Image

ഗുരുവന്ദനം (കവിത: രേണു ശ്രീവത്സൻ )

Published on 05 September, 2021
ഗുരുവന്ദനം (കവിത: രേണു ശ്രീവത്സൻ )
അരുമയാം വിദ്യാലയാങ്കണത്തിൽ 
ഒരു കുഞ്ഞുനാമ്പായ് ഞാൻ 
കൺ മിഴിക്കേ.. 
ഒരു മുറി ചോക്കും നറു ചിരിയും നീട്ടി
വാത്സല്യമായെൻ്റെ അദ്ധ്യാപകർ
സാന്ത്വനമായെൻ്റെ അദ്ധ്യാപകർ

ഭാഷതൻ അക്ഷര മാല ചാർത്തി അറിവിൻ മഴവിൽ നിറങ്ങൾ ചൂടി
വിദ്യ വിളങ്ങുന്ന വേദിയിലെന്നെ അണിയിച്ചൊരുക്കിയെന്നദ്ധ്യാപകർ
എന്നെ ഞാനാക്കിയ അദ്ധ്യാപകർ

വാക്കുകളായ് പെയ്ത വർഷമായും
ധ്യാനം പഠിപ്പിച്ച ശിശിരമായും
നന്മ വസന്തവും വിശ്വാസ വേനലും
എല്ലാം പഠിപ്പിച്ചെന്നദ്ധ്യാപകർ
കാലമാം വിസ്മയമദ്ധ്യാപകർ

ഇരുളിൽ തിരികൾ തെളിച്ചു തന്നും
ഇടറുമ്പോൾ കരുതലായ് കൈ പിടിച്ചും
എന്നെ നയിക്കും ഗുരുവന്ദ്യരേ എന്നും
നിങ്ങൾക്കുമുമ്പിലെൻ കൂപ്പുകൈകൾ
ആദരവിൻ നിറകൺചിരികൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക