Image

സ്ത്രീയ്ക്ക് കേരളം നരകമാകുമ്പോൾ..(ഉയരുന്ന ശബ്ദം - 40: ജോളി അടിമത്ര)

Published on 27 August, 2021
സ്ത്രീയ്ക്ക് കേരളം നരകമാകുമ്പോൾ..(ഉയരുന്ന ശബ്ദം - 40: ജോളി അടിമത്ര)

നിങ്ങൾ ഒരു മലയാളിസ്ത്രീയാണോ ? ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വാഴ്ത്തിപ്പാടുന്ന കേരളത്തിലാണോ താമസം. എങ്കിൽ  പതിയിരിക്കുന്ന  അപകടങ്ങളെപ്പറ്റി ബോധവതികളായിരിക്കണം.

സ്ത്രീയക്ക് ഒരു ഫോണും  അതിനൊരു നമ്പറും കൂടിയുണ്ടെങ്കിൽ നിഷ്പ്രയാസം അവളെ ലൈംഗിക തൊഴിലാളിയാക്കാമെന്ന സ്ഥിതിയിലാണ് കേരളമിപ്പോൾ.

പണ്ട് , എന്നു വച്ചാൽ പത്തൻപതു വർഷം മുമ്പത്തെ കേരളം. അന്ന് നമ്മുടെ വീടിനുള്ളിൽ ടോയ്ലറ്റുകളില്ലായിരുന്നു. അത് കേട്ടാൽത്തന്നെ കാർന്നവർ കാറിത്തുപ്പും. വീട്ടിനുള്ളിൽ, പാത്രത്തിൽ ഒന്നിനും രണ്ടിനും പോകുന്നവരെ ചാട്ടയ്ക്കടിക്കാൻ പറയും. വെളിയിട വിസർജ്ജന പദത്തിനുപയോഗിച്ച  'വെളിയ്ക്കിറങ്ങുക ' എന്ന പദം ഇന്നും  അറിയാതെ പറയുന്നവരുണ്ട്. എന്നു വച്ചാൽ ദരിദ്ര നാരായണന്മാരായ  വടക്കേ ഇന്ത്യക്കാരന് വീട്ടിൽ കക്കൂസ് ഇല്ലെന്നു പറഞ്ഞ് താഴ്ത്തിക്കെട്ടാൻ നമ്മൾക്ക് അർഹതയില്ലെന്ന് സാരം.

അതേ പ്രാഥമിക കർമ്മ അനുഷ്ഠാനമാണ് നമ്മൾ വർഷങ്ങൾക്ക് മുമ്പ് പാലിച്ചിരുന്നത് .അന്ന് നമ്മുടെ  പെണ്ണുങ്ങൾ പൊതു കുളിക്കടവുകളിൽ നിർഭയം നീന്തിത്തുടിച്ചു കുളിച്ചു.

ഇത്തിരിപ്പോന്ന തോർത്തോ മുണ്ടോ കൊണ്ട് മുലക്കച്ചകെട്ടി  ഇട്ടിരുന്ന വസ്ത്രം ഊരി അടിച്ചു നനച്ചു മുങ്ങിക്കുളിച്ചു. ആരും ഒളിഞ്ഞു നോക്കിയില്ല. അഥവാ വല്ലവനും പെന്തക്കാട്ടിൽ മറഞ്ഞിരുന്ന് ആസ്വദിച്ചാൽ പെണ്ണുങ്ങൾ കൂട്ടം ചേർന്ന് അവൻ്റെ കഥ കഴിച്ചിരുന്നു. അന്ന് ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ക്യാമറയും മൊബൈൽ ഫോണും ഇല്ലായിരുന്നല്ലോ. സൂം ചെയ്ത് നോക്കാൻ സ്വന്തം കണ്ണുകൾ മാത്രം ആയുധം.. സേവ് ചെയ്ത് വയ്ക്കാൻ ഹൃദയവും.

ഇതിപ്പോൾ ഏത് കൂതറയ്ക്കും ഒരു ആൻഡ്രോയ്ഡ് ഫോൺ കൈയ്യിലുണ്ട്. വഴിയെ പോകുന്ന എല്ലാവരും വീഡിയോ ഗ്രാഫർമാരും.

അതോടെ പൊതു കുളിയിടങ്ങൾ സ്ത്രീകൾ ഉപേക്ഷിച്ചു. പണ്ട് എഴുപതു വയസ്സുള്ള മുത്തശ്ശിമാർ മേൽവസ്ത്രമില്ലാതെ വീടിനുള്ളിലും പുറത്തും  നടന്നിരുന്നു. ഇന്നങ്ങനെ നടക്കാൻ മുതുമുത്തശ്ശിമാർക്കും ധൈര്യം പോര. പത്തു മക്കളെ പാലൂട്ടി വളർത്തിയ ചുക്കിച്ചുളിഞ്ഞ അമ്മിഞ്ഞ പോലും
സോഷ്യൽ മീഡിയയിൽ 'വൈറലാകുന്നതോർത്ത്  പാവങ്ങൾക്ക് പേടിയാണ്. 90 കഴിഞ്ഞ, തളർന്നു കിടന്ന അമ്മൂമ്മയെ ബലാത്സംഗം ചെയ്ത വാർത്ത വന്നിട്ട് അധികമായില്ലല്ലോ.

പറഞ്ഞു വന്നത് വാകത്താനത്തെ വീട്ടമ്മയുടെ കാര്യമാണ്. അവരെ കണ്ട് തിരിച്ചു പോരുമ്പോൾ ഒപ്പമുണ്ടായിരുന്ന സാമൂഹ്യ പ്രവർത്തക എന്നോടു ചോദിച്ചു, നമ്മുടെ കേരളം ഇത്ര അധ:പതിച്ചു പോയോ ?.

കോട്ടയത്തിനടുത്ത് വാകത്താനം ഗ്രാമത്തിലെ ജെസിയെന്ന സ്ത്രീയുടെ ദുരന്തമറിഞ്ഞ് അവിടെ പോയതാണ് ഞങ്ങൾ.

46 വയസ്സുള്ള, നാലു മക്കളുടെ അമ്മ. ജീവിതം പരുക്കനാക്കിയ ഒരു സ്ത്രീ. ഇടതുപക്ഷ സഹയാത്രികയായ ജെസി ദളിത് സ്ത്രീയാണ്. ബിരുദ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഭർത്താവ് കെട്ടിടത്തിൻ്റെ വാർക്കപ്പണിക്കാരൻ ആയിരുന്നു.  രാവിലെ രണ്ടു കാലിൽ തൊഴിലിനു പോയി
രാവേറെയാവുമ്പോൾ നാലുകാലിൽ  മടങ്ങിയെത്തുന്നയാൾ. മിക്കപ്പോഴും കൂട്ടുകാരാവും  വീട്ടിൽ കൊണ്ടുവന്ന് അയാളെ നിക്ഷേപിക്കുക. പിന്നെ അടിയുടെയും തൊഴിയുടെയും പൂരം. നാലു മക്കളുണ്ടായതു മാത്രമാണ് അയാൾക്കൊപ്പമുള്ള ജീവിതത്തിൽ ജെസിയുടെ നേട്ടം.

ഒടുവിൽ അവരൊരു തീരുമാനത്തിലെത്തി. ഭർത്താവിൻ്റെ  'സേവനം' അവസാനിപ്പിച്ചു പിരിയുക. 14 വർഷം മുമ്പ് നാലു മക്കളെ ചേർത്തു പിടിച്ച് ജെസ്സി വഴി പിരിയുമ്പോൾ 32 വയസ്സ് മാത്രം. ഇത്തിരിപ്പോന്ന മൂന്നു പെൺകുഞ്ഞുങ്ങളും ഒരു മകനും. ഇളയ മകന് 4 വയസ്സു മാത്രം. പിന്നെ കൂലിപ്പണി, വീട്ടുപണി, കോട്ടയത്തെ കാർ ഷോറൂമുകളിൽ കാർ കഴുകുന്ന ജോലി .. മക്കളെ പട്ടിണിയ്ക്കിടാതിരിക്കാൻ കഠിനമായ അധ്വാനം. വരുമാനം കൊണ്ട് വാടകയുൾപ്പടെ തികയാതെയായപ്പോൾ ജെസ്സി തുന്നൽപ്പണിയിലേക്കു തിരിഞ്ഞു. ഒരു കടമുറി വാടകയ്‌ക്കെടുത്ത് ഒരു സഹായി പെൺകുട്ടിയെക്കൂടി കൂട്ടി തയ്യൽക്കട വിപുലീകരിച്ചു. മക്കൾക്കെല്ലാം നല്ല വിദ്യാഭ്യാസം നൽകാൻ ശ്രദ്ധിച്ചു.

മൂത്ത മകളെ വിവാഹം കഴിപ്പിച്ചു. ഒരു മകൾ ബിരുദം പൂർത്തിയാക്കി തുടർവിദ്യാഭ്യാസത്തിന് കാത്തിരിക്കുന്നു. മൂന്നാമത്തെ മകൾ ബിരുദ വിദ്യാർത്ഥിനി. മകൻ പ്ലസ് ടു കഴിഞ്ഞു. അപ്പോഴാണ് ജെസ്സിയുടെ ജീവിതത്തിൽ വെള്ളിടി വെട്ടിയത്.

"ആദ്യത്തെ ദിവസം മറക്കാനാവുന്നില്ല. ഇപ്പോൾ എട്ടു മാസം കഴിഞ്ഞു. നിങ്ങൾ ജെസ്സിയാണോ എന്നായിരുന്നു ഫോൺ വിളിച്ചയാളിൻ്റെ ചോദ്യം. അതേ എന്നു പറഞ്ഞപ്പോൾ എത്രയാ റേറ്റ് എന്നായി. ഞാൻ ആദ്യം വിചാരിച്ചത് ഇവിടെ തുന്നുന്ന റെഡിമെയ്ഡ് നൈറ്റിയുടെ വിലയായിരിക്കുമെന്നാണ്. എവിടെ വന്നാൽ കാണാം, സൗകര്യമുള്ള സമയമെപ്പോഴാണ്, എന്നൊക്കെയായപ്പോൾ സംശയം തോന്നി. ഞാൻ കാര്യം ചോദിച്ചപ്പോൾ അയാൾ വ്യക്തമായും കാര്യം പറഞ്ഞു, എൻ്റെ സമനില തെറ്റിപ്പോയെങ്കിലും 'നിങ്ങൾക്ക് ആളു തെറ്റിപ്പോയതാണ്, നാലു മക്കളുടെ അമ്മയായ 46 വയസ്സുള്ള മധ്യവയസ്ക്കയാണ് ഞാൻ 'എന്നു പറഞ്ഞ് ഒഴിഞ്ഞു. 

എൻ്റെ ഫോൺ നമ്പർ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോൾ തൃശൂരിലെ ഒരു പൊതു ടോയ് ലറ്റിൽ എഴുതിയതു കണ്ട് വിളിച്ചതാണെന്നായിരുന്നു മറുപടി. ഞാൻ ഞട്ടിപ്പോയി ", ജെസി പറയുന്നു.

അതൊരു തുടക്കം മാത്രമായിരുന്നു. ദിവസം അമ്പതും അറുപതും കോളുകൾ. പാതിരാത്രിക്കും വെളുപ്പിനും വിളികൾ, അശ്ളീല സംസാരം. ശരീരത്തിൻ്റെ വില ചോദിച്ചാണ് കോളുകൾ മുഴുവൻ. തീവണ്ടിയിലെ ടോയ്ലറ്റിൽ എഴുതിയതു കണ്ടാണെന്ന്  പറഞ്ഞ് വിളിച്ചവരുണ്ട്.  'ഉപദ്രവിക്കരുതേ, താനത്തരക്കാരിയല്ലെന്ന് ' കരഞ്ഞുപറഞ്ഞിട്ടും വെറുതെ വിട്ടില്ല. ഇരട്ടിയായി കോളുകൾ. തുന്നലിൽ ശ്രദ്ധിക്കാൻ വയ്യാത്തത്ര മനസ്സിക സമ്മർദ്ദം. കൊറോണ രോഗത്തെത്തുടർന്ന് കടയിൽ വരുമാനം നിലച്ചു. വാടക, നാലു പേരുടെ ചെലവുകൾ, ഭക്ഷണം, മക്കളുടെ ഫീസ്.. ആകെ വലഞ്ഞ നാളുകളിലും ഫോൺ വിളികൾ മാത്രം സജീവം. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും വിളിയെത്തി.

"എൻ്റെ മകന് 17 വയസ്സേയുള്ളൂ. അവൻ ഫോണെടുത്താൽ അമ്മയ്ക്ക് നീയാണോടാ ഇപ്പോൾ എന്നാണ് തെറി. പെൺമക്കൾ ഫോണെടുത്താൽ അവരെ കൂട്ടിയാണോ  ബിസിനസ്സ് എന്നാവും. മക്കളും എൻ്റെ കുടുംബ സുഹൃത്തുക്കളും പറഞ്ഞിട്ടാണ് പോലീസിൽ പരാതി കൊടുക്കാൻ തീരുമാനിച്ചത്. പക്ഷേ കൊടുത്തിട്ടും ഫലമുണ്ടായില്ല. ഫോൺ നമ്പർ മാറ്റിക്കോളാനാണ് ഒരു പോലീസുകാരൻ നൽകിയ ഉപദേശം ", ജെസി പറഞ്ഞു.

പ്രധാന തിരിച്ചറിയൽ രേഖകളിലും വാക്സിനേഷനും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കും നൽകിയ ഫോൺ നമ്പർ അത്ര വേഗം മാറ്റുന്നതെങ്ങനെ എന്നായി ജെസിയുടെ സംശയം.തയ്യൽ സ്ഥാപനത്തിൻ്റെ ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നതും ഇതേ ഫോൺ നമ്പറാണ്. വസ്ത്രങ്ങൾ തുന്നാൻ നൽകുന്നവർ വിളച്ചു ചോദിക്കുന്നത് ഇതേ നമ്പറിലാണ്. ഒറ്റയടിക്ക് നമ്പർ മാറ്റുന്നതിലെ ബുദ്ധിമുട്ടുകൾ പ്രയാസപ്പെടുത്തിയെങ്കിലും ജെസ്സി നമ്പർ മാറ്റി മറ്റൊരു സിം കാർഡ് എടുത്തു. 

ഒരു ഫലവുമുണ്ടായില്ല. പുതിയ നമ്പറിലേക്ക് ദിവസങ്ങൾക്കുള്ളിൽ വിളികളെത്തിത്തുടങ്ങി.
പോലീസ് നടപടിയിലും ഫലപ്രദമായ മാറ്റം കാണാതായപ്പോൾ ജെസ്സി കടുംകൈയ്ക്ക് മുതിർന്നു.
"എൻ്റെ ഫേസ്ബുക്കിൽ മുഖം മറയ്ക്കാതെ ലൈവ് വീഡിയോ ഇട്ടു. ഞാൻ ലൈംഗികത്തൊഴിലാളിയല്ല, ചീത്ത സ്ത്രീയല്ല, എന്നെ ഉപദ്രവിക്കരുത് " എന്ന് പറഞ്ഞ വീഡിയോ പുറത്തു വന്നതും വലിയ പത്രവാർത്തയായി.

പോലീസ് നടപടിയായി. ഡിജിപിയും എസ്പിയും നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു,"  ജെസ്സി പറഞ്ഞു.
ഇതു വരെ 14 പേർ സംഭവത്തിൽ അറസ്റ്റിലായി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ.
ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീയ്ക്ക്  സമാധാനമായി ജീവിക്കാൻ കേരളത്തിൽ അവകാശമില്ലേ എന്നൊരു ചോദ്യം നമ്മിൽ നിന്നുയരുന്നു.

അവിവാഹിതകൾക്കും വിധവകൾക്കും വിവാഹമോചിതർക്കും ഇവിടെ ജീവിക്കാൻ അർഹതയില്ലേ.
ഒരു സ്ത്രീയുടെ ഫോൺ നമ്പർ കിട്ടിയാൽ അത് പൊതു ശൗചാലയത്തിൽ എഴുതി വയ്ക്കുന്നത് ഒരു തരം മാനസ്സിക വൈകൃതം തന്നെയാണ്. അതിലേക്ക് മത്സരിച്ച് വിളിക്കുന്നതാവട്ടെ മാനസ്സിക രോഗവും. ഇത്തരം സ്ത്രീവിരുദ്ധ നടപടികൾക്ക് തടയിടാൻ നിയമമുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് അധികൃതരിൽ നിന്നുണ്ടാവുന്നത്.
 
ഈ നിമിഷം വരെ കേരള വനിതാ കമ്മീഷൻ അംഗങ്ങളാരും തന്നെ ഈ സ്ത്രീയെ വിളിച്ച് കാര്യം തിരക്കിയില്ല. എന്തിനാണ് ഇത്തരം ഒരുവനിതാ കമ്മീഷൻ? 

പണിയായുധമായ കത്രിക ബാഗിലിട്ടു കൊണ്ടാണ് ജെസ്സിയിപ്പോൾ നടക്കുന്നത്. "ഇതു വരെ ഫോണിലൂടെ അശ്ളീല സംഭാഷണം മാത്രമായിരുന്നു,  എൻ്റെ ശരീരത്തിലേക്ക് ആരെങ്കിലും കൈ നീട്ടിയാൽ കുത്തിമലർത്തി ജയിലിൽ പോകാൻ ഒട്ടും മടിയില്ല, എനിക്കു മറ്റുവഴിയില്ല", ജെസ്സി കത്രിക ഉയർത്തി കാട്ടി കൊണ്ട് പറയുന്നു.

ഇടതുപക്ഷ സഹയാത്രികയാണ് ജെസ്സി. കേരള ചേരമർ സംഘം മഹിളാസംഘത്തിൻ്റെ വനിതാ വിഭാഗം സംസ്ഥാന ഭാരവാഹിയായിരുന്നു..
ആരാണ് ആ പതിയിരിക്കുന്ന അജ്ഞാത ശത്രു. അതോ ഒരു സംഘമോ? എന്തിനാണ് ഇവരെ ലക്ഷ്യം വയ്ക്കുന്നത്.

ഒരു സ്ത്രീയെ ഉന്നം വച്ചാൽ നശിപ്പിക്കാൻ ഏറെ വഴികൾ ഉണ്ടെന്നത് വലിയ തിരിച്ചറിവാകുകയാണ്.
പോലീസും നിയമവും കോടതിയും വനിതാ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും എല്ലാം ഉണ്ടായിട്ടും നിസ്സഹായരാവുന്ന സ്ത്രീകൾ.  ഇരയ്ക്കൊപ്പം നിൽക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ  നവമാധ്യമങ്ങളിൽ സ്വയം മുഖം കാണിച്ച് ," ഞാൻ ചീത്ത സ്ത്രീയല്ലെന്ന് " ,വിളിച്ചു പറയേണ്ടി വരുന്ന ഗതികേട്.

നമ്മുടെ വീട്ടിലും അവിവാഹിതരുണ്ട്, വിധവകളും വിവാഹമോചിതരുമുണ്ടെന്ന് ഓർമിക്കുക. ജെസ്സിയിൽ നിന്ന് നമ്മിലേക്കുള്ള ദൂരം അത്രയേറെയല്ലെന്നത് മറക്കാതിരിക്കുക.

സ്ത്രീയ്ക്ക് കേരളം നരകമാകുമ്പോൾ..(ഉയരുന്ന ശബ്ദം - 40: ജോളി അടിമത്ര)സ്ത്രീയ്ക്ക് കേരളം നരകമാകുമ്പോൾ..(ഉയരുന്ന ശബ്ദം - 40: ജോളി അടിമത്ര)
Join WhatsApp News
Sudhir Panikkaveetil 2021-08-27 16:03:35
ശിക്ഷയില്ലാത്തതുകൊണ്ടാണ് കുറ്റങ്ങൾ പെരുകുന്നത്. ഇവനെയൊക്കെ പരസ്യമായി മുക്കാലിയിൽ കെട്ടി നൂറ്റിയൊന്ന് അടികൊടുത്താൻ പിന്നെ ആരും അനങ്ങുകയില്ല. പക്ഷെ നമ്മൾ സംസ്കാരചിത്തരായി പഴയ ആചാരങ്ങളൊക്കെ മാറ്റുകയല്ലേ. പാവപ്പെട്ടവനെ ലോക്കലിപ്പിട്ട കൊള്ളുന്നു ഭേദ്യം ചെയ്യുന്നു. ഇവന്മാരെ കൊണ്ടുവന്നു അടിച്ചും തൊഴിച്ചും മൂന്നു മാസം കോട്ടക്കൽ വൈദ്യശാലയിൽ പോയി ഉഴിച്ചൽ കഴിച്ചാല് എണിറ്റു നടക്കാൻ കഴിയൂവെന്നാക്കിയാൽ ഒരുത്തനും ധൈര്യപ്പെടില്ല. അതിനു എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുക. നിവേദനങ്ങൾക്കും എഴുത്തിനും ഇക്കാലത്ത് പ്രസക്തിയില്ല. അധികാരപ്പെട്ടവരെകൊണ് ശിക്ഷാനടപടികൾ നടപ്പിലാക്കുക. ശ്രീമതി ജോളി അടിമത്ര സാമൂഹികപ്രശ്നങ്ങൾ ഇങ്ങനെ എഴുതുന്നതിലൂടെ പൊതുജനം ഉണർന്നു പ്രവർത്തിക്കും
സുരേന്ദ്രൻ nayar 2021-08-27 16:41:01
ഓരോ മലയാളിയും അവരെ ഭരിക്കുന്ന കർത്താക്കളും അവശ്യം വായിച്ചിരിക്കേണ്ട ലേഖനം, അഭിനന്ദനം മനോഹർ
Moncy kodumon 2021-08-28 00:46:15
പീഡന വീരൻമാരെ വീണ്ടും ജാമ്യത്തിലിറക്കുമ്പോൾ ജനത്തിന് എന്ത് മാതൃകയാണ് ഗവൺമെൻറ് നൽകുന്നത്' വേട്ടക്കാർക്കു വീണ്ടും വിജയം ഇരകൾക്ക് മാനഹാനിയും
Hunter 2021-08-28 03:45:58
പീഡനം ഒരിക്കലും ശരിയല്ല .പക്ഷെ ആദ്യം ന്യുയോർക്കിലുള്ള പീഡനവീരന്മാരെ ശരിയാക്കുക . അതിനു ശേഷം നാട് നന്നാക്കുക . എവിടെ ഫോമാ പീഡകർ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക