Image

ദൃക്സാക്ഷികൾ (കഥ: രാജീവ് പഴുവിൽ)

Published on 31 August, 2021
ദൃക്സാക്ഷികൾ  (കഥ: രാജീവ് പഴുവിൽ)
രാവിലെ 'ഓൾഡ്ബ്രിഡ്ജ് പാർക്ക് ആൻഡ് റൈഡ്' ബസ് സ്റ്റേഷനിൽ ന്യൂയോർക്കിലേയ്ക്കുള്ള ബസ്സ് കാത്തു നിൽക്കുകയായിരുന്നു അയാൾ. കൂടെ അയാളുടെ മകനുമുണ്ട്.  വർഷത്തിൽ ഒരിയ്ക്കൽ കമ്പനിയും സ്കൂളുകളും അനുവദിയ്ക്കുന്ന "ടേക്ക് യുവർ കിഡ്സ് റ്റു വർക്ക് "  പ്രമാണിച്ച്  അന്ന് മകനെ ഓഫീസിലേക്ക് കൂടെ കൂട്ടിയതാണ്.  

ഓരോ ദിശയിലും മൂന്നു ലൈനുകൾ ഉള്ള റോഡിൽ ന്യൂയോർക്ക്‌ ഭാഗത്തേയ്ക്ക്,വടക്കോട്ട്, കാറുകളുടെ  നിലയ്ക്കാത്ത പ്രവാഹം. ബസ്സിന്റെ ലക്ഷണമൊന്നുമില്ല. എല്ലാവരും തെക്ക് ദിശയിലേയ്ക്ക് നോക്കി  അടുത്ത ബസ്സും കാത്ത് നിൽക്കുകയാണ്.

 ബസ്സിന് മെയിൻ റോഡിൽ നിന്നും സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കാനായി പ്രത്യേകം  റോഡ് വളച്ചെടുത്തിട്ടുണ്ട്. അതിനെ വേർതിരിക്കാനായി തീർത്തിട്ടുള്ള കോൺക്രീറ്റ് ഡിവൈഡറിനും  മെയിൻ റോഡിനും ഇടയിൽ ഷോൾഡർ ലൈൻ (വശങ്ങളിൽ എമർജൻസി സമയത്ത്  വാഹനം ഒതുക്കി നിറുത്താനുള്ള ഏരിയ). ബസ്‌ സ്റ്റേഷന് നേരെ മുന്നിലായത് കൊണ്ട്, ഷോൾഡർ ഏരിയയിൽ  വണ്ടികൾ നിർത്താൻ പാടില്ല എന്ന  നോട്ടീസ്  വെച്ചിട്ടുണ്ട്.

നോക്കിനിൽക്കെ ഒരു കാർ വന്നു  ഷോൾഡർ ഏരിയയിൽ നിറുത്തിയിട്ടു. അതിൽ നിന്നും ഒരാൾ ഇറങ്ങി ഡിവൈഡറിനിടയിലെ ഒരു ചെറിയ ഗ്യാപ്പിൽ കൂടെ സ്റ്റേഷനിലേക്ക് കടന്നു വന്നു. സെക്കണ്ടുകൾക്കുള്ളിൽ കാർ ഓടിച്ചിരുന്ന ആൾ ടാറ്റാ കൊടുത്തത്,  ശ്രദ്ധിച്ച് മെയിൻ റോഡിലേക്ക് കയറി  പോവുകയും ചെയ്തു.

"അവിടെ വണ്ടി നിർത്താൻ പാടില്ലാത്തതാണ്" അയാൾ പറഞ്ഞു.

 "അപ്പോ അവര് അവിടെ നിർത്തിയിട്ടത് തെറ്റല്ലേ?"  അവന്റെ ചോദ്യം.

" ആണ്. പക്ഷേ  അയാൾക്ക് ഓഫീസിൽ എത്താനുള്ള തിരക്ക് കൊണ്ടായിരിക്കും. ശരിയ്ക്ക് ബസ്സ് സ്റ്റേഷനിൽ ഒരാളെ ഡ്രോപ്പ് ചെയ്യണമെങ്കിൽ, കാർ കുറെക്കൂടെ മുന്നിലേക്ക് പോയി വളഞ്ഞു വന്ന് സ്റ്റേഷനു പിൻഭാഗത്ത് ഇറക്കണം. എന്നിട്ടു ചുറ്റി വന്നു മെയിൻ റോഡിൽ കയറി പോകണം.അതിന് 15-20 മിനിറ്റ് സമയമെങ്കിലും എടുക്കും. രാവിലത്തെ തിരക്ക് പിടിച്ച യാത്രയിൽ അത്രയും സമയം വളരെ വിലപ്പെട്ടതാണ്.അതുകൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത്".
അയാൾ വിശദീകരിച്ചു.

"ഉം" മകൻ തലയാട്ടി. പിന്നെ
 തെക്കു ദിശയിലേയ്ക്ക് കണ്ണുകൾ നട്ട് അക്ഷമനായി "വൈ ഈസ് ഇറ്റ് റ്റേക്കിങ് സോ മച്ച് റ്റയിം?"എന്ന് അക്ഷമ പ്രകടിപ്പിച്ചു.

ബസ്സിന്റെ "സമയനിഷ്ഠ"  നിത്യേനയുള്ള അനുഭവമായതിനാൽ അയാൾ ഒന്നും മിണ്ടാതെ നിന്നു.

അടുത്ത നിമിഷത്തിൽ മറ്റൊരു കാർ  വന്നു ഷോൾഡർ ലൈനിൽ ഒതുക്കിയിട്ടത് അവർ കണ്ടു. പാസഞ്ചർ സീറ്റിൽ നിന്ന് ഒരു സ്ത്രീ പുറത്തിറങ്ങി. കാർ ഓടിക്കുന്ന ആൾക്ക് ബൈ പറഞ്ഞു  നടന്നു വരവേ, ഒരു ട്രാഫിക് പോലീസ് കാർ പാഞ്ഞുവന്ന് പിറകിൽ നിന്നു. സീറ്റിൽ ഇരുന്ന ആൾ തലയിൽ കൈ വച്ചു നിരാശ പ്രകടിപ്പിയ്ക്കവേ,ഇറങ്ങി നടന്നു വരുന്ന സ്ത്രീ തിരിഞ്ഞു നിന്നു പരിതപിച്ചു. മുഖം  വക്രിപ്പിച്ചു തെല്ലിട നിന്നതിനുശേഷം മുന്നോട്ടു തന്നെ നടന്നത് അയാൾക്ക് അതിശയമായി തോന്നിയില്ല.പോലീസ് ആ ഡ്രൈവറുമായി നേരിട്ട് സംസാരിച്ചാണ് വിധി നിർണ്ണയിക്കുക. മറ്റു യാത്രക്കാർക്ക്‌ എന്തെങ്കിലും ചോദിച്ചാൽ മാത്രം ഉത്തരം പറയാം. അല്ലെങ്കിൽ മിണ്ടാതിരിയ്ക്കുക. മുൻപൊരിയ്ക്കൽ അയാൾ അനുഭവിച്ചറിഞ്ഞ കാര്യമാണ്.കാറിലുള്ള ആൾക്ക് എന്തായാലും ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പാണ്. തന്നെയുമല്ല  അയാൾ ഇന്ന് ഓഫീസിൽ വളരെ വൈകുകയും ചെയ്യും.  

ഇപ്പോൾ പോലീസ് കാറിനടുത്തേയ്ക്ക്
നടന്നു തുടങ്ങിയിരുന്നു.
അത് കണ്ട് മകൻ ശബ്ദമുയർത്തി ചോദിച്ചു.

"ഇതെങ്ങിന്യാ ശരിയാവാ?
മുൻപ് വന്ന ആളും ഇയാളും ഒരേ തെറ്റല്ലേ ചെയ്തത്?
എന്താണ് ഒരാൾക്ക് മാത്രം ശിക്ഷ?
അത് തെറ്റല്ലേ?
ഒന്നുകിൽ രണ്ടുപേർക്കും ശിക്ഷ.
അല്ലെങ്കിൽ രണ്ടു പേരെയും വെറുതെ വിടണം.
അതല്ലേ ശരി?"

നിഷ്കളങ്കവും,
എന്നാൽ
പ്രസക്തവുമായ
ആ ചെറിയ
ചോദ്യത്തിലെ വലിയ  "ശരി"
അയാൾ തിരിച്ചറിഞ്ഞു കൊണ്ടിരിയ്ക്കെ
അവൻ തുടർന്നു.

"ശരി ചെയ്യാൻ സമയം നോക്കേണ്ട..ഏത്  സമയവും അതിന് ശരിയാകും" എന്ന് മാർട്ടിൻ ലൂതർ കിംഗ് പറഞ്ഞിട്ടുണ്ട്.ഈയിടെ ക്ലാസ്സിൽ ടീച്ചർ പറഞ്ഞതാണ്. പക്ഷെ തെറ്റു ചെയ്യുമ്പോൾ സമയം നോക്കി ചെയ്താൽ,
അത് ശരിയായി തീരുമെന്നാണോ?"
 
എന്തു കൊണ്ടോ വിക്രമാദിത്യകഥകളിലെ വേതാളത്തിന്റെ  ചോദ്യങ്ങളെയാണ്
ഇപ്പോൾ അയാൾ ഓർത്തത്.

വേതാളത്തിന്റെ ഓരോ ചോദ്യങ്ങളിലെയും
ധർമ്മാർമ്മങ്ങളെ സൂക്ഷ്മവിശകലനം
ചെയ്തു നീതിപൂർവവും യുക്തിസഹവുമായ ഉത്തരം നൽകാൻ കഴിഞ്ഞിരുന്ന വിക്രമാദിത്യചക്രവർത്തി.

ഇവിടെ മകന്റെ ചോദ്യങ്ങൾക്ക് അത് പോലൊരുത്തരം സാധ്യമാകുമോ എന്നാലോചിച്ചപ്പോൾ  വിവിധ ചോദ്യങ്ങൾ
അയാളുടെ മനസ്സിൽ കടന്നു വന്നു.

ശരിയ്ക്കും ആരാണിവിടെ തെറ്റു
ചെയ്തത്?

നിയമം ലംഘിച്ചു കാർ അവിടെ
നിറുത്തിയ രണ്ട് പേരും തെറ്റുകാർ തന്നെ.

എന്നാൽ  രണ്ടു പേർക്കും ഒരു പോലെ പിഴ കിട്ടാതെ പോയ സാഹചര്യത്തിന് ആരൊക്കെയാണ്  ഉത്തരവാദികൾ?

രണ്ടാമത്തെ ആളെ മാത്രം പിടിച്ചു ശിക്ഷിച്ച
പോലീസുദ്യോഗസ്ഥൻ ?

പിടിയ്ക്കപ്പെട്ടയാളെയും പോലീസിനെയും ഒരുമിച്ച് അവിടെ എത്താൻ കാരണക്കാരനായ 'സമയം' അഥവാ 'സമയദോഷം'?

ഒരു പോലീസിനെ സ്ഥിരമായി അവിടെ പോസ്റ്റ് ചെയ്തു എല്ലാവർക്കും ഒരേ നീതി ഉറപ്പു വരുത്താത്ത പോലീസ് ഡിപ്പാർട്ട്മെന്റ് ?

സ്ഥിരമായി ഇതെല്ലാം കണ്ടു കണ്ണടയ്ക്കുന്ന , സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ?

അതോ പലവട്ടം കണ്മുന്നിൽ കണ്ടിട്ടും ഒന്നും റിപ്പോർട്ട് ചെയ്യാത്ത താനടക്കമുള്ള ദൃക്സാക്ഷികൾ ?

മകന് യുക്തിപൂർവ്വമായ ഒരു മറുപടിയ്ക്കായി  ധ്യാനത്തിലെന്ന പോലെ കുറച്ചു നേരം കൂടി നിന്ന ശേഷം അയാൾ മുരടനക്കി ഇപ്രകാരം പറഞ്ഞു.

"ശ്രദ്ധിച്ചു കേൾക്കണം.
സാഹചര്യങ്ങളും കാഴ്ചപ്പാടുകളും ആണ് ചെയ്യുന്ന പ്രവൃത്തികളുടെ ശരിയും തെറ്റും നിർണ്ണയിക്കുന്നത്. ഓരോരുത്തരും ഒരു കാര്യം ചെയ്യുമ്പോൾ അത് ശരിയോ തെറ്റോ എന്ന് വ്യത്യസ്ത രീതിയിലാവും തീരുമാനിയ്ക്കുക.
ഇന്ന് കാറോടിച്ചു വന്ന രണ്ടാളും സ്ഥിരമായി ഇതിലെ പോകുന്നവരാണ്. അവിടെ നിറുത്തിയാൽ, ചിലപ്പോഴെങ്കിലും പോലീസ് പിടിയ്ക്കാൻ സാധ്യത ഉണ്ടെന്ന് രണ്ടാൾക്കും അറിയാം. പിടിയ്ക്കപ്പെട്ടാൽ പിഴ ഈടാ ക്കുമെന്നും. പക്ഷെ അത്ര വലുതല്ലാത്ത ആ പിഴ കൊടുക്കാൻ അവർ തയ്യാറാണ്. വല്ലപ്പോഴുമേ പിടിയ്ക്കപ്പെടാൻ  സാധ്യതയുള്ളു താനും. ഈ സാഹചര്യത്തിൽ ശരിയല്ലെന്നറിഞ്ഞിട്ടും, ഈ ചെറിയ തെറ്റു ചെയ്‌താലും കുഴപ്പമില്ല,അതിലും പ്രധാനം സമയത്തിന്  ഓഫീസിൽ എത്തുന്നതാണ് എന്ന തീരുമാനത്തിൽ അവർ എത്തുന്നു. എവിടെയെങ്കിലും അത്യാവശ്യമായി പോകുമ്പോൾ പലരും ഓവർ സ്പീഡിൽ പോകുന്നത് കണ്ടിട്ടില്ലേ? അതും ഏതാണ്ടിതേ പോലെ തന്നെ.

ഇനി പോലീസിന്റെ കാര്യം എടുക്കാം.ഒരു ട്രാഫിക് പോലീസിനെ സ്ഥിരമായി ബസ് സ്റ്റോപ്പിൽ നിറുത്തൽ പ്രയോഗികമാവില്ല അവരുടെ ഡിപ്പാർട്ട്മെന്റിന്. റോഡുകളിൽ അവിടവിടെ അപ്പപ്പോൾ ഉണ്ടാവുന്ന  അപകടങ്ങൾ, മറ്റ് അടിയന്തിരകാര്യങ്ങൾ എന്നിവ കൈകാര്യം  ചെയ്യാനല്ലെ അവരെ കൂടുതൽ ആവശ്യം? മിയ്ക്കവാറും ട്രാഫിക് പോലീസുകാർ കാറിൽ സഞ്ചരിച്ചു കൊണ്ടിരിയ്ക്കും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക്.ഇതു പോലെ പല സ്ഥലങ്ങളിൽ പല സമയങ്ങളിൽ ട്രാഫിക് നിയമം ലംഘിയ്ക്കുന്നവരെ കിട്ടിയാൽ പിടിയ്ക്കും. പിഴ അടപ്പിയ്ക്കും.ഗൗരവം കൂടിയ ട്രാഫിക് വയലേഷൻ ആണെങ്കിൽ, പിഴ കൂടും. ചെയ്യുന്ന ആൾ കോടതിയിൽ പോകേണ്ടി വരും. ചിലപ്പോൾ ലൈസൻസ് തന്നെ റദ്ദ് ചെയ്തു എന്നും വരും.അങ്ങനെ ആളുകളെ അത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിയ്ക്കും".

അയാളുടെ മുഖത്ത് തന്നെ സാകൂതം നോക്കി ശ്രദ്ധിച്ചു നിൽക്കയാണ് മകൻ.

ഒന്ന് നിശ്വസിച്ച് അയാൾ വീണ്ടും തുടർന്നു.

" നീ ചെറുപ്പമാണ്. ഇനിയുള്ള ജീവിതത്തിൽ പലതും കണ്ടും, അനുഭവിച്ചും പഠിയ്ക്കും. ശരിയും, തെറ്റും, കുറ്റവും, ശിക്ഷയും പെട്ടെന്ന് നിർണ്ണയിക്കാവുന്നവയല്ലെന്ന് കുറച്ചു കൂടെ കഴിയുമ്പോൾ നിനക്ക് മനസ്സിലാകും.  ആദ്യ നോട്ടത്തിൽ കാണുമ്പോൾ നമുക്ക് തെറ്റായി തോന്നുന്ന ഒരാളുടെ പ്രവൃത്തി അയാളുടെ വീക്ഷണകോണിൽ നിന്ന് ശരിയായിരിക്കാം എന്നറിയുക. അറിയാതെ തെറ്റു ചെയ്യുന്നവരും, ചില സാഹചര്യങ്ങളിൽ അറിഞ്ഞു കൊണ്ട് ചെറിയ തെറ്റുകൾ ചെയ്യുന്നവരും ഉണ്ടാകാം.
കണ്ടും പഠിച്ചും അറിഞ്ഞ കാര്യങ്ങൾ വച്ച് കഴിയുന്നതും ശരി ചെയ്യാൻ ശ്രമിയ്ക്കുക. മറ്റൊന്ന്, മറ്റുള്ളവരെയും കൂടെ ബാധിയ്ക്കുന്ന അല്ലെങ്കിൽ വിഷമ ഘട്ടത്തിലാക്കുന്ന തെറ്റുകൾ, അവ ചെറുതായാൽപ്പോലും ചെയ്യാതിരിയ്ക്കുക.അതാണ് നമുക്ക് ചെയ്യാവുന്നത്."

അയാൾ പറഞ്ഞു നിറുത്തി.
അവൻ അച്ഛന്റെ മുഖത്ത് നിന്നും കണ്ണുകൾ മാറ്റി ആലോചനയിൽ മുഴുകി.
കേട്ട കാര്യങ്ങൾ ഒന്ന് കൂടെ
മനനം ചെയ്തു
അവന്റെ രീതിയിൽ മനസ്സിലാക്കിയെടുക്കാൻ
ശ്രമിയ്ക്കുകയാകും.

അപ്പോൾ.

വീണ്ടും..

മറ്റൊരു കാർ  ഷോൾഡർ ഏരിയയിൽ വന്നു നിന്നു. ഒരാളെ അവിടെ ഇറക്കിയ ശേഷം, കുഴപ്പമൊന്നുമില്ലാതെ എടുത്തു പോകുകയും ചെയ്തു.

രണ്ടു പേരും അത് കണ്ടു കണ്ടു.
അവൻ അയാളെ നോക്കി പുഞ്ചിരിച്ചു.

ഇപ്പോൾ തെക്കേ അറ്റത്ത് ഒരു ബസ്സിന്റെ രൂപം കണ്ട് മകന്റെ കണ്ണുകൾ വിടർന്നു.

അനുനിമിഷം വലിപ്പം വച്ച് അത് അവർക്കടുത്തേയ്ക്ക്
വന്നു കൊണ്ടിരുന്നു.
ദൃക്സാക്ഷികൾ  (കഥ: രാജീവ് പഴുവിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക