Image

കോവിഡ് അനാഥയാക്കിയപ്പോഴും, തളരാതെ ചിപ്പി (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

Published on 05 September, 2021
കോവിഡ് അനാഥയാക്കിയപ്പോഴും, തളരാതെ ചിപ്പി (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
കോവിഡ് മഹാമാരി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നമ്മുക്ക് വെറും അക്കങ്ങള്‍ മാത്രമായിമാറി. ദിവസവും ഏറിയും കുറഞ്ഞുമിരിക്കുന്ന, മരിച്ചവരുടെ കണക്കുകളെ നിര്‍വ്വികാരതയോടെ നോക്കുന്ന മാനസികാവസ്ഥയിലേക്ക് നമ്മള്‍ പരുവപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നമുക്കു ചുറ്റുമുള്ള മാതാപിതാക്കള്‍ നഷ്ടപ്പെട്ട് നിരാശ്രയരായ കുട്ടികളെക്കുറിച്ച് അല്‍പമെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ... അവര്‍ എങ്ങിനെ ജീവിക്കുന്നു, പഠിക്കുന്നുണ്ടോ.... ആരാണ് അവരെ ആശ്വസിപ്പിക്കാന്‍...

മുംബൈ കാഴ്ച്ചയുടെ ഈ ലക്കത്തില്‍ കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനുശേഷം അനാഥത്വത്തിന്റെ ദുഖഭാരവുമായി അതിജീവനത്തിനുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ്.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ്, മഹാമാരി രൂക്ഷമായി തുടരുന്ന സമയം, പലപ്പോഴും നിസ്സഹായയായി നോക്കിനില്‍ക്കേണ്ടി വന്ന ശപിക്കപ്പെട്ട നിമിഷങ്ങള്‍... ഒരു ദിവസം പരിഭ്രാന്തിയോടെ ഒരു പെണ്‍കുട്ടി എന്നെ വിളിച്ചു, പേര് ചിപ്പി (ശ്രുതി). ''എന്റെ അച്ഛന് രോഗം കൂടുതലാണ്. ഗാർഡാ സർക്കിളിനടുത്തുള്ള സാവലറാം കോറന്റെനിലെ താല്‍ക്കാലിക മുനിസിപ്പാലിറ്റിയുടെ ആരോഗ്യ കേന്ദ്രത്തിലെ വെന്റിലേറ്ററിലാണ് രോഗി. അവര്‍ അച്ഛന്റെ അവസ്ഥയെ കുറിച്ച് ഒന്നും പറയുന്നില്ല. വേറെ ആശുപത്രിയില്‍ ബെഡു കിട്ടുമോ?'' അവളെ ആശ്വസിപ്പിച്ചതിനു ശേഷം കെഡിഎംസിയിലെ ഡോ. ശ്രീജിത്തിനെ വിളിച്ചു പറഞ്ഞു. അദ്ദേഹം രോഗിയുടെ ആരോഗ്യാവസ്ഥ അന്വേഷിച്ചതിനുശേഷം പറഞ്ഞു  സ്ഥിതി വളരെ മോശമാണ്, ചിപ്പിക്ക് സഹായവുമായി കൂടെയുണ്ടായിരുന്നത്  ഇതരഭാഷക്കാരായ അടുത്ത സുഹൃത്തുക്കളായ പൂജ, ശൈലേഷ്, കല്യാണിലെ യുവ സാമൂഹിക പ്രവര്‍ത്തകന്‍ സുമേഷ് തുടങ്ങിയവര്‍ മാത്രം. ഒടുവില്‍ രോഗിയെ നെരുളിലെ ഡി.വൈ. പാട്ടില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നാലുവര്‍ഷം മുന്‍പ് തന്റെ 22 ാം വയസ്സില്‍ അമ്മ നഷ്ടപ്പെട്ട ചിപ്പിക്ക് ഏക ആശ്രയമായ സ്‌നേഹനിധിയായ അച്ഛനും നഷ്ടപ്പെട്ടു.  ചിപ്പിക്കിപ്പോള്‍ വയസ്സ് 26, ചിപ്പി അനാഥത്വത്തിന്റെ തീച്ചൂളയില്‍ നിന്ന് പതുക്കെ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് നടക്കുകയാണ്.

അച്ഛന്‍ രാജു കെ. പി., കോട്ടയം കാഞ്ഞിരപള്ളിയില്‍ നിന്നും മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്നേയാണ് ഉപജീവനത്തിനായി കല്യാണിലെ തീസ്ഗാവ് പാടയില്‍ എത്തിയത്. ഭീവണ്ടിയിലെ ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ലേബര്‍ കോണ്‍ട്രാക്ടറായി ജോലി കിട്ടി. പിന്നീടാണ് ഇന്ദിര അദ്ദേഹത്തിന്റെ ജീവിത സഖിയായി വരുന്നത്. വലിയ സാമ്പത്തിക ചുറ്റുപാടൊന്നുമില്ല, ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞു. അവര്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു, അവളെ അവര്‍ ചിപ്പി എന്ന് വീട്ടില്‍ വിളിച്ചു, യഥാര്‍ത്ഥപേര് ശ്രുതി. മകള്‍ക്ക് അഞ്ചു വയസ്സുള്ള സമയത്താണ് അച്ഛന്റെ കഠിനാദ്ധ്വാനത്തിലൂടെ കല്യാണ്‍ വിജയനഗറിലെ ചാലിലെ താമസം മതിയാക്കി സ്വന്തമായി ഒരു വീടു വാങ്ങുന്നത്. സന്തോഷകരമായിരുന്നു ഇവരുടെ ജീവിതം. കുട്ടിക്കാലം മുതല്‍ ചിപ്പിയുടെ പ്രിയപ്പെട്ട കൂട്ടുകാരി അമ്മയായിരുന്നു.
പഠിക്കാന്‍ മിടുക്കിയായ ചിപ്പിയുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ അമ്മ എന്നും കൂടെയുണ്ടായിരുന്നു. പത്തുവര്‍ഷം ഭരതനാട്യം പഠിച്ചു. ക്ലാസിക്കല്‍ ഡാന്‍സിനോടൊപ്പം തന്നെ അഭിനയത്തിലും, എഴുത്തിലും, ഡബ്ബിങ്ങിലും ശ്രുതിക്ക് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ അമ്മ ഇന്ദിര അവള്‍ക്കു വേണ്ട പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. സ്‌ക്കൂള്‍ പഠനസമയത്ത് ഒരുപാടംഗീകാരങ്ങള്‍ ചിപ്പിയെ തേടിയെത്തി. മലയാളം മനോഹരമായി സംസാരിക്കുവാനും, എഴുതാനും അമ്മ ചിപ്പിയെ പഠിപ്പിച്ചു. പന്ത്രണ്ടാം ക്ലാസിനു ശേഷം നാസിക്കില്‍ ഉപരിപഠനത്തിനായി എഞ്ചിനീയറിങ്ങിന്നു ചേര്‍ന്ന, ആ സമയത്തു മാത്രമാണ് ചിപ്പിക്ക് അമ്മയെ പിരിഞ്ഞു നില്‍ക്കേണ്ടിവന്നിട്ടുള്ളത്.  
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രാജു സ്വന്തമായി പവര്‍ലൂം കമ്പനി തുടങ്ങിയത്. കുറച്ചു വര്‍ഷങ്ങള്‍ ലാഭകരമായിരുന്നു. 2006 ല്‍ സഹോദരനുമൊത്ത് ഭീവണ്ടിയില്‍ ഒരു ഹോട്ടല്‍ തുടങ്ങി, പക്ഷെ അത് നഷ്ടത്തില്‍ കലാശിച്ചു. അതു നിര്‍ത്തി കല്യാണ്‍ വെസ്റ്റില്‍ ഒരു ഹോട്ടല്‍ തുടങ്ങി, അതും നഷ്ടത്തിലായി. അന്നു മുതല്‍ കടുത്ത സാമ്പത്തിക പ്രശ്‌നം ആ കുടുംബത്തെ ബാധിച്ചു. ചിപ്പി പഠിപ്പു കഴിഞ്ഞ് വീട്ടില്‍ എത്തിയ സമയമായിരുന്നു അത്. അപ്പോഴാണ് വളരെ ആകസ്മികമായി അമ്മയുടെ മരണം. നല്ല ആരോഗ്യവതിയായിരുന്ന ഇന്ദിരയെ പെട്ടെന്നായിരുന്നു ഒരു രാത്രി ലൂസ്‌മോഷനും ഛര്‍ദ്ദിയും പിടിപെട്ട നിലയില്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ഉടനെ പള്‍സ് നോക്കിയപ്പോള്‍ വളരെ കുറവായിരുന്നു. ബിപി വളരെ താഴ്ന്നിരുന്നു, തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. പക്ഷെ സെപ്‌സിസ് കാരണം അവരുടെ ഓര്‍ഗന്‍സ് ഓരോന്നായി തകരാറിലായി. ദിവസങ്ങള്‍ക്കു ശേഷം ഒരു തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് ഐസിയുവില്‍ പ്രവേശിക്കപ്പെട്ട ഇന്ദിര അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടു മാണിയോടുകൂടി മരണപെട്ടു. അപ്രതീക്ഷിതമായുണ്ടായ തന്റെ പ്രിയപ്പെട്ട മമ്മിയുടെ മരണം ചിപ്പിയെയും അവളുടെ പിതാവിനേയും മാനസികമായി തളര്‍ത്തിക്കളഞ്ഞു. രണ്ടു മാസത്തോളം അവര്‍ നാട്ടില്‍ തന്നെയായിരുന്നു.
അധികം ആരോടും സംസാരിക്കാത്ത ശാന്ത സ്വഭാവമായിരുന്നു അമ്മയുടേതെന്ന് ചിപ്പി പറയുന്നു
'അമ്മയില്ലാത്ത ലോകത്തില്‍ ഇനി എങ്ങിനെ താന്‍ മുന്നോട്ടു പോകുമെന്നോര്‍ത്ത് കരയുമ്പോള്‍ അച്ഛന്‍ സ്‌നേഹത്തോടെ, കരുതലോടെ തന്നെ ചേര്‍ത്തു നിര്‍ത്തി. അമ്മ മരിക്കുന്നതിന്ന് രണ്ടാഴ്ച മുമ്പാണ് സോഷ്യല്‍ മീഡിയ വഴി ദിനേശ് പ്രഭാകര്‍ എന്ന ആക്ടര്‍ ആയിട്ടു കോണ്‍ടാക്ട് ആവുന്നത്. ഈ നടന്‍ ഡബ്ബിങിലൂടെ ആണ് സിനിമയിലേക്ക് കയറിയതെന്നറിഞ്ഞു. അങ്ങനെയാണ് വോയിസ് സാമ്പിള്‍ അയക്കാന്‍ അദ്ദേഹം പറയുന്നതും അന്നു കിട്ടിയ പരസ്യം ചിപ്പി സ്വന്തം സൗണ്ടില്‍ റെക്കോര്‍ഡ് ചെയ്തു അയച്ചു കൊടുക്കുന്നതും. ഇതെല്ലം മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലും സമ്മതത്തോടെയുമായിരുന്നു. അമ്മയുടെ മരണം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് ഒരു ദിവസം വീണ്ടും ദിനേശ് പ്രഭാകറിന്റെ മെസ്സേജ് വരുന്നത്. ഡബ്ബിങ്ങിന് ചിപ്പി യോഗ്യയാണെന്നു പറഞ്ഞു, അന്നദ്ദേഹം മുംബൈ ആര്‍. കെ. സ്റ്റുഡിയോയില്‍ ഹിന്ദി സിനിമ 'ഷെഫി'ന്റെ ഷൂട്ടിങ്ങിനു വന്നിട്ടുണ്ടായിരുന്നു. അങ്ങനെ പിറ്റേ ദിവസം നേരില്‍ കാണാനായി വിളിച്ചു. പിറ്റേന്ന് തന്റെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റുഡിയോയില്‍ പോയി അദ്ദേഹത്തിനെ കാണുകയും, അദ്ദേഹം ഡബ്ബിങ്ങിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിത്തന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ സുഹൃത്തും ഒപ്പം അന്നത്തെ സീനിയര്‍ മോസ്റ്റ് ആര്‍ട്ടിസ്റ്റുകളിലൊരാളായ ഡോംബിവിലിയില്‍ താമസിക്കുന്ന സോമന്‍ നായര്‍ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ നമ്പര്‍ തരികയും അദ്ദേഹം തന്റെ റെക്കോര്‍ഡിംങ്ങുകള്‍ കേട്ട് ഇഷ്ടപ്പെട്ട് ഡബ്ബിങ് ലോകത്തിലേക്ക് ശുപാര്‍ശ്ശ ചെയ്യുകയും ചെയ്തു.

ചിപ്പി ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ ടെസ്റ്റ് എഞ്ചിനീയറായി വര്‍ക്ക് ചെയ്യുകയും അതിനൊടൊപ്പം തന്നെ മലയാളം പരസ്യങ്ങളും റേഡിയോ സ്‌പോട്ടുകളും ഡബ് ചെയ്യാന്‍ തുടങ്ങിയിരുന്നു. മകളുടെ ഇഷ്ടവഴി മനസ്സിലാക്കിയ അച്ഛനാണ് ഐടി ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണമായി ഡബ്ബിങ്ങിലേക്ക് തിരിയാന്‍ നിര്‍ബന്ധിച്ചത്. മകള്‍ ഒരു ഡബിങ്ങ് ആര്‍ട്ടിസ്റ്റ് ആകണമെന്ന് ഇന്ദിരയുടെ മോഹം പൂവണിയിക്കാന്‍ അച്ഛനും മകളും തീരുമാനിച്ചു. 5 ഭാഷകള്‍ പൂര്‍ണമായും അറിയാവുന്നതുകൊണ്ട് ട്രാന്‍സ്ലേഷന്‍ ഓഫറുകളും വരാന്‍ തുടങ്ങി. അങ്ങനെ മൂവി ട്രാന്‍സ്ലേഷനും തുടങ്ങി. അന്നുമുതല്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് എന്നി ഭാഷകളിലായി ഇരുപത്തിയൊന്നോളം സിനിമകള്‍ ഇതിനോടകം പരിഭാഷ (ട്രാന്‍സ്ലേറ്റ്) ചെയ്തിട്ടുണ്ടെന്ന് ചിപ്പി പറഞ്ഞു. കൂടാതെ മറ്റു ഡോക്യൂമെന്റ്‌സും ഐ.വി.ആര്‍. ട്രാന്‍സ്ലേഷന്‍നും ചെയ്തു തുടങ്ങി.

എത്ര കഷ്ടപ്പെടേണ്ടിവന്നാലും അച്ഛന്റേയും അമ്മയുടേയും സ്‌നേഹം ഒരുമിച്ച് കൊടുത്ത് മകളുടെ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ രാജു തീരുമാനിച്ചു. ഭീവണ്ടിയില്‍ ഒരു കമ്പനിയില്‍ രാജു ജോലിയ്ക്കു കയറി. നാസിക്കിലെ കോളേജില്‍ തന്റെ സഹപാഠിയായിരുന്ന പൂജക്ക് മുംബൈയില്‍ ജോലി ലഭിച്ചപ്പോള്‍ പ്രിയകൂട്ടുകാരി ചിപ്പിക്കൊപ്പം താമസിക്കാന്‍ തുടങ്ങി. പൂജയുടെ സൗഹൃദം ചിപ്പിക്കൊരു സാന്ത്വനമായി.

അങ്ങനെയിരിക്കെ ആദ്യ ലോക്ക്ഡൗണ്‍ സമയത്താണ് ഷെമാരു എന്റര്‍ടെയിന്‍മെന്റ് എന്ന വലിയൊരു പ്രൊഡക്ഷന്‍ കമ്പനിയില്‍ സീനിയര്‍ ഡബ്ബിങ് ഡയറക്ടറായിട്ട് ചിപ്പിക്ക് ജോലി കിട്ടുന്നത്. എല്ലാം ശാന്തമായി മുന്നോട്ടു പോകുന്ന സമയത്താണ് കോവിഡിനെ തുടര്‍ന്നുള്ള ഒന്നാം ലോക്ക്ഡൗണ്‍ സംഭവിക്കുന്നത്. രണ്ടു മൂന്നു മാസം വീട്ടില്‍ തന്നെ ഇരുന്നു ജോലി ചെയ്തിരുന്ന അച്ഛന് ഭീവണ്ടിയിലേക്ക് ജോലിക്ക് പോകാതെ നിവൃത്തിയില്ലാതെ വന്നു. മഹാമാരിയുടെ ഭയം കാരണം ജോലിക്ക് പോകല്ലേയെന്ന് ചിപ്പി അച്ഛനെ എന്നും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എങ്കിലും മകളുടെ ഭാവിജീവിതത്തെ കരുപിടിപ്പിക്കുവാന്‍ വേണ്ടി രാജു ജോലിക്കുപോയി. ഒരു മാസം കഴിയുന്നതിനു മുന്നേ അദ്ദേഹത്തെയും കൊറോണ പിടികൂടി ആദ്യം മുനിസ്സിപ്പാലിറ്റി ടാറ്റാ അമന്ത്രയിലെ കോറന്റൈനില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥ കാരണം രോഗം മൂര്‍ച്ചിച്ചു, പെട്ടെന്നുണ്ടായ ശ്വാസതടസ്സം വല്ലാതെ ബുദ്ധിമുട്ടിച്ചതിനെത്തുടര്‍ന്ന് സാവലാറാമിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നെയും ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ഡി.വൈ. പാട്ടില്‍ ആശുപത്രിയിലെക്കെത്തിച്ചു, അവിടെവെച്ച് മരണം എന്ന കോമാളി അദ്ദേഹത്തെ കീഴ്‌പ്പെടുത്തി.

പുതിയ ജോലിയില്‍ കയറി 5 മാസം കഴിഞ്ഞപ്പോഴാണ് ചിപ്പിയുടെ അച്ഛന്റെ മരണം. അങ്ങനെ ആ ജോലി അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ ഫ്രീലാന്‍സ് ആയിട്ട് ഡബ്ബിങ്ങും ട്രാന്‍സ്ലേഷന്‍ വര്‍ക്കുകളും ചെയ്തു വരുന്നു. അതിജീവിക്കാന്‍ ചിപ്പി എല്ലാ സാധ്യതകളും തേടിക്കൊണ്ടിരുന്നു. ചെറുപ്പം മുതലെ നൃത്തത്തോടുള്ള താല്‍പ്പര്യം ചിപ്പിയെ 'ശാസ്ത്ര ഡാന്‍സ് കമ്പനി' എന്ന ഗ്രൂപ്പിന് തുടക്കം കുറിക്കാന്‍ കാരണമാക്കി. തന്റെ കൂട്ടുകാരികളായ അശ്വതി പണിക്കരും, ഗോപിക നായർക്കുമൊപ്പം ചേര്‍ന്നാണ് ഈ ഗ്രൂപ്പ് തുടങ്ങി ഒരു യൂട്യൂബ് ചാനല്‍ ഓ്പ്പണ്‍ ചെയ്തത്. ഇതിലൂടെ ചിപ്പിയും കൂട്ടുകാരികളും ചേര്‍ന്ന് ഭരതനാട്യം, ബോളിവുഡ്, ഫ്രീസ്‌റ്റൈല്‍ എന്നിങ്ങനെ പല ഡാന്‍സ് ഫോമുകളിലും ഡാന്‍സ് വീഡിയോസ് ഉണ്ടാക്കാറുണ്ട്. 'ഇന്‍സ്‌റാഗ്രാമിലും തങ്ങളുടെ ഈ ചാനല്‍ ഇപ്പോള്‍ സജീവമാണെന്ന്' ചിപ്പി പറയുന്നു. ഫെബ്രുവരി 2021 ലാണ് ഈ ചാനല്‍ തുടങ്ങുന്നത്. പരിചയക്കാരുടെയും പ്രേക്ഷകരുടേയും സ്‌നേഹവും സഹകരണവുംകൊണ്ട് ചാനല്‍ നല്ല രീതിയില്‍ത്തന്നെ മുന്നോട്ടു പോകുന്നുവെന്നും മൂന്നു പേരുടെയും സ്വപ്‌നമാണ് ഈ ചാനലെന്നും  ചിപ്പി കൂട്ടിച്ചേര്‍ത്തു.
ഈ പെണ്‍കുട്ടി ഇപ്പോഴും അതിജീവനത്തിന്റെ പാതയിലാണ്. കല്യാണിലെ വീട്ടില്‍ അച്ഛന്റെയും അമ്മയുടേയും ഓര്‍മ്മകളില്‍ ജീവിക്കുകയാണവള്‍. തന്റെ പ്രിയപ്പെട്ട അച്ഛനുമമ്മയും ഒരിളംകാറ്റായി, സ്‌നേഹമായി, അനുഗ്രഹമായി തന്റയീ വീട്ടിലുണ്ടെന്ന് ചിപ്പി ഉറച്ചു വിശ്വസിക്കുന്നു. ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് മോചിപ്പിക്കാനെന്നോണം തന്റെ പ്രിയകൂട്ടുകാരി, മഹാരാഷ്ട്രക്കാരിയായ പൂജയും, കുടുംബ സുഹൃത്തുക്കളും അവളെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. ചിപ്പി എന്ന ഈ ഇരുപത്തിയാറു വസ്സുകാരിയായ പെണ്‍കുട്ടി ഈ കോവിഡ് കാലത്തെ വലിയൊരു അതീജീവനത്തിന്റെ നിറകണ്‍ കാഴ്ച്ചയാണ്. അമ്മയും അച്ഛനും സ്വപ്‌നംകണ്ടതുപോലെ ഉയരങ്ങളിലെത്തണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. അതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
നഗരമേ... സ്‌നേഹപൂര്‍വ്വം ഈ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിക്കൂ... അവള്‍ വളരട്ടെ... അനാഥത്വത്തിന്റെ മുറിവുകള്‍ അവളെ വേട്ടയാടാതിരിക്കാന്‍ ഇവളേയും ഇവളെപ്പോലുള്ളവരേയും നമുക്ക് ചേര്‍ത്തുപിടിച്ചു നടക്കാം....
കോവിഡ് അനാഥയാക്കിയപ്പോഴും, തളരാതെ ചിപ്പി (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക