Image

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാല് വയസ്സ് : ജോയിഷ് ജോസ്

Published on 05 September, 2021
മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാല് വയസ്സ് : ജോയിഷ് ജോസ്
ഗൗരി ലങ്കേഷ് ....അത് കേവലമൊരു എഴുത്തുക്കാരിടെയോ
പത്രപ്രവർത്തകയുടെയോ പേരായിരുന്നില്ല.
പണിശാലകളിലുംവയലേലകളിലും
പണിയെടുക്കുന്നവരുടെ
അടിച്ചമർത്തപ്പെട്ടവരുടെ നാവായിരുന്നു. വാക്കായിരുന്നു.തന്റെ രാഷ്ട്രീയ നിലപാടുകള്‍ സധൈര്യം അവര്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ആര്‍ജവത്തോടെ നിലപാടുകള്‍ എടുത്തു, സമരങ്ങളില്‍ പങ്കെടുത്തു.  അരികുവത്കരിക്കപ്പെട്ടവരുടെ സമ്മേളനങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി ഓടിയെത്തി.ദലിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കു വേണ്ടി സ്വന്തം സാന്നിധ്യം കൊണ്ടും വാക്കുകള്‍ കൊണ്ടും വന്‍മതില്‍ പണിതു. അവരെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തി. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു കൂടി നഗരത്തിലെ  സ്ത്രീകളും കുട്ടികളും അവരെ തേടിയെത്തി. തന്നെ  കൊണ്ട് കഴിയുന്നതെല്ലാം അവര്‍ ചെയ്തു കൊടുത്തു, പ്രശ്‌നങ്ങള്‍  പരിഹരിക്കാന്‍ ശ്രമിച്ചു, എല്ലാവരെയും പരിഗണിച്ചു.   

സാധാരണ ടാബ്ലോയ്ഡുകള്‍ എന്നാല്‍, 'മസാല വാര്‍ത്ത', 'മഞ്ഞ പത്രം'' എന്നിവയുടെ മറുവാക്കായി നിലകൊള്ളുന്ന  വിപണിയിലേക്കാണ് ഗൗരവ വായനയുമായി 'ഗൗരി ലങ്കേഷ് പത്രിക' ഇറങ്ങുന്നത്. മാധ്യമ മാര്‍ക്കറ്റ് വിദഗ്ധര്‍ അല്‍പായുസ്സ് പ്രവചിച്ച ഈ പത്രിക എല്ലാവരെയും അത്ഭുതപ്പെടുത്തി. പിതാവിന്റെ കാലത്തേക്കാള്‍ അതിന്റെ വരിക്കാരുടെ എണ്ണം കൂടി.  പലരും കൈവെക്കാന്‍ ഭയന്ന വിഷയങ്ങള്‍ പത്രികയിലൂടെ വെളിച്ചം കണ്ടു.  നഗരത്തിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് കുടിയേറ്റങ്ങള്‍ മുതല്‍ റെഡ്ഢിമാരുടെ ഖനി അഴിമതി വരെ പരമ്പരകളിലൂടെ വിശദ വാര്‍ത്തയാക്കി.രാഷ്ട്രീയവും സാമൂഹികവുമായ എഴുത്തുകളായിരുന്നു പ്രധാനമെങ്കിലും കാല്‍പനികതയും സിനിമയും അവര്‍ ഉള്ളില്‍ കൊണ്ടുനടന്നു.  ഫിലിം ഫെസ്റ്റിവെലുകളിലും നാടക വേദികളിലും ഗസല്‍ അരങ്ങുകളിലും അവര്‍ ഓടി നടന്നു.  അതിനെല്ലാം തന്റെ പത്രികയില്‍ വലിയ ഇടം കൊടുത്തു.  അവ എങ്ങനെ തന്റെ ആക്ടിവിസത്തിന് മുതല്‍ക്കൂട്ടാവുമെന്ന് ചിന്തിച്ചു. സിനിമകളെ ഗൗരവമായി നിരൂപണം ചെയ്തു. പുതിയ സ്ത്രീ സംവിധായകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കി. 

രാഷ്ട്രീയ പ്രാധാന്യമുള്ള ലേഖനങ്ങള്‍ മാത്രമല്ല, കഥകളും ഗൗരി കന്നടയിലേക്ക്  വിവര്‍ത്തനം ചെയ്തു. സകറിയയുടെയും സച്ചിദാനന്ദന്റെയും എഴുത്തുകളുടെ വിവര്‍ത്തകയാണ്. 2017സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടുമണിക്ക് സ്വന്തം വീടിന് മുന്നില്‍ വച്ച് ഗൗരി ലങ്കേഷ് ഹിന്ദു തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചു നിന്നുകൊണ്ടു മാത്രമേ, വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടാനാകൂ. തെറ്റിനെ എതിർക്കണമെങ്കിൽ ശരികൊണ്ടേ ആകൂ. മതഫാസിസത്തിനു മറുപടി ജനാധിപത്യമാകേണ്ടതുണ്ട്. മതതീവ്രവാദത്തിനു മറുപടി മതേതരത്വമാണെന്നതുപോലെ. ഫാസിസത്തെ മറ്റൊരു ഫാസിസംകൊണ്ട് തോല്‍പ്പിക്കാനാകില്ല. ഇരുട്ടിനോട് പൊരുതാൻ വെളിച്ചത്തിനേ കഴിയൂ, വേറൊരു ഇരുട്ടിന് ആവില്ല.ഈ തിരിച്ചറിവുകൾക്കു തീർച്ചയായും ഗൗരി ലങ്കേഷിന്‍റെ ജീവിതം ഒരു മാതൃകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക