Image

ഉന്മാദത്തിന്റെ അക്വേറിയങ്ങളില്‍(കവിത : പി.എം.ഇഫാദ്, തൃശൂര്‍)

പി.എം.ഇഫാദ്, തൃശൂര്‍ Published on 25 August, 2021
ഉന്മാദത്തിന്റെ അക്വേറിയങ്ങളില്‍(കവിത : പി.എം.ഇഫാദ്, തൃശൂര്‍)
1.വഴിയവസാനത്തില്‍
മുനിഞ്ഞു നില്ക്കുന്നൊരു
അരക്ഷിതാവസ്ഥയുണ്ട്,
അതിനെ നൂറു കൊണ്ട് ഗുണിച്ചാല്‍ എന്റെ ജീവിതമാകും.

2.ഇരുട്ടിന്റെ കക്കൂസില് എന്നെ
ഫ്‌ലഷ് അടിച്ചു കളഞ്ഞ്,
മൂത്രവുമൊഴിച്ച്,
ലുങ്കിയും കുടഞ്ഞ്
നേരെ ബാറിലേക്കൊരു പോക്കുണ്ട്.
തൊട്ട് കൂട്ടാന്‍
എന്റെ മറവിയുടെ ചോര ആവോളം
അയാള്‍ ചുരത്തിയിട്ടുണ്ടാവും.
പിന്നെ, പതയുന്ന ബിയറില്‍
പൊട്ടിയൊലിച്ച മജ്ജയും ചേര്‍ത്ത്
ഒറ്റ വലി,
സംങ്ങതി ക്ലീന്‍
പിറ്റേന്ന് വാള് വെക്കുമ്പോ
ശൂന്യതയിലേക്ക് ചുരുങ്ങിയ
ഒരു ഭ്രൂണത്തെ കഴുകി വെക്കാന്‍...

3.ദുഃഖവും അശാന്തിയും
ഒരേ അളവില്‍ നിറച്ച
ഇരട്ട കുഴലിന്റെ പോയിന്റ് ബ്ലാങ്കില്‍
ദാഹിച്ചു നിന്നാലും
കാഞ്ചിയൊടിയുന്ന ഭാഗ്യംകെട്ടവനാണ് ഞാന്‍

4.വംശാവലിയുടെ
അഗ്ര ഭാഗത്ത്
ഏറ്റവും ചെറിയ അക്ഷരത്തില്‍
എന്റെ മകനെ ഞാന്‍ തൂക്കി കൊല്ലും.

5.കോണിപടിയുടെ അറ്റത്ത്,
ചുണ്ടില്‍ ഉമ്മ വെച്ച്
മുലയിലേക്ക് കൈ നീളുമ്പോള്‍
കാല്‍ പെരുമാറ്റം കേള്‍ക്കുന്ന
ഈര്‍ഷ്യയോടെ എന്നെ ആരൊക്കെയോ
ചേര്‍ന്ന് കയ്യൊഴിയുന്നു.

6.ജൂലൈ,
കണ്ണുനീരിന്റെ അക്വേറിയം വറ്റിക്കുമ്പോള്‍
ഊറി വരുന്ന
ട്രോമയുടെ സ്വര്‍ണ്ണ മീനുകള്‍,
ചങ്കൂറ്റി കുടിക്കുന്ന സക്കര്‍ ഫിഷ്.
ഓഗസ്റ്റ്,
പാപികളലാല്‍ എടുക്കപെടാത്ത
കല്ല് പോലെ
ഞാന്‍ ഒറ്റപ്പെടും.

7.വല്ലപ്പോഴും മാത്രം ബസ് വരുന്ന
സ്റ്റോപ്പില് ഞാന്‍ കാത്തു നില്‍ക്കുവായിരുന്നെടി.
പിന്നെല്ലേ അറിയണത് അവിടെ
ബസ്സും കോപ്പും വരാറൊന്നുമില്ലെന്ന്.
കുറേ കൊല്ലം കഴിയുമ്പോഴാണ്
ഞാന്‍ നിന്നത് ഒരു ബസ് സ്റ്റോപ്പില്
പോലുമായിരുന്നില്ലെന്ന് അറിയണത്.
പിന്നെയും കുറേ കഴിഞ്ഞപ്പോഴാണ്
വീണ്ടും അറിയണത്..
എല്ലെങ്കില് അത് വേണ്ട.
അത് പറഞ്ഞാല് എനിക്ക്
ചിലപ്പോ കരച്ചില് വരും.

8.പുഴു മണ്ണിനെ ധ്യാനിച്ചു
ബുദ്ധനാകുന്നു,
തോക്ക് ഇരയെ രമിച്ചു
പൂവുമാകുന്നു,
ഞാന്‍ എന്നെയും മറന്ന്
ഞാനാവുമ്പോള്‍ മാത്രം
എനിക്കൊരു ഭ്രാന്തന്‍ പട്ടം കിട്ടും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക