Image

ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍ മലയാളി കുലപതി (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 28 August, 2021
ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)
മധ്യപ്രദേശത്തെ ഉജ്ജയിനില്‍ മഹര്‍ഷി പാണിനി സംസ് കൃത-വേദിക് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഒരു മലയാളി  അധികാരം ഏറ്റു.  കേരളത്തിന്റെ പൈതൃക നാടായ മുസിരിസിന്റെ നടുമുറ്റത്ത് ഏഴിക്കരയില്‍ ഇന്ദീവരത്തിലെ  ഡോ. സി ജി  വിജയകുമാര്‍. ലോക സംസ് കൃത ദിനവും ശ്രാവണ പൗര്‍ണമി ദിനവുമായ 22നു ഞായറാഴ്ചയായിരുന്നു സ്ഥാനാരോഹണം.

'ഉജ്ജയിനിയിലെ ഗായിക , ഉര്‍വശി എന്നൊരു മാളവിക, ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ കല്‍പ്രതിമയില്‍ മാലയിട്ടു'-- വയലാര്‍ എഴുതി  ദേവരാജന്‍ ഈണം നല്‍കി പി. ലീല പാടിയ യ ഈ ഗാനം അര നൂറ്റാണ്ടു കഴിഞ്ഞിട്ടും മലയാളിയുടെ മനോരഥത്തില്‍ തത്തിക്കളിക്കുന്നുണ്ടല്ലോ.

കാല്പനികകാലത്ത്  ഉജ്ജയിനില്‍ വാണിരുന്ന വിക്രമാദിത്യചക്രവര്‍ത്തിയുടെയും ആ കൊട്ടാരത്തില്‍ ആസ്ഥാന കവിയായിരുന്ന കാളിദാസന്റെയും മഹാഭാരതത്തില്‍ നിന്ന് അദ്ദേഹം അടര്‍ത്തിയെടുത്ത് ജീവന്‍ നല്‍കിയ ശകുന്തളയുടെയും ചിത്രങ്ങള്‍ അങ്ങനെ അവര്‍ മലയാളി മനസില്‍ ഒരിക്കലും മായാത്ത വിധം വരച്ചിട്ടു.  

'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും ശാരദ സന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മവരും' എഴുതിയതും സംഗീതം പകര്‍ന്നതും വയലാര്‍-ദേവരാജന്‍ ടീം തന്നെ. 'മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ പുള്ളിമാനേ ' എഴുതി അവതരിപ്പിച്ചതും അവര്‍ തന്നെ. യേശുദാസും പി സുശീലയും പാടി അനശ്വരമാക്കി.

സര്‍ വില്യം ജോണ്‍സ് 1789ല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തതോടെ ശാകുന്തളവും കാളിദാസനും വിശ്വപ്രസിദ്ധമായി.  എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മ രാമായണം പ്രസിദ്ധമാണല്ലോ. രാമായണമാസത്തില്‍ കേരളമൊട്ടുക്കു വായിക്കുന്നത് അതാണ്.  കേരളവര്‍മ്മ  വലിയകോയിത്തമ്പുരാന്‍, ഉണ്ണായി വാര്യര്‍ തുടങ്ങി കുട്ടിക്കൃഷ്ണമാരാര്‍, വള്ളത്തോള്‍, തിരുനല്ലൂര്‍ കരുണാകരന്‍ വരെ നിരവധി പേര്‍ ശാകുന്തളം  മലയാളത്തിലാ ക്കിയിട്ടുണ്ട്. വാര്യരുടെ നളചരിതം ആട്ടക്കഥ വള്ളത്തോള്‍ സാരഥ്യം വഹിച്ച കലാമണ്ഡലം ലോകമാകെ അവതരിപ്പിച്ചു.

രാജാരവിവര്‍മ്മ വരച്ച ശകുന്തളയുടെ ചിത്രങ്ങള്‍ വിശ്വ പ്രസിദ്ധങ്ങളാണ്. പ്രത്യേകിച്ചു ശകുന്തളയും ഹംസവുമായി  സംവദിക്കുന്ന ചിത്രവും ശകുന്തള ദര്‍ഭമുന കൊണ്ട കാല്‍ ഉയര്‍ത്തി ശിരസു തിരിച്ചു നളനെ നോക്കുന്ന ചിത്രവും.

വിജയകുമാര്‍ വൈസ് ചാന്‍സലര്‍ ആകുംവരെ നാഗപ്പൂരില്‍ കവികുലഗുരു കാളിദാസ സര്‍വകലാശാലയില്‍ 22 വര്‍ഷം പ്രൊഫസറും രജിസ്ട്രാറും ആയിരുന്നു.  തൃപ്പൂണിത്തുറ ചെറൂളില്‍ ഗോപലകൃഷ്ണന്‍ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും പുത്രനായ അദ്ദേഹം തൃപ്പൂണിത്തുറ കോളേജില്‍ നിന്ന് എംഎംയും പിഎച്ച് ഡി യും നേടി. അവിടെ അധ്യാകനായിരുന്നു. സംകൃത വ്യാകരണ പണ്ഡിതന്‍ ആണ്. ഈടുറ്റ  പുസ്തകങ്ങളും രചിച്ചു.

കാളിദാസ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്ന അദ്ദേഹം വേദ-വ്യാകരണ വകുപ്പ് മേധാവിയും രജിസ്ട്രാറുമായി.  ഈക്കാലയളവില്‍  സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളുടെ എണ്ണം 110  ആക്കി. വേദ-വ്യാകരണ വകുപ്പില്‍ ഒട്ടേറെ എംഫില്‍. പിഎച്ച്ഡി ഗവേഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.

മഹാരാജാസ് കോളേജില്‍ സംസ്‌കൃതാധ്യാപികയായ  വി. രമാദേവിയോടും ബിഎസ്സി കെമിസ്ട്രി ബിരുദധാരിയായ ഏക മകള്‍ അപര്‍ണ മേനോനോടും ഒപ്പം ശനിയാഴ്ച്ച തിരുവോണം കൊണ്ടാടാന്‍ കഴിയാതെയാണ് അദ്ദേഹം  ഉജ്ജയിനില്‍ സ്ഥാനം ഏറ്റത്.

ആധുനികകാലത്ത് എന്താണ് സംസ്‌കൃതത്തിന്റെ പ്രസക്തി? മലയാളി സംസാരിക്കുന്ന ഓരോ വാക്യത്തിലും അയാള്‍ അറിയാതെ സംസ്‌കൃതം കടന്നു വരുന്നുണ്ടെന്നു പ്രൊഫ രമാദേവി സമര്‍ഥിക്കുന്നു. തമിഴില്‍ നിന്ന് ഉത്ഭവിച്ച  മലയാളം,  ഇംഗ്ലീഷും ഫ്രഞ്ചും സ്പാനിഷും  പോട്ടുഗീസും സൈബര്‍ ഭാഷയും ഇമോജിയും എല്ലാം ഉള്‍ക്കൊണ്ടു അനുദിനം വളര്‍ന്നു കൊണ്ടിരിക്കയാണ്. അതെ സമയം സംസ്‌കൃതത്തെ കൈവിട്ടിട്ടുമില്ല.

ലോകം മുഴുവന്‍ സുഖമായിരിക്കട്ടെ എന്നര്‍ത്ഥമുള്ള 'ലോകാ സമസ്താ  സുഖിനോ ഭവന്തു' എന്നതും  ലോകമേ  തറവാട് എന്നര്‍ത്ഥമുള്ള 'വസുധൈക കുടുംബകം' എന്നതും 'വിദ്യാധനം സര്‍വ്വധനാത് പ്രധാനം'എന്ന
തും 'പരോപകാരാര്‍ത്ഥം ഇദം ശരീരം' എന്നതും അറിയാത്തവര്‍ ചുരുക്കം.ഈയാഴ്ച  മലയാളത്തിലെ ഒരു ജനപ്രിയ വാരികയില്‍ കണ്ടു 'പുത്രോ രക്ഷതി വാര്‍ദ്ധക്യേ' എന്ന ശീര്‍ഷ കത്തില്‍ ഒരു കഥ. വാര്‍ധക്യ കാലത്ത് മക്കളാണ് രക്ഷ എന്നര്‍ത്ഥം. അതു ആര്‍ക്കാണ് മനസിലാകാത്തത്!

'കേരളത്തിന്റെ ഭാഷാ സംസ്‌കാര പാരമ്പര്യം സംസ് കൃതത്തെ   അടിസ്ഥാനമാക്കിയുള്ളതാണ്. മഹാഭാരതവും രാമായണവും ഭഗവദ് ഗീതയും അര്‍ത്ഥശാസ്ത്രവും ശകുന്തളവും മേഘസന്ദേശവും എല്ലാം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. ന്യായ, വ്യാകരണ, സാഹിത്യാദികളായ പാരമ്പര്യ വിഷയങ്ങള്‍ക്കൊപ്പം സാമൂഹ്യ ശാസ്ത്രത്തില്‍ ഭഗവദ്ഗീതയിലെ മാനേജ്‌മെന്റ് സിദ്ധാന്തങ്ങളും , വ്യക്തിവികാസം, ലീഡര്‍ഷിപ്പ്  മോട്ടിവേഷന്‍ എന്നിവയുമുണ്ട്,'  രമാദേവിചൂണ്ടിക്കാട്ടുന്നു.

ഒരു നൂറ്റാണ്ടു മുമ്പ് ബാലനായിരുന്ന  ശ്രീനാരായണ ഗുരു  സംസ് കൃതം പഠിക്കാന്‍ വേണ്ടി കായംകുളത്തിനടുത്ത് വാരണപ്പള്ളിയില്‍ രാമന്‍പിള്ള ആശാന്റെ അടുത്ത് പോയിരുന്നതായി കേട്ടിട്ടുണ്ട്. ആ വീട്  ഞാനും സുഹൃത്ത് റിട്ട. പ്രിന്‍സിപ്പല്‍ ഇകെ സോമശേഖരനോടൊപ്പം പോയി കണ്ടതും ഓര്‍ക്കുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ ഗുരു ഒരു സംസ്‌കൃത വിദ്യാലയം ആരംഭിക്കുകയും ചെയ്തു.

സംസ്‌കൃതത്തില്‍ സിനിമക്ക് വേണ്ടി പാട്ടെഴുതിയ മലയാളത്തിലെ  ആദ്യത്തെ കവി യുസഫലി കേച്ചേരിയായിരിക്കും. 'പരിണയ'ത്തില്‍  കേട്ട 'സാമജ സഞ്ചാരിണി സരസീരുഹ മധുവാദിനി' ആരാണ് ആസ്വദിക്കാത്തത്?  'ധ്വനി' യിലെ 'രാമാ രാമാ രാമാ ജാനകി ജാനേ കദന നിദാനം നാഹം ജാനേ'യും അങ്ങിനെ തന്നെ. നാലാം ക്ളാസ്  മുതല്‍ സംസ്‌കൃതം പഠിച്ച കേച്ചേരി ബിഎ യ്ക്ക് പഠിക്കുമ്പോള്‍ കെപി നാരായണ പിഷാരടിയുടെ കീഴില്‍ അത് കൂടുതല്‍ ഹൃദിസ്ഥമാക്കി.

കൊച്ചിയില്‍ നിന്ന് രണ്ടായിരം കിമീ അകലെ  മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനും ഗുജറാത്ത് തലസ്ഥാനമായ  അഹമ്മദാബാദിലും മഹരാഷ്ട്ര നഗരമായ നാഗപ്പൂരിനും  അജന്ത എല്ലോറ ബുദ്ധ ശീലങ്ങള്‍ക്കു പേരുകേട്ട  ഔറങ്ങബാദിനും നടുവിലാണ് ഉജ്ജയിന്‍. ഇന്‍ഡോര്‍ ആണ് ഏറ്റവും അടുത്ത നഗരം. 53 കി മീ. അടുത്ത്.

ഉജ്ജയിനില്‍ പോയിട്ടില്ലെങ്കിലും ഭോപ്പാലില്‍ ട്രെയിന്‍ ഇറങ്ങി മേധാപട് കര്‍  സമരം നയിച്ച നര്‍മ്മദാവാ ലിയില്‍ പോയി അവരോടൊപ്പം രണ്ടാഴ്ച താമസിച്ചതും ഓര്‍മയുണ്ട്. മധ്യപ്രദേശില്‍ അമരഖാന്‍ഡില്‍ ഇന്ത്യയിലാദ്യത്തെ ട്രൈബല്‍ യൂണിവേഴ്‌സിറ്റിസന്ദര്‍ശിച്ചതും മറന്നിട്ടില്ല.  നര്‍മദാ നദി ഉല്‍ഭവിക്കുന്നതു അവിടെയാണ്.

ഉജ്ജയിനിലും പ്രാന്തങ്ങളിലുമുള്ള വിക്രം,  അവന്തിക  സര്‍വകലാശാലകളില്‍ പഠിക്കുന്നവരും ഉജ്ജയിന്‍ കത്തോലിക്കാ രൂപതയുടെ സെമ്മിനാരികളിലും സ്‌കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും സേവനം ചെയ്യുന്നവരുമാണ് അവിടത്തെ മലയാളികള്‍ ഏറെയും. പക്ഷെ സംകൃതം മാത്രം കൈകാര്യം ചെയ്യുന്ന പാണിനി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായോ  അധ്യാപരായോ ഒരൊറ്റ മലയാളി പോലും ഇല്ല. ആ  കുറവാണ് പ്രൊഫ. വിജയ് കുമാര്‍ നികത്തുന്നത്.

ഡല്‍ഹിക്കുള്ള ട്രങ്ക് റൂട്ടില്‍ നിന്ന് മാറിക്കിടക്കുന്നതിനാല്‍ ഉജ്ജയിനില്‍ എത്താന്‍ നേരിട്ടു ആഴ്ചയില്‍ രണ്ടു ട്രെയിനുകളേ  ഉള്ളു. വെള്ളിയാഴ്ചകളില്‍ പോകുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ ട്രെയിനും ശനിയാഴ്ചകളില്‍ പുറപ്പെടുന്ന തിരുവനന്തപുരം ഇന്‍ഡോര്‍ അഹല്യാപുരി ട്രെയിനും. രണ്ടും മൂന്നാം ദിവസം ഉജ്ജയിന്‍ കടന്നു ഇന്‍ഡോറില്‍ എത്തി മടങ്ങും.

ഉജ്ജയിനില്‍ വിമാനത്തവളം ഇല്ല. ഇന്ത്യയിലെ ഏറ്റവും ജനത്തിരക്കുള്ള ഇരുപതാതാമത്തെ എയര്‍പോര്‍ട് ആണ് 2012ല്‍  ഇന്റര്‍നാഷണല്‍ പദവി ലഭിച്ച ഇന്‍ഡോര്‍ അഹില്യാബായി ഹോള്‍ക്കര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദുബൈക്ക് ഫ്‌ലൈറ്റ് ഉണ്ട്.

ഇന്‍ഡോറില്‍ നിന്ന് എല്ലാ ദിവസവും കൊച്ചിയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നു. ഈ വിമാനം ചെന്നെയില്‍ ഇറങ്ങിക്കയറിയാണ് കൊച്ചിലെത്തുക. ട്രെയിനില്‍ നാല്‍പ്പതു മണിക്കൂര്‍ കഴിയേണ്ടി വരുമ്പോള്‍ വിമാനത്തില്‍ ആറേഴു മണിക്കൂര്‍  വേണ്ടി വരുന്നുള്ളു.  വിമാനച്ചാര്‍ജ് ട്രെയ്നിന്റെതിന്റെ അഞ്ചിരട്ടി ആകും.
 
അവന്തി രാജ്യം അടക്കി വാണിരുന്ന മറാത്ത ചക്രവര്‍ത്തിമാരുടെ രാജധാനി ആയിരുന്നു ഉജ്ജയിന്‍ എന്നാണ് വിശ്വാസം. അവരില്‍ ഏറ്റവും പ്രശസ്തനായ ചക്രവര്‍ത്തി കലയും സാഹിത്യവും പ്രോസാഹിപ്പിച്ചിരുന്ന സത്യസന്ധനായ വിക്രമാദിത്യന്‍ ആയിരുന്നവത്രേ, അദ്ദേഹത്തിനെ രാജ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാള്‍ ആയിരുന്നു കവിയും നാടകകൃത്തും ആയിരുന്ന കാളിദാസന്‍.

മഹര്‍ഷി പാണിനി അക്കാലത്തോ അതിനു ശേഷമോ ജീവിച്ചിരുന്ന ഇന്ത്യകണ്ട ഏറ്റവും വലിയ സംസൃത ഭാഷാ പണ്ഡിതന്‍ ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ വ്യാകരണ കൃതികള്‍ പാശ്ചാത്ര്യര്‍ കണ്ടെത്തി വിവര്‍ത്തനം ചെയ്താണ് ലോക ത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത്. 2008ല്‍.പാണിനി സര്‍വകലാശാല നിലവില്‍ വന്നു.

ഇന്ത്യയിലെ പന്ത്രണ്ടു മഹാശിവലിംഗം എന്ന ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഉജ്ജയിനില്‍ ആണ്. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന മഹാകുംഭമേളകളില്‍ ഒന്ന് ഉജ്ജയിനില്‍ ക്ഷിപ്ര നദിയില്‍ ആണ്. 2016 ലെ മേളയില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. എല്ലാ നവംബറിലും നടത്തുന്ന കാളിദാസ് സമാരോഹ് എന്ന സംകൃത കലോത്സവത്തിന്റെ രംഗവേദിയും ഉജ്ജയിന്‍ ആണ്.

ഉജ്ജയിന്‍, രാജ്ഘട്ട്, ഷാജാപുര്‍, ആഗര്‍ എന്നീ നാല്  ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ഉജ്ജയിന്‍ സീറോ മലബാര്‍ രൂപത നിലവില്‍ വന്നിട്ട് 53 വര്‍ഷമായി.  കത്തോലിക്കരായി പരമാവധി അയ്യായിരം പേരെ ഉണ്ടാവൂ. നാല്ല പങ്കും ഉത്തരേന്ത്യന്‍ ക്രിസ്ത്യാനികള്‍. സെണ്ട് മേരിസ് കത്തീഡ്രലില്‍ 221 കുടുംബങ്ങളെ അംഗങ്ങള്‍ ആയുള്ളൂവെന്നു വികാരി ഇടുക്കി കീരിത്തോട് സ്വദേശി ഫാ. ഷോണി കണ്ടത്തിങ്കര അറിയിച്ചു.  

മാര്‍ ജോണ്‍ പെരുമറ്റം ആയിരുന്നു രൂപതയുടെ ആദ്യ ബിഷപ്പ്. അദ്ദേഹം അന്തരിച്ച ശേഷം പാലാ വിളക്കുമാടം   സ്വദേശി സെബാസ്റ്റിയന്‍ വടക്കേല്‍ അധികാരം ഏറ്റിട്ടു രണ്ടു പതിറ്റാണ്ടായി. കാനന്‍ ലോയില്‍ റോമില്‍ നിന്ന് ഡോക്ട്രേറ് ഉണ്ട്.   എംഎസ്റ്റി  (മിഷനറി ഓഫ് സെന്റ് തോമസ്) സന്യസ്ത വിഭാഗത്തിലെ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു.

വിദ്യാഭ്യാസ രംഗത്താണ് രൂപതയുടെ ശക്തി. റൂഹാലയ എന്നൊരു മേജര്‍ സെമിനാരി ഉണ്ട്. നിര്‍മ്മല കോളജിലും 52 ഹയര്‍സെക്കണ്ടറി/ഹൈ  സ്‌കൂളുകളിലും നിരവധി മലയാളി അദ്ധ്യാപകരുണ്ട്. കേരളീയര്‍ ആയ 60-70  വൈദികരും മുന്നൂറില്‍ പരം കന്യാസ്ത്രീകളുമുണ്ട്. . പുഷ്പാ മിഷന്‍ ആശുപത്രിയില്‍  അമ്പത്താറു മലയാളി നഴ്സുമാര്‍ സേവനം  ചെയ്യുന്നു.

സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ മലയാളികള്‍ ഉജ്ജയിനില്‍ എത്തിച്ചേര്‍ന്നതായി എട്ടുവര്‍ഷമായി മലയാളി കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ആയി സേവനം ചെയ്യുന്ന ആലപ്പുഴ സ്വദേശി ജസ്റ്റിന്‍ സാലസ് പറയുന്നു. സിവില്‍ എന്‍ജിനീയര്‍ ആയി 40 വര്‍ഷം സേവനം ചെയ്തു വിരമിച്ചു.

സിറ്റിയില്‍  അടുത്ത കാലം വരെ അറുനൂറോളം മലയാളികള്‍ ഉണ്ടായിരുന്നുവെന്നു ജസ്റ്റിന്‍ . കൊറോണതുടങ്ങിയ ശേഷം നൂറോളം പേര്‍  നാട്ടിലേക്ക് മടങ്ങി.  1943ല്‍ പി. ബാലകൃഷ്ണന്‍ നായര്‍  തുടങ്ങിയ ലക്ഷ്മി ബേക്കറി ഇന്നും ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്മാര്‍ മാള്‍വാ  ടയേഴ്സ് തുടങ്ങി.

അമ്പത് കിമീ. വടക്കു സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ഏറ്റവും വലിയ പട്ടണമായ ഇന്‍ഡോറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടെ ഇരുപതിനായിരം എങ്കിലും  മലയാളികള്‍ ഉണ്ടാവും. തലസ്ഥാനമായ ഭോപ്പാലിന് രണ്ടാം സ്ഥാനമേയുള്ളു. ജബല്‍പൂരിനു മൂന്നാം സ്ഥാനവും. (ഇന്‍ഡോറിലും ഉജ്ജയിനിലും പോയിട്ടില്ലെങ്കിലും ഭോപ്പാലില്‍ ട്രയിന്‍ ഇറങ്ങി മേധാപട് ക്കര്‍  സേവനം ചെയ്യുന്ന നര്മദാവലിയില്‍ രണ്ടാഴ്ച്ച അവരോടൊപ്പം കഴിച്ചുകൂട്ടിയ ദിനങ്ങള്‍ ഞാന്‍ മറന്നിട്ടില്ല).

മലങ്കര ഓര്‍ത്തഡോക്‌സ്  അഹമ്മദബാദ് ഭദ്രസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ്മാര്‍ യൂലിയോസ് ആണ് ഉജ്ജയിനിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ തലവന്‍. അദ്ദേഹം തൊട്ടടുത്തുള്ള ദേവാസിലെ വികാരി ഗീവര്‍ഗീസ് ജോഷ്വയുടെ നമ്പര്‍ അയച്ചു തന്നു. ഉജ്ജയിനില്‍ കത്തോലിക്കാ സഭ വക വക കത്തീഡ്രലിനോട് ചേര്‍ന്ന ആദ്യപള്ളിയില്‍ ആണ് ഓര്‍ത്തഡോക്‌സുകാര്‍ ആരാധന നടത്തിക്കൊണ്ടിരുന്നത് . അവിടെ ആള്‍ കുറഞ്ഞപ്പോള്‍ അവര്‍ ദേവാസില്‍ എത്തുന്നു. ജോഷ്വാ അച്ചന്‍ ഉജ്ജയിനില്‍ നാല്‍പതു വര്‍ഷമായി ജീവിക്കുന്ന കോശി മാത്യുവിനെ പരിചയപ്പെടുത്തി.

കൊല്ലം ജില്ലയില്‍ കായംകുളത്തിനടുത്ത്  ശാസ്താംകോട്ട തടാകത്തിനും അഷ്ടമുടി കായലിനും നടുവില്‍ തേവലക്കര ഗ്രാമത്തിലെ പ്രസിദ്ധമായ വൈദ്യര്‍ കുടുംബത്തില്‍ പെട്ട ആളാണ് കോശി മാത്യു.  അമുല്‍ പോലെയോ മില്‍മപോലെയോ  സാഞ്ചി എന്ന് ബ്രാന്‍ഡ് നെയിം ഉള്ള മധ്യപ്രദേശ് ക്ഷീരസഹകരണ പ്രസ്ഥാനത്തില്‍  38 വര്‍ഷം സേവനം ചെയ്തു.

മലയാളികളായ ഹിന്ദുക്കളും അപൂര്‍വം മുസ്ലിംകളും ഏകോദരസഹോദരന്മാരായി കഴിഞ്ഞ കാലത്തെ കുറിച്ച് കോശി മാത്യു ഹൃദയം തുറന്നു സംസാരിച്ചു.  'പൊന്നാനിക്കാരന്‍ പിഎ അലി  ക്ഷേത്രോത്സവ കമ്മിറ്റിയില്‍ അംഗമായിരുന്നു. കുറെ വര്‍ഷം മുമ്പ് കൊച്ചി സ്വദേശിനി എം ഗീത  ഉജ്ജയിന്‍ ജില്ലാ കളക്ടര്‍ ആയിരുന്ന കാലത്ത് ഓണാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. അവരിപ്പോള്‍  ചത്തിസ് ഗറില്‍ അഗ്രികള്‍ച്ചര്‍  കമ്മീഷണര്‍ ആണ്.'

നഗരപ്രാന്തത്തിലുള്ള അവന്തിക യൂണിവേഴ്‌സിറ്റി ഡിസൈന്‍ ആധാരമാക്കി 68 കോഴ്സുകള്‍ നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെഡിസൈന്‍  സര്‍വകലാശാലയാണ്. 2017ല്‍ തുടക്കം കുറിച്ച യൂണിവേഴ്സിറ്റിയില്‍ ബാച്ചിലര്‍, മാസ്റ്റേഴ്സ്,, ഡോക്ടറല്‍  കോഴ്സുകളോടൊപ്പം എന്‍ജിനീയറിങ്, മാനേജ്മെന്റ് കോഴ്സുകളും നടത്തുന്നു.  

അവിടെ പഠിക്കുന്ന നാലു  മലയാളികളെ എനിക്കറിയാം--ആലപ്പുഴ സ്വദേശി ആദിത്യന്‍ എന്റെ സുഹൃത്ത് ഗ്രാഫിക് ഡിസൈനര്‍ ഷിബുവിന്റെ മകനാണ്. അദ്ദേഹം  കൊച്ചിയില്‍ ബ്ലാക്‌ബോര്‍ഡ് എന്ന ഡിസൈന്‍ സ്ഥാപനം നടത്തുന്നു.  തൃശൂര്‍ സ്വദേശികളായ  തോമസ് വടക്കന്‍, വിഷ്ണു രവി, കോട്ടയംകാരനായ ആര്‍ ജെ അഭിഷേക് എന്നിവരാണ്  മറ്റുള്ളവര്‍.  ഫാക്കല്‍റ്റിയില്‍ ഒരു മലയാളി പോലുമില്ല.


എന്നിട്ടും കാളിദാസനെയോ ശകുന്തളയെയോ മറക്കാന്‍ മലയാളിക്കു ആവതില്ല.




ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)ശംഖുപുഷ്പം കണ്ണെഴുതിയ കാളിദാസന്റെ ഉജ്ജയിനില്‍  മലയാളി  കുലപതി  (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക