Image

തങ്കച്ചിലങ്കയണിയുന്ന ദേവരാഗങ്ങൾ: ജോയിഷ് ജോസ്

Published on 03 September, 2021
തങ്കച്ചിലങ്കയണിയുന്ന ദേവരാഗങ്ങൾ: ജോയിഷ് ജോസ്
'ധുരിക്കും ഓര്‍മ്മകളേ
മലര്‍ മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടു പോകൂ
ഞങ്ങളെ ആ മാഞ്ചുവട്ടില്‍’'
എന്ന ഒ എന്‍ വി കവിതയ്ക്ക് ദേവരാജന്‍ മാസ്റ്റര്‍ ചാലിച്ചു  ചേര്‍ത്ത തേനൂറും സംഗീതം കേട്ടുകൊണ്ടാണ് ഈ കുറിപ്പ് തയ്യാറാക്കാനിരിക്കുന്നത്.ഒ.എന്‍ വി താളലയത്തോടെ നിരത്തുന്ന അക്ഷരങ്ങളെ മാസ്റ്റര്‍ തങ്കച്ചിലങ്കയണിയിച്ച് രാഗക്കുറിചാര്‍ത്തി ദേവനൃത്തം ചവിട്ടിക്കും എന്ന് മുമ്പാരോ പറഞ്ഞത് എന്‍റെ മനസ്സിലൂടെ കടന്ന് പോകുന്നു.

മനുഷ്യനെയും  പ്രകൃതിയേയും ഒപ്പം കാലത്തെയും സമന്വയിപ്പിച്ച് ഹാര്‍മ്മോണിയ പെട്ടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഹാമാന്ത്രികന്‍,മലയാള ചലച്ചിത്ര സംഗീത രംഗത്ത് എതിരാളികളില്ലാത്ത കുലപതി എന്നൊക്കെ ആരെ വിശേഷിപ്പിക്കാമോ അതായിരുന്നു ദേവരാജന്‍ മാസ്റ്റര്‍.വയലാര്‍, ദേവരാജന്‍, യേശുദാസ് ത്രയം ഒത്തുചേര്‍ന്നപ്പോഴൊക്കെ മലയാള സംഗീത ലോകത്തില്‍ അത്ഭുതങ്ങളാണുണ്ടായത്.ആ സംഗീത മഴയില്‍ കോരിത്തരിക്കാത്ത മലയാളി ഉണ്ടാവില്ല.ഒരുപക്ഷേ സംഗീതത്തിന്‍റെ ലളിതഭാവങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ മാസ്റ്ററോളം വിജയിച്ച സംഗീതജ്ഞര്‍ വേറെ ഉണ്ടോയെന്നെനിക്ക്  സംശയമാണ്. 

നിരീശ്വരവാദിയായ പിതാവിന്റെ നിരീശ്വരവാദിയായ മകനായിരുന്ന മാസ്റ്റര്‍ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..” ,”ഈശ്വരൻ ഹിന്ദുവല്ല…”പോലുള്ള ഗാനങ്ങളും ഒപ്പം ”ഹരിവരാസനം..”, ”നിത്യവിശുദ്ധയാം..കന്യാമറിയമേ….”പോലുള്ള മികച്ച ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തി നമ്മളെ അത്ഭുതപ്പെടുത്തി.അതുതന്നെയായിരുന്നു അദേഹത്തിന്‍റെ മാന്ത്രിക ശക്തിയും.അതുപോലെ തന്നെ മലയാള ലളിത നാടക ഗാനങ്ങൾ ചലച്ചിത്ര ഗാനങ്ങളോടൊപ്പം തന്നെ കേട്ടാസ്വദിക്കാൻ ഒരു തലമുറയ്ക്കായത് ഒരു പക്ഷേ അവയൊക്കെ ജനകീയവും നാടൻ ശീലുകളിൽ ചിട്ടപ്പെടുത്തിയതും കൂടി കൊണ്ടാവാമെന്നു തോന്നുന്നു. മുടിയനായ പുത്രനിലെ ഗാനങ്ങളെല്ലാം തന്നെ കാലാതീതമായി മൂളിപ്പാടി മലയാളിയാഘോഷിക്കുക തന്നെ ചെയ്യും. 

കോരിത്തരിക്കുന്ന മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവര്‍ണ്ണ വഴികളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയായിരുന്നു ദേവരാജന്‍ മാസ്റ്ററുടേത്. ഇന്ന് മലയാള സിനിമയില്‍ സാങ്കേതികമായി  സംഗീതത്തിന്‍റെ അവതരണത്തിലും ആസ്വാദനത്തിലും ഒട്ടേറെ വ്യതിയാനങ്ങൾ കാലാനുസൃതമായി വന്നുവെങ്കിലും മലയാളികളുടെ മനസ്സിൽ നിത്യഹരിതമായി പച്ചപിടിച്ചു നിൽക്കുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, എതു പ്രായക്കാർക്കും അറിവും ആനന്ദവും പകരുന്ന മലയാള സംഗീത ലോകത്തെ  അത്ഭുത പ്രതിഭയായിരുന്നു ദേവരാജന്‍ മാസ്റ്റര്‍. മലയാളി കേട്ട ഏറ്റവും മനോഹരമായ പാട്ടുകളിലൊന്നിന്റെ പേര് തന്നെയാണ്‌ ദേവരാജന്‍ മാസ്റ്റര്‍.നമ്മുടെ ഒാ‍ര്‍മയും സ്വപ്നവും ഗൃഹാതുരതയും ചാലിച്ച ഒരു സുന്ദരഗാനം..കേട്ടുകൊണ്ടേയിരിക്കാം. ഈ നല്ല പാട്ടുകള്‍ പിറന്ന ഒരു കാലത്തെ ജന്മം കൊണ്ടു പങ്കുവയ്ക്കാനായതില്‍ സന്തോഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക