Image

സ്‌മൈൽ, പ്ലീസ് (മൃദുമൊഴി 24: മൃദുല രാമചന്ദ്രൻ)

Published on 05 September, 2021
സ്‌മൈൽ, പ്ലീസ്  (മൃദുമൊഴി 24: മൃദുല രാമചന്ദ്രൻ)
കറുത്ത ചാന്ത് പൂശിയ തിളങ്ങുന്ന നിലമുള്ള, അഴിയിട്ട , കാറ്റും വെയിലും ഓടി നടക്കുന്ന നീളൻ വരാന്തയിൽ ഇട്ട , നിറമുള്ള കയർ മെടഞ്ഞുണ്ടാക്കിയ കസേരയിൽ ഇരുന്ന്, നാരകത്തിലയും, ഇഞ്ചിയും, കാന്താരിയും ചതച്ചിട്ട സംഭാരം കുടിച്ചു കൊണ്ട് ,ആ വീടിന്റെ കുമ്മായം പൂശിയ ചുവരിൽ കൂടി ഒന്ന് കണ്ണോടിച്ചാൽ കുറെ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കാണാം-ആ വീടിന്റെ ഇന്നും, ഇന്നലെയും, നാളെയും കാണാം.

കുറച്ചു വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഇരിപ്പു മുറികളിൽ അതിഥികളെ സ്വീകരിച്ചിരുന്ന കറുപ്പും,വെളുപ്പും കലർന്ന ആ ചിത്രങ്ങളെ പറ്റി തന്നെയാണ്‌.

മക്കളുടെ വിവാഹ ചിത്രങ്ങൾ:അഴിച്ചിട്ട മുടിയിൽ ചെവിക്ക് പിന്നിൽ വലിയ പൂ തിരുകിയ വധു,കോട്ട് ധരിച്ച വരൻ. വാലിട്ടു, കണ്ണെഴുതി, വയമ്പിന്റെ പൊട്ട് തൊട്ട് കമിഴ്ന്നു കിടന്ന്, തല പൊക്കി നോക്കി ചിരിക്കുന്ന കുഞ്ഞുങ്ങൾ. പൂക്കളുള്ള സാരിത്തലപ്പ് വിടർത്തിയിട്ടു ചിരിക്കുന്ന കോളേജ് കുമാരി, കൂട്ടുകാരുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന, വലിയ കോളർ ഉള്ള ഷർട്ട് ധരിച്ച പയ്യൻ. ഓരോ ചിത്രവും ഓരോ ആളെപ്പറ്റി, ഓരോരോ ഓർമകളെ പറ്റി വാചാലമായി.

സെൽഫികൾക്കും, ഫിൽട്ടറുകൾക്കും മുൻപുള്ള ഒരു കാലം.ഒരു ഫോട്ടോ എടുക്കുക എന്നത് ഒരു ആഘോഷം ആയിരുന്ന കാലം.ഉള്ളതിൽ ഏറ്റവും നല്ല ഉടുപ്പുകൾ ഇട്ട്, കുട്ടിക്യൂറ പൗഡർ പൂശി ഗ്രാമത്തിലെ ഏക ഫോട്ടോ സ്റ്റുഡിയോയിലേക്ക് നടന്ന് പോയിരുന്നവർ...

സ്റ്റുഡിയോയിൽ എത്തി കഴിഞ്ഞാൽ വീണ്ടും ഒരു കോട്ട് പൗഡർ പൂശി ഒരു ഫൈനൽ ടച്ച് അപ്പ്.ശേഷം നദിയും മലകളും ഉള്ള ,അരയന്നങ്ങൾ മേയുന്ന ഒരു  ചിത്രപടം നമുക്ക് പിന്നിൽ നിവർത്തിയിടുന്നു.മൂന്ന് കാലിൽ നിൽക്കുന്ന ക്യാമറയിലേക്ക് നോക്കി, ക്യാമറാമാന്റെ നിർദ്ദേശപ്രകാരം താടി ഉയർത്തി, നെറ്റി താഴ്ത്തി, തോള് ചെരിച്ചു, പാകത്തിന് ചിരിച്ചു അവസാനം ചെറിയ ഫിലിമിൽ ചിത്രം തെളിയുമ്പോഴേക്കും നമ്മൾ ക്ഷീണിതർ ആകും.

ഏഴോ, എട്ടോ ദിവസം നീളുന്ന കാത്തിരിപ്പിന് ഒടുവിൽ ഡാർക്ക് റൂം എന്ന അത്ഭുത മുറിയിൽ നിന്ന് നമ്മുടെ ചിത്രവും, അതിന്റെ നെഗറ്റീവും ഒരു കടലാസ് കവറിൽ ഇട്ട് കയ്യിൽ എത്തുന്നു.

കയ്യിലുള്ള സ്മാർട്ട് ഫോൺ കൊണ്ട് തുരുതുരെ ചിത്രങ്ങൾ എടുത്തു കൂട്ടുന്നത് പോലെയല്ല, ഓരോ ചിത്രത്തിനും ഓരോ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. പത്താം ക്‌ളാസിലെ പരീക്ഷക്ക് വേണ്ടി എടുക്കുന്ന പാസ്സ്പോർട്ട് സൈസ് ഫോട്ടോ ആയിരുന്നു മിക്കവരുടെയും ജീവിതത്തിലെ ആദ്യ ചിത്രം.

കട്ടിയുള്ള കവർ ഇട്ട ആൽബത്തിൽ ഓരോ ചിത്രവും പശ മണത്തോടെ പതിഞ്ഞു.വിരുന്നുകാർക്ക് മുന്നിൽ ആ ആൽബങ്ങൾ അഭിമാനത്തോടെ തുറന്നു, ഓരോ ചിത്രത്തെയും കുറിച്ചുള്ള കഥകൾ പറഞ്ഞു, മിഴി നിറഞ്ഞു, സ്വരം ഇടറി.

ഇപ്പോൾ നമ്മൾ വീടിന്റെ ചുമരിൽ അല്ല , ഫേസ്ബുക്കിന്റെ ചുമരിൽ ആണ് ചിത്രങ്ങൾ പതിക്കുന്നത്.അന്തസ്സുള്ള അടിക്കുറിപ്പുകളും, കെ കണക്കിന് പെരുവിരൽ മുദ്രകളും, കമന്റുകളും ആയി അൽപ്പനേരം ചിത്രങ്ങൾ ആഘോഷിക്കപ്പെടുന്നു.

ഹാ...ചിത്രമേ,അധിക തുംഗ പദത്തിലെത്രയോ ശോഭിച്ചിരുന്നതൊരു.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക