Image

സ്നേഹപൂർവ്വം ഭാർഗവി അമ്മ (കഥ: സുരേഷ് മിനസോട്ടൻ)

Published on 07 September, 2021
സ്നേഹപൂർവ്വം ഭാർഗവി അമ്മ (കഥ: സുരേഷ് മിനസോട്ടൻ)
പത്രം ഓഫീസിന്റെ ഒഴിഞ്ഞ കോണിൽ നിന്ന ആ വൃദ്ധയെ ഞാൻ വെറുതെ ഒന്ന് ശ്രദ്ധിച്ചു. അവരുടെ അങ്കലാപ്പും ദയനീയ ഭാവവും കണ്ടപ്പോൾ എനിക്ക് എന്തോ ഒരു അനുകമ്പ തോന്നി. ഏകദേശം എന്റെ അമ്മയുടെ പ്രായം വരും അവർക്കും. ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.

"എന്തിനാണ് അമ്മ എവിടെ നിൽക്കുന്നത്?"

"എന്റെ മോനേ... എനിക്ക് ഒരു പരസ്യം കൊടുക്കണം... അതിനു വേണ്ടി വന്നതാ..."

എന്റെ അനുകമ്പ അപ്പോൾ ആകാംക്ഷയായി മാറി. ഈ വൃദ്ധക് എപ്പോൾ എന്ത് പരസ്യം ആണോ ഞങ്ങളുടെ പത്രത്തിൽ കൊടുക്കേണ്ടത്?

"ആണോ... അതിനെന്താ വരൂ, ഞാൻ സഹായിക്കാം" ഞാൻ അവരെ എന്റെ ക്യാബിനിലേക്കു ക്ഷണിച്ചു. പത്രത്തിന്റെ സർകുലേഷൻ മാനേജർ ആയ എനിക്ക് പരസ്യവിഭാഗവും ആയി നേരിട്ട് ബന്ധം ഒന്നും ഇല്ലെങ്കിലും അവരെ സഹായിക്കാൻ തന്നെ തീരുമാനിച്ചു. അല്ലെങ്കിലും കസ്റ്റമറിന്റെ ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കേണ്ടത് ഓരോ സ്റ്റാഫിന്റേയും ഉത്തരവാദിത്വം ആണല്ലോ. അല്പം തിരക്ക് കുറഞ്ഞ ദിവസം ആയതു നന്നായി. അവരെ ഞാൻ എന്റെ ഓഫീസിലേക്ക് ആനയിച്ചു. ക്ഷീണവും പരിഭ്രമവും ഞാൻ അവരുടെ മുഖത്ത് കണ്ടു. അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു,
പറയൂ, എന്താണ് നിങ്ങളുടെ പേര്?

"ഭാർഗവി അമ്മ"

"കുടിക്കാൻ എന്തെകിലും എടുക്കട്ടേ" വാടിയ അവരുടെ മുഖം കണ്ടപ്പോൾ അങ്ങനെ ചോദിക്കാതിരിക്കാൻ ആയില്ല.

"വേണ്ട മോനെ.. ഇപ്പോൾ ഒന്നും വേണ്ട"

" എന്നാൽ ഒരു നാരങ്ങാ വെള്ളം പറയാം"

"അയ്യോ അതൊന്നും വേണ്ട. ഒരു ഗ്ലാസ് പച്ചവെള്ളം മതി. അധികം തണുപ്പ് വേണ്ട. തണുത്തത് കുടിച്ചാൽ അപ്പോൾ തൊണ്ണവേദനയും പിന്നെ ജലദോഷം തുമ്മൽ ചുമ ഒക്കെ വരാൻ തുടങ്ങും."

ഒരു ചിരിയോടെ ഞാൻ ഒരു ഗ്ലാസ് വെള്ളം അവർക്കു നേരെ നീട്ടി.
വിടർന്ന കണ്ണുകളോടെ അവർ ആ ഗ്ലാസ് വാങ്ങി വെള്ളം കുടിക്കാൻ ആരംഭിച്ചു.
ദീർഘദൂരം യാത്രചെയ്ത് ക്ഷീണിച്ചാണ്‌ അവർ ഇവിടെ എത്തിയത് എന്ന് അവർ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

" പറയൂ, ഞാൻ എന്ത് സഹായം ആണ് അമ്മക്ക് ചെയ്തുതരേണ്ടത്"?

"എനിക്ക് നിങ്ങടെ പത്രത്തിൽ ഒരു പരസ്യം കൊടുക്കണം. അത് എങ്ങനെ വേണം എന്നൊന്നും എനിക്കറിയില്ല. ഞാൻ പത്രക്കാരൻ പയ്യനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ഇതൊന്നും നടക്കത്തില്ല എന്ന്. അത് കൊണ്ടാണ് നേരിട്ട് വന്നു തരാം എന്ന് വച്ചത്".

"എനിക്ക് ഇതിന്റെ ചിലവും മറ്റു കാര്യങ്ങളും ഒന്നും അറിയില്ല. മോൻ ഒന്നു സഹായിക്കണം"

"അതിനെന്താ, തീർച്ചയായും ഞാൻ സഹായിക്കാം. പരസ്യത്തിന്റെ റേറ്റ് എല്ലാം എത്ര വാക്കുകൾ ഉണ്ടെന്നു അനുസരിച്ചാണ്. എവിടെ പരസ്യത്തിന്റെ മാറ്റർ കൊണ്ടുന്നിട്ടുണ്ടോ?"

ആ അമ്മ ഒരു കവർ എന്റെ നേരേ നീട്ടി. ഞാൻ അത് വാങ്ങി തുറന്നു നോക്കി. അത് ഒരു നീണ്ട കത്ത് ആയിരുന്നു. ആ ലെറ്റർ ഞാൻ നിങ്ങള്ക്ക് പങ്കുവയ്ക്കാം. എന്നിട്ടു നിങ്ങൾ തന്നെ പറയൂ ഇത് പരസ്യമാക്കണോ എന്ന്. ഞാൻ അക്കെ സംഭ്രമത്തിൽ ആണ്.

മക്കളെ ആവശ്യമുണ്ട്!
===============

72 വയസ്സുള്ള ഒരു വൃദ്ധമാതാവിന് മക്കളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ബന്ധപ്പെടുക. അദ്ധ്യാപിക ജീവിതത്തിൽ നിന്നും വിരമിച്ച ഈ അമ്മക്ക് മറ്റു ബാധ്യതകൾ ഒന്നും ഇല്ല. സ്വന്തമായുള്ള മൂന്നു മക്കളും ഇപ്പോൾ നല്ലനിലയിൽ കഴിയുന്നു. അവരുടെ ബാധ്യതകൾ എല്ലാം തീർത്തതാണ്. ഉണ്ടായിരുന്ന വസ്തുവകകൾ എല്ലാർക്കും വീതിച്ചുകൊടുത്തു. ഇപ്പോൾ അവർ അവരുടെ കുടുംബങ്ങളിൽ സുഖമായി കഴിയുന്നു. അവരുടെ തിരക്ക് കാരണം ഇപ്പോൾ എന്നെ നോക്കാനോ വല്ലപ്പോഴും എന്റെ കൂടെ വന്നു നിൽക്കാനോ കഴിയുന്നില്ല. അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. എല്ലാർക്കും അവരവരുടെ ജീവിതവും  ലക്ഷ്യങ്ങളും ആണ് മുഖ്യം. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. മിണ്ടാനും പറയാനും കൂടി ആരും ഇല്ല. ഈ ഏകാന്ത വാസം എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ആരെങ്കിലും ഒരു കൂട്ടിനു വേണം എന്ന് മനസ്സ് പറയുന്നു. അതിനാൽ ഞാൻ ഇപ്പോൾ വീണ്ടും മക്കളുടെ അല്ലെങ്കിൽ കൊച്ചുമക്കളുടെ സ്നേഹം ആഗ്രഹിക്കുന്നു. ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ അറിയിക്കുമല്ലോ. എനിക്കിപ്പോൾ പെൻഷൻ മാത്രമാണ് വരുമാനം. അല്ലറചില്ലറ ആരോഗൃപ്രശ്നങ്ങൾ ഉണ്ടെങ്കിലും അടകിടപ്പു ആയിട്ടില്ല. എന്റെ വരുമാനത്തിൽ ഇപ്പോൾ എനിക്ക് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കാം. അതുകൊണ്ടു നിങ്ങളുടെ സാമ്പത്തിക സഹായം ഇപ്പോൾ ആവശ്യം ഇല്ല. എനിക്ക് വേണ്ടത് ഒരല്പം സ്നേഹവും കരുതലും ആണ്. എനിക്ക് 5 കൊച്ചുമക്കൾ ഉണ്ട്. അവരെ എനിക്ക് ജീവൻ ആണ്. പക്ഷെ അവരൊക്കെ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്നത് കൊണ്ട് മലയാളത്തിൽ സംസാരിക്കാൻ അറിയില്ല. എനിക്കാണെങ്കിൽ മലയാളം മാത്രമേ സംസാരിക്കാൻ അറിയൂ താനും. എന്റെ കൊച്ചുമക്കളോട് കഥയും കളിതമാശകളും ഒക്കെ പറയണം എന്നുണ്ട്. പക്ഷേ എന്ത് കാര്യം? എന്റെ മക്കൾ അവരെ മലയാളം പഠിപ്പിക്കാൻ മിനക്കെട്ടില്ല. അല്ലെങ്കിൽ തന്നെ അവർ മലയാളം പഠിച്ചിട്ടു അവിടെ എന്ത് കാര്യം? ഹിന്ദിയും ഇംഗ്ലീഷും ഒക്കെ മതി അവർക്ക്.
വെറുതെ ഓരോന്നും ഓർക്കുമ്പോൾ മനസ്സിന് വിഷമം കൂടുകയേ ഉള്ളു. എന്റെ ഭർത്താവ് ഉണ്ടായിരുന്നപ്പോൾ എന്നെ പൊന്നുപോലെ നോക്കിയിരുന്നു. പക്ഷെ അന്നൊന്നും ഞാൻ അത് തിരിച്ചറിഞ്ഞിരുന്നില്ല. ഞാൻ എപ്പോഴും മക്കളുടെ പക്ഷത്തു ആയിരുന്നു. അച്ഛനും മക്കളും തമ്മിൽ തർക്കം ഉണ്ടാകുമ്പോൾ ഞാൻ മക്കളെ സപ്പോർട് ചെയ്തിരുന്നു,  അങ്ങനെ അച്ഛന്റെ അഭിപ്രായങ്ങളെ പലപ്പോഴും തള്ളി പറയേണ്ടിയും വന്നിട്ടുണ്ട്. ഒരമ്മ എന്ന നിലയിൽ മക്കൾ ആയിരുന്നു എനിക്ക് ഏറ്റവും പ്രധാനം. എന്റെ മക്കൾ ആരുടെ മുന്നിലും ചെറുതാകുന്നത് എനിക്ക് സഹിക്കുമായിരുന്നില്ല, അത് അവരുടെ അച്ഛന്റെ മുന്നിൽ ആണെങ്കിൽ കൂടി. പുറമെ നീരസം കാണിക്കുമെങ്കിലും അദ്ദേഹവും അത് ഇഷ്ടപെട്ടിരുന്നു എന്നുവേണം കരുതാൻ. തന്റെ കലശേഷവും മക്കൾ അമ്മയെ പൊന്നുപോലെ നോക്കും എന്നതിൽ അദ്ദേഹം ഉള്ളാലെ സന്തോഷിച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലശേഷം ആണ് കാര്യങ്ങൾ അടപടലം മാറിയത്. പതുക്കെ പതുക്കെ മക്കൾക്ക് അമ്മ ഒരു ബാധ്യത ആകുന്നു എന്ന് മനസ്സിലായി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. എല്ലാര്ക്കും അമ്മയോട് വല്ലാത്ത സ്നേഹം ഉണ്ട്, പക്ഷെ അവരവരുടെ കാര്യങ്ങൾ കഴിഞ്ഞിട്ട് അവർക്കു മറ്റൊന്നിനും നേരമില്ല. എല്ലാവര്ക്കും അവരവരുടെ ജീവിതം ആണ് മുഖ്യം. ഞാൻ അത് മനസ്സിലാക്കാൻ കുറച്ചു വൈകി. പക്ഷെ ഇപ്പോൾ എനിക്കറിയാം എന്റെ ജീവിതം ആണ് എനിക്ക് മുഖ്യം എന്ന്. എനിക്ക് ഇനിയും മക്കളുടെ, കൊച്ചുമകളുടെ സ്നേഹം വേണം. അത് തരാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഞാൻ നിങ്ങളെ അതേപോലെ സ്നേഹിക്കാനും സഹായിക്കാനും തയ്യാർ. ഞാൻ വീണുപോയാലും നിങ്ങൾ എങ്കിലും എന്റെ കൂടെ ഉണ്ടാകും എന്നും വിശ്വസിക്കാൻ ഒരു സുഖമുണ്ട്. ആ സുഖം എനിക്ക് ഒരു പക്ഷെ മൃതസഞ്ജീവനി ആകും. ഈ ലോകത്തു അച്ഛനെയും അമ്മയെയും ഒഴിച്ച് എന്തും വില കൊടുത്തു വാങ്ങാം എന്നു കേട്ടിട്ടുണ്ട്. എനിക്ക് അങ്ങനെ മക്കളെ വാങ്ങാൻ പറ്റുമോ എന്ന് നോക്കുകയാണ് ഈ പരസ്യത്തിലൂടെ. എനിക്ക് നിങ്ങള്ക്ക് വേണ്ടി തരാൻ ആകെ ഉള്ളത് എന്റെ കുറെ ദുരിതങ്ങൾ മാത്രമാണ്. അത് എടുത്ത് നിങ്ങൾ എനിക്കുവേണ്ടി വരുമോ? അങ്ങനെ വരാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നറിയാം. എനിക്ക് നിങ്ങളുടെ ജാതിയും മതവും പണവും പ്രതാപവും ഒന്നും പ്രശ്നമല്ല. നിങ്ങളുടെ സ്നേഹം മാത്രമാണ് എനിക്ക് വേണ്ടത്. അത് തരാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഈ പരസ്യത്തിന് ഒരു മറുപടി അയക്കൂ. നിങ്ങളെ ഹൃദയം നിറഞ്ഞു സ്നേഹിക്കാൻ ഈ അമ്മ തയ്യാർ.

സ്നേഹപൂർവ്വം
ഭാർഗവി അമ്മ.

ഇത് കഥയാണോ അതോ ജീവിതമാണോ എന്ന് നിങ്ങൾ വായനക്കാർക്ക് തീരുമാനിക്കാം. ഇതുപോലെ ആയിരം അമ്മമാർ നാം അറിയാതെ നമുക്കുചുറ്റും ജീവിക്കുന്നുണ്ടാകാം. ഒരു പക്ഷെ അവരിൽ പലരും ഇതുപോലെ ഒരു പരസ്യം കൊടുക്കാൻ ധൈര്യപ്പെട്ടു എന്ന് വരില്ല. എന്നാലും നമുക്ക് അവരെ അങ്ങനെ അവഗണിക്കാൻ പറ്റുമോ?

(C) സുരേഷ് മിനസോട്ടൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക