലാവൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പാടുപെട്ടേർന്നത്. പണിക്കായി ഒറ്റ ഒന്നിനെ കിട്ടാനില്യാണ്ടായി. ഇന്റെ കാലശേഷം ഈ കണ്ടതൊക്കെ വിറ്റ് തീര്വേള്ളു. കാരണവന്മാര് ഇണ്ടാക്കി വെച്ചത് അതേപടി ഇണ്ടാവാനും വേണം കുറച്ചൊക്കെ സുകൃതം! "

 അപ്പുണ്ണി ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. കേൾക്കാൻ ചിലപ്പോൾ വല്ല കോഴിയോ കാക്കയോ മറ്റോ ഉണ്ടായാൽ ആയി. അപ്പൂന്റമ്മ എപ്പോഴും ഇതും പറഞ്ഞു കളിയാക്കുമെങ്കിലും പറയുന്നത് പച്ചപ്പരമാർഥമാണെന്ന് അവർക്കറിയാം. തറവാടും കൂടെ കുറേ വയലും അവർക്ക് അവകാശപ്പെട്ടതാണ്. ബാക്കി വയലും കുറെ വസ്തുക്കളും രണ്ട് ചേട്ടന്മാർക്കും. അവരെല്ലാം വിദേശത്താണ് എല്ലാം നോക്കി നടത്താൻ ആളില്ലാതെ നശിച്ചു പോവുകയേയുള്ളൂ. അപ്പുവിന്റെ അമ്മ ഓർത്തോർത്ത് നെടുവീർപ്പിടും.

 ഒടുവിൽ ഒരു മകരക്കൊയ്ത്ത് കഴിഞ്ഞ സമയത്ത് അവരെല്ലാം ഭയന്നത് സംഭവിച്ചു. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് അപ്പുണ്ണി പതിവായി ഉമ്മറക്കോലായുടെ ഒരു മൂലയ്ക്ക് തലചായ്ക്കൽ നടത്താറുണ്ട്. അന്നും പതിവുപോലെ അപ്പുണ്ണി തല ചായ്ച്ചു. അത്രതന്നെ! വൈകിട്ട് പതിവ് ചായയ്ക്കു കാണാഞ്ഞപ്പോൾ അപ്പൂന്റമ്മ വന്ന് നോക്കിയപ്പോൾ അനക്കമറ്റു കിടക്കുന്ന അപ്പുണ്ണിയെ ആണ് കണ്ടത്.  ആ സുകൃതജന്മം ആരോടും യാത്ര പറയാതെ ആരെയും തെല്ലും ബുദ്ധിമുട്ടിക്കാതെ പോയിക്കഴിഞ്ഞിരുന്നു!
 അലമുറയിട്ട അമ്മയുടെ അടുക്കലേക്ക് ഓടിയെത്തിയ അപ്പുവിനോട് ഓടിക്കൂടിയവരിൽ ആരോ പറഞ്ഞു, അപ്പുണ്ണി ദൈവത്തിന്റെ അടുക്കലേക്ക് പോയി എന്ന്! അവൻ കുറെ നേരം വിശ്വാസം വരാതെ നോക്കിനിന്നു. ഒടുവിൽ ആരോ അപ്പുണ്ണിയെ വെള്ള പുതപ്പിച്ചപ്പോൾ അവൻ അമ്മയ്ക്കരികിലെത്തിയിട്ട് പതിയെ ചോദിച്ചു.

" അമ്മേ അപ്പുണ്യാമ ഇപ്പോൾ ദൈവത്തിന്റെ മുന്നിൽ നിക്ക്വാണോ? അവിടെയുള്ള മുത്തശ്ശൻ ഇപ്പൊ അപ്പുണ്യാമയുടെ കർമങ്ങൾ വായിക്ക്യാവും ല്ലേ? "

" അപ്പുണ്യാമ സ്വർഗത്തിലേ പോവൂ!"

 അപ്പു ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അമ്മയുടെ സാരിത്തലപ്പിനടിയിൽ മുഖം മറച്ചു. ആ കുഞ്ഞു കണ്ണുകളിലപ്പോൾ പെയ്യാൻ പാകത്തിന് കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക