Image

യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം വർഷം പൂത്തുലയുന്നു (കുര്യൻ പാമ്പാടി)

Published on 04 September, 2021
യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)
പെരിയാറിന്റെ തീരത്ത് നാൽപതു ഏക്കറിൽ 1921ൽ തുടങ്ങിയ ആലുവ യുസി എന്ന യൂണിയൻ ക്രിസ്ത്യൻ കോളേജിന് ഇത് നൂറാം വാർഷികം. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് ഉദ്‌ഘാടനം ചെയ്തത്. നൂറു വർഷം മുമ്പ്  കോളജിന്റെ മുമ്പിൽ ഗാന്ധിജി നട്ട മാവ് വളർന്നു ശാഖോപ ശാഖകളായി പടർന്നു  നിൽക്കുന്നത് കണ്ടു ഗവർണർ  വിസ്മയം കൊണ്ടു.

മദ്രാസ് ക്രിസ്ത്യൻ  കോളേജിൽ പഠിക്കുകയും പഠിപ്പിക്കുകയൂം ചെയ്ത നാലു മഹാരഥന്മാർ ചേർന്ന് രൂപം കൊടുത്തതാണ്  കോളജ്-- കെസി  ചാക്കോ, എ എം വർക്കി, സി പി മാത്യു. വി എം ഇട്ടിയേര എന്നിവർ. ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സിഎസ്‌ഐ   സഭകൾ ചേർന്നുള്ള യൂണിയൻ ആണ് കോളജ് ഭരണം നടത്തുന്നത്.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, മുൻ മുഖ്യമന്ത്രി പികെ വാസുദേവൻ നായർ, ഇടത്  ബൗദ്ധികാചാര്യൻ പി. ഗോവിന്ദ പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രൊഫ. രാജൻ ഗുരുക്കൾ, നടൻ ദിലീപ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി പ്രശസ്തരരായ നിരവധി പേരുടെ ആത്മ വിദ്യാലയമാണ്   യുസി.  

തിരുവിതാംകൂർ മഹാരാജാവ് കരമൊഴിവായി നൽകിയ 18 ഏക്കറിലായിരുന്നു  തുടക്കം. ഒരുവർഷത്തിനകം മഹാകവി  ടാഗോറും വൈസ്രോയി ഇർവിൻ പ്രഭുവും കോളജ് സന്ദർശിച്ചു. പിറ്റേവർഷം മഹാത്മാഗാന്ധിയും. കോളജിന്റെ മുമ്പിൽ ഗാന്ധിജി നട്ട കോമാണ്ടൻ മാവ് പൂത്തു നിറയെ മാങ്ങകൾ  ഉണ്ടായി. "ഉപ്പിലിടാൻ നല്ലത്. പഴുത്താൽ   പുളി"--ബോട്ടണി വിഭാഗം തലവനും ലോകമാകെ സഞ്ചരിച്ച ഹോർട്ടികൾച്ചറിസ്റ്റുമായ   ഡോ. മനു എം ജോർജ് പറയുന്നു.  

രാഷ്ട്രപതിമാർ പലരും സന്ദർശനം നടത്തിയ ചരിത്രമുണ്ട് യുസിക്ക്. പ്രശസ്ത യുക്തിവാദി കുറ്റിപ്പുഴ  കൃഷ്‌ണപിള്ള മലയാളം പഠിപ്പിച്ചിരുന്ന കാലത്ത്  കേരളത്തിലെ ഇടതുരാഷ്ട്രീയത്തിൽ പിന്നീട്  ശോഭിച്ച നിരവധി പേർ അവിടെ പഠിച്ചിറങ്ങി. ചാനലുകളിൽ സുപരിചിതനായ അഡ്വ. എ. ജയശങ്കർ ആണ് പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി.

നൂറു വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ ആകുന്നതും ശതാബ്ദി വർഷത്തിലാണ്-- ബോട്ടണി വകുപ്പിൽ 27 വർഷത്തെ പരിചയമുള്ള ഡോ. താര കെ. സൈമൺ  സുപ്രീംകോടതി വരെ പോയി അഗ്നിശുധ്ധി വരുത്തിയാണ് ഒന്നാംതീയതി ചാർജ് എടുത്തത്.

പ്രബന്ധങ്ങൾ അംഗീകൃത ജേർണലുകളിൽ  പ്രസിദ്ധീകരിച്ചവ അല്ലെന്നതാണ് തർക്കത്തിൽ പെട്ടത്. 2018 ൽ നിയമനം നൽകിയ മാനേജ്‌മെന്റ് പോലും യുണിവേഴ്സിറ്റിയോടൊപ്പം ചേർന്ന് എതിർത്തു. ഹൈക്കോടതി നൽകിയ അനുകൂല വിധിക്കെതിരെയുള്ള രണ്ടുകൂട്ടരുടെയും ഹർജികൾ സുപ്രീം കോടതി തള്ളി.

രണ്ടായിരത്തറുനൂറിൽ പരം  വിദ്യാർത്ഥികൾ, ഡിഗ്രി മുതൽ പിഎച്ച്ഡി വരെ കൈകാര്യം ചെയ്യുന്ന 18 വകുപ്പുകൾ, 170 അധ്യാപകർ,  ആദ്യകാലത്ത് 'പഞ്ച് ' എഡിറ്റർ മാൽക്കം മഗ്ഗറിഡ്ജ് പോലുള്ള പ്രഗത്ഭ ഇംഗ്ലീഷുകാർ പഠിപ്പിച്ചിരുന്നു. അടുത്ത കാലത്ത് കോളേജുമായി ബന്ധമുള്ള അന്താരാഷ്ട്ര യൂണിയൻ ബോർഡിന്റെ സഹായത്തോടെയും അല്ലാതെയും  അധ്യാപകരിൽ പലരും വിദേശത്തു പോയി പഠനം നടത്തി വന്നിട്ടുണ്ട്.

പ്രിൻസിപ്പൽ താര തന്നെ ഒരുദാഹരണം. അവർ യുഎസിലെ ഹോപ്പ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തി. ജപ്പാനിലും ഫിലിപ്പീൻസിലും പഠനപര്യടനം നടത്തി. എൻവെന്മെന്റ് ബയോളജിയിൽ രണ്ടാമതൊരു എംഎസ്സി അവർക്കുണ്ട്. ജേർണലിസത്തിൽ പിജി ഡിപ്ലോമയും.
 
"സത്യം നിങ്ങളെ സ്വതന്ത്രർ ആക്കട്ടെ" (ദി ട്രൂത് ഷാൽ  മേക്ക് യു ഫ്രീ) എന്നതാണ് കോളജിന്റെ ആപ്തവാക്യം. കോളജിനു വേണ്ടി ഇത്ര മനോഹരമായ അന്തരീക്ഷം സൃഷ്ടിച്ചവരെ അഭിനന്ദിച്ചുകൊണ്ടാണ് ഗാന്ധിജി  1925  മാർച്ച്  18-നു കോളജിൽ പ്രസംഗം തുടങ്ങിയത്.

"വിദ്യാഭ്യാസം ഉപജീവനത്തിനെന്നു കരുതരുത്. ശാരീരികമായ  ഐക്യം കൊണ്ട് മാത്രമേ യഥാർത്ഥ മനഃപൊ
രുത്തം സാധ്മമാവൂ." ചർക്കയുടെയും നൂലിന്റെയും കാര്യത്തിൽ പുതിയ തലമുറ കാട്ടുന്ന വിമുഖതയെ അദ്ദേഹം വിമർശിച്ചു. "മാതൃകാപരമായ ഈ അന്തരീക്ഷം എന്നെ ധന്യനാക്കി," അദ്ദേഹം കോളജ് ഡയറിയിൽ കുറിച്ചിട്ടു.

കോളജിന്റെ പൂർവവിദ്യാർഥി സംഘടനകളിൽ  ഏറ്റവും ഊർജസ്വലമായതു നോർത്ത് അമേരിക്കയിലും കുവൈറ്റ്റിലും പ്രവർത്തിക്കുന്നവയാണ്. ശതവത്സര സ്മാരകമായി നിർമ്മിക്കുന്ന ഇന്റർനാഷനൽ സെന്ററിന് കാര്യമായ സംഭാവന നൽകാൻ ഡോ. തോമസ് പി മാത്യു അദ്ധ്യക്ഷനായ 'യുക്കാന' എന്ന വടക്കൻ അമേരിക്കൻ യൂണിറ്റ് തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിലും കാനഡയിലുമായി 800-1000 പൂർവ വിദ്യാർ
ത്ഥികൾ  ഉണ്ട്. ഒരാൾ നൂറു ഡോളർ എടുത്താൽ കാര്യം നിസാരം. സംഘടന രൂപമെടുത്ത ശേഷം കോളജിനു ഒരു ലക്ഷം ഡോളർ നൽകിക്കഴിഞ്ഞു.  

പരുമല മേൽപ്പാടത്ത് ജനിച്ച ഡോ  തോമസ് ഭാര്യ ഡോ.  റേച്ചലുമൊത്തു കാൽ നൂറ്റാണ്ടായി  ഒഹായോയിലെ ക്ളീവ് ലൻഡിലാണ്. വൈസ് പ്രസിഡണ്ട് ഡോ. ഭാമിനി എംപി നായർ, സെക്രട്ടറി ടൊറന്റോയിൽ സേവനം ചെയ്യുന്ന ഡോ. അഞ്ജു മേരി ഫിലിപ്പ്. ട്രഷറർ ന്യൂ ജേഴ്സിയിലെ ജോർജ് വർഗീസ് സിപിഎ 31 വർഷമായി യുഎസിൽ എത്തിയിട്ട്..സിറ്റി ബാങ്കിൽ 22 വർഷം.  ന്യൂ ജേഴ്സിയിലെ മോൺട്വേലിൽ ഇന്റെർണൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന  ഡോ. റെബേക്ക മിനി വർഗീസാണ് ഭാര്യ.  

ഡോ. സിറിയക് ജോർജ് ആണ് കുവൈറ്റ് യൂണിറ്റിന്റെ പ്രസിഡണ്ട്.. കാഞ്ഞിരപ്പള്ളി സ്വദേശി, യൂണിവേ
ഴ്സിറ്റിയിൽ സേവനം. ഭാര്യ റീന എൻജിനീയറാണ്. 2009 ൽ യൂണിറ്റ് ആരംഭം കുറിച്ചതു മുതൽ ഭാരവാഹിയാണ്. കൊച്ചുമോൻ ഫ്രാൻസിസ് വൈസ് പ്രസിഡണ്ട്. ഡോ.സുനിത കുര്യൻ സെക്രട്ടറി,   ആസിഫ് പെടിക്കാട്ട് ട്രഷറർ.

കുവൈറ്റിറ്റിലെ മലയാളികളുടെ അധ്ര്യഷ്യ നേതാവായിരുന്ന ടൊയോട്ട സണ്ണിയുടെ വിധവ മേരി മാത്യു (മോളി കൊച്ചമ്മ, 84) ആണ് യൂണിറ്റിലെ ഏറ്റവും പ്രായം കൂടിയ ആൾ. യുസി കോളജിലെ എല്ലാവകുപ്പിലും പെട്ട ഓരോ മികച്ച വിദ്യാർത്ഥിയെ 'യുക്കാറ്റ്'  സ്പോൻസർ ചെയ്യുന്നു. 'ഗാന്ധിമാവ് ഡിജിറ്റൽ'  പദ്ധതിയിലും ഭാഗഭാക്കായി. നൂറോളം അംഗങ്ങൾ  ഉണ്ട് കുവൈറ്റിൽ.  

ശതവാർഷികം പ്രമാണിച്ച്   22,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളുള്ള പുതിയൊരു ലൈബ്രറി കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ ഗവർമെന്റ് വകയിരുത്തിയിട്ടുണ്ട്.

ഡോക്ടറൽ ഗവേഷണത്തിന് പോലും വെള്ളംചേർക്കുന്ന ഇക്കാലത്ത് ആത്മാർത്ഥമായി ഗവേഷണം നടത്തി ഫലം മികച്ച ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നവർക്കു ഏറ്റ കനത്ത ആഘാതമാണ് കോടതി വിധിയെന്ന് വിശ്വസിക്കുന്നവരും കോളജിലുണ്ട്. എപിഐ സ്‌കോർ നിശ്ചയിക്കുന്നതിന്റെ യുജിസി മാനദണ്ഡം ഹൈ കോടതി തൃണവൽക്കരിച്ചു. ഈ പ്രശ് നത്തിൽ എംജിയിൽ തന്നെ എട്ടു പത്ത് പേർ മോക്ഷം കിട്ടാതെ അലയുന്നുണ്ട്.  

"ദീഘകാലമായി അദ്ധ്യാപനം നടത്തുന്ന  ഹർജിക്കാരിയെ റിട്ടയർ ചെയാൻ ഏതാനും മാസം മാത്രമുള്ള കാലത്ത് സർവകലാശാല പീഡിപ്പിക്കുകയാണ്," എംജി യൂണിവേഴ്സിറ്റിയുടെ അപ്പീൽ തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.

അങ്ങിനെ ആ തർക്കം അടഞ്ഞ അദ്ധ്യായം ആയി. "നൂറു വർഷത്തെ പാരമ്പര്യ ഉള്ള യുസി കോളജിന്റെ   മഹത്തായ വഴിത്താരയിലൂടെ നമുക്ക് ഇനിയും ഒരുപാട് പോകാനുണ്ട്. പുതിയ പ്രഭാതം ഉദിച്ചിരിക്കുന്നു," യുക്കാനാ പ്രസിഡണ്ട് ഡോ. തോമസ് പി മാത്യു ട്വീറ്റ് ചെയ്തു.

യൂസിയിലെ ആദ്യ പ്രീ ബാച്ചിൽ  തുടങ്ങി ടാഗോർ ഹോസ്റ്റലിൽ പ്രിഫെക്ട് ആയി  ഇക്കണോമിക്‌സിൽ ബിരുദം നേടിയ ആളാണ് ഫാ. കെവി പൗലോസ്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ മാസ്‌റ്റേഴ്‌സ് ചെയ്തു പ്രഫസറായി വിരമിച്ച അദ്ദേഹം യുസി കോളജ് ഗവേണിങ് കൗൺസിൽ അംഗവുമായിരുന്നു. അക്കാലത്താണ്  രണ്ടു പേരെ പ്രിൻസിപ്പൽമാരായി തെരെഞ്ഞെടുക്കാനും താരയെ ഏകകണ്ഠമായി നാമനിർദേശം ചെയ്യാനും ഇടയായത്.

"എന്തൊക്കെ പറഞ്ഞാലും നിയമനത്തിനോ പ്രവേശനത്തിനോ കോഴ വാങ്ങാത്തതായി  കേരളത്തിൽ അവശേഷിക്കുന്ന രണ്ടേ രണ്ട് സ്ഥാപനങ്ങൾ യുസിയും ചങ്ങനാശ്ശേരി എസ്ബിയുമാണ്, " അദ്ദേഹം പറഞ്ഞു.  

കുറ്റിപ്പുഴ കൃഷ്‌ണപിള്ളയുടെ കാലടിപ്പാടുകൾ പിന്തുടർന്നു മലയാളം പ്രഫസറായി ശതവത്സരത്തിൽ വിടവാങ്ങാൻ ഭാഗ്യം സിദ്ധിച്ചത് എഴുത്തുകാരിയായ ഡോ. മ്യൂസ് മേരി ജോർജിനാണ്. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും  തലനാരിഴക്കു പ്രിൻസിപ്പലാകാൻ കഴിയാതെ വന്നതിൽ മ്യുസ് ഒട്ടും ഖിന്നയല്ല.

ഗുരുകുലസമ്പ്രദായത്തിൽ ആരംഭിച്ച കോളജിൽ 26 വർഷത്തെ അധ്യാപനകാലയളവിൽ നൂറു കണക്കിന് കുട്ടികളുടെ ഗുരുവും അമ്മയും സഹോദരിയും ഒക്കെയാകാൻ കഴിഞ്ഞുവെന്നതാണ് തന്റെ നേട്ടമെന്ന് മ്യുസ് പറയുന്നു.

"അളവ് നൂൽ എനിക്ക് മനോഹര ദേശത്ത് വീണിരിക്കുന്നു, അതേ എനിക്ക് നല്ലൊരവകാശം ലഭിച്ചിരിക്കുന്നു" എന്ന പതിനാറാം സങ്കീർത്തനം മനസ്സിൽ ധ്യാനിച്ച് പൂക്കളും ഇളം കാറ്റും ആസ്വദിച്ച് യുസികോളജിന്റെ വളപ്പിൽ നടക്കാനാണ്  എനിക്കിഷ്ട്ടം"

'മണ്ണും പെണ്ണും രചനയുടെ പരിപ്രേക്ഷ്യത' ആയിരുന്നു ഡോക്ടറൽ പ്രബന്ധ വിഷയം. മാധവിക്കുട്ടിയുടെ കഥകളെപ്പറ്റി നടത്തിയ പഠനം ആണ് ഒടുവിലത്തെ പുസ്തകം. ഒരുപിടി നല്ല പുസ്തകങ്ങൾ രചിച്ചു. ഇനിയും ഇറക്കണം. 2012ൽ  മികവ് തെളിയിച്ച നൂറു മഹിളകളിൽ ഒരാളെന്ന നിലയിൽ ഗവർമെന്റിന്റെ മഹിളാ രത്നം ബഹുമതി ലഭിച്ചു.

പ്രശസ്തരായഎഴുത്തുകാരെയും ഭാഷ ശാസ്ത്ര പണ്ഡിതരെയും  കൊണ്ടുവന്നു ശതാബ്ദി പ്രഭാഷണങ്ങളും സെമിനാറുകളും  വെബിനാറുകളും സാംഘടിപ്പിക്കാൻ കഴിഞ്ഞു. വിദ്വാൻ പിജി നായർ സ്മാരക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി, മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ  നളചരിതം ആട്ടക്കഥ അവതരിപ്പിച്ചു. കോളജിന്റെ നവതിക്കു 'ഓർമ്മക്കൂട്ട്'' എന്ന പേരിൽ അഞ്ഞൂറ് പേജുള്ള  ഒരു ഗ്രൻഥം  ഇറക്കി.

ശതാബ്ദിയുടെ പല വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവയിൽ എനിക്ക് ഏറ്റവും  ഇഷ്ടപെട്ടത് 2021  ജൂലൈയിൽ നടന്ന അലുംനിയെക്കുറിച്ചുള്ള ഒന്നാണ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള അതിൽ യുസിയുടെ ചരിത്രവും പരമ്പര്യം വിളംബരം ചെയ്യുന്നതോടൊപ്പം സംഗീതവും നൃത്തവും തദ്ദേശിയരും വിദേശികളുമായ നിരവധി പേരുടെ സാക്ഷ്യ പത്രങ്ങളും ഉണ്ട്.

യുഎസ്, കാനഡ, മെക്സിക്കോ, യുകെ, ജർമ്മനി, സൗത്ത് ആഫ്രിക്ക, ഗൾഫ് ജപ്പാൻ, വിയറ്റ്നാം എന്നി
വിടങ്ങൾക്കു പുറമെ  ഇക്വഡോറിൽ  നിന്നു ഫാ. ജോൺ കണ്ടത്തിലും അതിൽ ഭാഗഭാക്കായി.
വീഡിയോ സമാപിക്കുന്നത് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിൽ ഫോട്ടോണിക്‌സിൽ പിഎച്ച്ഡി ചെയ്യുന്ന പൂർവ വിദ്യാർത്ഥിനി മേഘ എമേഴ്‌സിന്റെ മനസിൽ  തൊടുന്ന ഗാനത്തോടെയാണ്:

"ഇനിയൊരുകാലത്തേക്കൊരു പൂ വിടർത്തുവാൻ
 ഇവിടെ ഞാനീ മരം നട്ടു
 ഇനിയൊരു കാലത്തേക്കു ഒരു തീ പടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു
തണലേകും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാം ഉണ്ടായിരിക്കും" (അജീഷ് ദാസൻ, 'പൂമരം')
യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)യുസി കോളേജിൽ മഹാത്മജി നട്ട കോമണ്ടൻ മാവ് നൂറാം  വർഷം  പൂത്തുലയുന്നു (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക