Image

കുടിയേറ്റത്തിന്റെ ആദ്യകാലചിത്രങ്ങള്‍ വരച്ചിട്ട മഹാകവി മനയില്‍ (ജോണ്‍ മാത്യു)

Published on 05 September, 2021
കുടിയേറ്റത്തിന്റെ ആദ്യകാലചിത്രങ്ങള്‍ വരച്ചിട്ട മഹാകവി മനയില്‍ (ജോണ്‍ മാത്യു)
ഏറെ ദുഃഖത്തോടെ ആ വാര്‍ത്ത വായിച്ചു. മഹാകവി മനയില്‍ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. ഒരു കാലഘട്ടത്തിന്റെ ചിത്രം നമുക്കു തന്നിട്ടുപോയ ജേക്കബ് മനയില്‍, മഹാകവി മനയില്‍! ആ കാവ്യസാമ്രാജ്യത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞ അക്കാലത്തെ നമ്മുടെ സാംസ്കാരിക നേതൃത്വം "മഹാകവി' എന്ന പട്ടം അദ്ദേഹത്തിനു കല്പിച്ചു കൊടുത്തു. മനയില്‍ കവിതകളിലൂടെ സഞ്ചരിക്കുന്ന ആരും ഇത് നിഷേധിക്കുകയുമില്ല. കവിത അദ്ദേഹത്തിന്റെ മനസ്സിലും തൂലികയിലും തുളുമ്പി നില്ക്കുകയായിരുന്നു. എന്തു വിശാലമായ ലോകം. എന്തു പദസമ്പത്ത്!
    
അമേരിക്കയിലെ ആദ്യകാല മലയാളി ജീവിതത്തിന്റെ സൂക്ഷ്മവശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് അദ്ദേഹത്തിനുണ്ടായിരുന്ന നൈപുണ്യം ഒന്നു വേറെ. ഇതാ കേള്‍ക്കൂ വിരഹത്തിന്റെ മാനസികാവസ്ഥ.
    
""പുലരിപൂത്തൊരു മൃദുലഹാസവും
    പുതുമലരാര്‍ന്ന പരിശുദ്ധീം
    പനിനീര്‍പ്പൂവേലും തൂഹിന ബിന്ദുവില്‍
     പുലരി ചാര്‍ത്തുന്നോരഴകുമായ്
    മഹിതരാര്‍ദ്ര ഹൃദയസൂനത്തില്‍
     മധുമാസം ചേര്‍ക്കും മധുവുമായ്
    കരളല്ലേ, പ്രേമത്തികവല്ലേ, വേഗം
     വരികില്ലേ-യിന്നെന്നരികില്‍ നീ.''

    ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടത് ഒരിക്കല്‍ മാത്രം. അതും യാദൃശ്ചികമായി! അക്കാലത്ത് സംഘടിത സാഹിത്യ മീറ്റിംഗുകളൊന്നും ഇല്ലായിരുന്നല്ലോ. പക്ഷേ, ആ കവിതകള്‍ എത്രയോ നേരത്തെ ഞാന്‍ വായിച്ചിരുന്നു. കുടിയേറ്റക്കാര്‍ വന്നിറങ്ങുന്ന ചിത്രം അദ്ദേഹം വരച്ചിട്ടത് ഇങ്ങനെ:

    ""പാതിരാക്കൂരിരുള്‍ ചാര്‍ത്തിനെ പുച്ഛിച്ചു
    നിയോണ്‍ വിളക്കു ചിരിച്ചുനില്ക്കും
     വിശ്വവിശ്രുതമാം ഡാലസെയര്‍പോര്‍ട്ടില്‍
    മത്തായിമാത്യൂസു ചെന്നു നില്‌ക്കേ
    കാഞ്ചീപുരംസാരി ചുറ്റിപ്പുറത്തൊരു
    കോട്ടിട്ടെയര്‍ബാഗു തോളില്‍തൂക്കി
    പുത്തന്‍മഴകണ്ട വേഴാമ്പലെന്നപോ-
    ലെത്തിയ തോഷംതെളിഞ്ഞുമിന്നി
    വാടിത്തളര്‍ന്ന മുഖത്തൊരു പുഞ്ചിരി-
    ഓടിപ്പരന്നൊരു ഭാവമോടെ
    മന്ദം നടന്നു വരുന്നൊരു കേരള
    മങ്കയെ കണ്ടയാള്‍ പുഞ്ചിരിച്ചു
    അചായനലേയെന്നുള്ളോരു ചോദ്യവും
    അമ്മുവോ? എന്നുള്ളൊരുത്തരവും
    ആയിരം വര്‍ഷം പരിചയമുള്ളപോല്‍
    രണ്ടാളും പൊട്ടിച്ചിരിച്ചുപോയി.''
    മലയാളത്തനിമയാര്‍ന്ന ആഗമന ചിത്രം, ഇനിയും നാടകീയത....
    ""കൂട്ടുകുടുംബച്ചരടിന്റെ കണ്ണികള്‍
    കെട്ടിമുറുക്കുന്ന രക്തബന്ധം
    ബാഗേജുമായവര്‍ കാറില്‍കേറവേ
    ചിന്തകള്‍ താളുമറിച്ചുനീങ്ങി.''
    
അകന്ന ബന്ധം അടുത്ത ബന്ധമാക്കി പരസ്പരം തണലേകാന്‍ കുടിയേറ്റക്കാര്‍ വന്നിറങ്ങുന്ന സന്ദര്‍ഭത്തിന്റെ മനോഹാരിത, കൂടാതെ ആദ്യ യാത്രകളെപ്പറ്റിയുള്ള ഒരു ആക്ഷേപഹാസ്യവും നോക്കൂ. ഈ ദീര്‍ഘയാത്രക്ക് കാഞ്ചിപുരം ആര്‍ഭാടപട്ടുസാരി വാരിച്ചുറ്റിയാണ് അമ്മു വന്നിരിക്കുന്നത്. അക്കാലത്ത് വിമാനത്തില്‍ കേറാന്‍ പോകുന്നത് എന്തോരു ആഘോഷമായിട്ടായിരുന്നെന്നോ!

    മറ്റൊരു തലം.
    തൊഴില്‍ സാദ്ധ്യതയേറിയ വടക്കന്‍ സംസ്ഥാനങ്ങളിലെ വ്യവസായ നഗരങ്ങളാണ് കുടിയേറ്റക്കാരില്‍ അധികവും ആദ്യതാവളമായി തെരഞ്ഞെടുത്തത്. എന്നാല്‍ അവരില്‍ പലരും അതിവേഗം തിരിച്ചറിഞ്ഞു തങ്ങള്‍ക്ക് പരിചിതമായ കാലാവസ്ഥയുള്ള തെക്കന്‍ പ്രദേശങ്ങള്‍.
    
എണ്‍പതുകളുടെ തുടക്കത്തില്‍ ഞങ്ങളും ഡിട്രോയ്റ്റില്‍ നിന്ന് ഹൂസ്റ്റനിലേക്ക് മാറിത്താമസിച്ചു. സുഹൃത്തുക്കളായ ഗോപാലപിള്ളയും മനു മാത്യുവും നേരത്തെ തന്നെ ഹൂസ്റ്റനില്‍ എത്തിയിരുന്നു. അവര്‍ നോവലിസ്റ്റായ എസ്.കെ. പിള്ളയുമായി സഹകരിച്ച് "ഉപാസന' എന്നൊരു പ്രസിദ്ധീകരണവും തുടങ്ങി. ഹൂസ്റ്റനിലെ ആദ്യ മലയാള പ്രസിദ്ധീകരണം. ഈ ഉപാസന മാസികയിലൂടെയായിരുന്നു മനയില്‍ കവിതകളും മറ്റ് എഴുത്തുകളും ഞാന്‍
വായിച്ചത്.
    
കുമ്പനാട്! ഹൂസ്റ്റനിലെ ഒരു സങ്കല്പതെരുവായിരുന്നു "കുമ്പനാട്.' ഏതോ വിരുതന്‍ കൊടുത്ത പേര്. മലയാളികള്‍ കൈലിമുണ്ടും ഉടുത്ത് തോര്‍ത്ത് തലയില്‍ക്കെട്ടി ചുണ്ടില്‍ നാടന്‍ ബീഡിയും പുകച്ച് കയ്യില്‍ ഓരോ ബീയര്‍ ക്യാനുമായി വൈകുന്നേരങ്ങളില്‍ വെടിപറഞ്ഞിരിക്കുന്ന സ്ട്രീറ്റ്. കേരളത്തോടു ബന്ധപ്പെടുത്തിയ പേരു കൊടുത്ത തെരുവിന്റെ യഥാര്‍ത്ഥ ചിത്രം! ഗുണ്ടകളുടെയും ആത്മിക ഗുണ്ടകളുടെയും ഭൂമി. ഈ ആത്മിക ഗുണ്ടാ പശ്ചാത്തലത്തിലാണ് "കുട്ടനാടന്‍' എന്ന തൂലികാനാമത്തില്‍ "ഇരിക്കെപെലകുളി' കഥ ഉപാസന മാസികയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ആരാണീ കുട്ടനാടന്‍ എന്ന ചോദ്യമുയര്‍ന്നു. എന്നാല്‍ എസ്.കെ. പിള്ളക്കല്ലേ അറിയൂ അത് സാക്ഷാല്‍ മനയില്‍ത്തന്നെയാണെന്ന്. കഥ വായിച്ച് മതനായകന്മാര്‍ ഇളകി. പ്രബലനായ ആരോ വായനാവിലക്കും ഏര്‍പ്പെടുത്തി. എന്തായാലും അന്നത്തെ ചെറിയ മലയാളി സമൂഹത്തില്‍ ഉപാസനയുടെ പ്രസിദ്ധീകരണവും നിലച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.
    
മലയാളം പ്രസിദ്ധീകരണങ്ങള്‍ ഇവിടെ അക്കാലത്ത് ഇല്ലാതിരുന്നതുകൊണ്ടാവാം മനയില്‍ എഴുത്തുകള്‍ തുടര്‍ന്നും വായിക്കാന്‍ കഴിയാതെ പോയത്. വീണ്ടും, അദ്ദേഹത്തിന്റെ കവിതകളില്‍ നിന്ന് ഏതാനും വരികള്‍ക്കൂടി കുറിക്കട്ടെ.

    ""ഒരു പുഷ്പം വാടിക്കൊഴിഞ്ഞിടുമ്പോ-
    ളൊരു നെടുവാര്‍പ്പെന്നെയുമ്മവെയ്ക്കും.
    ഒരു കൊച്ചുസ്വപ്നം തകര്‍ന്നിടുമ്പോ-
     ളറിയാതെ തേങ്ങിക്കരഞ്ഞിടും ഞാന്‍.''
    തുടരട്ടെ:
    ""മധുരം വരുന്ന സുദിനമെന്റെ
    ദുരിതങ്ങളെല്ലാം ചുമന്നൊഴിപ്പാന്‍
     മരണം മലര്‍വിരിച്ചന്നുതീര്‍ക്കും
    മണിയറ മോഹനമായിരിക്കാം.''
    അവസാനമായി:
    ""നിറഞ്ഞ നൈരാശ്യം നിഴല്‍വിരിച്ചിതാ
    വരുന്നു, ജീവനെവിഴുങ്ങുവാനെന്നോ
     വരട്ടെ. വന്നതിന്നുപരിയെന്തിനീ
    വരുവാനുള്ള ജഗത്തിലോര്‍ക്കുകില്‍
    വഴിയുമശ്രുവില്‍ കുളിച്ചൊരുങ്ങി ഞാന്‍
    വരണമാല്യമൊന്നണിയട്ടെ വേഗം
    യവനികവീഴുന്നതിനു മുമ്പേ ഞാന്‍
    വിട പറഞ്ഞിട്ടീ,യരങ്ങൊഴിയട്ടെ.'
    കുടിയേറ്റക്കാരുടെ ആദ്യതലമുറയില്‍ നിന്ന് ഒരിലകൂടി വീണു. മലയാളഭാഷയുടെ, കവിതയുടെ സൗന്ദര്യവും സാമൂഹിക വിമര്‍ശനത്തിന്റെ ശക്തിയും നമുക്കു കാട്ടിത്തന്ന മഹാകവിയുടെ ഓര്‍മ്മക്കു മുന്നില്‍ ഒരുപിടി പനീര്‍പ്പൂക്കള്‍.
----------  

Join WhatsApp News
വിദ്യാധരൻ 2021-09-05 03:11:38
ഇദ്ദേഹത്ത ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് . അമേരിക്കയിലെ മിക്ക മലയാളി എഴുത്തുകാരുടെ ജാഡകൾ ഇല്ലാത്ത ഒരു മനുഷ്യൻ. കവിതയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അന്നും എനിക്ക് അനുഭവപെട്ടു. മഹാകവിപട്ടത്തിനായിരുന്നോ അതോ കവിതയ്ക്കായിരുന്നോ മുൻതൂക്കം കൊടുത്തിരുന്നിരുന്നത് എന്ന് എനിക്ക് അറിയില്ല . ഏതെങ്കിലും എഴുത്തുകാരെ നിങ്ങൾ മാനിക്കാൻ തയാറാവുമ്പോൾ അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക. മരണശേഷം എഴുതുന്ന നീണ്ട ലേഖനങ്ങളും ചരമ കുറിപ്പും വായിക്കാൻ അവർക്ക് കഴിയില്ലല്ലോ. "ലോകം നിത്യചലം, വൃഥാ മൃതിഭയം തോന്നുന്നു മാറ്റങ്ങളിൽ പാകത്തിൽ പൊരുളൊന്നുതന്നെ ; പലതാ മദ്ദേശകാലങ്ങളാൽ ഏകവ്യാകുലവിശ്വചക്രപടലം ധർമ്മാക്ഷദണ്ഡത്തിൽ നി- ന്നാകല്പം ചുഴലുന്നു , തദ്‌ഗതി തടു- പ്പാനില്ല കൈയാർക്കുമേ !" (പ്രരോദനം -ആശാൻ ) വിദ്യാധരൻ
abdul punnayurkulam 2021-09-05 11:27:17
John Mathew, remembering Manayil means remembering our past; and past difficulties, too.
ഒരെഴുത്തുകാരൻ 2021-09-05 16:58:04
പുന്നയൂർകുളത്തിന് ഇഷ്ടം ജീവിച്ചിരിക്കുമ്പോൾ അഭിനന്ദിക്കുന്നതാണോ അതോ മരിച്ചതിന് ശേഷം ഓർക്കുന്നതാണോ ? വിദ്യാധരൻ പറഞ്ഞതിൽ കാര്യമുണ്ട് . നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ പറയുക. അമേരിക്കൻ മലയാളി ജീവിച്ചിരിക്കുമ്പോൾ ആരുടേയും നന്മ പറയുകയില്ല . മരിച്ചു കഴിയുമ്പോൾ ഓർക്കൽ നെഞ്ചത്തടിച്ചു കരച്ചിൽ എന്നു വേണ്ട എല്ലാ തരികിട പരിപാടി . ആത്മാര്ഥതയില്ലാത്ത വർഗ്ഗം . വിദ്യാധരൻ മാഷ് ഇടയ്ക്കിടക്ക് അമേരിക്കൻ സാഹിത്യലോകത്തിലേ അധർമ്മം വർദ്ധിക്കുമ്പോൾ അവതരിക്കണം .
mathew v zacharia 2021-09-08 14:10:58
JohnMathew About Mahakavi Manayil: On behalf of Pawathikunnel Kuttanad (Manyil, Varikalam, Moonuthaikal, Poikail, Vazhappat from Kuttanad we thank you about Mahakavi Manayil. Mathew V. Zacharia, Varikalam, EDathua.New Yorker
പരേതൻ അയ്യപ്പൻ 2021-09-08 15:44:25
ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ കവിത വായിക്കാനുള്ള തിക്കും തിരക്കും കണ്ടില്ലല്ലോ ? ഇപ്പോൾ അതിനകത്ത് സ്വർഗ്ഗം ഉണ്ട് സർഗ്ഗം ഉണ്ടെന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം.ഞാൻ ജീവിച്ചിരുന്നപ്പോൾ എന്റെ കവിതകൾ വായിക്കുകയോ അതിനെ കുറിച്ച് എഴുത്തുഅകയോ ചെയ്യിതില്ല .ആ സങ്കടം സഹിക്ക വയ്യാതെയാണ് ഞാൻ വെള്ളം അടി തുടങ്ങിയത് . ജീവിച്ചിരിക്കുമ്പോൾ നല്ലതോ ചീത്തയോ എന്ന് പറയാൻ നിങ്ങൾക്കൊക്കെ എന്താണ് പ്രശ്നം ? അസൂയ ആണോ അതോ ഈഗോ ആണോ ? ഇത് ചത്തു കഴിഞ്ഞ് ഓരോരുത്തർക്ക് ജെട്ടൽ, പിന്നെ കരച്ചിൽ . ഏതായാലും കർത്താവിനോട് ഞാൻ പറഞ്ഞു എന്നെ മനയിലിനേം ഒക്കെ ആദ്ദേഹം ചെയ്ത്പോലെ ഒന്ന് ഉയർത്തി എഴുന്നേൽപ്പിച്ചു തിരിച്ചു ഭൂമിയിലേക്ക് അയക്കാൻ . അപ്പോൾ അറിയാം ഇപ്പോൾ കരയുന്നവൻമാരുടെ ഉള്ളിലിരിപ്പ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക