Image

കാല്‍പന്തുകളി ജീവിതമാക്കിയ ശ്രുതി വിജയന്‍ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

Published on 30 August, 2021
കാല്‍പന്തുകളി ജീവിതമാക്കിയ ശ്രുതി വിജയന്‍  (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പതിനൊന്നു പേരുള്ള കാല്‍പന്തു കളിയില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടത് ഗോള്‍കീപ്പറാണ്. വരുന്ന പന്തിനെ ഉയര്‍ന്നു പൊങ്ങി മെയ് വഴക്കത്തോടെ പിടിച്ചെടുക്കുകയോ, തല കൊണ്ട് തടുക്കുകയോ വേണം. കാല്‍പ്പന്തുകളിയെക്കുറിച്ചു പറയുമ്പോഴൊക്കെ ആണ്‍കരുത്തിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞു ശീലിച്ചിട്ടുള്ളത്. എന്നാലിവിടെ ഈറ്റപ്പുലിയുടെ വേഗവും കരുത്തുമായി ലോകം തന്റെ കാല്‍പ്പന്തോളം ചുരുങ്ങണമെന്ന് സ്വപ്‌നം കാണുന്ന, ഇരുപത്തൊന്നു വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയേയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. ശ്രുതി വിജയന്‍ കാല്‍പന്തുകളിയിലെ ഗോള്‍കീപ്പറാണ്, തന്റെ സ്വപ്‌നപന്തിനു പിന്നാലെ പായുന്ന കരുത്തയായ പെണ്‍പുലി.
ബാല്യകാലത്തുതന്നെ കളിപ്പാവകളേക്കാള്‍ പന്തുകളോടായിരുന്നു കൊച്ചു ശ്രുതിക്ക് പ്രിയം. നൃത്തവും സംഗീതവും പഠിക്കുമ്പോഴും വിവിധ തരം പന്തുകളോടായിരുന്നു ശ്രുതിക്ക് താത്പര്യം. ടിവിയില്‍ കാര്‍ട്ടൂണുകള്‍ക്കു പകരം ഫുഡ്ബാള്‍ മത്സരങ്ങള്‍ കാണാന്‍ ഇഷ്ടപ്പെട്ടു. കല്യാണിലെ ബിര്‍ളാ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതിര്‍ന്ന ക്ലാസിലെ ആണ്‍കുട്ടികള്‍ സ്‌ക്കൂള്‍ മൈദാനത്ത് ഫുഡ്ബാള്‍ കളിക്കുന്നത് ശ്രുതി ആവേശത്തോടെ നോക്കി നില്‍ക്കുമായിരുന്നു. ഒരിക്കല്‍ സ്‌കൂള്‍ അസംബ്ലിയില്‍, ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ വേദിയില്‍ വിളിച്ച് അഭിനന്ദിക്കുന്നതു കണ്ട ശ്രുതി സ്‌കൂളിലെ കായിക പരിശീലകരെ സമീപിച്ച്, തന്നെപ്പോലെ താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ക്കായി സെലക്ഷന്‍ ട്രയലുകള്‍ നടത്താന്‍ ആവശ്യപ്പെട്ടു. സ്‌കൂളിലെ കായിക പരീശീലനം ശ്രുതിക്ക് കാല്‍പന്തുകളിയിലെ വളര്‍ച്ചയിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു. അര്‍പ്പണബോധവും ഇച്ഛാശക്തിയും കൈമുതലായ ശ്രുതിയുടെ ഓരോ ചുവടും കാല്‍പ്പന്തുകളിയുടെ ആത്മാവിലേയ്ക്കുള്ള തീര്‍ത്ഥയാത്രയായി.
ഫുഡ്ബാള്‍കളി ആകര്‍ഷകവും വേഗതയുള്ളതും രസകരവുമാണെന്ന് ശ്രുതി പറയുന്നു. ഇതിലെ നിയമങ്ങളും വളരെ രസകരമാണെന്നും, ഒരിക്കല്‍ ഒരു ഫുട്‌ബോള്‍ കളി കാണുന്ന ഏതൊരാളും അതിനോട് പ്രണയത്തിലാകുന്നു എന്നും, ലോകത്തിലെ ഏറ്റവും മനോഹരമായ കായിക വിനോദമാണ് കാല്‍പന്തുകളിയെന്നുമാണ് ശ്രുതിയുടെ അഭിപ്രായം. സ്‌കൂള്‍ തലങ്ങളില്‍ തന്നെ ഒരു പാട് അംഗീകാരങ്ങളും, പുരസ്‌കാരങ്ങളും ഈ കൊച്ചു മിടുക്കിയെ തേടിയെത്തി, ബെസ്റ്റ് ഗോള്‍ കീപ്പറായി തെരഞ്ഞെടുത്തു. കൈ പന്തുകളിയും (ഹാന്റ് ബാള്‍) ശ്രുതിയുടെ ഇഷ്ട കായിക വിനോദമാണ്.

*കാല്‍പ്പന്തിനൊപ്പം ഓടുന്ന പെണ്‍കുട്ടി*
2012 ല്‍ ജില്ലാ ലെവല്‍ അണ്ടര്‍ 17 പെണ്‍കുട്ടികള്‍ (കല്യാണ്‍ ഡോംബിവ്ലി സോണ്‍), സോണല്‍ ലെവല്‍ അണ്ടര്‍ 17 പെണ്‍കുട്ടികളില്‍ (മുംബൈ സോണ്‍) എന്നിവ കൂടാതെ സിബിഎസ്ഇ ക്ലസ്റ്റേഴ്‌സ് വെസ്റ്റ് സോണ്‍ ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 19 പെണ്‍കുട്ടികളില്‍ (സത്ന, എം.പി) മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായി.

2013 ല്‍ ജില്ലാ ലെവല്‍ അണ്ടര്‍ 17 പെണ്‍കുട്ടികള്‍ (കല്യാണ്‍ ഡോംബിവ്ലി സോണ്‍), സോണല്‍ ലെവല്‍ അണ്ടര്‍ 17 പെണ്‍കുട്ടികളില്‍ (മുംബൈ സോണ്‍) പങ്കെടുത്തു. സിബിഎസ്ഇ ക്ലസ്റ്റേഴ്‌സ് വെസ്റ്റ് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ (കോലാപ്പൂര്‍, മഹാരാഷ്ട്ര) പങ്കെടുക്കുകയും ദേശീയതല ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു. സിബിഎസ്ഇ ക്ലസ്റ്റേഴ്‌സ് ദേശീയ ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 19 പെണ്‍കുട്ടികളില്‍ (ഹൊസൂര്‍, തമിഴ്‌നാട്) പങ്കെടുത്തു അണ്ടര്‍ 17 ഗേള്‍സ് സുബ്രോട്ടോ കപ്പ് ഡിസ്ട്രിക്റ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.

കല്യാണ്‍ ഡോംബിവ്‌ലി സോണ്‍ പ്രതിനിധീകരിച്ച് ജില്ലാ തലത്തില്‍ അണ്ടര്‍ 17 മാച്ചില്‍ വിജയിച്ചിരുന്നു. അതോടൊപ്പം മുംബൈ സോണല്‍ ലെവല്‍ അണ്ടര്‍ 17 ലും പങ്കെടുത്തു. സ്‌കൂള്‍ മത്സരങ്ങളില്‍ മഹാരാഷ്ട്ര ടീമിനെ പ്രതിനിധീകരിച്ച് ഗേള്‍സ് ദേശിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ശ്രുതി മാറ്റുരച്ചു. അണ്ടര്‍ 17 ഗേള്‍സ് സുബ്രോട്ടോ കപ്പ് ഡിസ്ട്രിക്റ്റ് ലെവല്‍ ചാമ്പന്യഷിപ്പിലും ശ്രുതിയുടെ സാന്നിധ്യമുണ്ടായിരുന്നു.
അണ്ടര്‍ 19 ഗേള്‍സ് ടീമില്‍ കല്യാണ്‍ ഡോംബിവ്‌ലി സോണിലും ശ്രുതി കളിച്ചു വിജയം കുറിച്ചു. 2017 മുതല്‍ 2019 വരെ മുംബൈ യൂണിവേഴ്‌സിറ്റി ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (മറൈന്‍ ലൈന്‍സ്, മുംബൈ) പങ്കെടുത്തു. കൂടാതെ ഹിരാനന്ദാനി മെമ്മോറിയല്‍ കപ്പ് (സഹകരണം, മുംബൈ) കരസ്ഥമാക്കി.

*പഠനം, ഫിറ്റ്‌നസ്, ഇഷ്ടങ്ങള്‍*
ശ്രുതി പഠിക്കാനും മിടുക്കിയാണ്. ബിര്‍ള സ്‌ക്കൂളില്‍ നിന്നും പന്ത്രണ്ടാം ക്ലാസിനു ശേഷം 2020 ല്‍ ചര്‍ച്ച് ഗേറ്റിലെ കെ.സി കോളേജില്‍ നിന്നും ബി.എ. ഇക്കണോമിക്‌സില്‍ ബിരുദമെടുത്തു. കോവിഡ് മഹാമാരിയും അടച്ചുപൂട്ടലുമൊന്നും ശ്രുതിയെ മാനസികമായി തളര്‍ത്തിയില്ല. ശ്രുതി തന്റെ കല്യാണിലെ കോച്ചിംഗ് അക്കാദമിയായ അക്വിലയിലെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ഫിറ്റ്‌നസ് സെഷനുകള്‍ നടത്തി. വ്യായാമം, പെയിന്റിംഗ്, ഡ്രോയിങ്ങ്, സംഗീതാലാപനം, വായന അങ്ങിനെ ഇഷ്ടപ്പെട്ട വിനോദങ്ങളുമായി അടച്ചുപൂട്ടലിനെ ശ്രുതി സര്‍ഗ്ഗാത്മകമാക്കി. കാല്‍പന്തുകളിയിലെ ഇതിഹാസമായ മറഡോണയെ ഇഷ്ടപ്പെടുന്ന ഈ കായിക പ്രേമിക്ക് വിദേശത്തേക്കാള്‍ ഇന്ത്യന്‍ കായിക പ്രതിഭകളായ സുനില്‍ ഛേത്രി, ഐ. എം. വിജയന്‍, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരോടാണ് കൂടുതല്‍ പ്രിയം. ഈ താരങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്ന് ശ്രുതി പറയുന്നു.

*ഇവളുടെ സ്വപ്നങ്ങൾക്ക്‍ അതിരുകളില്ല.*
ഫുട്‌ബോള്‍ രംഗത്ത് പരമാവധി മുന്നേറാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. കൂടുതല്‍ ലൈസന്‍സ് കോഴ്‌സുകള്‍ ചെയ്യണമെന്നും, ഒരു ഗോള്‍കീപ്പര്‍ ആയതിനാല്‍, ഇന്ത്യന്‍ ദേശീയ ടീമിന്റെ ഗോള്‍കീപ്പര്‍ കോച്ചാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രുതി പറയുന്നു.
രണ്ടു വര്‍ഷത്തെ ഡിഗ്രി പ്രോഗ്രാം, അതായത് ബിപിഎഡ് (ഫിസിക്കല്‍ എ വിദ്യാഭ്യാസത്തില്‍ ബിരുദം) എടുക്കാനും ശ്രുതി പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യ റഷ് സോക്കര്‍ ക്ലബിന്റെ കല്യാണ്‍ ബ്രാഞ്ചിലെ ഡെവലപ്മെന്റിന്റെ മുഖ്യ പരിശീലക എന്ന സ്ഥാനം ശ്രുതി ഏറ്റെടുത്തു കഴിഞ്ഞു. അതിനാല്‍, ഫുട്‌ബോള്‍ ടര്‍ഫുകള്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചാലുടന്‍ കല്യാണിലെ പരിശീലകയായ ശ്രുതി എത്തും.

*വ്യക്തമായ വിലയിരുത്തലുകള്‍, നിരീക്ഷണങ്ങള്‍*
കോപ അമേരിക്ക ഫൈനല്‍ മത്സരം (അര്‍ജന്റീന വി.എസ്. ബ്രസീല്‍ മത്സരം) ആവേശത്തോടെയാണ് ശ്രുതി കണ്ടത്. ശ്രുതിയ്‌ക്കൊപ്പം ഏറെ ആഹ്ലാദത്തോടെ കുടുംബവുമുണ്ടായിരുന്നു. 'തീപാറുന്ന പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ഫലം അര്‍ജന്റീനയെ അനുകൂലിച്ചു, കാരണം മെസ്സി തന്റെ രാജ്യത്തിന് ഒരു അന്താരാഷ്ട്ര കിരീടം നേടിക്കൊടുക്കാനുള്ള കരുത്തുള്ള ആളാണെന്ന്' ശ്രുതി അഭിപ്രായപ്പെടുന്നു.
മത്സരത്തിലുടനീളം അര്‍ജന്റീന ഒരു ടീമായും ഒരൊറ്റ യൂണിറ്റായും കളിച്ചു എന്നതുകൊണ്ടാണ് വിജയം അര്‍ജന്റീനയുടേതായത്. ബ്രസീലിന്റെ ടീമില്‍, നെയ്മറിനെപ്പോലുള്ള വ്യക്തിഗത താരങ്ങള്‍ തിളങ്ങുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ വേണ്ടത്ര സംഭാവന നല്‍കിയില്ല. ഫുട്‌ബോള്‍ ഒരു ടീം സ്‌പോര്‍ട്‌സ് ആണ്, വ്യക്തിഗത കായിക വിനോദമല്ല, മുഴുവന്‍ ടീമും നന്നായി കളിക്കുകയും തുല്യമായി സംഭാവന നല്‍കുകയും വേണം'.

എന്തുകൊണ്ടാണ് ഇന്ത്യ ഫുട്‌ബോളില്‍ പിന്നിലാകുന്നത്?

''നമ്മുടെ രാജ്യം ഫുട്ബാളിന്റെ രംഗത്ത് പിന്നോട്ടു പോയതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്'' ശ്രുതി പറയുന്നു. ജനസംഖ്യ കുറവുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിറകിലായതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. സാങ്കേതികമായി വേണ്ടത്ര ജ്ഞാനമില്ലാത്തതും, നല്ല പരിശിലകരില്ലാത്തതും ഒരു പ്രധാനപ്പെട്ട കാരണമാണ്. നമ്മുടെ രാജ്യത്ത് കുട്ടികള്‍ 12 അല്ലെങ്കില്‍ 13 വയസ്സിലാണ് സീരിയസ്സായി ഫുട്‌ബോള്‍  കളിക്കാന്‍ തുടങ്ങുന്നത്. അതുപോലതന്നെ ഇന്ത്യയില്‍ കോച്ച് വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിച്ചത് 8-9 വര്‍ഷം മുമ്പാണ്. ഏതൊരു കായിക ഇനത്തിനും ഇത്തരം അമാന്തം ഒരുപാട് ദോഷം ചെയ്യും. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും തെക്കേ അമേരിക്കന്‍ രാജ്യങ്ങളും മൂന്നോ നാലോ വയസ്സില്‍ ഫുട്‌ബോള്‍ ആരംഭിക്കുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് 1980 മുതല്‍ തന്നെ കോച്ച് വിദ്യാഭ്യാസ പരിപാടികളുണ്ട്. അവിടെ അതുകൊണ്ടുതന്നെ, ഒരു കുട്ടി നാലാം വയസ്സുമുതല്‍ അവന്‍ / അവള്‍ കോളേജില്‍ എത്തുന്നതുവരെ കളി തുടരുകയും ചെയ്യും. അതുകൊണ്ടുതന്നെ അവര്‍ സാങ്കേതികമായി ഏതൊരു ഇന്ത്യന്‍ ദേശീയ ടീം കളിക്കാരനേക്കാളും മികച്ചവരായിമാറും.

*ഉറച്ച് നിലപാടുകള്‍*
''ഇന്ത്യ ഒരു ഫുട്‌ബോള്‍ രാഷ്ട്രമായി വളരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും 4 അല്ലെങ്കില്‍ 5 വയസ്സ് മുതല്‍ തന്നെ നല്ല നിലവാരമുള്ള ഫുട്‌ബോള്‍ കോച്ചിംഗ് അക്കാദമികളില്‍ ചേര്‍ക്കുകയും വേണം. കൂടാതെ നിരവധി പരിശീലകരെ വച്ച് പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും വേണം.'' ശ്രുതി പറയുന്നു.

കേരളത്തില്‍ ഗുരുവായൂരിനടുത്ത് കാക്കശ്ശേരിക്കാരനായ അച്ഛന്‍ വിജയന്‍ എം. നായര്‍ മുംബൈയില്‍ ഇന്‍കം ടാക്‌സ് ഓഫീസറായി ജോലി ചെയ്യുന്നു. വിജയന്‍ നായര്‍ ലോക കല്യാണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായിരുന്നു, യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. അമ്മ ശോഭ വിജയന്‍ ഇന്‍കം ടാക്‌സില്‍ നിന്നും വിആര്‍എസ്സ് എടുത്തു. സഹോദരന്‍ വിഷ്ണു എസ്.ഐ.ഇ.എസ്. കോളേജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇപ്പോല്‍ ഈ കുടുംബം വടാലയിലാണ് താമസം.

മാതാപിതാക്കളാണ് ശ്രുതിയെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്. മകളുടെ ഓരോ നേട്ടത്തിലും തനിക്കഭിമാനമുണ്ടെന്ന് വിജയന്‍ പറയുന്നു. പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും കാല്‍പന്തുകളി വഴങ്ങുമെന്ന് ഈ മിടുക്കി കുട്ടി നമുക്ക് കാണിച്ചു തരുന്നു.

കാല്‍പന്തുകളി ജീവിതമാക്കിയ ശ്രുതി വിജയന്‍  (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
Join WhatsApp News
Shruti Nair 2021-08-30 03:07:17
Thank you so much Girija Aunty for all the wonderful words. This has motivated me to do even better. I feel so grateful. Thank you to all the readers and well wishers in the comment section too.
Onamspices 2021-08-30 04:21:21
https://kannurfootballers.blogspot.com/p/rajan-t.html?m=0
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക