Image

അലാസ്‌ക - പാതിരാ സൂര്യന്റെ നാട്ടില്‍ (റെനി കവലയില്‍ )

റെനി കവലയില്‍ Published on 09 September, 2021
അലാസ്‌ക - പാതിരാ സൂര്യന്റെ നാട്ടില്‍  (റെനി കവലയില്‍ )
യാത്രകളെ ഇഷ്ടപ്പെടുന്ന ഒരാള്‍  ജീവിതത്തില്‍ എന്തൊക്കെ കാണണമെന്ന് ആഗ്രഹിക്കുന്നുവോ, അതൊക്കയും ഒറ്റയാത്രയില്‍ കണ്ടുതീര്‍ത്താലോ? അങ്ങനെ അത്രയും ഇറങ്ങിപ്പുറപ്പെടുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ വളരെ കുറവാണ്. അത്തരത്തിലൊരിടമാണ് അമേരിക്കയിലെ അലാസ്‌ക. പര്‍വ്വതങ്ങള്‍, തടാകങ്ങള്‍, വന്യജീവി സമ്പത്ത്, ഗ്ലേസിയര്‍, നോര്‍ത്തേണ്‍ ലൈറ്റ്, വെള്ളച്ചാട്ടങ്ങള്‍...അങ്ങനെ അങ്ങനെ നീണ്ടു കിടക്കുകയാണ് അലാസ്‌ക ചരിതം. ചെന്നു നോക്കിയാല്‍ മറ്റേതോ ഒരു ഗ്രഹത്തില്‍ എത്തിയ അനുഭവമാണ് അലാസ്‌ക സമ്മാനിക്കുക. രാജ്യങ്ങളുടെ വലുപ്പത്തേക്കാള്‍ വലിയ ദേശിയോദ്യാനവും ആകാശം മുട്ടുന്ന ഐസ് മലകളും അങ്ങനെ വ്യത്യസ്തമാക്കുന്ന കാഴ്ചകള്‍ ഈ പ്രദേശത്ത് നിരവധിയുണ്ട്, ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്നായാണ് സഞ്ചാരികള്‍ അലാസ്‌കയെ കാണുന്നത്വേനല്‍ക്കാലത്തു  വളരെ നീണ്ട പകലും, ചെറിയ രാത്രിയുമാണ് 
 വെളുപ്പിനേ മൂന്നു മണിക്ക് ഉദിക്കുന്ന സൂര്യന്‍ അസ്തമിക്കുന്നത് രാത്രി പന്ത്രണ്ടിനാണ്  . എന്നാല്‍ ഫെയര്‍ബാങ്ക്‌സില്‍ 24 മണിക്കൂറും സുര്യനെ കാണാം അലാസ്‌ക - USA യിലെ ഏറ്റവും വലിയ സംസ്ഥാനം. ഇന്‍ഡ്യയുടെ നേര്‍പകുതിയോളം വലിപ്പമുണ്ടതിന്. ഇത് USA-യുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ, വടക്കുപടിഞ്ഞാറേ മൂലയില്‍, കാനഡയ്ക്കും പടിഞ്ഞാറാണ് അലാസ്‌ക സ്ഥിതി ചെയ്യുന്നത്.  

അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം ആണ് അലാസ്‌ക, എങ്കിലും ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ കൂടെ ആണ് അലാസ്‌കയുടെ സ്ഥാനം. മെയിന്‍ലാന്റ്റിനു പുറത്തു (അത് കൊണ്ട് അവസാന അതിര്‍ത്തി -The Last Frontier എന്നാണ് ഇതിനെ വിളിക്കാറ് ) കാനഡക്കും റഷ്യക്കും ഇടയിലായാണ് ഈ സംസ്ഥാനം. 1860 ല്‍  റഷ്യയുടെ കയ്യില്‍ നിന്നും അമേരിക്ക പണം കൊടുത്തു വാങ്ങിയതാണീ പ്രദേശം. ഒരു ഏക്കറിനു രണ്ടു  സെന്റ് ആയിരുന്നു വില.. മത്സ്യബന്ധനം, എണ്ണ, പ്രകൃതിവാതകം, ടൂറിസം എന്നിവയാണ് പ്രധാന വരുമാനം. ഒത്തിരി പ്രത്യേകതകളുള്ള അലാസ്‌കയിലേക്കു നടത്തിയ എട്ടു ദിവസം നീണ്ട ഒരു ഓട്ടപ്രദക്ഷിണത്തിന്റെ ഓര്‍മകളാണ് ഈ കുറിപ്പ് ..കോവിഡ് മഹാമാരി ആഞ്ഞടിച്ച ഒന്നര വര്‍ഷക്കാലം മുന്‍ നിശ്ചയിച്ച യാത്രകള്‍ എല്ലാം മുടങ്ങിയിരുന്നു,കോവിഡിന് ഒരു ശമനം ആയി എന്ന തോന്നലും വ്യത്യസ്ത കാഴ്ചകള്‍ നിറഞ്ഞ അലാസ്‌ക ഏറെ കാലമായി മനസില്‍ ഒരു സ്വപ്നം ആയിരുന്നതിനാലും ഈ  വേനലവധിക്കാലയാത്ര അലാസ്‌കയിലേക്കാകാം എന്നു തീരുമാനിക്കുകയായിരുന്നു,
2021 ജൂണ്‍ ഇരുപത്തി അഞ്ചിനാണ് യാത്ര തിരിച്ചത് . ആദ്യത്തെ വിമാനം  ഹ്യൂസ്റ്റണ്‍ ഹോബി എയര്‍പോര്‍ട്ടില്‍ നിന്നും ഡാളസിലേക്ക് .അവിടെന്നായിരുന്നു ഞങ്ങള്‍ക്കു പോകേണ്ട സ്ഥലത്തേക്കുള്ള അമേരിക്കന്‍ ഏയര്‍ലൈന്‍സ് .വിമാനം .. എട്ടുമണിക്കൂറിനു മുകളിലുള്ള ആകാശയാത്രക്ക് ശേഷം ഞങ്ങളുടെ വിമാനം ഫെയര്‍ബാങ്ക്‌സ്  ഇല്‍ ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലേക്കു ...
വിമാനം ലാന്‍ഡ് ചെയ്യാറായി  എന്ന പൈലറ്റ് ന്റെ അറിയിപ്പ് വന്നു ... കൂടെ അലാസ്‌കയെയും ഫെയര്‍ബാങ്ക്‌സ് നെയും കുറിച്ച് ഒരു ചെറു വിവരണവും .. ലാന്‍ഡ് ചെയ്യാറായതു കൊണ്ട് വിമാനം വളരെ താഴ്ന്നു ആണ് പറന്നിരുന്നത് ... എല്ലാവരും വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കാന്‍ പൈലറ്റ് നിര്‍ദേശിച്ചു.  കണ്മുന്‍പില്‍ അലാസ്‌ക യുടെ ആദ്യ ദൃശ്യം - മഞ്ഞു മൂടിയ സുന്ദരമായ മലനിരകളുടെ ആകാശദൃശ്യം .... കണി കൊള്ളാം.. 
ഏതാനും നിമിഷങ്ങള്‍ക്കകം ഞങ്ങളുടെ വിമാനം ലാന്‍ഡ് ചെയ്തു ...ഞങളുടെ ലക്ഷ്യം ഫെയര്‍ ബാങ്ക്‌സ് എന്ന പട്ടണം  ആണ് - അവിടെ ആണ് അന്ന് രാത്രി താമസം അറേഞ്ച് ചെയ്തിരിക്കുന്നത്.നീണ്ട വിമാനയാത്രമൂലം നല്ല ഷീണം ഉണ്ടായിരുന്നു സമീപത്തുള്ള ഒരു റെസ്റ്റോറെന്റില്‍ നിന്നു രാത്രി ഭക്ഷണം കഴിച്ചു റൂമില്‍ എത്തിയപ്പോള്‍ രാത്രി പന്ത്രണ്ടു മണി അപ്പോഴും സൂര്യന്‍ തലക്കു മുകളില്‍ തന്നെ ,വേനല്‍ കാലത്തു ഫെയര്‍ ബാങ്ക്‌സില്‍ സൂര്യന്‍ അസ്തമിക്കാറില്ല .രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ നേരത്തെ ബുക്ക് ചെയ്ത റെന്റ് എ കാര്‍ ഹോട്ടലില്‍ എത്തിയിരുന്നു   ഓട്ടപ്രദക്ഷിണം തുടങ്ങാറായി -- ഞങ്ങളുടെ ഏതാണ്ട് എല്ലാ യാത്രകളും  ഇങ്ങനെ തന്നെ ആണ്  ... ഉള്ള സമയം കൊണ്ട് മാക്‌സിമം കവര്‍ ചെയ്യുക. നേരത്തെ ബുക്ക് ചെയ്തിരുന്നത് കൊണ്ട് വണ്ടി റെഡി .. പുതു പുത്തന്‍ SUV  . നേരെ ചെന ഹോട്ട് സ്പ്രിങ്ങിലേക്കു  വച്ചുപിടിച്ചു, ചെന ഹോട്ട് സ്പ്രിങ്  ഒരു  റിസോര്‍ട്ടാണ്,ചൂടു നീരുറവകള്‍ ആണ് അവിടുത്തെ പ്രത്യേകത ,തണുപ്പ് കാലങ്ങളില്‍  പട്ടികള്‍ വലിക്കുന്ന ഡോഗ് സ്ലെഡിങ് ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞു,ഐസ്  മ്യൂസിയം ,കനോയിങ് എന്നിങ്ങനെ വിനോദങ്ങളുടെ ഒരു നിരയും  രാത്രി ക്യാമ്പിങ്ങും ഒരുക്കിയിരിക്കുന്നു,ഫെയര്‍ ബാങ്കിങ്സില്‍ നിന്നും അന്‍പത്തി ഏഴു മൈല്‍ ദൂരമുണ്ട് , രാത്രി  താമസം അവിടെയാണ് എടുത്തിരിക്കുന്നത് ....വഴിയില്‍ കണ്ട ഒരു വാള്‍മാര്‍ട്ടില്‍ നിന്നും അത്യാവശ്യം വേണ്ട വെള്ളവും സോഡയും മറ്റും വാങ്ങിച്ചു/ 
ഭൂമധ്യരേഖയില്‍ നിന്ന് അകലെ കിടക്കുന്ന രാജ്യങ്ങളില്‍ രാത്രിയുടെയും പകലിന്റെയും നീളം സീസണ്‍ അനുസരിച്ചു മാറി മാറി വരും .. അലാസ്‌ക നോര്‍ത്ത് പോളിനോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ട് (കുറെ  ഭാഗം  ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍  ആണ് ) ഇവിടെ അതിന്റെ ഇമ്പാക്ട് വളരെ കൂടുതല്‍ ആണ് .വേനല്‍ക്കാലത്തു പോയത് കൊണ്ട് രാത്രി പന്ത്രണ്ടു  വരെ സൂര്യപ്രകാശം ഉണ്ടായിരുന്നു(മഞ്ഞുകാലത്തു ആയിരുന്നേല്‍ മൂന്നു മണിക്ക് തന്നെ സൂര്യന്‍ അസ്തമിച്ചേനെ). അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കു പകല്‍ വെളിച്ചം  ധാരാളം കിട്ടി.
...

 രണ്ടാം ദിവസം പ്രഭാത ഭക്ഷണവും കഴിച്ചു   ചെന ഹോട്‌സ് സ്പ്രിങ്ങിനോട്    വിടപറഞ്ഞു. മുന്നൂറ്റി ഇരുപതു മൈല്‍ അകലെയുള്ള . വാല്‍ഡിസ് എന്ന മനോഹര ഹാര്‍ബര്‍  പട്ടണമാണ്  ലക്ഷ്യം, പോകുന്ന വഴിയിലാണ് സാന്താക്ലോസിന്റെ ഭവനം സ്ഥിതിചെയുന്ന  നോര്‍ത്ത് പോള്‍,അവിടെ വര്‍ഷം മുഴുവന്‍ ക്രിസ്മസാണ് , ഞങ്ങള്‍  അവിടെത്തിയപ്പോള്‍  ഏകദേശം ഉച്ചസമയമായിരുന്നു ,സാന്താക്ലോസിനും പത്‌നിക്കും ഒപ്പം കുറച്ചു ഫോട്ടോകള്‍ എടുത്തു, കുറച്ചു സുവനീറുകളും വാങ്ങി,ഉച്ച  ഭക്ഷണം നോര്‍ത്ത് പോള്‍  മാക് ഡൊണാള്‍സില്‍  നിന്നും കഴിച്ചു യാത്ര തുടര്‍ന്നു,അലാസ്‌ക ഹൈവേയില്‍ പ്രവേശിച്ചു ഡെല്‍റ്റ ജംഗ്ഷനില്‍ നിന്നും വണ്ടിയില്‍ ഗ്യാസ് നിറച്ചു ഇനി മുന്നോറോളം മൈല്‍ പെട്രോള്‍ സ്റ്റേഷനോ ഒരു തരം സേവനങ്ങളോ ലഭ്യമല്ല ,ഇനി റിച്ചാര്‍ഡ്‌സണ്‍ ഹൈവേയിലൂടെയാണ്  യാത്ര, ഏറെക്കുറെ  വിജനമാണ് റോഡ് ,നമ്മളും അതിമനോഹരമായി പ്രകൃതിയും മാത്രം, ദൂരെ മഞ്ഞുമലകള്‍  തിരശീലയിട്ട  പൈന്‍ മരക്കാടുകള്‍, ഒരു മനോഹര ചിത്രത്തിലൂടെ വാഹനമോടിക്കുന്നപോലെ തോന്നി , 
ധാരാളം കരടികള്‍  (ഗ്രിസ്ലി / ബ്ലാക്ക് ബെയര്‍ ) ഉള്ള സ്ഥലമാണ് അലാസ്‌ക  ..ഭാഗ്യമുണ്ടെല്‍ ഈ യാത്രക്കിടയില്‍ കരടികളെ കാണാം. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക്  അവയെ കാണാന്‍ സാധിച്ചില്ല.
അന്ന് രാത്രി വാല്‍ഡിസില്‍    എത്തി .. ഇതിനോടകം തന്നെ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ലിമിറ്റേഷന്‍സ് ഞങ്ങള്‍ക്ക് നല്ലോണം മനസ്സിലായിരുന്നു . നാളത്തെ യാത്രയില്‍ മൊബൈല്‍ കവറേജ് എന്നൊന്നില്ല .. ആകെ കൂടി ഉള്ളത് ഒരു സാറ്റലൈറ്റ് റേഡിയോ മാത്രം !

മൂന്നാം   ദിവസം ഹോട്ടലില്‍ പ്രഭാത ഭക്ഷണം ലഭ്യമായിരുന്നു . അതിനു ശേഷം വാല്‍ഡിസിന്റെ മനോഹര കാഴ്ചകളിലേക്കു ഊളിയിട്ടു, ഹോട്ടലിനു ചേര്‍ന്നു  ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉണ്ടായിരുന്നു.വോര്‍ട്ടങ്ങിട്ടന്‍  ഗ്ലൈസെര്‍, തോംസണ്‍ പാസ് (വേനല്‍ കാലത്തും മഞ്ഞു പെയ്യുന്ന, സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി എണ്ണൂറ് അടി ഉയരത്തില്‍ ആണ് )പോകുന്ന  വഴിയില്‍ ബ്രൈഡല്‍ ഹെയര്‍ വാട്ടര്‍ ഫാള്‍ അതിമനോഹര കാഴ്ചയാണ്, നവോഢയായ മണവാട്ടിയുടെ  നീണ്ട മുടി പോലെ വളെരെ ഉയരത്തില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടം ഒരു വേറിട്ട കാഴചയാണ്, മഞ്ഞു വീണു നിറഞ്ഞ തോംസണ്‍ പാസില്‍  എത്തി, മഞ്ഞിലും  ഐസിലും കുറെ നേരം കളിച്ചു, അതിനു സമീപം ആണ് വോര്‍ട്ടങ്ങിട്ടന്‍  ഗ്ലൈസെര്‍ അഥവാ ഹിമാനികള്‍ നൂറു കണക്കിനു വര്‍ഷങ്ങള്‍ ഐസ് കിടന്നു രൂപം പ്രാപിക്കുന്നതാണ് ഇളം നീല കലര്‍ന്ന പച്ച നിറമുള്ള ഗ്ലൈസെര്‍(ഹിമാനികള്‍). 

നാലാം ദിവസം  വാല്‍ഡിസില്‍  നിന്നും അങ്കറേജിലേക്ക് തിരിച്ചു , ദൂരെ  മഞ്ഞു പുതച്ചു നില്‍ക്കുന്ന ചുഗാക്ക  പര്‍വത നിരകള്‍  യാത്രാമംഗളങ്ങള്‍ നേരുന്നത് പോലെ തോന്നി, ഗ്ലെന്‍ലിനേന്‍ എന്ന ചെറു പട്ടണത്തില്‍ നിന്നും ഗ്ലെന്‍ ഹൈവേയിലേക്കു തിരിഞ്ഞാണ് അങ്കറേജിലേക്ക് പോകുന്നത് ഞങ്ങള്‍ അവിടെ ഇറങ്ങി, ഓരോ കോഫിയും കുടിച്ചു വണ്ടിയില്‍ ഗ്യാസും നിറച്ചു യാത്ര തുടര്‍ന്നു. 
ഒരു ചെറിയ മല കയറി വേണം അങ്കറേജില്‍ എത്താന്‍  അപ്പോള്‍ തന്നെ കാണാം മലഞ്ചരുവില്‍   നല്ല വീടുകള്‍, അലാസ്‌കയില്‍ ഏറ്റവും  ജന സാന്ദ്രത ഉള്ള പട്ടണം ആണ് അങ്കറേജ് അവിടെയെത്തി ഹോട്ടലില്‍  ചെക്കിന്‍ ചെയ്തു അല്പം വിശ്രമിച്ച ശേഷം അവിടെ നിന്നും മൂന്നു മണിക്കൂര്‍ ദൂരമുള്ള  സീവാര്‍ഡ് എന്ന തീരദേശ പട്ടണത്തിലേക്കു പുറപ്പെട്ടു ദീര്‍ഘദൂര  ക്രൂസ് ഷിപ്പുകള്‍ എത്തുന്ന പോര്‍ട്ടാണ് സീവാര്‍ഡ്,

അഞ്ചാം ദിവസം അങ്കറേജില്‍ നിന്നും ഡെനാലി നാഷണല്‍ പാര്‍ക്കിലേക്കു പാര്‍ക്‌സ് ഹൈ വേയിലൂടെ യാത്ര തിരിച്ചു ഡെനാലി നാഷണല്‍ പാര്‍ക്കിലുള്ള ഒരു ഹോട്ടലിലാണ് രാപാര്‍ത്തത്, അവിടെ മൂസ് എന്ന പേരുള്ള ജീവികള്‍ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു,ഡെനാലി നാഷണല്‍ പാര്‍ക്കില്‍ നിന്നും ലോകത്തിലെ മൂന്നാമത്തെ ഉയരമുള്ള ( ഇരുപത്തിനായിരത്തി മുന്നൂറ്റിപത്തു അടി ) മാക്കിന്‍ലി പര്‍വതം  കണ്‍കുളിര്‍ക്കെ  കണ്ടു.ആറാം ദിവസം ഫെയര്‍ ബാങ്ക്‌സില്‍ തിരികെയെത്തി. 

  
ഫയര്‍ബാങ്ക്‌സില്‍ നിന്നുംആര്‍ട്ടിക് സര്‍ക്കിളിലേക്കു  ഇരുനൂറ്റന്പത് മൈല്‍ദുര്‍ഘട പാതയാണുള്ളത് ..  ലോകത്തെ ഏറ്റവും അപകടമേറിയ പാതകളിലൊന്നും ...
..
 ഡാല്‍ട്ടന്‍ ഹൈവേ - എലിയട്ട്    ഹൈവേ ഇല്‍ നിന്നും പ്രോദോസ് ബേ ഓയില്‍  ഫീല്‍ഡ്‌സ്  ലേക്കുള്ള റോഡ്. ആര്‍ട്ടിക് സമുദ്ര ത്തിന്റെ അടുത്ത് വരെ എത്താന്‍ ഉള്ള വഴി  - അലാസ്‌കന്‍ വംശജനും പ്രമുഖ  എന്‍ജിനീയറുമായ  ജെയിംസ്  ഡാല്‍ട്ടന്‍ടെ പേരാണ് ഈ ഹൈവേക്കു നല്‍കിയിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ മല നിരകള്‍ക്കിടയിലൂടെ ഏതാണ്ട് പൂര്‍ണമായും ഒരു ചെമ്മണ്‍ പാത - മുന്നോട്ടു നോക്കിയാല്‍ കടന്നു പോകാനുള്ള വഴി മൈലുകളോളം കാണാം. വേനല്‍ക്കാലം ആയിരുന്നതിനാല്‍ മഞ്ഞെല്ലാം ഏതാണ്ട് ഉരുകി പോയിരുന്നു, എങ്കിലും റോഡ്  പലയിടത്തും വഴുവഴുപ്പുള്ളതായിരുന്നു. അമേരിക്കയിലെ ഏറ്റവും ഒറ്റപ്പെട്ട റോഡ് ആണിത്. പ്രോദോസ് ബേ, എണ്ണപ്പാടങ്ങളില്‍ നിന്ന് വരുന്ന ട്രക്കുകള്‍ ആണ് ഇതിലെ കൂടി പ്രധാനമായും കടന്നു പോകുന്നത്. കൂടാതെ ചില ഒറ്റപ്പെട്ട സഞ്ചാരികളും... വഴിയില്‍  യൂക്കോണ്‍ നദിക്കരയില്‍ സമ്മറില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ താവളം ഉണ്ട്. ലോഡ്ജിങ്, ഭക്ഷണം, ഇന്ധനം ഇതിനൊക്കെ ഉള്ള ഏക ആശ്രയം.  

20 പര്‍വതങ്ങളില്‍ 17 എണ്ണം അലാസ്‌കയില്‍

അമെരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങളുടെ പട്ടികയില്‍ 20 കൊടുമുടികളാണുള്ളത്. എന്നാല്‍ അതില്‍ 17 എണ്ണവും സ്ഥിതി ചെയ്യുന്നത് അലാസ്‌കയിലാണ്. ഡെനാലി എന്നറിയപ്പെടുന്ന കൊടുമുടിാണ് ഇതിലേറ്റവും ഉയരമുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 20,320 അടി ഉയരത്തിലാണ് ഈ പര്‍വതമുള്ളത്.

3000 നദികളും 3,000,000 തടാകങ്ങളും!

വലുപ്പത്തിന്റെ കാര്യത്തില്‍ അമെരിക്കന്‍ ഐക്യനാടുകളുടെ അഞ്ചിലൊന്നും അലാസ്‌കയുടെ ഭാഗമാണ്. അമെരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണിത്. ഇത്രയും സമൃദ്ധമായ പ്രദേശം ഭൂമി അതിന്റെ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിരിക്കുകയാണ്. അലാസ്‌കയില്‍ മാത്രമായി 3000 നദികളുണ്ട്. ചെറുതും വലുതുമായി മുപ്പത് ലക്ഷത്തോളം തടാകങ്ങളാണ് ഇവിടെയുള്ളത്.

സജീവമായതും അല്ലാത്തതുമായ 29 അഗ്‌നിപര്‍വതങ്ങളും ഇവിടെയുണ്ട്. 33,000 മൈല്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന സമുദ്ര തീരവും ആര്‍ട്ടിക് സമുദ്രം, പസഫിക് സമുദ്രം, ബറിംഗ് കടല്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സമുദ്രതീരങ്ങളും അലാസ്‌കയ്ക്കുണ്ട്. 1000 ചതുരശ്രമൈല്‍ നീളമുള്ള ഇലിയാമ്‌ന നദിയാണ് ഇവിടുത്തെ ഏറ്റവും നീളമുള്ള നദി
അമെരിക്കയുടെ അഞ്ചിലൊന്നും ഉള്‍ക്കൊള്ളുന്ന സംസ്ഥാനമാണ് അലാസ്‌ക. ടെക്‌സാസ് സംസ്ഥാനത്തിന്റെ രണ്ടിരട്ടിയുണ്ട് അലാസ്‌കയുടെ വലുപ്പം. അമെരിക്കയിലെ മറ്റിടങ്ങളേക്കാളും കാനഡയോയും റഷ്യയോടും ചേര്‍ന്നാണ് അലാസ്‌ക സ്ഥിതി ചെയ്യുന്നത്. കിഴക്കുഭാഗത്ത് കാനഡയും, വടക്കു ഭാഗത്ത് ആര്‍ട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ പസിഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിങ്ങ് കടലിടുക്കിന് കുറുകെ റഷ്യയും ആണ് അലാസ്‌കയെ ചുറ്റിയുള്ളത്, ഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറന്‍ അറ്റത്തായാണ് ഈ സംസ്ഥാനമുള്ളത്.

റോഡില്ലാത്ത തലസ്ഥാനം

ജുന്യൂ നഗരമാണ് അലാസ്‌കയുടെ തലസ്ഥാനം. എന്നാല്‍ ഇവിടേക്ക് എത്തിപ്പെടാന്‍ റോഡുകളൊന്നുമില്ല. ബോട്ട് വഴിയോ അല്ലെങ്കില്‍ ആകാശമാര്‍ഗമോ മാത്രം ആണ് ഇവിടെ എത്താന്‍ സാധിക്കൂ. ഇത്തരത്തിലുള്ള അമെരിക്കയിലെ ഏക തലസ്ഥാന നഗരവും ജുന്യൂ ആണ്. 3.108 ചതുരശ്ര മൈലാണ് ഈ പ്രദേശത്തിന്റെ വിസ്തൃതി.

എട്ട് ദേശീയോദ്യാനങ്ങള്‍

അലാസ്‌ക സംസ്ഥാനത്തിനു മാത്രമായി എട്ട് ദേശീയോദ്യാനങ്ങളാണുള്ളത്. ഡെനാലി, ഗേറ്റ്‌സ് ഒഫ് ദ ആര്‍ടിക്, ഗ്ലേസിയര്‍ ബേ, കാട്മായി. കെനായ് എഫ്‌ജോര്‍ഡ്‌സ്, കൊബുക് വാലി, ലേക് ക്ലാര്‍ക്, റാങ്കല്‍ സെന്റ് ഏലിയാസ് എന്നിവയാണവ.
സൂര്യനുണ്ട്, സൂര്യനില്ല
സൂര്യപ്രകാശത്തിന്റെയും സൂര്യന്‍ എത്തുന്നതിന്റെയും കാര്യത്തില്‍ വളരെ വിചിത്രമാണ് അലാസ്‌ക. അലാസ്‌കയില്‍ 24 മണിക്കൂറൂം സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളും അതുപോലെതന്നെ 24 മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. ആര്‍ട്ടിക് സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന അലാസ്‌കയുടെ മൂന്നിലൊന്നു ഭാഗത്താണ് ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കാത്തത്. സൂര്യന്‍ ഉദിക്കാത്ത പ്രതിഭാസമുള്ള സ്ഥിരമായ മനുഷ്യവാസമുള്ള പ്രദേശവും അലാസ്‌കയിലുണ്ട്. അലാസ്‌കയിലെ തന്നെ ഏറ്റവും വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമായ ഉട്ക്വിയാഗ്വിക്കില്‍ ആണ് സൂര്യന്‍ ആദ്യം അസ്തമിക്കുന്നതും

അലാസ്‌കയിലെ ഏറ്റവും പ്രത്യേകതയുള്ള മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ നോര്‍ത്തേണ്‍ ലൈറ്റ്. അറോറ ബോറീയലിസ് എന്നറിയപ്പെടുന്ന ഇത് ഭൂമി ഒരുക്കുന്ന ഏറ്റവും മനോഹരമായ കാഴ്ച കൂടിയാണ്. ഭൂമിയിലെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന സൂര്യനില്‍ നിന്നുള്ള വൈദ്യുത കണങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് വിവിധ നിറങ്ങളില്‍ അതിമനോഹര കാഴ്ചയായി കണ്‍മുന്നില്‍ തെളിയുന്നത്. അലാസ്‌കയിലെ ഫെയര്‍ബാങ്‌സിലാണ് ഏറ്റവും കൃത്യമായ ഇത് കാണാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്ന്.വേനല്‍ക്കാലമായതിനാല്‍  ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല/ 

യാത്രകള്‍ തീരുമ്പോള്‍ സാധാരണ വിഷമം തോന്നാറുണ്ടെങ്കിലും ഇത്തവണ അതിത്തിരി കൂടുതല്‍ ആയിരുന്നു. ഫെയര്‍  ബാങ്ക്സ്  എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുമ്പോള്‍ അത് എല്ലാവരുടെയും മുഖത്ത് വ്യക്തം. നാളെ മുതല്‍ വീണ്ടും സാധാരണ ജീവിതത്തിലേക്ക് ..... സാധിക്കുമെങ്കില്‍ ഇനിയും വരണം. മഞ്ഞുകാലത്തു വരണം, നോര്‍ത്തേണ്‍ ലൈറ്റ്സ് (Aurora Borealis) ഒക്കെ കാണണം, മടക്കയാത്രയില്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക