Image

പിന്നോട്ട് നടക്കുന്ന പ്രണയം(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 27 August, 2021
പിന്നോട്ട് നടക്കുന്ന പ്രണയം(കവിത: രാജന്‍ കിണറ്റിങ്കര)
പ്രണയം എന്നും
നടന്നിട്ടുള്ളത്
പിന്നോട്ടാണ്

യാത്ര പറയാതെ
വഴി പിരിയുമ്പോള്‍
അതിരുതീരും വരെ
കണ്ണുകള്‍
പിന്‍ നടത്തം ചെയ്യും

പുസ്തക താളില്‍
എഴുതി വച്ച
വായിച്ചു മതിയാകാത്ത
അക്ഷരങ്ങളിലൂടെ
മനസ്സ്
പിന്‍ യാത്ര ചെയ്യും

ഒരു നോട്ടവും
ഒരു പുഞ്ചിരിയും 
വഴിയിലുപേക്ഷിച്ച്
കാലത്തിന്റെ
ഒഴുക്കിലേക്ക് 
നീന്തി മറഞ്ഞ പ്രണയത്തെ
തിരമാലകളില്‍ പരതും

പൂക്കാന്‍ മറന്ന
ക്യാമ്പസ്സിലെ
വാകമരച്ചോട്ടില്‍
പൊഴിഞ്ഞ കണ്ണീരിന്റെയും
വിടര്‍ന്ന സ്വപ്നങ്ങളുടെയും
അസ്ഥികള്‍ പെറുക്കും

നിറപറയ്ക്കും
നിലവിളക്കിനും
വലം വയ്ക്കുമ്പോള്‍
ആള്‍ക്കൂട്ടങ്ങളില്‍
രണ്ട് കണ്ണുകളെ
കാണാന്‍ കൊതിച്ച്
കാണാതിരിക്കാന്‍ ശ്രമിക്കും

പ്രണയം എന്നത്
നഷ്ടങ്ങളുടെ
കണക്കു പുസ്തകത്തിലെ
നോവിനാല്‍
എഴുതിച്ചേര്‍ത്ത
ശൂന്യമായ
ലാഭ കോളങ്ങളാണ്..




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക