Image

ദഹനപ്രക്രീയ ആയുര്‍വേദത്തിലൂടെ (അബിത് വി രാജ്)

Published on 03 September, 2021
ദഹനപ്രക്രീയ ആയുര്‍വേദത്തിലൂടെ (അബിത് വി രാജ്)
 ആയുസ്സിനെ പരിപാലിക്കുകയും നീട്ടികൊണ്ടുപോകുകയും ചെയ്യുന്നതിന് ആവശ്യമായ അറിവ് നല്‍കുന്ന ശാസ്ത്രമായ ആയുര്‍വേദം, ശരിയായ ദഹനവ്യവസ്ഥ ആരോഗ്യമുള്ള ശരീരത്തിന്റെ താക്കോലാണ് എന്ന് പറയുന്നു. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളും കഴിക്കുന്ന ഭക്ഷണവും എങ്ങനെ ശരീരം ആഗീരണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ മൊത്തത്തിലുള്ള ക്ഷേമവും, ആരോഗ്യവും. ശരീരത്തില്‍ ആരോഗ്യകരമായ കോശങ്ങളെ സൃഷ്ടിക്കുന്നതിനും, ദഹനവ്യവസ്ഥയില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനുമായി ശരീരത്തിലെ ദഹനാഗ്‌നിയ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത ആയുര്‍വേദം ഊന്നിപ്പറയുന്നു.

“ ഉഷ്മണോ അല്പ ബലത്വേന
ധാതും ആദ്യം അപാചിതം
ദുഷ്ടം ആമാശയഗതം
രസം ആമം പ്രജക്ഷതേ”  നാം കഴിക്കുന്ന ആഹാരം ആമാശയത്തില്‍ പാകമാകാതെ കിടന്നാല്‍ അതിനെ “ആമം” എന്ന് പറയുന്നു. ജഠരാഗ്നിയുടെ ബലക്കുറവ് നിമിത്തം പാകമാകാതെ കിടക്കുന്ന ഈ ആമം പലവിധ രേഗങ്ങള്‍ക്കും കാരണമാകുന്നു. ഇത് വീര്‍ത്ത വയറ്, ഗ്യാസ്, ദഹനക്കേട്, അസിഡിറ്റി, മലബന്ധം എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. തത്ഫലമായി, നമുക്ക് ദിവസം മുഴുവന്‍ വയറില്‍ ഭാരം അനുഭവപ്പെടുന്നു.
    
അനാരോഗ്യകരമായ ദഹനവ്യവസ്ഥ കാരണം ശരീരം വിഷവസ്തുക്കളുടെ ഒരു സംഭരണ കേന്ദ്രമായി മാറുന്നു. ദുര്‍ബലമായ ദഹനവ്യവസ്ഥ ശരീരത്തില്‍ ദുര്‍ബലമായ ദഹനാഗ്‌നിക്ക് കാരണമാകുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ദഹനരസം ശക്തമായി നിലനിര്‍ത്തുന്നതിനും ആയുര്‍വേദം ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഈ വഴികളിലൂടെ നമുക്ക് ശരീരഭാരം കുറയ്ക്കാനും, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും, മലവിസര്‍ജ്ജനം ക്രമീകരിക്കാനും ഒപ്പം ഉദരാരോഗ്യം നിലനിര്‍ത്താനും സാധിക്കും.
    
ധ്യാനം : പഠനങ്ങള്‍ പറയുന്നതനുസരിച്ച്, ദിവസേന അല്‍പസമയം ധ്യാനിക്കുന്നത് നമ്മുടെ ശരീരത്തെ ക്രിയാത്മകമായി ബാധിക്കുകയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും 20, 30 മിനിറ്റ് ധ്യാനിക്കുന്നത്, ശരീരത്തെ നല്ല രീതിയില്‍ സുഖപ്പെടുത്തിയെടുക്കുന്നതിന് സഹായിക്കുന്നു.
    
വ്യായാമം, യോഗ : ദഹനശേഷി എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കുന്നവരാണോ? എന്നാല്‍ അതിനുള്ള വഴിയാണ് യോഗയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ശാരീരിക വ്യായാമമോ ചെയ്യുന്നത്. ദിവസവും രാവിലെ യോഗ, ഓട്ടം അല്ലെങ്കില്‍ നടത്തം എന്നിവ പരിശീലിക്കുന്നതിലൂടെ ദിവസം മുഴുവന്‍ നമുക്ക് ഊര്‍ജ്ജസ്വലത കൈവരുത്തുകയും, ദഹനവ്യവസ്ഥയെ ആരോഗ്യകരവും സജീവവുമായി നിലനിര്‍ത്തുകയും ചെയ്യാം. ഇതിനുപുറമെ, ഭക്ഷണത്തിനു ശേഷം 15, 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വനടത്തം ഭക്ഷണത്തെ ദഹനേന്ദ്രിയ വ്യവസ്ഥകളിലേയ്ക്ക് ഇറങ്ങാനും എളുപ്പത്തിലും, ശരിയായ രീതിയിലും ദഹിപ്പിക്കാനും സഹായിക്കും.
“ഭുക്തോപേവിശത:സ്ഥൗല്യം”

(ഉണ്ടിട്ടു നടന്നില്ലെങ്കില്‍ തടിയ്ക്കും) എന്നാണല്ലോ പഴമക്കാര്‍ പറഞ്ഞിരിക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ നടത്തവും യോഗയും സഹായിക്കും.

അമിതമായി ഭക്ഷണം കഴിക്കരുത്  
“മിതഭോജനേ സ്വാസ്ഥ്യം”

ആരോഗ്യത്തിന്റെ അടിസ്ഥാന അളവു മിതമായ ആഹാരത്തിലാണ്. ദഹനവ്യവസ്ഥയെ എങ്ങനെ മെച്ചപ്പെടുത്താം എന്ന ചോദ്യം നമ്മെ നിരന്തരം അലട്ടുന്നുവെങ്കില്‍, അതിനുള്ള ഉത്തരം നമ്മുടെ ശീലങ്ങളെ നിയന്ത്രിക്കുന്നതിലാണ്. നാം അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍, ശരീരവും ദഹനവ്യവസ്ഥയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുന്നു. ഇത് ദഹനക്കേട്, അസ്വസ്ഥത, അസിഡിറ്റി എന്നീ പ്രശ്‌നത്തിലേക്ക് നയിക്കുന്നു. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്, മിതമായ അളവില്‍ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാന കാര്യം.        
ആഹാരം എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ വയറ്റില്‍ കുറച്ച് സ്ഥലം ഒഴിച്ചുവിടണമെന്ന് ആചാരന്മാര്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ ഇഞ്ചി ചായ കുടിക്കുന്നത് ഭക്ഷണം ഫലപ്രദമായി ദഹിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിരവധി രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ പരിഹാരമാണ് ചുക്ക് അഥവാ ഇഞ്ചി. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. ഇത് വയറിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കുകയും അതുവഴി ഗ്യാസ്, അസിഡിറ്റി അല്ലെങ്കില്‍ ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.
    
നല്ല ഉച്ചഭക്ഷണം കഴിക്കുക : ഉച്ചസമയത്ത് ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ദഹനവ്യവസ്ഥ പരമാവധി ദഹനരസങ്ങള്‍ സ്രവിക്കുന്നു, അതിനാല്‍ ഉച്ചഭക്ഷണസമയത്ത് പോഷകസമൃദ്ധമായ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

“പിബ തക്രമഹോ നൃപ രോഗഹരം”
(ഹേ, രാജാവേ, മോരു കുടിയ്ക്കൂ രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും) എന്നതും ഇതോടൊപ്പം ചേര്‍ത്തു പറയട്ടെ. എന്നാല്‍, വൈകുന്നേരമോ, അത്താഴ സമയമോ ഇത്തരം വലിയ ഭക്ഷണം കഴിക്കുന്നത് ആമാശയത്തെ ദോഷകരമായി ബാധിക്കും. കാരണം ദഹനാഗ്‌നി ദുര്‍ബലമാവുകയും ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് ആവശ്യത്തിന് സമയം ലഭിക്കാതെ വരികയും ചെയ്യുന്നു.
    
വിഷാംശം നീക്കുക : ദഹനം മെച്ചപ്പെടുത്താനുള്ള മറ്റൊരു വഴിയാണ്, ശരീരത്തെ വിഷമുക്തമാക്കി നിലനിര്‍ത്തുക എന്നത്. ഉദരശുദ്ധീകരണം, ദഹനാഗ്‌നിയുടെ പുനരുജ്ജീവനത്തിനും, കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും, മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദോഷകരമായ വിഷവസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിനുള്ള ഒരു സ്വാഭാവിക മാര്‍ഗ്ഗം കൂടിയാണ് ഇത്. ശരീരത്തില്‍ വിഷാംശം അടിഞ്ഞുകൂടുന്നത് പലപ്പോഴും മലബന്ധം, മന്ദഗതിയിലുള്ളതും-നിഷ്ക്രിയവുമായ ദഹനവ്യവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. അതേപോലെ ആരോഗ്യമുള്ള വ്യക്തി ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദ ആചാര്യന്മാര്‍ പറയുന്നു.

അബിത് വി രാജ്
(പാരമ്പര്യ ആയുര്‍വേദ പരിചാരകന്‍)
abiaathira@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക