Image

സമ്മാനപ്പെട്ടിയുടെ നൂലഴിക്കുമ്പോൾ (മൃദുമൊഴി 23: മൃദുല രാമചന്ദ്രൻ)

Published on 27 August, 2021
സമ്മാനപ്പെട്ടിയുടെ നൂലഴിക്കുമ്പോൾ (മൃദുമൊഴി 23: മൃദുല രാമചന്ദ്രൻ)
എന്റെ ഓർമയിൽ എനിക്ക് കിട്ടിയ ആദ്യ സമ്മാനം പിടിയുള്ള ഒരു നീളൻ സ്റ്റീൽ തൂക്ക് പാത്രം ആണ് മൂന്നിലോ, നാലിലോ പഠിക്കുമ്പോൾ ഉള്ള പിറന്നാളിന് അമ്മൂമ്മ വാങ്ങി തന്നത് ആണ്.വീട്ടിൽ വിളിക്കുന്ന എന്റെ പേര് കൊത്തിയ ആ പാത്രം ഇപ്പോഴും വീട്ടിൽ ഉണ്ട്.ആ പാത്രം സമ്മാനിച്ച അമ്മൂമ്മ മരിച്ചു പോയി.പക്ഷെ ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടിക്ക് വേണ്ടി അവർ തിരഞ്ഞെടുത്ത സമ്മാനം ഇന്നും കൂടെയുണ്ട്.

ഒരു വ്യക്തിയോട് നമുക്കുള്ള സ്നേഹത്തിന്റെ, ആദരവിന്റെ, കരുതലിന്റെ പ്രത്യക്ഷ പ്രമാണങ്ങൾ ആണ് നാം അവർക്ക് തിരഞ്ഞെടുക്കുന്ന  സമ്മാനങ്ങൾ.വാക്കുകൾ കൊണ്ട് നമുക്ക് സംവേദനം ചെയ്യാൻ കഴിയാത്ത വിചാരങ്ങൾ ആണ് നാം സമ്മാനങ്ങൾ കൊണ്ട് പൂർണമാക്കുന്നത്.

അധ്യാപക ദിനത്തിലും, പുതു വർഷത്തിലും ഒക്കെ കുട്ടികൾ സമ്മാനങ്ങൾ കൊണ്ടു തരും.കടയിൽ നിന്ന് വാങ്ങി തരുന്ന സമ്മാനങ്ങളെക്കാൾ പ്രിയപ്പെട്ടത് ആണ് കുഞ്ഞുങ്ങൾ അവരുടെ കൈ കൊണ്ട് വരച്ചും, ഉണ്ടാക്കിയും തരുന്ന സമ്മാനങ്ങൾ.നോട്ട് പുസ്തകത്തിൽ നിന്ന് കീറിയെടുത്ത പേജിൽ ചായപ്പെൻസിൽ കൊണ്ട് വരച്ച നിറമുള്ള പൂക്കൾ, തുടുത്ത സൂര്യൻ, ചിറക് നീർത്തുന്ന പക്ഷികൾ, തണൽ വിരിക്കുന്ന മരം:-ഏറ്റവും അടിയിൽ ചെരിഞ്ഞ അക്ഷരങ്ങളിൽ "ഐ ലവ് യൂ മിസ്" എന്ന് ഒരു ഉറപ്പ് തരൽ..ഏറ്റവും അഭിമാനത്തോടെ സ്വീകരിച്ചു, സൂക്ഷിച്ചു വച്ചിട്ടുള്ള സമ്മാനങ്ങൾ.ആ സമ്മാനം രൂപപ്പെടുത്തുന്ന ഓരോ നിമിഷത്തിലും ആ കുഞ്ഞു നമ്മളെ സ്നേഹിക്കുകയും, ഓർക്കുകയും ആയിരുന്നു എന്ന തിരിച്ചറിവിൽ ആനന്ദിച്ച നിമിഷങ്ങൾ. ജീവിതത്തിലെ ഈടുവെപ്പുകൾ ആയ സമ്മാനങ്ങൾ.

സമ്മാനം കിട്ടുമെന്നുള്ളത്‌ ഒരു പ്രതീക്ഷയും, പ്രചോദനവും ആണ്.ഒരു പ്രവർത്തിയുടെ അങ്ങേ അറ്റത്ത് അതിന്റെ പാരിതോഷികം കാത്തിരിക്കുന്നു എന്നുള്ളത് കൂടുതൽ മെച്ചമായും, ക്രിയാത്മകമായും പ്രവർത്തിക്കാനുള്ള ഊർജമാണ്.പുരസ്‌കാരപത്രങ്ങൾ,പതക്കങ്ങൾ, ശില്പങ്ങൾ, സ്ഥാനക്കയറ്റങ്ങൾ, ശമ്പള വർധനവ് ഇങ്ങനെ പല രൂപത്തിൽ നൽകുന്ന ഉപഹാരങ്ങൾ  ആ ഊർജത്തെ ഉൽപ്പാദിപ്പിക്കുന്നതിനും,ഉണർത്തുന്നതിനും വേണ്ടിയാണ്.നമ്മുടെ ഉള്ളിൽ ഉള്ള എന്തോ ചില, ചിലതുകളെ വല്ലാതെ തൃപ്തിപ്പെടുത്തുന്നതാണ് സമ്മാന ലബ്ധികൾ.തന്താങ്ങളുടെ മേഖലയിൽ മികവും, പുകഴും, കീർത്തിയും ആവുന്നത്ര ആർജിച്ചു കഴിഞ്ഞവരും ചില സമ്മാനങ്ങൾ കിട്ടാൻ മോഹിക്കുന്നതും,അത് കിട്ടുമ്പോൾ തീവ്രമായ വൈകാരികതയോടെ അതിനെ സ്വീകരിക്കുന്നതും അത് കൊണ്ടാണ്.ലിയനാർഡോ ഡി കാപ്രിയോയുടെ ഓസ്കാർ, ലയണൽ മെസ്സിയുടെ കോപ്പ കിരീടം എന്നിവയുടെ സ്വീകരണ നിമിഷങ്ങൾ ഓർത്തു നോക്കൂ, ബോധ്യമാകും.

ചിലപ്പോൾ, ചില സമ്മാനങ്ങൾ എന്തു കൊണ്ടോ തിരസ്ക്കരിക്കപ്പെടാറുമുണ്ട്.ആ തിരസ്കരണം ഉണ്ടാകുന്നത് സമ്മാനമായി കിട്ടുന്ന വസ്തുവിനല്ല, മറിച്ച് ആ സമ്മാനം നൽകുന്ന ആളിനാണ് എന്ന് നമുക്ക് അറിയാം. ഒരുപാട് സമയവും, പണവും ചിലവഴിച്ചു പരതി കണ്ടെത്തി, ഏറെ ആഹ്ലാദത്തോടെ കൊണ്ട് കൊടുക്കുന്ന സമ്മാനങ്ങൾക്,അത് കിട്ടിയ ആളുകൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ആഗ്രഹിച്ച മൂല്യം കൊടുത്തില്ല എന്ന് തോന്നുമ്പോൾ നിരാശയും,സങ്കടവും സ്വാഭാവികമായി ഉണ്ടാകും. നമ്മൾ മോഹിച്ചു വാങ്ങി നൽകിയ മനോഹരമായ കവടിപ്പാത്രത്തിൽ വീട്ടിലെ പട്ടിക്ക് ചോറ്‌ കൊടുക്കുന്നത് കണ്ടാൽ എങ്ങനെ ഇരിക്കും ?

വായിക്കാൻ ഇഷ്ടമുള്ള ഒരാൾ ആയതു കൊണ്ട് എല്ലാവർക്കും സമ്മാനമായി പുസ്തകങ്ങൾ വാങ്ങി നൽകുന്ന ദുഃശീലം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ, വായനയോട് താല്പര്യമില്ലാത്ത ഒരാൾക്ക് പുസ്തകം സമ്മാനമായി കിട്ടുന്നത് ഒരു ബാധ്യതയും, ബുദ്ധിമുട്ടും ആണെന്ന് ബോധ്യമുണ്ടായതിൽ പിന്നെ കൊടുക്കുന്ന എന്റെ ഇഷ്ട്ടം നോക്കിയല്ല, സ്വീകരിക്കുന്ന ആളുടെ താല്പര്യം നോക്കി സമ്മാനം തെരഞ്ഞെടുക്കാൻ തുടങ്ങി.

ഒരു നുള്ള് ക്യൂട്ടികൂറാ പൗഡറിലും, ഒരു ശിങ്കാർ പൊട്ടിലും ഒരുക്കം ഒതുക്കുന്ന, മുടി ചീവാൻ ചീർപ്പ് എടുക്കാൻ  പോലും  മടിയുള്ള  എനിക്ക് ഒരു പരിപൂർണ്ണ മെയ്ക്കപ്പ് കിറ്റ് സമ്മാനമായി ലഭിച്ചതായിരുന്നു ആ ബോധം ഉദിക്കാനുള്ള ഹേതു എന്ന് ഈ അവസരത്തിൽ ഓർക്കുന്നു.

ക്രൂരമായ പക്ഷപാതിത്വങ്ങൾ കൊണ്ട് ചില സമ്മാനങ്ങൾ വേദനിപ്പിക്കാറുണ്ട്.ഒരേ പ്രായത്തിൽ ഉള്ള, ഒരുമിച്ച് കളിക്കുന്ന കുട്ടികളിൽ ചിലർക്ക് സ്വർണ്ണക്കടലാസിൽ പൊതിഞ്ഞ സ്വാദേറിയ ചോക്ലേറ്റുകളും, ചിലർക്ക് പത്രക്കടലാസിൽ പൊതിഞ്ഞ കടല മിട്ടായികളും സമ്മാനിക്കുന്നവർ മനസിൽ കൊണ്ടു നടക്കുന്ന തൂക്കകട്ടികളും, അളവു കോലുകളും എത്ര സങ്കീർണമായിരിക്കും.പക്ഷെ അവയും ഇന്ധനങ്ങൾ തന്നെയാണ്, മുന്നോട്ട് നടക്കാനുള്ള വലിയ  ഇന്ധനം.

കിട്ടുമെന്ന പ്രതീക്ഷയോടെ  കാത്തിരുന്നിട്ട് കിട്ടാതെ പോകുന്ന ചില സമ്മാനങ്ങൾ ഉണ്ട്.തരാം എന്ന് വാഗ്‌ദാനം ചെയ്തവർ നിസാരമായി മറന്ന് കളഞ്ഞ ചില സമ്മാനങ്ങൾ.പക്ഷെ, ആ സമ്മാനം അവർ തരും എന്ന പ്രതീക്ഷയോടെ അവരുമായുള്ള ഓരോ കൂടിക്കാഴ്ചക്കും നമ്മൾ സമയം നിശ്ചയിക്കും.അവരുടെ കൈസഞ്ചിയിൽ നിന്ന് മാന്ത്രികമായി അവരാ സമ്മാനം പുറത്തെടുത്ത് നമുക്ക് നൽകുന്ന സമയം പ്രതീക്ഷിക്കും.പക്ഷെ നിരാശയിൽ ഓരോ കൂടിക്കാഴ്ചയും അവസാനിക്കുമ്പോൾ, ആശയും, ആഗ്രഹവും ആണ് വേദനയുടെ കാരണം എന്ന ബുദ്ധ തത്വം അറിവാകും.

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം ഏതെന്ന് സ്വകാര്യമായി  ഒന്ന് തിരഞ്ഞു നോക്കിയാൽ നാം കണ്ടെത്തുന്നത് വസ്തുക്കളെ ആയിരിക്കില്ല, ചില നിമിഷങ്ങളെ ആകും.ചില മനുഷ്യർ അപാരമായ കരുണയോടെ, സ്നേഹത്തോടെ നമ്മൾക്ക് നൽകിയ ചില ഭംഗിയുള്ള നിമിഷങ്ങൾ.അത്തരം അത്ഭുത നിമിഷങ്ങൾക്ക് അർഹതയുള്ളവർ അല്ല നമ്മൾ എന്ന പൊള്ളിക്കുന്ന തോന്നലിലും, ആ ചേർത്തു പിടിക്കലുകളെ , നല്ല വാക്കുകളെ നമ്മൾ സ്വീകരിക്കുന്നു.ഒരിക്കലും തിരിച്ചു നൽകി തീർക്കാൻ പറ്റാത്ത ചില ഋണങ്ങൾ നമ്മൾ ആഹ്ലാദത്തോടെ കൈ പറ്റുന്നു.

നക്ഷത്രങ്ങൾ തിളങ്ങുന്ന നല്ല നിമിഷങ്ങളുടെ സമ്മാനങ്ങൾ സ്വീകരിക്കാനും, കൊടുക്കാനുമുള്ള സുകൃതം എല്ലാവർക്കും ഉണ്ടാകട്ടെ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക