Image

നഴ്‌സുമാരില്ല, ആശുപത്രികള്‍ പ്രതിസന്ധിയില്‍

ജോബിന്‍സ് Published on 04 September, 2021
നഴ്‌സുമാരില്ല, ആശുപത്രികള്‍ പ്രതിസന്ധിയില്‍
അമേരിക്കയില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ വന്‍കിട ആശുപത്രികളടക്കമുള്ളവ വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഉയര്‍ന്ന ശമ്പളം കൊടുക്കാന്‍ തയ്യാറായിട്ടും നേഴ്‌സുമാരെ കിട്ടാത്ത അവസ്ഥയാണ്. 

കോവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ ആശുപത്രി മാനേജ്‌മെന്റുകള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. നഴ്‌സുമാര്‍ കൂടുതല്‍ പേരും ആശുപത്രികളിലെ നേഴ്‌സിംഗ് ജോലികളില്‍ നിന്നും രാജിവയ്ക്കുന്ന പ്രവണത കൂടിവരികയാണ്. കൂടുതല്‍ ശമ്പളം ലഭിക്കുന്ന ട്രാവലിംഗ് നഴ്‌സുമാരായി ജോലിയില്‍ പ്രവേശിക്കുന്നതിനാണ് ഇവര്‍ ജോലി വിടുന്നതെന്നാണ് വിവരം. 

ജോര്‍ജിയയിലെ ആഗസ്റ്റാ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ മേധാവി ഡോക്ടര്‍ ഫിലിപ്പ് കൗണ്‍ പറയുന്നത് ആഴ്ചയില്‍ 20 മുതല്‍ 30 വരെ നേഴ്‌സുമാര്‍ ജോലി വിടുന്നുണ്ടെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നഴ്‌സുമാരെ എത്തിക്കുന്നതിന് വന്‍ ശമ്പളമാണ് കൊടുക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇങ്ങനെ ജോലി വിടുന്നവരെല്ലാം വിവിധ ഏജന്‍സികളില്‍ ട്രാവലിംഗ് നേഴുമാരായി ജോലിക്ക് കയറുകയാണ്. കോവിഡിന് മുമ്പ് ഒരു ട്രാവലിംഗ് നേഴ്‌സിന് ശരാശി 1000 ഡോളര്‍ മുതല്‍ 2000 ഡോളര്‍ വരെയായിരുന്നു ഒരാഴ്ചയിലെ ശമ്പളം എന്നാല്‍ ഇപ്പോള്‍ ഇത് 3000 മുതല്‍ 5000 ഡോളര്‍ വരെയാണ്. 

ഇതിനാല്‍ തന്നെ അമേരിക്കയിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ നിരവധി ഒഴിവുകളാണ് നിലവിലുള്ളത്. ട്രാവലിംഗ് നഴ്‌സ് ഏജന്‍സികള്‍ നഴ്‌സുമാര്‍ക്ക് ഒരു മണിക്കൂറിന് 70 ഡോളര്‍ മുതല്‍ 90 ഡോളര്‍ വരെ കൊടുക്കുന്നുണ്ടെന്നും ഇത് ആശുപത്രികള്‍ നല്‍കുന്നതിന്റെ മൂന്നിരട്ടിയാണെന്നും ഇവരോട് മത്സരിക്കുക ബുദ്ധിമുട്ടാണെന്നും വിവിധ ആശുപത്രി അധികൃതര്‍മാര്‍ പറയുന്നു. 

ഏജന്‍സികള്‍ ഹോസ്പിറ്റലുകള്‍ക്കോ മറ്റുള്ളവര്‍ക്കോ നഴ്‌സുമാരുടെ സേവനം നല്‍കിയാല്‍ ഈടാക്കുന്നത് 170 ഡോളറോളമാണ്. തങ്ങള്‍ക്കിപ്പോള്‍ നേരത്തെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലധികം വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ട്രാവലിംഗ് നഴ്‌സായി ജോലിക്ക് കയറിയവര്‍ പറയുന്നത്. 

ട്രാവലിംഗ് നേഴുസുമാരുടെയും നിരവധി ഒഴിവുകളാണ് ഇപ്പോള്‍ വിവിധ ഏജന്‍സികളില്‍ ഉള്ളത്. ഇതിനാല്‍ തന്നെ ആശുപത്രികളില്‍ നിന്നും ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കാം. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക