America

മാധവിയമ്മയുടെ വീട്: കഥ, ഡാലിയ വിജയകുമാർ

Published

onകുന്നിൻമുകളിലെ കൃഷ്ണന്റെ അമ്പലത്തിന്റെ പുറകുവശത്തുകൂടിയുള്ള വഴി ചെന്നുനിൽക്കുന്നത് രണ്ടു വീടുകളുടെ പറമ്പിന്റെ അതിരിലാണ്. അത് പിന്നെ താഴേക്കിറങ്ങിപ്പോകുന്നത് വീതികൂറഞ്ഞ ഒരു ഇടവഴിയായാണ്. ആ ഇടവഴി രണ്ടു പറമ്പുകളുടെ ഇടയിലൂടെ കുന്നിറങ്ങിപ്പോകുന്നു.
അതിന്റെ ഒരു കൈവഴി ചെന്നുനിൽക്കുന്നത് മാധവിയമ്മയുടെ വീടിന്റെ മുറ്റത്താണ്.
മാധവിയമ്മ മരിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു. മക്കൾ മൂന്നുപേരും പട്ടണത്തിൽ ജോലി ചെയ്യുന്നതിനാൽ അവിടത്തന്നെയാണ് സ്ഥിരതാമസവും. അതുകൊണ്ട് വീട് ഇവിടെ തനിച്ചാണ്.

വീട് എന്നും അതിരാവിലെ ഉണരും. ചെയ്യാൻ ഒന്നുമില്ലെങ്കിലും അതിരാവിലെ ഉണരണമെന്നത് മാധവിയമ്മയ്ക്ക് നിർബന്ധമായിരുന്നു. അതുതന്നെ വീടിനും ശീലമായി. വിശാലമായ മുറ്റവുംവരാന്തകളും അടുക്കളത്തളവും ചാർത്തുകളുമെല്ലാം വീടിന് വല്ലാത്തൊരു ഭംഗി നൽകിയിരുന്നു.

ഒരുപാട് ആളുകൾ ഉണ്ടായിരുന്ന കൂട്ടുകുടുംബമായിരുന്നപ്പോഴും മാധവിയമ്മയും ഭർത്താവും കുട്ടികളും മാത്രമുണ്ടായിരുന്നപ്പോഴും വീട് എപ്പോഴും തിരക്കിലായിരുന്നു. അടുക്കളയിൽ നിന്നും പിന്നാമ്പുറത്തെ തൊഴുത്തിൽ നിന്നുമൊക്കെ കേൾക്കുന്ന അമ്മയുടെ ചിരിയും സംസാരവും ഉമ്മറത്തുനിന്നുയരുന്ന അച്ഛന്റെ ശാന്തഗംഭീരമായ സ്വരവും ഉൾമുറികളിലെ കുട്ടികളുടെ കലമ്പലും വീടിനെ സദാ മുഖരിതമാക്കി. ഓർമ്മകളിൽ മുങ്ങി വീട് ഒരു നിമിഷം നിന്നു.

മാധവിയമ്മ മരിച്ചതിന്റെ പിറ്റേമാസംമുതൽ മക്കൾ വീടുവിൽക്കാൻ ശ്രമിക്കുന്നതാണ്. ഒന്നും ഒത്തുവരുന്നില്ല. മാധവിയമ്മ ഉണ്ടായിരുന്നപ്പോഴും മക്കൾക്ക് ഈ വീടു വിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മക്കൾക്ക് എല്ലാവർക്കും ദൂരെ പട്ടണത്തിൽ നല്ല വീടുകളുണ്ട്. നാട്ടിൻപുറത്ത് ഇങ്ങനെയൊരു വീട്ടിൽ അമ്മ തനിച്ചു താമസിക്കുന്നത് അവർക്കാർക്കും സമ്മതമല്ലായിരുന്നു. അവരെല്ലാവരും അമ്മ തങ്ങളുടെ കൂടത്തന്നെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചു.
മാധവിയമ്മ പക്ഷേ, ഒരേ വാശിയിലായിരുന്നു.
“എന്റെ അച്ഛനും അമ്മയും ജീവിച്ചു മരിച്ചതിവിടെയാ, എന്റെ ഭർത്താവും ഈ മണ്ണിൽത്തന്നെയാ ഉറങ്ങുന്നത്, ഞാൻ ഇവിടെനിന്നും എങ്ങോട്ടും വരുന്നില്ല.”
അവർ വരാന്തയിലിരുന്ന് ഉരുളൻ തൂണിനെ കെട്ടിപ്പിടിച്ചു. അപ്പോൾ വീടിന്റെ ഉള്ളം വല്ലാതെ കുളിരും. മാധവിയമ്മയെ വല്ലാത്ത സ്നേഹത്തോടെ വീട് നോക്കും.

നേരം ഉച്ചകഴിഞ്ഞു. ഉച്ചച്ചൂടിന്റെ നിശ്ശബ്ദത അവിടമാകെ പരന്നു. മേടമാസത്തിലെ ചൂടിന്റെ പകൽ. എല്ലാ ജീവജാലങ്ങളും ഇത്തിരിയൊന്ന് വിശ്രമിക്കാൻ തണലിടങ്ങൾ തേടി. കുന്നിന്റെ അടിവാരത്തെ കൊയ്ത്തുകഴിഞ്ഞ പാടത്തുനിന്നു വഴിതെറ്റിയെത്തിയ പ്രാവ് വീടിനു നേരേ പറന്നുവന്നു. പടിഞ്ഞാറേ മൂലയിലുള്ള പ്രാവിൻകൂടിനുനേർക്ക് താഴ്ന്നുപറന്ന് അത് അവിടമാകെ വട്ടംചുറ്റി.
പണ്ടെന്നോ പ്രാവിൻകൂട്ടിൽ പ്രാവുകളുണ്ടായിരുന്നപ്പോൾ അവരെ കാണാൻ വിരുന്നെത്തിയവരുടെ കൂടെ ഇവിടെ വന്നിട്ടുണ്ടായിരിക്കാം അത്. വീടിന്റെ മേൽക്കൂരയിൽ ഇത്തിരി നേരമിരുന്നിട്ട് പെട്ടെന്നെന്തോ ഓർത്തതുപോലെ അത് പാടത്തേക്കുതന്നെ പറന്നുപോയി. വീട് പിന്നെയും തനിച്ചായി.

മുറ്റത്തിന്റെ മൂലയിൽ നിൽക്കുന്ന പ്ലാവ് നിറയെ കായ്ച്ചുനിൽക്കുന്നു. തേൻവരിക്കയാണ്. അത്
മാധവിയമ്മ നട്ടുപിടിപ്പിച്ചതാണ്. ഇന്നലെ ഒരു ചക്കപ്പഴം താഴെവീണു. അത് പ്ലാവിൻ ചുവട്ടിൽ ചിതറിക്കിടക്കുന്നു. കുട്ടികൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ!
മാധവിയമ്മയും പെൺകുട്ടികളുംകൂടി അടുക്കളയുടെ പിൻവരാന്തയിലിരുന്ന് ചക്കമുറിച്ച് നന്നാക്കുന്നത് വീട് ഓർത്തു. ചക്കപ്പശ ദേഹത്തു മുഴുവൻ പുരണ്ടിട്ട് കരയുന്ന ഉണ്ണിമോളെ ഓർത്തപ്പോൾ വീടിനു ചിരിവന്നു.

വീടിന്റെ പടിഞ്ഞാറേ മുറ്റത്ത് ഒരുപറ്റം കരിയിലക്കിളികൾ പറന്നുവന്ന് ഇരുന്നു. അവരുടെ കലപിലയിൽ വീട് ഒരു നിമിഷം അലിഞ്ഞുപോയി. താഴെ പൊന്തക്കാട്ടിനിടയിൽ ഇതൊന്നുമറിയാതെ കയറിവന്ന ഒരു കീരി പ്ലാവിൻ ചുവട്ടിൽ വന്ന് മണപ്പിച്ചുനിന്നു. കീരിയെ കണ്ടു പേടിച്ച കിളികൾ ആകാശത്തേക്ക് ഒന്നിച്ചുപറന്നു. അന്തംവിട്ടുപോയ കീരി ശരം വിട്ടതുപോലെ വന്ന വഴിക്കു തിരിച്ചോടി. കീരിയുടെ ഓട്ടം കണ്ട് വീട് ചിരിച്ചുപോയി.

വടക്കേ മുറ്റത്തിനു മുകളിലെ കയ്യാലയിൽ ചാഞ്ഞുനിൽക്കുന്ന മാവ് ഇത്തവണയും കായ്ച്ചിട്ടില്ല. മാധവിയമ്മ മരിച്ചതിനുശേഷം, എന്താണോ അത് ഇതുവരെയും കായ്ച്ചിട്ടില്ല. അതിന്റെ താഴ്ചില്ലയിലാണ് ഓണക്കാലത്ത് കുട്ടികൾ ഊഞ്ഞാല് കെട്ടിയിരുന്നത്. ഒരിക്കൽ ഉണ്ണിമോൾ ഊഞ്ഞാലിൽനിന്ന് വീണ് കയ്യൊടിഞ്ഞപ്പോൾ ആ കൊമ്പ് വെട്ടിക്കളയാൻ  തീരുമാനിച്ചത് വീടോർത്തു.
മാവ് വല്ലാതെ സങ്കടപ്പെട്ട് വേവലാതിയോടെ നിന്നു. അവസാനം അമ്മ തീർപ്പുകല്പ്പിച്ചു. “നെറേകായ്ക്കുന്ന കമ്പാ, അത് വെട്ടണ്ട. ഇനി അതേൽ ഊഞ്ഞാല് കെട്ടാതിരുന്നാൽ മതി." അത്തവണ അതിൽ എന്തുമാത്രം മാങ്ങ ഉണ്ടായി എന്ന് വീട് അതിശയിച്ചു.
പുറകുവശത്തെ മൺകയ്യാലയിൽ നിന്ന് മണ്ണ് ഊർന്നുവീഴുന്നു. അവിടെ ഒരു എലി കൂടുവെച്ചിട്ടുണ്ട്. അവനെ പിടിക്കാൻ ഒരു മഞ്ഞച്ചേര കുറെ ദിവസങ്ങളായി മുറ്റത്തുകൂടി ചുറ്റിനടക്കുന്നുണ്ട്.
എങ്ങനെയെങ്കിലും എല്ലാവരും സമാധാനമായി കഴിഞ്ഞുപോകട്ടെയെന്ന് പറഞ്ഞുനോക്കിയതാണ്. ചേര സമ്മതിക്കണ്ടേ.
മുകൾവശത്തെ ഏതോ വീടിന്റെ പരിസരത്തു താമസിക്കുന്ന ഒരു കാക്ക പ്ലാവിന്റെ ചില്ലയിൽ വന്നിരുന്നു കരഞ്ഞു. ചക്ക പഴുത്തുകിടക്കുന്നത് കണ്ടുകാണും. ഇനിയിപ്പോൾ എല്ലാവരെയും വിളിച്ചുവരുത്തിക്കൊളളും, കുറെ ദിവസത്തേക്ക് പറമ്പിൽ അനക്കമുണ്ടാവും, പറമ്പിന്റെ തെക്കേ
അതിരിലുള്ള തേക്കുമരത്തിൽ കൂടുവെച്ചു താമസിച്ചിരുന്ന കാക്കയാണ്. മാധവിയമ്മ മരിച്ചതോടെ അവരും തേക്കുമരത്തിൽനിന്നും താമസം മാറ്റി. ഇപ്പോൾ ഇങ്ങോട്ടു വരാറേയില്ല. എല്ലാവരും എല്ലാം മറന്നു.  മങ്ങാൻ തുടങ്ങുന്ന ഉച്ചവെയിലിനെ നോക്കി വീട് നെടുവീർപ്പിട്ടു.

ഇടവഴിയിൽ നിന്ന് ആളുകളുടെ ശബ്ദം കേട്ട് വീട് ചിന്തയിൽ നിന്നുണർന്നു. രണ്ടു കൊച്ചുകുട്ടികൾ മുമ്പേ ഓടിവരുന്നു. ഒരു ചെറുപ്പക്കാരനും ഇത്തിരി മങ്ങിയ മുഖത്തോടെ ഒരു ചെറുപ്പക്കാരിയും അവർക്കു പിറകേ ഇന്നാളിൽ ഇവിടെ വന്നിട്ടുള്ള ആ ബ്രോക്കറും ഇടവഴിയിൽനിന്ന് മുറ്റത്തേക്കെത്തി .
മുറ്റം നിറയെ കരിയില വീണ് മൂടിക്കിടക്കുന്നു. വീടിന് വല്ലായ്മ തോന്നി, ഒന്നു വൃത്തി
യാക്കാൻ പോലും ആരും വന്നില്ല. മുറ്റമെങ്കിലും ഒന്ന് തൂത്ത് വൃത്തിയാക്കി ഇട്ടിട്ട് മതിയാരുന്നു,
 “ഓ, വീടെന്നൊന്നും പറയാതെ.'' ചെറുപ്പക്കാരി മുഖം ചുളിച്ചു. “അതിന് ഇവിടെ താമസി
ക്കാൻ കൊള്ളാമോ? ഒക്കെ നാശമായിക്കിടക്കുന്നു.”
വീടിനു വിഷമം തോന്നി. ആരും താമസിക്കാനില്ലാതെ, തൂത്തുവാരാതെ, വിളക്കുകൊളുത്താതെ കിടക്കുന്നതുകൊണ്ടല്ലേ. വീട് പരിഭവിച്ചു. 

കുട്ടികൾ മുറ്റത്തുനിന്നും ഓടി മുറികളിലൂടെ കയറിയിറങ്ങി കളിച്ചു. പിൻവരാന്തയിലിറങ്ങി അവിടെക്കിടന്ന കരിയിലകൾ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച്
രസിച്ചു. അവർക്ക് വീട് നന്നായി ഇഷ്ടപ്പെട്ടു. വീടിന്റെ പുറകിലെ കയ്യാലയിൽനിന്ന് മണ്ണ് ഊർന്നുവീഴുന്നതുകണ്ട് കുട്ടികൾ അത്ഭുതപ്പെട്ടു. ആരാണ് മണ്ണ് ഒഴുക്കിവിടുന്നതെന്ന് അവർക്കു മനസ്സിലായില്ല. പെൺകുട്ടി ഒരു കമ്പെടുത്ത് കയ്യാലപ്പൊത്തിൽ കുത്താനോങ്ങിയപ്പോൾ ചേട്ടൻ പേടിയോടെ വിലക്കി.
“വേണ്ട മോളേ, ചെലപ്പം വല്ല പാമ്പും ആരിക്കും അതിനാത്ത്. "
അവളും ഒരു ചുവട് പിറകോട്ടു മാറി, കുറച്ചുനേരംകൂടി മണ്ണുവീഴുന്നത് നോക്കിനിന്നിട്ട് അവർ മുൻവശത്തേക്കോടി. 

അകത്തുനിന്ന് അച്ഛന്റെയും അമ്മയുടെയും സംസാരം കേൾക്കാം. വീട് അത് ശ്രദ്ധിച്ചു.
“പറ്റാത്ത വെള്ളമൊള്ള കെണറാ, ഇത്രേം മോളിലായിട്ടും," ബ്രോക്കർ പറയുന്നു, “നിങ്ങളിത് വാങ്ങിക്കണോന്ന് എനിക്കൊരു നിർബന്ധോ മില്ല. എന്നാലും നല്ല വീടാണ്. നല്ല ആളുകളും. ഇവിടെ താമസിച്ചിരുന്ന കുടുംബം അത്രയ്ക്ക് നല്ലവരായിരുന്നു. അതിന്റെ ഐശ്വര്യം എന്തായാലും ഉണ്ട്.
ബ്രോക്കറുടെ സ്വരം താണു. വീടിന്റെ മനസ്സു നിറഞ്ഞു.
ശരിയാണ്, ഇവിടെ ഒന്നും “ഇല്ല” എന്ന് ആരും പറയുന്നത് വീട് കേട്ടിട്ടില്ല. മാധവിയമ്മയുടെ അച്ഛൻ ഇത് പണിയിപ്പിച്ച് വന്നുകയറിയതുതന്നെ ഐശ്വര്യത്തിലേക്കായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു മക്കളും ഇവിടെ ജനിച്ചുവളർന്ന് നല്ല നിലയിൽത്തന്നെ ജീവിച്ചു. മാധവിയമ്മയുടെയും ഭർത്താവിന്റെയും മക്കളുടെയും ജീവിതത്തിലെ സന്തോഷം കണ്ട് വീടിനുപോലും ചില നേരങ്ങളിൽ കൊതി തോന്നുമായിരുന്നു.

ചേട്ടനും അനിയത്തിയും മുൻവശത്തെ മുറ്റത്തിന്റെ അതിരിൽ ചെന്നുനിന്നു. പെൺകുട്ടി അകലെ ആകാശത്തിലേക്കു വിരൽചൂണ്ടി,
“നോക്ക് ചേട്ടാ, എന്തുമാത്രം ആകാശമാ, ഇത് മുഴുവൻ എനിക്കാ,” അവൾ ആവേശത്തോടെ കൈകൾ വീശി.
ആകാശത്ത് അവിടവിടെയായി തിളങ്ങിനിൽക്കുന്ന പഞ്ഞിക്കെട്ടുകളെ നോക്കി അവൾ പറഞ്ഞു:
“ദാ, ആ കാണുന്നത് മുഴുവനും എന്റെയാ..” അങ്ങകലെ നിരന്നുനിൽക്കുന്ന പാടങ്ങളും അതിൽ പൊട്ടുപോലെ കാണുന്ന ആളുകളും പലതരം പക്ഷികളും. അവനും ആ കാഴ്ചകണ്ട് അത്ഭുതപ്പെട്ടു.
അച്ഛനും അമ്മയും ബ്രോക്കറുംകൂടി സംസാരിക്കുകയാണ്. അച്ഛൻ വരാന്തയിൽ താഴേക്ക് കാലുംതൂക്കി ഇത്തിരി മുന്നോട്ടാഞ്ഞിരുന്നു, അമ്മ ഉരുളൻ തൂണിൽ മുഖം ചേർത്തിരിക്കുന്നു. അമ്മയുടെ മുഖത്ത് പഴയ ഇഷ്ടക്കേടില്ല. എങ്കിലും തീരെയങ്ങ് തൃപ്തിയായ മട്ടില്ല.
“കുട്ടികൾക്ക് സ്കൂളിൽ പോകാൻ എന്തോരെ നടന്നാലാ...” അവൾ ആവലാതിപ്പെട്ടു. “അത്
മാത്രമാണോ, ഒരു വണ്ടി വാങ്ങിയാല് എവടെക്കൊണ്ടിടും.”
“അതൊക്കെ ആലോചിക്കാം, നീയൊന്ന് സമാധാനിക്ക്.” അച്ഛൻ പതുക്കെപ്പറഞ്ഞു.
“സ്കൂള് ദാ,” ബ്രോക്കർ ഇടയ്ക്കു കയറി. “കൃഷ്ണന്റമ്പലത്തിന്റവിടേന്ന് ഒരു വളവു തിരിഞ്ഞാ മതി.” അയാൾക്ക് കച്ചവടം എങ്ങനെയെങ്കിലും ഉറപ്പിക്കണമെന്നുണ്ടായിരുന്നു.
പെൺകുട്ടി വീണ്ടും മുറ്റത്തിന്റെ അരികിൽ ചെന്നുനിന്നു. അവൾ അതിശയത്തോടെ ദൂരേക്ക് വീണ്ടും വീണ്ടും നോക്കി. എത്രമാത്രം ആകാശമാ, ഇത് മുഴുവൻ എന്റെയാ, അവൾ പിറുപിറുത്തു.
വീടിന് അവളോട് വല്ലാത്ത വാത്സല്യം തോന്നി. അവളുടെ പാദസരങ്ങൾ തന്റെ അകത്തളങ്ങളിൽ കിലുങ്ങണമെന്ന് വീട് വല്ലാതെ ആശിച്ചു.
ആൺകുട്ടി, പൂത്തുനിൽക്കുന്ന ചെടികളിൽ, മെല്ലെ തലോടി.കണ്ണാന്തളി മു തൽ കാട്ടു മുല്ല വരെ എന്തെല്ലാം പൂക്കളാണ് മുറ്റത്തും പറമ്പിലുമായി
വിടർന്നുനിൽക്കുന്നത്. അവർ ആശയോടെ അച്ഛനെയും അമ്മയെയും നോക്കി. പട്ടണത്തിലെ ആ ഇരുണ്ട മുറിയിൽനിന്ന് വിട്ടുപോരാൻ അവർ ഒത്തിരി കൊതിച്ചു. അവിടെ അവർക്ക് ആകാശമേ ഇല്ലായിരുന്നു. ഒരുപൂവുപോലും അവൾക്ക് അവിടെനിന്ന് കിട്ടിയിട്ടില്ല. മണ്ണുവാരിക്കളിക്കാൻ അവർക്ക്
മുറ്റമേ ഇല്ലായിരുന്നു. വീടിന് അതെല്ലാം മനസ്സിലായി,
അച്ഛൻ ധ്യതിയിൽ വാച്ചിലേക്കു നോക്കി, എന്നിട്ട് ബ്രോക്കറോടു പറഞ്ഞു:
“ഞങ്ങൾ എന്തായാലും ഒന്നുകൂടി ആലോചിക്കട്ടെ. എന്നിട്ടു വിളിക്കാം."
അമ്മയും ആലോചനയോടെ സാവധാനം എണീറ്റു.
വീട് പ്രതീക്ഷയോടെ എല്ലാവരെയും നോക്കി. പെൺകുട്ടി വരാന്തയിലെ ഉരുളൻതൂണിൽ കവിൾ ചേർത്തു, എന്നിട്ട് പതുക്കെപ്പറഞ്ഞു: “പോയിട്ട് വരാവേ,” വീടിന്റെ ഉള്ളിൽ ഒരു തേങ്ങൽ വന്നുമുട്ടി. ആൺകുട്ടി മുറ്റത്തെ കണ്ണാന്തളിയിലൊന്നു തലോടി. “പോയിട്ടു വരാവേ,”
“ഓ.." പൂവിനും വല്യ (പതീക്ഷയൊന്നുമില്ലായിരുന്നു.

അവർ മുറ്റത്തുനിന്നും ഇടവഴിയിലേക്കു കയറുന്നത് വീട് നോക്കിനിന്നു. രാത്രി വന്നതും പോയതും പിന്നെയും വന്നതും വീട് അറിഞ്ഞതേയില്ല. വീട് ഇടവഴിയിലേക്കുതന്നെ നോക്കിനിന്നു.

പുതുമഴ പെയ്തുതുടങ്ങിയതോടെ മുറ്റത്തിനരുകിൽ മടിച്ചുനിന്നിരുന്ന കാട്ടുപുല്ലുകൾ അടു
ത്തേക്ക് പതുക്കെ നടന്നുവന്നു.
മഴപെയ്തു നനഞ്ഞ മൺകയ്യാലയിലെ പൊത്തിൽനിന്നും ഇറങ്ങിവന്ന എലിയെ ചേര
പിടിച്ചു തിന്നുന്നതു കണ്ടിട്ടും വീട് ഒന്നും മിണ്ടിയില്ല. വടക്കുവശത്തെ ചാർത്തിന്റെ ഭിത്തിയിൽക്കൂടി ഒരുപറ്റം ചിതലുകൾ മുകളിലേക്കു കയറിപ്പോകുന്ന
കാര്യം വന്നു പറഞ്ഞ പല്ലിയെ വീട് വഴക്കു പറഞ്ഞു. “അവർ പിന്നെ എവിടെപ്പോകാനാ?” ഇടവപ്പാതിയിലെ കാറ്റിൽ മാവിന്റെ ചാഞ്ഞുനിന്ന് ശിഖരം ഒടിഞ്ഞുവീണതും തെക്കുവശത്തുനിന്ന് വലിയ തേക്കുമരം കടപുഴകി വീണതുമൊന്നും വീട് ശ്രദ്ധിച്ചില്ല.

വീട് അപ്പോഴും ആ കുഞ്ഞ് പാദസരത്തിന്റെ കിലുക്കത്തിനു കാതോർത്തുകൊണ്ട് ഇടവഴിയിലേക്കു നോക്കിനിന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

വിശക്കാതിരുന്നെങ്കിൽ! (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

View More