Image

സ്വപ്‌നങ്ങൾ പൂവ്വണിയാൻ പൂമ്പാറ്റകൾ (ശ്രീ ജോസഫ് നമ്പിമഠത്തിന്റെ ഓം മണി പത്മേ ഹും - ഒരു ലഘുപഠനം: സുധീർ പണിക്കവീട്ടിൽ)

Published on 04 September, 2021
സ്വപ്‌നങ്ങൾ പൂവ്വണിയാൻ പൂമ്പാറ്റകൾ (ശ്രീ ജോസഫ് നമ്പിമഠത്തിന്റെ ഓം മണി പത്മേ ഹും - ഒരു ലഘുപഠനം: സുധീർ പണിക്കവീട്ടിൽ)
ടിബറ്റൻ പതാകകളിൽ ആലേഖനം ചെയ്തിരിക്കുന്ന മന്ത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ശ്രീ ജോസഫ് നമ്പിമഠം എഴുതിയ കവിത

ഓം മണി പത്മേ ഹും (കവിത - ജോസഫ് നന്പിമഠം) (emalayalee.com))

(emalayalee.com))
യഥാർത്ഥത്തിൽ വായനക്കാർക്ക് കിട്ടുന്ന ഒരു ഉപഹാരമാണ്. ഷഡാക്ഷരീമന്ത്രങ്ങൾ അടങ്ങുന്ന ഈ പതാക നമുക്ക് ആരെങ്കിലും തരുമ്പോൾ അത് അനുഗ്രഹമാണത്രെ.  അതുകൊണ്ട് കവിത വായിച്ചവർക്കൊക്കെ സാഹിത്യാസ്വാദനം കൂടാതെ ദിവ്യമായ ഒരു ആത്മീയാനുഭൂതി കൈവന്നുകാണും.  ഇതെല്ലാം വെറും വിശ്വാസങ്ങൾ എന്നിരിക്കെ അവയിൽ അന്തർലീനമായ തത്വങ്ങൾ നമ്മളെ ചിന്തിപ്പിക്കും. കവികൾ ചിന്താധീനരാണ്. ടിബറ്റൻ പതാകകൾ കാറ്റിലുലയുമ്പോൾ കവി മനസ്സും ഉലയുന്നു.  കാറ്റിൽ പാറിപ്പറക്കുന്ന പതാകകളും അവ നിശബ്ധമായി ഉരുവിടുന്ന മന്ത്രങ്ങളും കവി സ്വപ്നം  കാണുന്ന ശാന്തിതീരം പുൽകാൻ കവിയെ വെമ്പൽ കൊള്ളിക്കുന്നു. ആ പതാകയിലെ മന്ത്രാക്ഷരങ്ങളായി പുനർജ്ജനിക്കാൻ കവി ആഗ്രഹിക്കുന്നു.
പതാകകൊടികളിലെ നിറങ്ങൾ പഞ്ചഭൂതങ്ങളെ ഓർമ്മിപ്പിക്കുന്നതുകൊണ്ട് പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ കവിയുടെ ശരീരത്തിനും അവയിൽ അലിഞ്ഞുചേരാൻ കഴിയുമെന്നു വിശ്വസിക്കുന്ന കവി,  പതാകയെപ്പോലെ പാറിക്കളിക്കുക എന്നാണു ലക്ഷ്യമിടുന്നത്.  സ്വാതന്ത്ര്യം കാംക്ഷിക്കുന്ന കവിക്ക് ഇന്നത്തെ ചുറ്റുപാടുകളോടുള്ള അതൃപ്തി അത് പ്രകടമാക്കുന്നു.   
ഓം മണി പത്മേ ഹും - ഈ മന്ത്രത്തിന്റെ വ്യാഖ്യാനങ്ങൾ അനവധിയാണ്. ഇതുപാസിക്കുന്നവർ എങ്ങനെ ഈ മന്ത്രത്തെ കാണുന്നവെന്നതിനെ ആശ്രയിച്ചിരിക്കും  അതുളവാക്കുന്ന അർത്ഥതലങ്ങൾ. ഓം എന്ന പ്രണവമന്ത്രം മൂന്നു അക്ഷരങ്ങൾ അടങ്ങിയതാണ്. അവ അ - തൊണ്ടയിൽ നിന്നും വരുന്നത്, ഉ വായയുടെ മധ്യത്തിൽ നിന്നും വരുന്നത്, മ വായയുടെ പുറമെനിന്ന് അതായത് അധരങ്ങളിൽ നിന്നു. മണി സൂചിപ്പിക്കുന്നത് രത്നത്തെയാണ്. മണി സംസ്കൃതഭാഷയിൽ വൈരക്കല്ലാണ്‌. അത് ഏറ്റവും വിലപിടിച്ച രത്നം. നമ്മളിൽ ഉള്ള ആ രത്‌നം ദൈവമാണ്. എല്ലാവരിലും ഈശ്വരൻ വസിക്കുന്നു.  പത്മേ വാക്കിന്റെ അർഥം പോലെ താമരപ്പൂവിനെ സൂചിപ്പിക്കുന്നു. താമരപ്പൂ ചെളിയിൽ നിന്നുണ്ടായിട്ടും ചെളി തൊടാതെ പവിത്രതയോടെ സൂര്യരസ്മിയിൽ അഴക് പരത്തികൊണ്ട് സ്ഥിതിചെയ്യുന്നു.  ഹും ആത്മാവിന്റെ ജ്ഞാനോദയം എന്ന് അർഥം പറയാം. മന്ത്രത്തെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾക്ക് മുതിരുന്നില്ല.. കവിതയുടെ സൗന്ദര്യാത്മകതയും അതുപകരുന്ന  ആശയങ്ങളും സന്ദേശങ്ങളും വായിച്ച് മനസിലാക്കാം.
പതാകകൾ അതിലെഴുതിയിരിക്കുന്ന പ്രാർത്ഥന ദൈവസന്നിധിയിൽ എത്തിക്കുന്നില്ല. മറിച്ച് അവ കാറ്റിൽ പറന്നു  പറന്നു എല്ലായിടത്തും നന്മയും കാരുണ്യവും നിറയ്ക്കുന്നു. പ്രാർത്ഥനപതാകകൾ സമാധാനം, കരുണ, ശക്തി വിവേകം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.  ഈ പതാകയിലെ നിറങ്ങളും അക്ഷരങ്ങളും മായുമ്പോൾ ടിബറ്റുകാർ പുതിയ പതാകകൾ പറപ്പിക്കുന്നു. പഴയ പതാകകൾ അവർ ദഹിപ്പിക്കുന്നു. മനുഷ്യജീവിതം പ്രതീകാത്മകമായി അവർ അരങ്ങേറ്റുന്നു. അഹിംസയുടെ സിദ്ധാന്തം പരത്തിയ ഗൗതമബുദ്ധനാണ് പ്രാര്ഥനപതാകകളുടെ ഉപജ്ഞാതാവ് എന്ന് ടിബറ്റുകാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ശാന്തിമന്ത്രങ്ങളുടെ സാന്ദ്രത മുഴുവൻ കൊടികളിൽ പകർത്തി സമാധാനം നിലനിൽക്കണമെന്ന്  ആഗ്രഹിച്ചു.
കവി ഇതെല്ലാം മനസ്സിലാക്കിയതിനു ശേഷം അദ്ദേഹത്തിന്റെ ഭാവനയുടെ പതാകകൾ പറപ്പിക്കുന്നു. ഓം മണി പത്മേ ഹും എന്ന മന്ത്രത്തിന്റെ ശക്തിയിൽ കവിയുടെ മനസ്സിലും അഹിംസ സിദ്ധാന്തങ്ങൾ നിറയുന്നതായി മനസ്സിലാക്കാം.  ധ്യാനാവസ്ഥയിൽ ഈ  മന്ത്രം ഉരുവിട്ടാൽ നമ്മുടെ അഹങ്കാരം, അസൂയ, അജ്‌ഞത, ദുരാഗ്രഹം, ആക്രമണസ്വഭാവം എന്നിവ ഇല്ലാതാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ലോകമെമ്പാടും ശാന്തിയും സമാധാനവും നിറയാൻ കവി ആഗ്രഹിക്കുന്നു. കവിയുടെ ചിന്തകൾ തന്റെ മാതൃരാജ്യത്തേക്ക് പറക്കുന്നു.
കൊടിയിൽനിന്നു മാഞ്ഞ അക്ഷരങ്ങൾ
കാറ്റിലൂടെ, ഉരുകുന്ന മഞ്ഞിലൂടെ
താഴ്വാരങ്ങളിലേക്ക്  
സിന്ധുവിലൂടെ, ഗംഗയിലൂടെ
ബ്രഹ്മപുത്രയിലൂടെ
രാജ്യങ്ങൾ കടന്ന്  
ഭൂഖണ്ഡങ്ങൾ കടന്ന്
യാത്ര ചെയ്‌യണം
ഹിമാലയത്തിന്റെ വടക്ക്  ഭാഗത്ത് ടിബറ്റിലെ ഒരു ജില്ലയിലൂടെ   കൈലാസ് പർവ്വതത്തിനടുത്തുള്ള മാനസസരോവർ തടാക പ്രദേശത്ത് നിന്നും ഒഴുകുന്ന ബ്രഹ്മപുത്ര ടിബറ്റ് , ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി മുറിച്ച് കടന്നൊഴുകുന്നു. കൊടിയിൽ നിന്ന് മാഞ്ഞ അക്ഷരങ്ങൾ ബ്രഹ്മപുത്രനദിയിലൂടെ ഒഴുകി ഇന്ത്യയിൽ എത്തണം അവിടെ നിന്നും ഭൂഖണ്ഡങ്ങൾ കടന്നു യാത്ര ചെയ്യണം.ലോകാസമസ്ത സുഖിനോ ഭവന്തു എന്ന സന്ദേശം മുഴക്കിയ ഇന്ത്യക്ക് സമാധാനത്തിൻറെ സന്ദേശങ്ങൾ പകരാൻ എന്നും ഉത്സാഹമായിരിക്കും. ഒരു പക്ഷെ ഇന്ത്യയുടെ ത്രിവർണ്ണ പതാകയിലെ നിറങ്ങളും മാഞ്ഞുപോയി ഒന്നായി തീരണം എന്നും കവി ഭാവന ചെയ്തിരിക്കാം.  അക്ഷരങ്ങൾക്ക് നാശമില്ലാത്തതുകൊണ്ട് അവ വീണ്ടും ശലഭങ്ങളായി പുനർജനിച്ച് അവയുടെ മൃദുല ചിറകൊച്ചപോലെ അവിരാമം ആ മന്ത്രം ഹിമാലയാത്തിന്റെ താഴ്വരകളിൽ, ഭാരതഭൂമിയിൽനിറയെട്ടെ.
അക്ഷരങ്ങൾ
അണ്ഡങ്ങളായി, പുഴുവായി, പ്യൂപ്പയായി
കോടാനുകോടി ബുദ്ധമയൂരി ശലഭങ്ങളായി
നിശബ്ദമായി ചിറകുവിരിച്ചു പറന്ന്
അശാന്തിയുടെ തീരങ്ങളിൽ കുളിർകാറ്റായി,  
ഹിംസയുടെ തോക്കിൻ മുനകളിൽ
അഹിസാ മന്ത്രമായി
അനുസ്യൂതം പ്രയാണം ചെയ്യണം

വീണ്ടും ഹിമാലയ താഴ് വാരങ്ങളിലേക്ക്
അക്ഷരങ്ങൾ മാഞ്ഞ കൊടികളിലേക്ക്
ശലഭങ്ങൾ അക്ഷരങ്ങളായി  
അക്ഷരങ്ങൾ ശലഭങ്ങളായി  
ശാന്തിമന്ത്രങ്ങളായി
മൃദുമണിനാദത്തിനൊപ്പം  
അവിരാമ മന്ത്രോച്ചാരണമായി
താഴ് വാരങ്ങളിൽ നിറയണം  


എന്തുകൊണ്ടായിരിക്കും കവി ശലഭങ്ങളെ ആ ദൗത്യത്തിന് നിയോഗിച്ചതെന്നു നമ്മൾ സംശയിക്കാം. പുരാതന ഭാരതത്തിലെ ഐതിഹ്യങ്ങളിൽ ശലഭങ്ങളെപ്പറ്റി പറയുന്നുണ്ട്.  ആർക്കെങ്കിലും എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവർ ഒരു ശലഭത്തെപ്പിടിച്ച് അതിനോട് ആ ആഗ്രഹം സ്വകാര്യമായിപറയണം. ശലഭത്തിനു ശബ്ദംട ഉണ്ടാക്കാൻ കഴിയാത്തതുകൊണ്ട് അത് രഹസ്യം പുറത്തുവിടാതെ  പരബ്രഹ്മത്തെ അറിയിക്കുന്നു.  നന്ദിസൂചകമായി പരബ്രഹ്‌മം ശലഭത്തിനു സ്വാതന്ത്ര്യം നൽകുകയും അറിയിച്ച ആഗ്രഹം നിവർത്തിക്കയും ചെയ്യുന്നു. കവി ശലഭത്തെ ബിംബമായി എടുത്തത് കാവ്യസൗന്ദര്യത്തിന്റെ ഭംഗി കൂട്ടുന്നു.
അതേസമയം ശലഭങ്ങൾ ഏറ്റെടുക്കുന്ന കർത്തവ്യം അവ പാലിക്കുമെന്ന വിശ്വാസവും കവിയിലുണ്ടായിരുന്നിരിക്കാം.  ഇന്ന് ലോകത്തിൽ എല്ലായിടത്തും തന്നെ അശാന്തി നിറയുന്നു. ഓം മണി പത്മേ ഹും എന്ന പതാകകളിൽ എഴുതുന്ന പ്രാർത്ഥന നേരിട്ട് ഈശ്വരനോടല്ല ; ഈശ്വരന്റെ അടുത്ത് അത് എത്തുന്നുമില്ല. ആ മന്ത്രത്തിലെ മണി എന്ന വാക്ക് ഓരോ മനുഷ്യരിലും ഉൾകൊള്ളുന്ന വിലപ്പെട്ട രത്നത്തെപ്പറ്റി പറയുന്നു. ആ രത്നം ഈശ്വരനാണ്. പതാകയിലെ  പ്രാർത്ഥന കാറ്റിലൂടെ ചുറ്റിലും നിറയുകയാണ്. അതായത് എല്ലാ മനുഷ്യരിലും.   കവിയുടെ ഭാവനയിൽ ആ മന്ത്രങ്ങൾ ടിബറ്റിൽ മാത്രമലയടിച്ചാൽ പോരാ അവയെല്ലാം ശലഭങ്ങളായി ഈ ലോകം മുഴുവൻ നിറയണം. എന്നിട്ട് അവ വീണ്ടും പതിവുപോലെ ഹിമാലയ താഴ്വാരങ്ങളിലേക്ക് തിരിച്ച് പറക്കണം. ഇനിയും എഴുതാൻ അനവധി സാധ്യതയുള്ള ഇതിന്റെ ഉള്ളടക്കം അമേരിക്കൻ മലയാളി എഴുത്തുകാർ ചർച്ചകളിലൂടെ സമ്പന്നമാക്കട്ടെ എന്നാശിക്കുന്നു. ആ ആശ ഒരു ശലഭത്തിനോട് അടക്കം പറയാം. പുരാതനഭാരതത്തിലെ സങ്കല്പപ്രകാരം ഒരു പക്ഷെ ആശകർ പൂത്തു തളിർത്തേക്കാം.

ശുഭം

Join WhatsApp News
ജോസഫ് നമ്പിമഠം 2021-09-04 05:24:33
Thank you Sudhir Panikkaveetil. എന്റെ ഈ കവിതയെപ്പറ്റി പഠനമെഴുതാൻ കാണിച്ച സന്മനസ്സിനു നന്ദി. അശാന്തിയുടെ ലോകത്തിൽ ഒരു കുളിർ കാറ്റാകുനുള്ള എന്റെ ഒരു എളിയ ശ്രമം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക