Image

മോദിയും ഷായും വിഭജന ഭീകരതയുടെ മുറിവുകള്‍ ഇപ്പോള്‍ തുറക്കുന്നതെന്തിന്? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 26 August, 2021
മോദിയും ഷായും വിഭജന ഭീകരതയുടെ മുറിവുകള്‍ ഇപ്പോള്‍ തുറക്കുന്നതെന്തിന്? (ദല്‍ഹികത്ത് : പി.വി.തോമസ്)
 ഓര്‍മ്മാചരണം ഏകപക്ഷീയവും ചരിത്രത്തില്‍ നിന്നും അവനവന് യോജിച്ചതു മാത്രം തെരഞ്ഞെടുത്തുകൊണ്ടും ആകുമ്പോള്‍ അതിന് പ്രതികാരത്തിന്റെയും പ്രകോപനത്തിന്റെയും ഛായ ഉണ്ടാകും. പ്രത്യേകിച്ചും രക്തരൂക്ഷിതമായ ഒരു രാജ്യവിഭജനത്തിന്റേതാകുമ്പോള്‍. ബന്ധപ്പെട്ട കക്ഷികള്‍-ഇവിടെ ഇന്‍ഡ്യയും പാക്കിസ്ഥാനും ബംഗ്ലാദേശും-ഒരുമിച്ച് അത് ആചരിക്കുമ്പോള്‍ അതിന് പുനരൈക്യത്തിന്റെയും അനുതാപത്തിന്റെയും സത്യസന്ധമായ പുനപരിശേധനയുടെയും സന്ദേശം ഉണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ഡ്യയുടെ 75-ാം സ്വാതന്ത്ര്യവാര്‍ഷികത്തിന്റെ തലേന്ന് സുപ്രാധനമായ ഒരു ട്വിറ്റര്‍ പ്രഖ്യാപനം നടത്തുകയുണ്ടായി. ഇതു പ്രകാരം ഇന്‍ഡ്യ ഓഗസ്റ്റ് 14 വിഭജന ഭീകരതയുടെ ഓര്‍മ്മദിനമായി ആചരിക്കും. ഓഗസ്റ്റ് 14 പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനവും ആണ്. പ്രധാനമന്ത്രി ദേശവ്യാപകമായി നടത്തിയ ഈ പ്രഖ്യാപനം രാഷ്ട്രീയ-പൊതുജീവിത വൃത്തങ്ങളില്‍ ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭരണത്തിന്റെ വിഭാഗീയ ഇരട്ടത്താപ്പിന്റെ ഫലമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഏതായാലും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അമിത്ഷായുടെ ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ചുള്ള ഗസ്റ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു.

മോദി അദ്ദേഹത്തിന്റെ തീരുമാനത്തെ സാധൂകരിച്ചുകൊണ്ട് പറഞ്ഞു: വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ല. ദശലക്ഷക്കണക്കിന് നമ്മുടെ സഹോദരീ സഹോദരന്മാര്‍ ആണ് ഭവനരഹിതര്‍ ആയത്. കൊല്ലപ്പെട്ടത്. മനസാക്ഷിയില്ലാത്ത വെറുപ്പും അതിന്റെ ഫലമായ ഹിംസയും ആണ് ഇതിനൊക്കെ കാരണം. നമ്മുടെ ജനങ്ങളുടെ ദുരിതത്തിന്റെയും ബലിസമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ക്കായി ഓഗസ്റ്റ് 14 വിഭജന ഭീകരതയുടെ ഓര്‍മ്മദിനമായി ആഘോഷിക്കാം. ഈ ദിനാചരണം നമ്മെ സാമൂഹ്യവിഭാഗീയതയുടെ വിഷത്തെ ഉന്മൂലനാശം ചെയ്യുവാന്‍ സഹായിക്കട്ടെ. സാമൂഹ്യ അകല്‍ച്ച ഇല്ലാതാകട്ടെ. ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മാനുഷീക ശാക്തീകരണത്തിന്റെയും ഈടും പാവും ശക്തമാകട്ടെ. പ്രധാനമന്ത്രി ആശംസിച്ചു.

അമിത്ഷായുടെ ഗസറ്റ് വിജ്ഞാപനം ഒരുപടികൂടെ മുമ്പോട്ടു പോയി: വിഭജനഭീകരതയുടെ ഈ ഓര്‍മ്മദിനം ഇപ്പോഴത്തെയും വരുവാന്‍ പോകുന്ന തലമുറകളിലെയും ഇന്‍ഡ്യക്കാരെ വിഭജനകാലത്ത് ഇന്‍ഡ്യക്കാര്‍ അനുഭവിച്ച ക്ലേശങ്ങളുടെയും കഷ്ടപ്പാടുകളുടെയും വേദനയുടെയും യാതനകളുടെയും ഓര്‍മ്മപുതുക്കട്ടെ.

അടുത്തവര്‍ഷം ആദ്യം നടക്കുവാനാരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണ് മോദിയും ഷായും ഇങ്ങനെ ഒരു ദിനാചരണവുമായി ഇപ്പോള്‍ മുമ്പോട്ട് വന്നിരിക്കുന്നതെന്നാണ്(പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരുടെയും വിശദീകരണം. നിര്‍ണ്ണായകമായ ഈ തിരഞ്ഞെടുപ്പില്‍ മതധ്രുവീകരണത്തിലൂടെ വോട്ടു ബാങ്ക് ശക്തമാക്കുവാനാണ് ഭരണകക്ഷിയുടെ നീക്കം എന്നാണ് വിമര്‍ശനം. ബി.ജെ.പി.യുടെയും മോദി-ഷാമാരുടെയും രാഷ്ട്രീയം അറിയാവുന്നവര്‍ക്ക് ഇത് അപ്പാടെ തള്ളിക്കളയുവാന്‍ സാധിക്കുകയില്ല. കാരണം ഭൂരിപക്ഷമതധ്രൂവീകരണം ബി.ജെ.പി.യുടെ ശക്തമായ ഒരു ആയുധമാണ്. രാമക്ഷേത്ര മൂവ്‌മെന്റ് ഇതിന് ഒരു മകുടോദാഹരണം ആണ്. ഇപ്പോള്‍ രാമക്ഷേത്രനിര്‍മ്മാണം വരെ എത്തിനില്‍ക്കുന്നു ഇത്. അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനൊപ്പം തകൃതിയായി പുരോഗമിക്കുന്നു. ജനമൈത്രിയെക്കുറിച്ചും സൗദാര്‍ദ്ദതയെകുറിച്ചും വെറുപ്പിന്റെ വിഷം ഇല്ലായ്മ ചെയ്യുന്നതിനെകുറിച്ചും മോദിയും ഷായും പറഞ്ഞത് ഉചിതമായി. പക്ഷേ വിഭാഗീയതയെയും മതസ്പര്‍ദ്ധയെയും ഇല്ലായ്മ ചെയ്യുവാന്‍ അധരസേവമാത്രം ഉതകുകയില്ല. അതിന് വിവിധ മതങ്ങളെ തമ്മിലടിപ്പിക്കുന്ന വിവേചനപരമായ നിയമങ്ങള്‍ കൊണ്ടുവരരുത്. പൗരത്വ ഭേദഗതി നിയമവും മറ്റും ഇതിനുദാഹരണങ്ങള്‍ ആണ്. മതത്തിന്റെ പേരില്‍ പശുവിന്റെ ആള്‍ക്കൂട്ടകൊല നടത്തുമ്പോള്‍ അതിന് സ്‌റ്റെയിറ്റ് മൗനാനുവാദം നല്‍കുമ്പോള്‍ വീണ്ടും വീണ്ടും വിഭജന ഭീകരത ഇവിടെ അരങ്ങേറുകയാണ്. പശുവിന്റെ പേരില്‍ കൊലചെയ്യപ്പെട്ട എത്രയെത്ര പെഹലുഖാന്മാരാണ് ഇവിടെ അനുദിനം അരങ്ങേറ്റപ്പെടുന്നത്. എത്രയെത്ര ദാദ്രികള്‍? ജയ് ശ്രീരാം വിളിക്കുവാന്‍ നിര്‍ബ്ബന്ധിച്ച് അന്യമതക്കാരെ പീഢിപ്പിക്കുമ്പോള്‍ വീണ്ടും വീണ്ടും വിഭജനത്തിന്റെ ഭീകരത ആവര്‍ത്തിക്കുകയല്ലേ? ഇന്‍ഡ്യയിലെ മുസ്ലീങ്ങള്‍ വിഭജനത്തിന്റെ അഭയാര്‍ത്ഥി പ്രവാഹത്തില്‍ പെഷവാറില്‍ നിന്നും കറാച്ചിയില്‍ നിന്നും എതിര്‍ദിശയില്‍ സഞ്ചരിച്ച് ഇവിടെ എത്തിയവര്‍ ആണ്. അല്ലെങ്കില്‍ പാക്കിസ്ഥാന്‍ എന്ന ആശയത്തെ നിരാകരിച്ച് ഇവിടെ തന്നെ ജീവിക്കുവാന്‍ തീരുമാനിച്ചവരാണ്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത് വിഭാഗീയതയുടെ ശക്തികളോ മതവിദ്വേഷത്തിന്റെ പ്രചാരകരോ ആയിരുന്നു? ബാബരി മസ്ജിദ് ഒരു നയപ്രകോപനകാരി ആണെന്ന് ആ മൂവ്‌മെന്റ് നയിച്ച ലാല്‍ കിഷന്‍ അദ്വാനി പറഞ്ഞത് ചരിത്രത്തിന്റെ ഭാഗമാണ്. ഒരു വിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു വിഭാഗത്തിന് നയനപ്രകോപനകാരി ആകുമ്പോള്‍ രണ്ടാമത്തെ വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് അടിസ്ഥാനപരമായ വിയോജിപ്പുണ്ട് ഇന്‍്ഡ്യന്‍ ഭരണഘടനയുമായി. സാംസ്‌ക്കാരിക ദേശീയതയുടെ പേരില്‍ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കുന്നത് വലിയ ഒരു ഭീകരാക്രമണം അല്ലേ? വിഭജനത്തിന്റെ ഭീകരത എന്നും ഇവിടെ അരങ്ങേറുന്നു. ആഘോഷിക്കപ്പെടുന്നു. മറ്റൊരര്‍ത്ഥത്തിലാണെന്നു മാത്രം.

ഇന്‍ഡ്യാവിഭജനം സമാനതകളില്ലാത്ത പൈശാചികതയുടെയും ക്രൂരതയുടെയും നഗ്നമായ നരനായാട്ടായിരുന്നു. ഹിന്ദുക്കളും, മുസ്ലീങ്ങളും സിക്കുകാരും ഇതില്‍ നിഷ്‌ക്കരുണം വധിക്കപ്പെട്ടു. ഇവര്‍ നിരപരാധികള്‍ ആയിരുന്നു. ഏകദേശം രണ്ട് മില്യണ്‍ ജനങ്ങള്‍-സ്ത്രീകളും പുരുഷന്മാരും കുട്ടികളും- കുരുതി കഴിക്കപ്പെട്ടു ഇന്‍ഡ്യ വിഭജനത്തില്‍. ഒരു ലക്ഷത്തോളം സ്ത്രീകള്‍ തട്ടിക്കൊണ്ട് പോകപ്പെടുകയും ബലാല്‍സംഗത്തിന് വിധേയരാക്കപ്പെടുകയും ചെയ്തു. ഇതില്‍ ഹിന്ദുക്കളും, മുസ്ലീങ്ങളും സിക്കുകാരും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരിലും ബലാല്‍സംഗം ചെയ്യപ്പെട്ടവരിലും ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ഉണ്ടായിരുന്നതുപോലെ കൊലപാതകികളിലും ബലാല്‍സംഗികളിലും ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ഉണ്ടായിരുന്നു. ഇവര്‍ ഇതിനുശേഷം ഇന്‍ഡ്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും(1971) താമസിച്ചു മരിച്ചു. അല്ലെങ്കില്‍ ജീവിക്കുന്നു. 15 മില്യണ്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആണ് ഈ വിഭജനത്തിന്റെ ഫലമായി ഭവരഹിതരരും രാജ്യഭ്രഷ്ടരും ആയത്. ഹിന്ദുക്കളും സിക്കുകാരും മുസ്ലീങ്ങളെ നിഷ്‌ക്കരുണം കൊന്നൊടുക്കി. മറിച്ചും. പഞ്ചാബും ബംഗാളും കുരുതിക്കളമായി. ഉത്തര്‍പ്രദേശും ബീഹാറും ഒട്ടും മോശമായിരുന്നില്ല. ഒരു കണക്കനുസരിച്ച് 7,226, 600 മു്സ്ലീങ്ങള്‍ ഭവനരഹിതരായി. 7,295870 ഹിന്ദുക്കളും സിക്കുകാരും. ആര് ആരെ പഴിക്കണം? മഹാത്മാഗാന്ധി വിഭജനത്തിനെതിരായി നിലകൊണ്ടു. ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും വിഭാജനം എന്ന പ്രായോഗിക യാഥാര്‍ത്ഥ്യം സധൈര്യം അഭിമുഖീകരിക്കുവാന്‍ തയ്യാറായി. മുഹമ്മദാലി ജിഹ്ന ഇരു രാഷ്ട്ര തിയറിയിലും. മുസ്ലീം പാക്കിസ്ഥാനുമായി പോരാടി. അവസാനം ഇതിനിടയില്‍പെട്ട് നിസഹായരും നിരപരാധികളുമായ ജനലക്ഷങ്ങള്‍ കൊലചെയ്യപ്പെട്ടു. ഭവനരഹിതരായി. മഹാത്മജി കൊലചെയ്യപ്പെട്ടു ഒരു മതഭ്രാന്തനാല്‍.

 സ്വാതന്ത്ര്യസമരത്തില്‍ ക്രിയാത്മകമായ ഒരു പങ്കും ഇന്‍ഡ്യക്കുവേണ്ടി വഹിക്കാതിരുന്ന സംഘപരിവാര്‍ ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയമായെങ്കിലും അതിന്റെ താത്വീകാചാര്യനായ ദാമോദര്‍ വിനായക് സവര്‍ക്കര്‍ ഗാന്ധി വധക്കേസില്‍ നിന്നും ചില സാങ്കേതിക കാരണങ്ങളാല്‍ കുറ്റവിമുക്തനായി. അദ്ദേഹത്തിന്റെ ശിഷ്യന്‍ നാഥുറാം ഗോഡ്‌സെ തൂക്കിക്കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നെഹ്‌റു പ്രധാനമന്ത്രിയായി. പട്ടേല്‍ ആഭ്യന്തര മന്ത്രിയും. ജിഹ്ന പാക്കിസ്ഥാന്റെ ഭരണാധികാരിയും രാഷ്ട്രപിതാവും ആയി.
വോട്ടുബാങ്ക് രാഷ്ട്രീയവും മതധ്രുവീകരണവും മാത്രമല്ല ഈ ഓര്‍മ്മപ്പെടുത്തലിന്റെ, ഒരു പക്ഷേ പ്രകോപനപരമായേക്കാവുന്ന ഓര്‍മ്മപ്പെടുത്തലിന്റെ, കാരണം.

 വിഭജനത്തിന്റെ ഭീകരതയും ദുരന്തഫലങ്ങളും നെഹ്‌റൂവിയന്‍ ലെഗസി വെള്ളപൂശി വച്ചിരിക്കുകയാണെന്നും അതിനെ തുറന്നുകാണിക്കണമെന്നും ആണ് ബി.ജെ.പി.യുടെ നിലപാട്. മോദിയോ ഷായോ ഇത് അവരുടെ പ്രഖ്യാപനത്തില്‍ പറഞ്ഞിട്ടില്ല. തുറന്നങ്ങ് പറയുകയും ഇല്ല. എന്നാല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ (സംഘടന) ബി.എല്‍.സന്തോഷ് ഇത് വ്യക്തമാക്കി. ജനകോടികള്‍ക്ക് സ്വത്തും ജീവനും നഷ്ടപ്പെട്ടു വിഭജനത്തില്‍, വിഭജ ഭീകരതയുടെ ദുരന്തത്തില്‍. രാജ്യത്തിന് വിലയേറിയ ഭൂഭാഗവും നഷ്ടമായി. നെഹ്‌റൂവിയന്‍ ലെഗസിയും അതിന്റെ പിന്തുണക്കാരും ഈ ഉത്തരവാദിത്വത്തില്‍ രക്ഷപ്പെടുവാനായി, അവരുടെ അക്കൗണ്ടബ്ലിലിറ്റി ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ്. ഇതാണ് ഇവിടെ തുറന്നു കാണിക്കുവാന്‍ പോകുന്നത്, സന്തോഷ് മുന്നറിയിപ്പു നല്‍കുന്നു.

മുന്നറിയിപ്പ് നല്ലതുതന്നെ. പക്ഷേ, ചരിത്രം ആരുടെ പക്ഷത്തായിരിക്കും? സ്വാതന്ത്ര്യസമരവുമായി യാതൊരുബന്ധവും ഇല്ലാത്തവരുടെയോ അതോ അതിനായി വര്‍ഷങ്ങളോളം പല തവണയായി ജയില്‍വാസം അനുഭവിച്ചവരുടെയോ? പാക്കിസ്ഥാന്‍ ഒരു മതരാഷ്ട്രം ആയതുപോലെ ഇന്‍ഡ്യയെയും അങ്ങനെ ആക്കുവാന്‍ ശ്രമിച്ചത് പരാജയപ്പെട്ട ഒരു ശ്രമം ആണ്. മതവികാരങ്ങള്‍ ആളികത്തിച്ച് അതിനായി വീണ്ടും ശ്രമിക്കുന്നത് വലിയ തെറ്റാണ്. അതല്ല മഹാത്മജിയും അംബേദ്കറും നെഹ്‌റുവും പട്ടേലും കാംക്ഷിച്ചിരുന്നത്.

വിഭജന ഭീകരതയുടെ ഓര്‍മ്മപ്പെടുത്തല്‍ എന്ന പേരില്‍ വിഭജനത്തിന്റെ മുറിവുകള്‍ തുറക്കുന്നത് ഒരു തരം പ്രതികാര വാഞ്ചയോടെ ആയിരിക്കരുത്. രാഷ്ട്രീയലാഭത്തിനായി വിഭജനത്തിന്റെ മുറിവുകളെ കുത്തിത്തുറന്ന് രാജ്യത്തിന്റെ ആത്മാവിനെ നോവിക്കരുത്. അതിന്റെ ഉദ്ദേശം സ്‌നേഹവും സ്വാന്തനവും ഊട്ടിഉറപ്പിക്കുവാന്‍ ആയിരിക്കണം.

Join WhatsApp News
Ninan Mathulla 2021-08-28 11:56:38
When Muslims asked for a separate state, it was natural only. We see many countries in the world and they were all part of a different country in history. A group of people asking for a separate country is common and the right thing to do is to allow them so if the majority of the people in that group want it. Now Scotland is trying to separate from UK. To accuse them of treason and persecute such people or start fighting and kill each other in not the right thing to do if you have peace. This reminds of the ‘marumakathayam’ prevalent in Hindu families in Kerala which was abolished in 1975 as Hindus themselves asked for its abolition. There the ‘kaaranavar’ or ‘kaaryasthan’ has vested interests and will try to prevent it when a family ask to separate. It is common now also when children are mature they ask to be separate and establish their own household. In Bible we read the story of a son asking father for his share and he leave the house after getting his share. So Muslims asking for a separate country and getting was not any charity but their right.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക