Image

കലയുടെ പൂര്‍ണ്ണിമ നേടിയ പി.ടി. ചാക്കോയ്ക്ക് ജന്മദിനാശംസകള്‍ (ജോര്‍ജ് തുമ്പയില്‍)

Published on 27 August, 2021
കലയുടെ പൂര്‍ണ്ണിമ നേടിയ പി.ടി. ചാക്കോയ്ക്ക് ജന്മദിനാശംസകള്‍ (ജോര്‍ജ് തുമ്പയില്‍)

വലിയൊരു അത്ഭുതമാണ് പി.ടി. ചാക്കോ. അദ്ദേഹത്തിന്റെ കലയോടുള്ള സ്‌നേഹത്തിന് അതിരുകളില്ല. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട അദ്ദേഹം ഇപ്പോള്‍ തൊണ്ണൂറു വയസ്സിലെത്തി നില്‍ക്കുന്നു. മലയാളത്തെയും കേരളക്കരയെയും എന്നു നെഞ്ചിലേറ്റിയ ഈ ഭാഷാസ്‌നേഹി അമേരിക്കന്‍ മലയാളികളുടെ മിഴികളിലാണ് അത്ഭുതസദസ്സൊരുക്കിയത്. അമേരിക്കന്‍ മലയാളികളുടെ സര്‍ഗ്ഗബോധത്തെ ഉയര്‍ത്തിയ പി.ടി.ചാക്കോ സ്‌റ്റേജുകളുടെ തമ്പുരാനാണ്. ഇന്നും തിങ്ങി നിറഞ്ഞ ഒരു സദസ്സിനു മുന്നില്‍ ഡയലോഗുകളുടെയും ദൃശ്യവിസ്മയത്തിന്റെയും സ്‌റ്റേജ് ഒരുക്കാന്‍ അദ്ദേഹം തയ്യാറാവും. അത്രയ്ക്കും നാടകങ്ങളോടും അക്ഷരങ്ങളോടും ചേക്കേറിയ മനുഷ്യസ്‌നേഹിയായിരുന്നു പി.ടി. ചാക്കോ.

മലയാളകലയ്ക്ക് അമേരിക്കയില്‍ സ്വന്തമായ ഇടമൊരുക്കിയ കലാസ്‌നേഹിയുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും പ്രവാസത്തിന്റെ ഏകാന്തജ്വാലകളില്‍ കലയുടെ നാട്യഗൃഹമൊരുക്കിയ അനുഗ്രഹീത കലാകാരന്‍ എന്ന നിലയ്ക്കാണ് പി.ടി ചാക്കോ അറിയപ്പെടുന്നത് ഓഗസ്റ്റ് 27-ആണ് അദ്ദേഹത്തിന്റെ ജന്മദിനം. പിറന്നാള്‍ നിറവില്‍ നില്‍ക്കുമ്പോഴും നാടകവും, ഡാന്‍സ്ഡ്രാമയും കവിതയും ലേഖനങ്ങള്‍ക്കുമൊപ്പം നാടകത്തിന്റെ നടനവൈഭവത്തിന്റെ ലഹരിയിലാണ് പ്രിയപ്പെട്ട ചാക്കോച്ചന്‍. ഇന്ത്യയില്‍ നിന്നു മല്യേഷ്യ വഴി സിംഗപ്പൂരിലെത്തി, പിന്നീട് യൂറോപ്പ് കടന്നു അമേരിക്കയിലെത്തുമ്പോഴും ചാക്കോച്ചന്‍ എന്ന യാത്രക്കാരനൊപ്പം സാഹിത്യവും കലയും ഒരു കൂടപ്പിറപ്പു പോലെ ഒപ്പമുണ്ടായിരുന്നു. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ കാഴ്ചയിലും ഉഗ്രമായ പ്രകാശവിസ്മയങ്ങളുടെയും മായാജ്വാലത്തിലും ശബ്ദവിന്യാസങ്ങളുടെ മായികതയിലും മയങ്ങിയ വന്‍ പ്രോഗ്രാമുകളുടെ കാലത്ത്, സ്റ്റേജുകളില്‍ തന്റെ നാടകങ്ങള്‍ വിജയിപ്പിക്കുന്ന ചാക്കോച്ചന്‍ എക്കാലത്തുമൊരു വിസ്മയമാണ്. മലങ്കര ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ചാക്കോച്ചന്‍ ഒരുക്കിയ നാടകങ്ങളിലൂടെ വളര്‍ന്ന അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നാടകരംഗത്തെ കുലപതി എന്ന റെക്കോഡ് പി.ടി ചാക്കോയ്ക്ക് മാത്രം സ്വന്തം. 

നാടകങ്ങള്‍ക്ക് വേണ്ടി മാത്രം ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബ് സ്ഥാപിച്ച് ജീവന്‍ നല്‍കി, ഒട്ടനവധി പേരെ കലാരംഗത്തേക്ക് കൈപ്പിടിച്ചുയര്‍ത്തിയ കലാസ്‌നേഹിയാണ് പി.ടി.ചാക്കോ. ബിബ്ലിക്കല്‍ കഥകളുടെ ലളിതമായ ആവിഷ്‌ക്കാരങ്ങള്‍ എത്രയോ അമേരിക്കന്‍ മലയാളികള്‍ക്ക് കലാവിഷ്‌ക്കാരത്തിന്റെ പുതുവെളിച്ചം പകര്‍ന്നു. ഇപ്പോഴും പി.ടി ചാക്കോ എന്ന എഴുത്തുകാരന്റെ ബൈലൈനു താഴെയുള്ള അക്ഷരങ്ങള്‍ ഭക്തിയും നന്മയുടെയും കൂട്ടക്ഷരങ്ങളാണ്. കര്‍ട്ടനു മുന്നിലും പിന്നിലും പാറിനടക്കുന്ന നാടകത്തിന്റെ മര്‍മ്മമറിഞ്ഞ സ്‌നേഹനിധിയായ ചാക്കോച്ചന് ഫൈനാര്‍ട്‌സ് മലയാളത്തിന്റെ സ്‌നേഹാദരവുകള്‍.

ഒരു പ്രേമകാവ്യം എന്ന കാവ്യ ശില്‍പ്പത്തിലൂടെ ആദിപ്രകൃതിയില്‍ ആരംഭിച്ച പ്രേമം എന്ന വികാരം അനശ്വരമാണെന്നും അതില്‍ ദൈവികസാന്നിധ്യമുണ്ടെന്നും ഉദ്‌ഘോഷിക്കുന്ന കഥാകാരനായ പി.ടി. ചാക്കോ (മലേഷ്യ)യെ കാണാം. കേരളത്തിന്റെ കിഴക്കന്‍ മലയോരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ആദിവാസികളുടെ വിയര്‍പ്പും വേദനയും സമന്വയിപ്പിച്ച കഥയായിരുന്നു ഒരു പ്രേമകാവ്യം എന്ന നാടകം പറഞ്ഞത്. നാട്ടുപ്രമാണികള്‍ കൊടികുത്തി വാഴുന്ന ആ നാട്ടിലെ ഒരു പ്രദേശമാണ് കാക്കോത്തിക്കാവ്. ആ കാക്കോത്തിക്കാവിലേക്കാണ് പി.ടി. ചാക്കോ (മലേഷ്യ) ഒരു പ്രേമകാവ്യത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തിന്റെ പത്താമത്തെ ഡാന്‍സ് ഡ്രാമ അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തത് അവരെയത് മനസ്സു കൊണ്ട് മലയാളനാട്ടിലേക്ക് ഒരു മടക്കയാത്ര നടത്തിച്ചു എന്ന രീതിയിലാണ്. അതു കൊണ്ട് തന്നെ, നമുക്ക് പി.ടി. ചാക്കോ എന്ന അക്ഷരസ്‌നേഹിയുടെ കലാപൂര്‍ണ്ണിമയ്ക്ക് മുന്നിലും ജന്മദിനത്തിലും ആശംസകള്‍ നേരാം.. സഹസ്രപൂര്‍ണ്ണിമ വിരിഞ്ഞ അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ക്കും ജീവിതത്തിനും ദീര്‍ഘായുസ് നേരാം.

 

Join WhatsApp News
Raju Mylapra 2021-08-28 15:01:56
കലയോടുള്ള സംപൂർണ്ണ സമർപ്പണം..പെർഫെക്‌ഷനിൽ വിട്ടുവീഴ്ച്ചയില്ലാത്ത കാർക്കശ്യം... പരിപാടികൾ പറയുന്ന സമയത്തു തുടങ്ങാമെന്നും, അവസാനിപ്പിക്കാമെന്നും അമേരിക്കൻ മലയാളികൾക്ക് പ്രവർത്തിയിലൂടെ തെളിയിച്ചു തന്ന കലാകാരൻ..അരങ്ങിനേക്കാളേറെ അണിയറയിൽ പ്രവർത്തിച്ച വിഷിഷ്ട്ട വ്യക്തിത്വം.. അതാണു പി.ടി. ചാക്കോ. അദ്ദേഹത്തിന്റെ ആരാധകരിൽ ഒരാളാകുവാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും. പ്രിയ ചാക്കോച്ചന് ജന്മദിനാശംസകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക