Image

ഒരു " അഡാർ " പെണ്ണു കാണൽ ( കഥ: ഗോപി ചായില്ലത്ത്)

Published on 04 September, 2021
ഒരു " അഡാർ " പെണ്ണു കാണൽ ( കഥ: ഗോപി ചായില്ലത്ത്)
ഇത്  കുറച്ചു കാലം മുൻപു നടന്ന  സംഭവമാണ്.  എന്റെ സുഹൃത്തിന്റെ, വിചിത്രമായ പെണ്ണുകാണലിനെ കുറിച്ച്.
നല്ല ജോലിയുളള സുഹൃത്തിന്,  
ഉടനെയൊന്നും കല്യാണം വേണ്ടെന്നായിരുന്നു...കുറച്ചു കാലം കൂടെ അടിച്ചു പൊളിച്ചു നടക്കണം
എന്ന ഒരു ലൈൻ. പക്ഷെ, സുഹൃത്തിന്റെ അച്ഛൻ,  എന്നെ അവനെ എങ്ങനെ യെങ്കിലും  പെണ്ണു കെട്ടിക്കാൻ ഉള്ള ഉത്തരവാദിത്തം ഏല്പിച്ചു. വല്ല പ്രേമ ബന്ധത്തിലും ചെന്ന് ചാടി പുലിവാല് ഒപ്പിക്കുമോ തന്റെ മകൻ എന്ന് ആ അച്ഛൻ ഭയപ്പപെട്ടിരുന്ന പോലെ...
ഏതായാലും...  എന്റെ സ്നേഹമസൃണമായ
നിർബന്ധത്തിന് വഴങ്ങി സുഹൃത്ത് പെണ്ണ് കാണാൻ പോകാൻ സമ്മതിച്ചു...
അങ്ങനെ... ഞങ്ങൾ ഒരു ഞായറാഴ്ച നേരത്തെ അറിയിച്ച  പ്രകാരം, ഏകദേശം രാവിലെ പത്ത് മണിയോടു കൂടി സുഹൃത്തിന്റെ അച്ഛന്റെ ബന്ധത്തിലുളള പെൺകുട്ടിയുടെ വീട്ടിലെത്തുന്നു...
എല്ലാ പ്രൗഡിയോടും കൂടി,  പഴയ തറവാട് വീട് അന്തസ്സോടെ തലയുയർത്തി നില്ക്കുന്നു. വലിയ ഒരു മാവ് തണൽ വിരിച്ച വിസ്താരമാർന്ന മുറ്റം. വളരെ കുളിർമയോലുന്ന  അന്തരീക്ഷം.
കാർ, വീട്ടു മുറ്റത്ത് നിർത്തിയപ്പോൾ തന്നെ,  ജനലരുകിൽ നിന്നും പല കണ്ണുകളും ഞങ്ങളിലേക്ക് ഫോക്കസ് ചെയ്യുന്നത് വ്യക്തമായി മനസ്സിലാക്കാം.
അച്ഛന്റെ സുഹൃത്തും കൂടിയായ ഗൃഹനാഥൻ,  മര്യാദ വാക്കുകളോടെ ഞങ്ങളെ പൂമുഖത്തേക്കാനയിക്കുന്നു.
പഴയകാല പ്രതാപം വിളിച്ചോതുന്ന ഫർണിച്ചറും പെയിന്റിംഗും അലങ്കരിച്ച വിസ്താരമാർന്ന പൂമുഖം. ഞങ്ങൾ...ഞാൻ, സുഹൃത്ത്,അച്ഛൻ, അമ്മ, വകയിലൊരമ്മാവൻ അങ്ങനെ അഞ്ച് പേർ, പൂമുഖത്തു
കയറിയിരിക്കുന്നു.
ഫാനിന്റെ കാറ്റിനെ വെല്ലുന്ന, തണുത്ത കാറ്റ്...വിശാലമായ പൂമുഖത്ത് ഒട്ടും മടിയില്ലാതെ ഒളിച്ചു കളി നടത്തുന്നുണ്ട്.  
കുശലാന്വേഷണങ്ങൾക്കു ശേഷം... പതിവുപോലെ,  ചായ കൊണ്ടുവരേണ്ട സമയമായി...എല്ലാവരുടേയും കണ്ണുകൾ വാതിൽക്കലേക്ക്...സുഹൃത്ത് എന്നെ നോക്കി...അവനിച്ചരെ ടെൻഷനുളള പോലെ. ഞാൻ കണ്ണിറുക്കി കാണിച്ച്,
അവന് ധൈര്യം പകരാൻ  ശ്രദ്ധിച്ചു ...
അവനതൊരു കള്ളച്ചിരിയിലൊതുക്കി.
വാതിൽക്കൽ,  കാൽപെരുമാറ്റം... പെൺകുട്ടി,  കയ്യിൽ ചായയും പലഹാരങ്ങളും വെച്ച ട്രേയുമായി,  ഞങ്ങളുടെ മുന്നിൽ...നല്ല ശാലീനയായ... മിതമായ ഒരുക്കത്തിൽ... നമ്മുടെ പഴയ കാല സിനിമാ നടി വിധുബാലയെ ഓർമ്മിപ്പിക്കുന്ന മുഖഛായ. ഏകദേശം ഒരു ഇരുപതു വയസ്സ് തോന്നിക്കും.  എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പ്രകൃതം...സുഹൃത്തിന്റെ മുഖത്തേക്ക് ഞാനൊന്ന്  ഒളിഞ്ഞു നോക്കിയപ്പോൾ...
ചെക്കന്റെ മോറ് ചെന്താമര...
സത്യം പറഞ്ഞാൽ... പെൺകുട്ടി ആദ്യം എന്നോടാണ് പുഞ്ചിരിച്ചത്...അതോ എനിക്ക് തോന്നിയതോ...? അന്യോന്യം പേര്...പഠിത്തം...പതിവുപോലെ ക്ലീഷേ ചോദ്യങ്ങൾ കൈമാറി...പെൺകുട്ടി കൃത്യമായി  മറുപടി പറഞ്ഞു. സ്പഷ്ടവും പതിഞ്ഞതുമായ കിളിനാദത്തിൽ തന്നെ...കുറച്ചു നേരം
കൂടി അവിടെ നിന്നതിനു ശേഷം പെൺകുട്ടി അകത്തേക്ക്...പിന്നാലെ...
ചെക്കനും പെണ്ണിനും പരസ്പരം സംസാരിക്കേണ്ടതിന്റെ ഭാഗമായി...  സുഹൃത്ത്,  ഞങ്ങളുടെ മൗനാനുവാദത്തോടെ അകത്ത്
തളത്തിലേക്ക്...
ആ ഇടവേളയിൽ, ഇതൊരു സന്ദർഭമെന്നോർത്ത്,  പലരും ചായ പലഹാരങ്ങളിൽ  പിടി മുറുക്കി...അതങ്ങനെ...
എന്നാൽ... അല്പം കഴിഞ്ഞ്,  പതിവു തെറ്റിച്ച്, സുഹൃത്ത് എന്നെ ഉള്ളിലേക്ക് വിളിക്കുന്നു...അല്പം അമ്പരപ്പോടെ,
ഞാൻ കയറി ചെല്ലുമ്പോൾ കാണുന്നത്, പെൺകുട്ടി,  അവന്റെ കാലിൽ തൊട്ടു വണങ്ങി നിലത്ത് നിന്നും എഴുന്നേറ്റ് അകത്തേക്ക് പോകുന്നതാണ്. കണ്ണ് തുടക്കുന്നുമുണ്ട്. ഒന്നും മനസ്സിലാകാത്ത
എന്റെ കയ്യിൽ,  ഒരു കത്തു വെച്ചു തന്നിട്ട് സുഹൃത്ത് എന്നോടത് വായിച്ചു നോക്കാൻ പറയുന്നു. അത് ഞാൻ
വായിക്കുമ്പോൾ മനസ്സിലാകുന്നത്...
ആ കുട്ടി വേറെയൊരാളുമായി ഇഷ്ടത്തിലാണെന്നും,  ഒരിക്കലും സുഹൃത്തുമായുളള ഈ കല്യാണം നടക്കിപ്പില്ലെന്നും,  ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം എന്നും,  ഇപ്പോൾ വീട്ടിൽ പറയാൻ സമയമായിട്ടില്ലെന്നും അപേക്ഷിക്കുന്ന തരത്തിൽ  എഴുതിയിരിക്കുന്നു.  സുഹൃത്ത്,  
വിളറിയ മുഖത്തോടെ എന്ത് വേണ്ടു
എന്ന അർത്ഥത്തിൽ എന്നെ   നോക്കുന്നു...
വേഗം, അവിടെ നിന്നും എല്ലാവരും ഇറങ്ങുമ്പോൾ വിവരം അറിയിക്കാം എന്ന് കുടുംബനാഥനോട്, അവരാരേയും കാത്തു നിൽക്കാതെ ഞാൻ പറയുന്നു. എല്ലാവരുടേയും നോട്ടം എന്റെ മുഖത്തേക്ക്...അത്ഭുതത്തോടെ ...അല്പം നീരസത്തോടെ...
കാറിൽ വെച്ച്, അച്ഛനമ്മമാർ സുഹൃത്തിനോട് അഭിപ്രായം ചോദിച്ചപ്പോൾ...അവൻ എന്നെ ചൂണ്ടി, ഞാൻ കാരണം പറയുമെന്ന് പറയുന്നു...എല്ലാവരേയും സ്തബ്ധരാക്കി കൊണ്ട് അങ്ങനെ ഞാൻ അവരുടെ മുൻപിൽ പ്രഖ്യാപിക്കുന്നു...ഇവന് ഒരു പെൺകുട്ടിയോട് ഇഷ്ടമാണെന്നും,  
ആ കുട്ടിയെ അല്ലാതെ വേറെ ആരേയും ഇനി നോക്കേണ്ടതില്ലെന്നും...
സുഹൃത്ത് ഉൾപ്പടെ എല്ലാവരും, അല്പം അമ്പരപ്പോടെ, എന്റെ മുഖത്ത് നോക്കുന്നു... സ്ഥലകാലബോധം വീണ്ടെടുത്ത സുഹൃത്ത്  പതിയെ എന്റെ ചെവിയിൽ പറയുകയായിരുന്നു...
" A friend in need is a friend indeed..."
അത് പറഞ്ഞപ്പോൾ,  സുഹൃത്തിന്റെ കണ്ണുകൾ നനഞ്ഞിരുന്നോ...? അതോ,
ചുമ്മാ... എനിക്ക് തോന്നിയതോ...?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക