Image

ആഫ്രിക്കയുടെ ചൂരും ചൂടുമേറ്റൊരു നാരായവുമായ് - അഭിമുഖം: (തയ്യാറാക്കിയത് , നജ ഹുസൈൻ)

Published on 08 September, 2021
ആഫ്രിക്കയുടെ ചൂരും ചൂടുമേറ്റൊരു നാരായവുമായ് - അഭിമുഖം: (തയ്യാറാക്കിയത് , നജ ഹുസൈൻ)

 
പഴമയുടെയും പുരാണങ്ങളുടെയും ഗന്ധവുമായി, എഴുത്തിൽ തനതായ ശൈലി തീർത്ത്, ആഫ്രിക്കൻ അനുഭവങ്ങളുടെ ഊർജവുമായൊരു എഴുത്തുകാരൻ. നവമാധ്യമങ്ങളിൽ സ്വന്തം തട്ടകം തീർത്ത പ്രതിഭ . എഴുത്തുകാരനും നിരൂപകനുമായ ഡോ. അജയ് നാരായണനുമായി കവയിത്രി നജാ ഹുസൈൻ, നടത്തിയ അഭിമുഖം.

  ചോദ്യങ്ങളിലേക്ക്  


നജ ഹുസൈൻ -

എഴുത്തുകാരൻ ആത്മവിമർശനത്തിലൂടെ കടന്നുപോകണമെന്ന് കവിത എഴുതുമ്പോൾ തോന്നാറുണ്ടോ?


ഡോ.അജയ് നാരായണൻ - 

ആത്മവിമർശനം-
സമൂഹത്തിൽ ജീവിക്കുന്ന ഏതൊരു വ്യക്തിയും എഴുത്തുകാരനോ മറ്റാരെങ്കിലുമൊ ആകട്ടെ, ആത്മവിമർശനം വേണ്ടതാണ്. തന്റെ പ്രവർത്തനം തനിക്കുവേണ്ടിയോ കുടുംബത്തിന് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ ആകട്ടെ, reflective thoughts ആണ് പലപ്പോഴും ശുഭപര്യവസായമാവുക, പ്രയോജനപ്പെടുക.

എഴുതുമ്പോഴും പുനർച്ചിന്തനം വിമർശനാത്മകമായി സ്വയം നടത്തിയാൽ അത് എഴുത്തിന്റെ മേന്മ കൂട്ടും. ഇത് എളുപ്പമല്ല. എല്ലാവർക്കും സാധ്യവുമല്ല.
ഞാൻ എഴുതുമ്പോൾ ഒരു ചിന്തയെ അക്ഷരങ്ങളാൽ, വാക്കുകളാൽ ആശയമാക്കി മാറ്റി തിരുത്തിയാണ് വായിക്കാൻ കൊടുക്കുക.
അതിൽ അത്മവിമർശനവും ഉണ്ട്.


നജ ഹുസൈൻ -

നിലവിലെ അനിശ്ചിതമായ സർഗ്ഗാത്മക സാഹചര്യങ്ങൾ എഴുത്തിനെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു?


അജയ് നാരായണൻ -

സർഗ്ഗാത്മകത -
ഓരോരോ സാഹചര്യങ്ങൾ എന്നും പലരുടെയും എഴുത്തിനെ സ്വാധീനിക്കാറുണ്ട്. ഒരുവൻ ജീവിക്കുന്ന കാലഘട്ടത്തിന് അനുസൃതമായി മാത്രമേ അവന്റെ സ്വഭാവരൂപീകരണം നടക്കുന്നുള്ളു എന്നതിനാൽ എഴുത്തിനെ അതിൽനിന്നും മാറ്റിനിർത്താൻ സാധ്യമല്ല തന്നെ.
ഉദാഹരണം, സീത എന്ന ബിംബം തന്നെ. വാത്മീകിയുടെ ഈ ബിംബത്തെ പലവട്ടം പലരൂപത്തിൽ, ഭാവത്തിൽ എഴുത്തുകാർ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതാതു കാലത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ കുടുംബപശ്ചാത്തലത്തിനനുസൃതമായി സീതയെ പലവേഷത്തിൽ, രൂപത്തിൽ കാണാം.

ഞാൻ കൗതുകത്തോടെയും ആകാംക്ഷയോടെയും ഉത്കണ്ഠയോടെയും പഠിക്കുന്നുണ്ട് ലോകത്തിന്റെ ഗതിവിഗതികൾ. പൂർണമല്ല പഠനം.
എഴുത്തുകാരന്റെ അകക്കണ്ണ് എപ്പോഴും തുറന്നിരിക്കും. ചുറ്റും നടക്കുന്ന സംഭവങ്ങളോടുള്ള സ്വാഭാവികമായ പ്രതികരണമാണ് അവന്റെ എഴുത്ത്.


നജ ഹുസൈൻ -

കവി, എഴുത്തുകാരൻ, നിരൂപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ താങ്കളെ തൃപ്തിപ്പെടുത്തിയ മേഖല ഏതാണ്?


അജയ് നാരായണൻ -

കവി, എഴുത്തുകാരൻ, നിരൂപകൻ -

അപ്രതീക്ഷിതമായി എഴുത്തുവഴിയിൽ വന്നുചേർന്ന ഒരു വ്യക്തിയാണ് ഞാൻ. ഒരു വർഷമേ ആയുള്ളൂ എഴുതിത്തുടങ്ങിയിട്ട്. ആലിസിന്റെ അത്ഭുതലോകത്തെത്തിയ ഒരു കുട്ടിയെപ്പോലെയാണ് ഞാൻ ഇവിടെ. എഴുത്ത് Pre-planned അല്ല.
കൂട്ടിവായിക്കാൻ തുടങ്ങിയനാൾ മുതൽ വായനയുണ്ടായിരുന്നു. ഭാഷയോടും സാഹിത്യത്തോടും വല്ലാത്ത അഭിനിവേശവും ഉണ്ടായിരുന്നു. സ്വയം സംസാരിക്കുന്ന രീതി, journal എഴുതുക തുടങ്ങിയ അസ്കിത പണ്ടേയുണ്ടായിരുന്നു.
ലേഖനം എഴുതുക പ്രയാസം.
കഥ എഴുതാൻ മടി. കവിത ഒരു ചിന്തയുടെ ബഹിർസ്ഫുരണമാണ്.
പൊതുവെ കഥകൾ എന്നിലൂടെയുള്ള യാത്രയെങ്കിൽ കവിത മറ്റുള്ളവരിലേക്കുള്ള യാത്രയാണ്.
രണ്ടും ഇഷ്ടം.
ലേഖനം എഴുതുക ശ്രമകരമാണ്. ഇഷ്ടമല്ല. നിരൂപണം ബൌദ്ധികമായ ഒരു ശ്രമമാണ്, എളുപ്പമല്ല.
ഒരു മേഖലയും ആത്യന്തികമായി സംതൃപ്തി തരണമെന്നില്ല. അതിലേക്കുള്ള യാത്ര അനുസ്യൂതം തുടരും, തൃപ്തിയാകും മനസ്സിന്നൊരുനാൾ... എന്ന പ്രതീക്ഷയോടെ.


നജ ഹുസൈൻ -

നല്ല നിരൂപകൻമാരുടെ കുറവ് ഇന്നത്തെ എഴുത്തുകളുടെ മൂല്യച്യുതിക്ക് കാരണമാവുന്നുണ്ടോ? നിരൂപകനെന്ന നിലയിൽ എപ്പോഴെങ്കിലും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടോ?


അജയ് നാരായണൻ -

നല്ല വിമർശനം -

വിമർശനം എപ്പോഴും ശ്രമകരമാണ്. വെല്ലുവിളിയുമാണ്. ഭാഷാസാഹിത്യത്തിൽ ഖണ്ഡന-മണ്ഡന വിമർശനരീതി സ്വീകരിച്ചവരായിരുന്നു പ്രൊഫ. മുണ്ടശ്ശേരി, ശ്രീ. മാരാർ, പ്രൊഫ. കൃഷ്ണൻ നായർ തുടങ്ങിയ മഹാരഥന്മാർ. ഞാൻ കൗതുകത്തോടെ കേട്ടിട്ടുണ്ട് അഴീക്കോടിനെ, സുനിൽ p ഇളയിടം തുടങ്ങിയവരെ.
പുതിയ നിരൂപകരെ പരിചയമില്ല.

ഞാൻ ഒരു അധ്യാപകന്റെ ദൃഷ്ടിയിലൂടെയോ വിദ്യാർത്ഥിയുടെ കണ്ണിലൂടെയോ ഒരു വായന മാത്രമേ നടത്തുന്നുള്ളു.
ഗഹനമായ വായനയ്ക്ക് റഫറൻസ് വേണ്ടിവരും. ഒപ്പം മറുവായനകളും. എങ്കിലേ ഒരു കൃതിയെ പഠിക്കുവാനോ അവലോകനം ചെയ്യുവാനോ സാധ്യമാകൂ. അതിനുള്ള ചുറ്റുപാടില്ല എനിക്ക്.
എഴുത്തുകാരൻ സ്വയം വിമർശകനായാൽ കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടാകാം എന്ന് ഞാൻ കരുതുന്നു.
എന്റെ വായന എല്ലാവർക്കും സ്വീകാര്യമാവണമെന്നില്ലല്ലോ, അതുകൊണ്ടുതന്നെ എഴുത്തുകാരന്റെ വിമർശനം ഞാനും ഏറ്റുവാങ്ങിയിട്ടുണ്ട്. കാര്യമാക്കാറില്ല. ചിലത് അധിക്ഷേപപരവും ആയിട്ടുണ്ട്, ഇത്തരം വ്യക്തിപരമായ പരാമർശങ്ങൾ.
ഞാനും ഒരു എഴുത്തുകാരനായതിനാൽ എനിക്കു മനസ്സിലാകും.
പൊതുവെ, ഇത്തരം വിമർശനങ്ങൾക്ക് മറുപടി കൊടുക്കാറില്ല. അതെന്റെ ധാർഷ്ട്യമാകാം.


നജ ഹുസൈൻ -

പുതിയ കാലത്തെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള വിചാരങ്ങളും നീതിയെക്കുറിച്ചുള്ള അവസാനിക്കാത്ത ഉത്കണ്ഠകളുമാണോ താങ്കളുടെ എഴുത്തിൻ്റെ അടിത്തറ ?


അജയ് നാരായണൻ -

ഉത്കണ്ഠ -

എനിക്കുതോന്നുന്നു ഞാൻ എന്നും ഉത്കണ്ഠാകുലനായിരുന്നു എന്ന് .
സാമ്പത്തികമായും സാമൂഹികമായും ഒരു പരിരക്ഷയില്ലാത്ത കാലഘട്ടത്തിൽ, middle class  കുടുംബത്തിലെ micro politics ന്റെ ഇരകളായിരുന്നു എന്റെ മാതാപിതാക്കൾ. ആ സാഹചര്യത്തിൽ ഇമോഷണൽ സുരക്ഷയും ഉണ്ടായിരുന്നില്ല. അതിനാലാവും ഞാൻ എന്റെ ഭാവനാലോകം സ്വയം സൃഷ്ടിച്ചു, അതിൽ അഭിരമിച്ചു.
ഒരു പുസ്തകപ്പുഴു, അന്തർമുഖൻ, rebel എന്നെല്ലാം തീർച്ചയായും പറയാം. ഇതിനു വിപരീതമാവാം എന്റെ ഇന്നത്തെ രീതി.
എങ്കിലും ഏതുകാലത്തെയും ഉച്ചനീചത്വങ്ങൾ എന്നെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അത് ഇന്നും ഉണ്ട്.

സീതയും, രാമനും, കൃഷ്ണനും, പാഞ്ചാലിയും കണ്ണകിയും ഇങ്ങേയറ്റം കുറച്ചുനാൾ മുൻപ് മരിച്ചുപോയ അഭിമന്യു, വിസ്മയ പോലും എനിക്ക് ഉറങ്ങാത്ത രാത്രികൾ തന്നിട്ടുണ്ട്.
ഉത്കണ്ഠ എന്റെകൂടെ എന്നും ഉണ്ട്.
പലരുടെയും രാഷ്ട്രീയ തോൽവികൾ, മരണം എല്ലാം എന്നെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാർ ശ്വവൽക്കരിക്കപ്പെട്ടവരും തോറ്റവരും എന്നെ വിമ്മിഷ്ടനാക്കുന്നു. എല്ലാവർക്കും ഇത് മനസ്സിലാക്കാൻ പ്രയാസമാവും.
എന്റെ എഴുത്ത് സംഭവിക്കുന്നതാണ്. കാലേകൂട്ടി plan ചെയ്യുന്നതല്ല. ഉത്കണ്ഠ ഒരു കാരണമാണ് എഴുതാൻ.


നജ ഹുസൈൻ -

അവസാനമായി,
വായനക്കാരനെ കണ്ടു വേണം എഴുതാൻ.
എന്താണ് അജയ് സാറിൻ്റെ അഭിപ്രായം?


അജയ് നാരായണൻ -

വായനക്കാരനെ കണ്ടുവേണമോ എഴുതാൻ?

എന്തിനുവേണ്ടി ആർക്കുവേണ്ടി എഴുതുന്നു എന്നചോദ്യം പുതിയതല്ലല്ലോ. സാമൂഹികപ്രതിബദ്ധത എഴുത്തുകാരന് എന്നും ഉണ്ടാകണം. വായനക്കാരനെ സ്വാധീനിക്കാൻ എഴുത്തുകാരനു കഴിയും എന്നെല്ലാമുള്ള വാദഗതികളിൽ നിന്നാണ് ഇത്തരം കാഴ്ചപ്പാട് ഉണ്ടാകുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ സാഹിത്യം ജനകീയവും ജനാധിപത്യപരവുമാണ്. അപ്പോൾ തീർച്ചയായും കല മനുഷ്യനുവേണ്ടി, മാനവസ്നേഹത്തിനുവേണ്ടി, അവന്റെ ഉയർച്ചയ്ക്കും വേണ്ടിയാണ്. എന്നാൽ അത് സത്യസന്ധമായി എഴുത്തുകാരൻ പാലിക്കുന്നു എന്നു ഞാൻ കരുതുന്നില്ല. സാഹിത്യകാരൻ അവന്റെ ആത്മാവിഷ്രകാരമായി കലയെ, സാഹിത്യത്തെ കാണുന്നതുകൊണ്ടുംകൂടിയാണത്. ഒരു compromise ആണ് എപ്പോഴും നല്ലത് എന്നാണ് എന്റെ കാഴ്ചപ്പാട്.
അല്ലെങ്കിൽ സ്ഥാപിത താല്പര്യങ്ങളുടെ ഇരകളായി വായനക്കാരനും എഴുത്തുകാരനും മാറാം. ഇന്ന് രാഷ്ട്രീയപ്പാർട്ടികൾക്ക് അവരുടെ ആശയങ്ങൾ പടർത്തുന്നതിനു എഴുത്തുകാരെയും ആവശ്യമുണ്ട്. അപ്പോൾ വായനക്കാരുടെ ലോകം എന്നത് ഒരു പ്രത്യേക വിഭാഗം എന്നും വരാം. ഇത്തരുണത്തിൽ, വായനക്കാരനെക്കണ്ടുവേണം എഴുതാൻ എന്നത് എഴുത്തുകാരന്റെ ദുർയോഗമാണ്.

എന്നെസംബന്ധിച്ച് ഞാൻ വായനക്കാർക്കായി എഴുതുന്നു എന്നുപറഞ്ഞാൽ നുണയുടെ കൊട്ടാരത്തിൽ വസിക്കുന്നു എന്നാവും. എന്റെ ചിന്തകളെ വാക്കുകളായി മാറ്റുന്നു, അത് ഒരാൾ വായിക്കുമ്പോൾ സന്തോഷം, ആദരവ് എല്ലാം ഉണ്ട്.
ആത്യന്തികമായി സമൂഹത്തിലെ പലതും എനിക്കു ചിന്താവിഷയങ്ങളാകുന്നു. അത് വായനക്കാരൻ സ്വീകരിച്ചാൽ ഞാൻ ധന്യൻ.


അഭിമുഖം തയ്യാറാക്കിയത് എഴുത്തുകാരി,നജാ ഹുസൈൻ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക