America

എന്നേ പോലൊരുവൻ (കഥ: മിനി ആന്റണി)

Published

on

ഓരോ കാലത്തും ജീവിതം തന്ന് കൊണ്ടിരിക്കുന്ന വ്യത്യസ്തമായ അനുഭവങ്ങളേയും, അതിൽ നിന്ന് കരകയറാൻ കാണിക്കുന്ന വ്യർത്ഥമായ തത്രപ്പാടുകളേയും കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്ന സമയത്താണ്  ഒരു "ജിന്നി "നെ കുറിച്ച് പെട്ടെന്ന് ഓർമ്മ വന്നത്.

അവസാനം കണ്ടപ്പോൾ അയാൾ പറഞ്ഞ ആ വാക്കുകളും.

"എനിക്ക് മുന്നിൽ ഇപ്പോൾ ഒരു കൊടുംവളവാണ്. വളവിനപ്പുറം എന്താണെന്ന് എനിക്കറിയില്ല. എങ്കിലും മുന്നോട്ട് പോയേ പറ്റൂ. മുൻപ് കടന്നുപോന്ന ഇത്തരം വളവുകളിൽ വച്ചാണ് എന്റെത് എന്ന് കരുതിയ പലരും എനിക്കൊപ്പം  വരാഞ്ഞതും ഞാനൊരൊറ്റയാനായതും."

എനിക്കയാളുമായി  അത്ര പരിചയം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഒരു സുഹൃത്തിനോടൊപ്പം അയാളെ കാണാൻ പോകും വരെ.....

എന്റെ സുഹൃത്ത് അയാളെ വിളിക്കുന്നത് " ജിന്ന് "എന്നാണ്.ആ പേര് അയാൾക്ക് നന്നായി യോജിക്കുന്നുണ്ട്. മറ്റുള്ളവരിലേക്ക് സന്നിവേശിക്കാൻ എളുപ്പം അയാൾക്ക് കഴിയുമെന്നുള്ളത്  പിന്നീട് എനിക്കും അനുഭവമായല്ലോ.

" ഒരു അസാമാന്യ കലാകാരനാണ്. "

     എന്റെ സുഹൃത്ത് എനിക്കയാളെ അങ്ങനെയാണ് പരിചയപ്പെടുത്തിയത്. അന്ന് അയാളുടെ...
ആ ജിന്നിന്റെ  താമസസ്ഥലത്ത് വച്ച്....

പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അയാളെ അടുത്തറിയുന്നത് അങ്ങനെയാണ്.

സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാൾ.... അന്ന് അയാളുടെ വീടിന്റെ വരാന്തയിലിരിക്കുമ്പോൾ ഒരു നായ ആ മുറ്റത്ത് കൂടി കടന്ന് പോയി. ഒരു "ചാവാലി പട്ടി. " പക്ഷേ കുറച്ച് നേരത്തിനകം എനിക്കാ അഭിപ്രായം മാറ്റേണ്ടിവന്നു.ആ നായയൊടൊപ്പം ചേർത്ത് അയാൾ പറഞ്ഞ അയാളുടെ കഥയാണ് അതിന് കാരണം.

 നായയെ നോക്കി അയാൾ പറഞ്ഞ് തുടങ്ങിയത് ഇങ്ങനെയാണ്.

 ....................

 ആദ്യമായി കണ്ടുമുട്ടിയ സമയത്ത് ഇവനുമായി ഇത്രയും ആത്മബന്ധം ഉണ്ടാകുമെന്ന് കരുതിയതേയില്ല.

മുറിച്ച് നീക്കിയ കുറ്റിയിൽ നിന്ന് വീണ്ടും പൊടിച്ച് വളരാൻ തുടങ്ങിയ ആ ആര്യവേപ്പിനിടയിലൂടെ ഇളംവെയിൽ മുറ്റത്ത്  വീണ് തുടങ്ങിയ സമയത്താണ് , ഗേയ്റ്റിനടിയിലെ ചെറിയ വിടവിൽ കൂടി നൂഴ്ന്നിറങ്ങി ഒരഭ്യാസിയെ പോലെ ഇവൻ  കടന്ന് വന്നത്. മുറ്റത്ത് നിൽക്കുന്ന എന്നെ തീരെ മൈൻഡ് ചെയ്യാതെ വീടിനരികിലൂടെ പുറകുവശത്തെ ചെറിയ മതിൽ ചാടിക്കടന്ന് അപ്പുറത്തോട്ട് പോവുകയും ചെയ്തു.

    ഞാൻ ഈ വാടക വീട്ടിൽ താമസം തുടങ്ങിയിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളൂ. സാധാരണ ഒരു ബാച്ചിലർക്ക് വീട് കിട്ടുക എന്നാൽ വളരെ പ്രയാസമേറിയ കാര്യമാണല്ലോ.

    ലോഡ്ജിലെ കുടുസുറൂമിൽ താമസിച്ച് മടുത്തപ്പോഴാണ് ഒരു വീടെടുത്താൽ കൊള്ളാമെന്ന് തോന്നിയത്. വായുസഞ്ചാരമുള്ള ഒരു കൊച്ചു വീട്. മുറ്റത്ത് തണൽ വിരിച്ച് നിൽക്കുന്നൊരു മരം... അത് നിർബന്ധമായിരുന്നു. മരത്തിന്റെ അൽപം പൊങ്ങി നിൽക്കുന്ന വേരുകൾ... ചൂലുകൊണ്ടടിച്ച പാടുകൾക്ക് മുകളിൽ കൊഴിഞ്ഞ് കിടക്കുന്ന ഇലകൾ..... തിരക്കുകളിൽ നിന്നകന്ന് ഏതെങ്കിലും ഒരു മൂലയിൽ....

     " കിട്ടിയത് വച്ച് അഡ്ജസ്റ്റ് ചെയ്യാൻ നോക്ക്... അവന്റെയൊരു മരവും, വേരും, ഇലയും.... ബഷീറിനെ പോലെ മാങ്കോസ്റ്റ് മരം വെച്ച് പിടിപ്പിക്കാം ... സ്വന്തമായി ഒരിടമുണ്ടായാൽ അന്ന് ."

     പരിഹാസം മനസിലായിട്ടും മിണ്ടാതിരുന്നു. ആ സുഹൃത്തിന്റെ റെക്കമെന്റേഷനിലാണേ ഈ വീടൊത്ത് കിട്ടിയത്.

     ഓടിട്ട ചെറിയ വീട് . ഒരു മുറിയും അടുക്കളയും ചെറിയൊരു വരാന്തയും... ഒരമ്മയും മകളുമാണ് അവിടെ താമസമെന്ന് ആരോ പറഞ്ഞറിയാമായിരുന്നു.
ഇടക്കൊക്കെ ഈ വഴിയിലൂടെ പോകുമ്പോൾ കാണാറുള്ളതാണ് ഈ വീടിന് മുന്നിൽ  മുറ്റമടിക്കുന്ന, തുണി അയയിലിടുന്ന ഒരു പാവാടക്കാരിയെ...
അവൾ മനസിലുടക്കി എങ്കിലും  അന്നും റോഡിനോട് ചേർന്ന ഒട്ടും സ്വകാര്യതയില്ലാത്ത ഈ വീടിനോട് ഒരിഷ്ടവും തോന്നിയിരുന്നില്ല.

    വീടെടുത്തതിന് ശേഷം ആദ്യമായി കാണാനെത്തിയപ്പോഴുണ്ട് എന്റെ ചില സ്ത്രീ സുഹൃത്തുക്കൾ ചേർന്ന് അടിച്ച്, തുടച്ച് വൃത്തിയാക്കി ചന്ദനത്തിരി കത്തിച്ച് വെച്ചിരിക്കുന്നു. കലാകാരനായതുകൊണ്ടുള്ള ഒരേയൊരു ഗുണം ഇതാണേ.  ആരാധികമാർ കൂടും. എന്തോ ഒരമ്പലം പോലെ .... ഒരൈശ്വര്യമൊക്കെ തോന്നി.

    പിറ്റേന്ന് മുതൽ ജോലിക്കിറങ്ങണം.
കല്ലോ, മരമോ , സിമന്റോ, എന്തുമാവട്ടെ .
ഓരോന്നിൽ നിന്നും ഓരോ രൂപവും വിടർത്തിയെടുക്കുമ്പോൾ ഒരു ജീവനെ സൃഷ്ടിക്കുന്ന പ്രകൃതിയുടെ മനസാണ് ഒരു ശിൽപിക്ക്. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അതൊരു ജീവനോപാധി കൂടിയായിരുന്നു..


   രാവിലെ ഏഴരയോടടുത്ത് പഴയതെങ്കിലും സ്വന്തം എന്ന് പറയാവുന്ന ഒരേയൊരു സ്വത്തായ സ്കൂട്ടർ തുടച്ച് മിനുക്കി നിൽക്കുന്ന നേരത്ത് വീണ്ടും അവൻ... കുറച്ച് മാറിയുള്ള കോളനിയിൽ നിന്നാണ് വരവ്. അലസഗമനം...   പതുക്കെ നടന്നു പോകുന്ന നായ്ക്കളെ സാധാരണ കാണുക പതിവില്ലാത്തതാണ്. മിക്കവാറും ചെറിയ ഓട്ടത്തിലായിരിക്കും എല്ലാവരും.

    ഇനി ഒരു പക്ഷേ പ്രായമേറിയതു കൊണ്ടാവുമോ? അല്ലെങ്കിൽ എന്തെങ്കിലും ഒരു അസുഖം. അങ്ങനെയൊക്കെ തോന്നി. പ്രത്യേകിച്ച് ഒരു കൗതുകവും കാഴ്ചയിൽ അവന് ഉണ്ടായിരുന്നില്ല.മുകളിലേക്ക് വളഞ്ഞിരിക്കുന്ന വാലിന്റെ തുമ്പിലെ വെളുത്ത ചുട്ടി നടക്കുന്നതിനനുസരിച്ച് പതുക്കെ ആടി.

  പണ്ട്  തോട്ടിലെ വെള്ളത്തിൽ പാളകൊണ്ടുണ്ടാക്കിയ സഞ്ചിയിൽ ഒഴുക്കിവിട്ട നിലയിൽ കണ്ട പട്ടിക്കുഞ്ഞിനെ, അതിന്റെ കരച്ചിൽ കേട്ട് സഹിക്കാഞ്ഞ് നെഞ്ചോടു ചേർത്ത് വീട്ടിലെത്തിച്ചത് ഓർമ്മ വന്നു. അന്ന് കിട്ടിയ അടിയുടെ വേദന മറന്നത് പട്ടിക്കുഞ്ഞ് ആർത്തിയോടെ പാല് കുടിക്കുന്നത് കണ്ടിട്ടാണ്. കുട്ടാപ്പി എന്നാണ് അവനിട്ട പേര്. അവന്റെ വാലിലും ഒരു വെളുത്ത ചുട്ടിയുണ്ടായിരുന്നു. ദേഹത്ത് വലിയ പാണ്ടും.വെളുത്ത ചുട്ടിയുള്ള നായ്ക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് അമ്മ പറഞ്ഞത് കുട്ടാപ്പി തിരുത്തി കളഞ്ഞു.

    പിറ്റേന്നും  അവൻ ഗെയ്റ്റിനടിയിലൂടെ നൂഴ്ന്ന് കടന്നു. ഒരു പക്ഷേ അവന്റെ സ്ഥിരം സഞ്ചാരപാതയായിരിക്കും അത് എന്ന് തോന്നി.

    വണ്ടിയുടെ സൈഡിലൂടെ കടന്ന് പോകുന്ന കണ്ടപ്പോൾ ....
 പുതിയൊരാളെ കാണുമ്പോൾ മൈൻഡ് ചെയ്യാൻ അവന് തോന്നിയില്ലെങ്കിലും എനിക്കാവാമല്ലോ എന്ന് കരുതി പുറകീന്ന്
വിളിച്ചു ചോദിച്ചു.

  " ടേയ് കുട്ടാപ്പി.....എവിടെ പോണ്?"

    ഭാഗ്യം.. അവൻ തിരിഞ്ഞ് നിന്നു. എന്നിട്ടൊരു നോട്ടം....

    "എന്തേയ് ?" എന്ന് ചോദിച്ചോണ്ട് ! അല്ലെങ്കിൽ അങ്ങനെയാണ്  എനിക്ക് തോന്നിയത്.

   ഒരു മിനിറ്റ് നിന്ന ശേഷം വീണ്ടും അവൻ അവന്റെ പാട്ടിന് പോയി.

   പിന്നീടുള്ള ദിവസങ്ങളിലും ഇതാവർത്തിച്ചു. താമസം തുടങ്ങിയതിന് ശേഷമുള്ള ഒരൊഴിവ് ദിവസം...

    രാവിലെ വരാന്തയിലിരുന്ന് ഒരു കട്ടനും കുടിച്ച് മാതൃഭൂമി മറിച്ച് നോക്കി കൊണ്ടിരിക്കുന്നതിനിടയിൽ ദാ... വരുന്നു കുട്ടാപ്പി. ഒരു പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ കുട്ടാപ്പി എന്ന് വിളിക്കുമ്പോൾ അവനെന്നെ ചെറുതായി മൈൻഡ് ചെയ്യാൻ തുടങ്ങിയിരുന്നു.

    പതിവിൽ നിന്ന് വിഭിന്നമായി ഞാൻ വരാന്തയിൽ ചുമ്മാ ഇരിക്കുന്നത് അവന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.

     അവൻ സ്കൂട്ടറിനടുത്തെത്തി കാല് പൊക്കി ഒറ്റ മുള്ളല് .

    ഞാൻ ചാടിയെണീറ്റ് അലറി.

    "കുട്ടാപ്പി "

    അവനത് കേട്ട് പേടിച്ച് വിറച്ചൊന്നും ഇല്ല. വിളിച്ചത് കേൾക്കാത്ത മട്ടിൽ സ്കൂട്ടറിനൊന്ന് വലം വെച്ചു. മുള്ളിയിടത്ത് ഒന്ന് മണത്തു. എന്നിട്ട്  വരാന്തയിലേക്ക് നോക്കി നിൽപായി.

     "എന്തെടോ... മടി പിടിച്ചിരിക്കാണോ. ജോലിക്കൊന്നും പോകുന്നില്ലേന്ന്. "

     ചോദിക്കുന്നത് അതായിരിക്കും. ചാടിയെണീറ്റപ്പോൾ അഴിഞ്ഞ മുണ്ട്, മുറുക്കിയുടുത്ത് മടക്കിക്കുത്തി ഞാൻ മുറ്റത്തേക്കിറങ്ങി.

    അപ്പോളവൻ നോട്ടം മതിയാക്കി സ്ഥിരം റൂട്ടിലേക്ക് നടന്നു.

    "രാവിലെ തന്നെ  അവൻ
      പണി തന്നല്ലോ "

    വൃത്തി ഒരു  അസുഖം എന്ന നിലക്ക് പിടികൂടിയിരുന്നതിനാൽ സോപ്പും വെള്ളവും കൊണ്ടു വന്ന് വണ്ടി വൃത്തിയായി കഴുകി. മുള്ളിയ സ്ഥലത്ത് കുറച്ചധികം വെള്ളം ഒഴുക്കി വിട്ടു. മണം ബാക്കി നിന്നാൽ നാളെയും അവൻ പണിയൊപ്പിച്ചാലോ ? നായ്ക്കൾക്ക് അങ്ങനെയൊരു ശീലം ഉണ്ടല്ലോ.

    വണ്ടി കഴുകിയ ശേഷം വീടും പരിസരവും വൃത്തിയാക്കി കളയാം എന്ന് കരുതി.

     ഒറ്റ മുറിയാണെങ്കിലും ആവശ്യത്തിന് വലുപ്പമുണ്ടായിരുന്നു അതിന്. സൈഡ് ചേർത്ത് പുതുതായി വാങ്ങിയ മടക്കു കട്ടിൽ നിവർത്തിയിട്ടിരുന്നു. ഒരു ചെറിയ ചാക്കും ഒന്ന് രണ്ട് കവർ സാധനങ്ങളും മാത്രമേ സ്ഥാവരജംഗമ വസ്തുക്കളായി ഉണ്ടായിരുന്നുള്ളൂ.

     ഉള്ളത് ഒതുക്കി വക്കാൻ സഹായിക്കാം എന്ന് കൂട്ടുകാർ പറഞ്ഞതാണ്. പക്ഷേ അവർ വച്ചാലും  എനിക്ക് അത് തൃപ്തിയാവില്ലെന്നും വീണ്ടും ഞാനത് മാറ്റിവക്കുമെന്നും അറിയാവുന്നത് കൊണ്ട് വേണ്ടെന്ന് പറഞ്ഞു.

    മടി സ്വതസിദ്ധമായ കഴിവുകളോടു കൂടി സ്ഥിരമായുണ്ട്. പക്ഷേ അത് സമ്മതിച്ച് കൊടുക്കാറില്ല. ആരുടെയടുത്തും. അതുകൊണ്ട് തന്നെ അഞ്ചാറ് ദിവസമായിട്ടും ചാക്കും കവറും അതുപോലെതന്നെ അവിടെയിരുന്നു.

    കവറിൽ കുറച്ച് പുസ്തകങ്ങളും രണ്ട് മൂന്ന് ജോഡി വസ്ത്രങ്ങളുമായിരുന്നു.
അതെടുത്ത് സൈഡിലുള്ള ചുമരലമാരയിൽ അടുക്കി വച്ചു.

    ചാക്കിൽ സ്റ്റാന്റും ക്യാൻവാസും ബ്രഷും പെയ്ന്റുമൊക്കെയാണ്. സ്റ്റാന്റ് നിവർത്തി വെച്ച്  ഒരു ക്യാൻവാസെടുത്ത് ഫിറ്റ് ചെയ്തു. അലമാരയുടെ ഒരു തട്ടിൽ ബ്രഷുകളും കളറുകളും അടക്കിവച്ചു. ഇവിടെ വച്ച് ആദ്യമായി വരക്കാൻ ഒരു ചിത്രം മനസിൽ കരുതി വച്ചിരുന്നു.

    അടുക്കളയിൽ ഒരു കുറ്റി ഗ്യാസും ചെറിയൊരു സ്‌റ്റൗവും കുറച്ച് പാത്രങ്ങളും ഉടമസ്ഥന്റെ വകയായി ഉണ്ടായിരുന്നു.

    പാചകം വലിയ വശമില്ലെങ്കിലും ഇന്നൽപം പരീക്ഷണമാകാം എന്നുള്ള നിലയിൽ ഒരു നാഴി അരി കഴുകി അടുപ്പത്തിട്ടു. നേരെ കുളിമുറിയിൽ കയറി.
കുളിക്കാൻ അരമണിക്കൂർ നേരമെടുക്കുന്നതിനെ ചൊല്ലി സഹമുറിയൻമാരുമായി കശപിശ പതിവാണ്. ഏതായാലും ഇനിയതു വേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് കുളി.

    വേവ് അധികമില്ലാത്ത അരിയായതിനാൽ കുളി കഴിയുന്ന നേരത്തിനകം അത് പാകമായി കഴിഞ്ഞിരുന്നു. കുതിർത്ത് വെച്ച കുറച്ച് ചെറുപയർ  അതിനകത്തേക്കിട്ടു. കുറച്ച് തേങ്ങ ചിരവിയതും രണ്ട് പച്ചമുളക് കീറിയതും കൂടെയിട്ടു.

    ഇന്ന് മൂന്ന്നേരം കഞ്ഞിയാകാം എന്ന് തലേന്നേ തീരുമാനിച്ചതാണ്.

    വെന്ത കഞ്ഞിയിറക്കി ആവശ്യത്തിന് ഉപ്പിട്ടിളക്കി മൂടി വച്ചു.
അത്യാവശ്യം പണിയൊക്കെ ചെയ്ത് സമയം പോയിരുന്നു. വിശപ്പ് കുറേശേ തുടങ്ങിയത് കൊണ്ടോ സ്വയം വെച്ചുണ്ടാക്കിയത് കൊണ്ടോ ?

   "ആഹാ ... കഞ്ഞിക്കെന്താ രുചി "

എന്ന് സ്വയം പറഞ്ഞു.

വായിച്ച് പകുതിയാക്കിയ പത്രം വായന മുഴുവനാക്കി.

   ബ്രഷും ചായക്കൂട്ടുകളും എടുത്തു. സ്ഥിരം വരയ്ക്കുക എന്ന ശീലമില്ല. വല്ലപ്പോഴും മനസിൽ പതിഞ്ഞ ഒരു കാഴ്ച്ച . അതവിടെയങ്ങനെ ഉടക്കി കിടക്കും. എന്നെങ്കിലുമൊരിക്കൽ ഉടക്കി കിടന്ന ആ കാഴ്ചയാണ് കടലാസിൽ പകർത്തുക.

     ഓടിട്ട വീട് . മുറ്റത്ത് വിടർന്നു നിൽക്കുന്ന മരം. മരച്ചുവട്ടിൽ മുറ്റമടിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് തല ഉയർത്തി റോഡിലേക്ക് നോക്കുന്ന പാവാടക്കാരിയായ പെൺകുട്ടി.

    മഞ്ഞയും പച്ചയും നിറങ്ങൾ ചാലിച്ച് ചേർത്തു.  അവളെ മഞ്ഞ പാവാടയും പിങ്ക് നിറമുള്ള ബ്ലൗസും ധരിപ്പിക്കാനാണ് തോന്നിയത്.  കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച് അവൾ ഇങ്ങോട്ട് തന്നെ നോക്കും പോലെ...... ഗേയ്റ്റും റോഡും വരച്ച് മുഴുവനാക്കാനായില്ല....

     വരച്ചിടത്തോളം നോക്കിക്കൊണ്ടിരിക്കെ കട്ടിലിൽ കിടന്ന് മയങ്ങിപ്പോയി.  സ്വപ്നത്തിലും അവൾ വന്ന് എത്തി നോക്കി പോയപ്പോഴാണ് പിന്നീട് എഴുന്നേറ്റത്. സമയം നാല് മണിയോടടുത്തിരുന്നു.

    കഞ്ഞി കലത്തിലിരുന്ന് തണുത്തു. വൈകിട്ട് കഴിക്കാമെന്നോർത്ത് മൂടിവെച്ചു.
നല്ല മധുരത്തിൽ ഒരു കട്ടനിട്ടു. ഗ്ലാസും കൊണ്ട് വരാന്തയിലേക്ക് നടക്കുമ്പോൾ  ക്യാൻവാസിലിരുന്ന് അവൾ നോക്കി...

      കൊച്ച് പെണ്ണ്. ശരിയാവില്ല. നരച്ച താടിയിലൊന്ന് തലോടി വരാന്തയിലെ തൂണിൽ ചാരിയിരുന്നു.

    ഓരോന്നാലോചിച്ചിരുന്ന് ചായ കുടിച്ച് കഴിഞ്ഞതും സമയം പോയതും അറിഞ്ഞില്ല. കൈ തട്ടി മറിഞ്ഞ് വീണ ഗ്ലാസിൽ നിന്ന് വീണ ഇത്തിരി ചായയിൽ നിറയെ ചോനനുറുമ്പുകൾ . ഗ്ലാസ് നിവർത്തി വെച്ച് മുറ്റത്തേക്കിറങ്ങി.

    സമയം അഞ്ചിനോടടുത്തപ്പോൾ  ദാ വരുന്നു നമ്മുടെ കക്ഷി.  പോയ പോലെ തന്നെ തിരിച്ച്. പിറകു വശത്തെ മതിൽ ചാടി കടന്ന് അവൻ വരുന്നത് കണ്ടപ്പോൾ ഞാൻ ഗെയ്റ്റ് മെല്ലെ തുറന്ന് വച്ചു.

    ഗേയ്റ്റ് കടക്കും മുമ്പ് എന്നെ  നോക്കി വാലൊന്നനക്കി ..

      "താങ്ക്യു ....." പിന്നെ ഗേയ്റ്റ് കടന്ന് മുന്നോട്ട് നടന്നു.

   ഓ ... വെൽക്കം. ഞാൻ പറഞ്ഞു. ആദ്യമായിട്ടാണ് അവനൊന്ന് വാലാട്ടുന്നത്.
ഇങ്ങനെയും ഒരു പട്ടിയുണ്ടോ ? ഇത്ര ഗൗരവക്കാരൻ..... ഒരിക്കൽ പോലും വാലാട്ടാത്തത് കൊണ്ട് അവനോട് ഒരു ബഹുമാനം ഒക്കെ തോന്നിയിട്ടുണ്ട്. അനാവശ്യമായി പലയിടത്തും വാലാട്ടുന്ന സ്വഭാവമുള്ളവർ ഇവനെ മാതൃകയാക്കേണ്ടതാണ് എന്ന് മനസിൽ കരുതിയിട്ടും ഉണ്ട്.

     വൈകുന്നേരം കഞ്ഞി ചൂടാക്കി കുടിച്ച്  ബാക്കിയുള്ളത് ഒരു പാത്രത്തിലാക്കി മൂടിവച്ചു.

    മുക്കാലും വരച്ച ചിത്രം മുഴുവനാക്കാൻ തോന്നിയില്ല. ഒറ്റയടിക്ക് തീർന്നില്ലെങ്കിൽ പിന്നെ ചില വർക്കുകൾ അങ്ങനെ കിടക്കും. ദിവസങ്ങളോളം.....

     കിടക്കുമ്പോൾ മനസ് നിറയെ അവനായിരുന്നു. എന്നും കൃത്യസമയത്ത് പണിക്കിറങ്ങി തിരിച്ച് വരുന്നവരെ പോലെ അവനിത് എവിടെക്കായിരിക്കും എന്നും പോയിവരുന്നത്....

     പിറ്റേന്ന് ചെറിയ മഴക്കുള്ള ലക്ഷണങ്ങളോടെയാണ് നേരം പുലർന്നത്. മഴക്കാറും മഴയും എന്നിലെ അലസനെ തൊട്ടുണർത്തും. പക്ഷേ അന്ന് ജോലിക്കിറങ്ങാതിരിക്കാൻ കഴിയില്ലായിരുന്നു. പകുതിയാക്കി വച്ച ഒരു ശിൽപം സൈറ്റിൽ എന്നെയും കാത്തിരിക്കുന്നു.

      അൽപം വൈകിയാണ് എണീറ്റത്. ചിലവും പണിയും കുറവുള്ള ചില വിഭവങ്ങൾ പഠിച്ച് വെച്ചിരുന്നു.

    അടുപ്പിൽ വച്ച പാത്രത്തിൽ കുറച്ച് എണ്ണയൊഴിച്ചു.

     പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാറാണ് പതിവ്. വെക്കുന്നിടത്തെ വൃത്തി തന്നെ കാരണം. തീരെ നിവൃത്തിയില്ലെങ്കിൽ മാത്രം സ്ഥിരം കയറുന്ന ചില കടകളുണ്ട്. അടുക്കള പുറം വരെ പോകാൻ സ്വത്രന്ത്ര്യമുള്ള ചിലത്.

    ചൂടായ എണ്ണയിലിട്ട കടുക് പൊട്ടാൻ തുടങ്ങി.

     "നീയൊക്കെ എങ്ങനെ ജീവിക്കുമെന്ന് കണ്ടിട്ടാ..... പെണ്ണ് കെട്ടാത്തത് നന്നായി.. കെട്ടിയെങ്കി നിന്റെ വൃത്തീല് നട്ടം തിരിഞ്ഞ് അതൊരു വഴിക്കായേനെ...."

    എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം ഏതാണ്ടിതേ പോലെ തന്നെ. ഇപ്പോ കേട്ട് കേട്ട് കുറേയൊക്കെ മാറ്റം വരുത്തി. എന്നാലും  ഈ വൃത്തി പിശാച് എന്നാണ് തന്നെ പിടികൂടിയത് ?

     അരിഞ്ഞു വച്ച സവാളയും പച്ചമുളകും ഇഞ്ചിയും കുറച്ച് കറിവേപ്പിലയും പൊട്ടിക്കഴിഞ്ഞ കടുകിലേക്കിട്ട് വഴറ്റി.

    തേച്ചൊരച്ച് വെളുപ്പിച്ച് തേഞ്ഞില്ലാതായ പാരഗൺ ചെരുപ്പ് നോക്കി അമ്മ തലയിൽ കൈ വെച്ച് പ്രാകുന്നതാണ് ഏറ്റവും പഴയ ഓർമ്മ... പിന്നെ എന്നും കാൽ നഖം നോക്കി വൃത്തി അളക്കുന്നതിന്റെ പേരിൽ
പൊളിഞ്ഞു പോയ പഴയൊരു പ്രേമവും.

     സവാള അരിഞ്ഞതിന്റെ നീറ്റലിപ്പോഴും കണ്ണിൽ ബാക്കിയാണ്. കണ്ണ് തുടച്ച് പകർത്തിവച്ച റവ ചട്ടിയിലേക്കിട്ട് ഇളക്കി. കുറച്ച് കഴിഞ്ഞ് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചിളക്കി തിളച്ച് കുറുകിയപ്പോൾ ഗ്യാസോഫാക്കി.

   നല്ല വെണ്ണ പോലുള്ള ഉപ്പുമാവ് . കടുകും  കറിവേപ്പിലയും കൂടിക്കുഴഞ്ഞ് കിടക്കുന്ന കാണാനൊരു പ്രത്യേക ഭംഗി. ഒരഭിമാനമൊക്കെ തോന്നി. ഒരു പെയ്ന്റിംഗോ ശിൽപമോ തീർക്കുമ്പോൾ ഉണ്ടാകുന്ന അത്രത്തോളം തന്നെ.

     റെഡിയായി ഉച്ചക്ക് കഴിക്കാനായി കുറച്ച് ഉപ്പുമാവും പൊതിഞ്ഞെടുത്ത് പുറത്തേക്കിറങ്ങാൻ നേരം ചൂടാക്കി വച്ച തലേന്നത്തെ കഞ്ഞി കയ്യിലെടുത്തു.  ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു.

   സ്ഥിരം സമയമായിട്ടും അവനെ കാണുന്നില്ല. എന്തു പറ്റിയോ ആവോ ?

   വേണ്ടപ്പെട്ട ആരെയോ  കാണാൻ പറ്റാത്തതിന്റെ വിഷമം ! ഇങ്ങനെ ഒരു വികാരം ഇതിന് മുൻപുണ്ടായിട്ടില്ല. കഞ്ഞിപാത്രം അവൻ വരുന്ന വഴിയിൽ വീടിനോട് ചേർന്ന് മഴ നനയാതെ വച്ചു.

   ചെറിയ മഴയായതു കൊണ്ട് ഉടനെ തോർന്നേക്കും എന്ന് കരുതി കാത്തിരുന്നു.

    മഴ മാറി വണ്ടി തിരിച്ച് വക്കാൻ നോക്കുന്ന നേരത്ത് ദാ വരുന്നു അവൻ.

   ഓ .... എന്നെ പോലെ മഴ തോരാൻ കാത്തു നിക്കുകയായിരുന്നു കക്ഷി.

    ഗേയ്റ്റിനടിയിലൂടെ കടന്ന് വന്നപ്പോൾ  കഞ്ഞിപാത്രം എടുത്ത് മുന്നിൽ വച്ചു.

     വണ്ടിക്കടുത്ത് വന്ന് ഒന്ന് മണത്ത് നോക്കിയെങ്കിലും മൂത്രമൊഴിക്കാനുള്ള ഭാവമൊന്നും കാണിച്ചില്ല. കാല് പൊക്കിയാൽ നല്ല വഴക്ക് കൊടുക്കണം എന്ന് നിശ്ചയിച്ചാണ് നിന്നത്.

     വണ്ടിക്കപ്പുറത്തിരുന്ന കഞ്ഞിപാത്രം ചൂണ്ടികാണിച്ച് ...

     "എടാ..... എടുത്തോടാ ...." എന്ന് ഞാൻ പറഞ്ഞെങ്കിലും.....

അവനത് കണ്ട ഭാവം കാണിച്ചില്ലെന്ന് മാത്രമല്ല പാത്രത്തിനപ്പുറം മാറി പിൻകാല് കൊണ്ട് താഴെയൊന്ന് മാന്തി ഒരു ശബ്ദമുണ്ടാക്കിയാണ് പോയത്.

    " തന്നെ പോലെ അത്ര കഞ്ഞിയല്ല ഞാൻ .." എന്നായിരിക്കും പറയാനുദ്ദേശിച്ചത്.

  ഒരു പക്ഷേ.... അവൻ  വെജിറ്റേറിയനായിരിക്കില്ല. എന്നാശ്വസിച്ചു.അന്നത്തോടെ അവന് ഭക്ഷണം കൊടുക്കാനുള്ള ശ്രമം ഞാനുപേക്ഷിച്ചു.

   പക്ഷേ ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം  ദിവസേന കൂടിക്കൊണ്ടിരുന്നു.

     "എന്താ ഇന്ന് പണിയില്ലേ ?" എന്ന് അവൻ .

      "ഇല്ല. പണിയിത്തിരി കുറവാ.." എന്ന് ഞാൻ .
     
      "എന്താ... പോകാറായില്ലേ. നേരം വൈകിയല്ലോ ?" എന്ന് അവൻ .

      "ആ.... എണീക്കാൻ ഇത്തിരി വൈകി. "
എന്ന് ഞാൻ...

    ഇങ്ങനെയൊക്കെയുള്ള കുശലാന്വേഷണങ്ങൾ പതിവായി.

    എന്നും കാണാനും മിണ്ടാനും കാത്തിരിക്കാനും ഒരാളുണ്ടെന്ന തോന്നലിൽ  ആ വാടകവീട്ടിലെ താമസം എന്നെ വിചാരിച്ചേക്കാൾ കൂടുതൽ ആനന്ദിപ്പിച്ചു.

     ഒരു ദിവസം രാത്രി അവനെ സ്വപ്നം കണ്ടാണ് ഞാനുണർന്നത്. വാതിൽക്കൽ വന്ന് നിന്ന് അവൻ കരയുന്നതായി. വാതിൽ തുറന്ന് നോക്കുക കൂടി ചെയ്തു.
മുന്നിൽ കനത്ത ഇരുട്ടല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.

     പണ്ട് വീട്ടിൽ കുട്ടാപ്പിയെ വളർത്തുന്ന കാലത്തുണ്ടായ ഒരു സംഭവം പെട്ടെന്ന് ഓർമ്മ വന്നു.

     അന്ന് ഞങ്ങളുടെ തൊട്ടപ്പുറത്തെ വീട്ടിൽ ഒരു പെൺപട്ടി ഉണ്ടായിരുന്നു. കുറച്ച് പൂടയൊക്കെ ഉള്ള ഇനം. അവരുടെ വീട്ടിൽ തന്നെ ഒരു പാവത്താനായ വെളുമ്പൻ നായയും.

    കന്നിമാസമായാൽ പെൺപട്ടിയുടെ പുറകെ കുറേ വീരൻമാരിങ്ങനെ നടക്കും. അതിൽ ചില മിടുക്കൻമാർക്ക് നേരെ മാത്രമേ അവൾ കനിയാറുള്ളൂ.

    ഒരു ദിവസം രാവിലെ വെളുമ്പൻ ഞങ്ങടെ വീടിന്റെ ഇറയത്ത് വന്നിരുന്ന് ഭയങ്കര മോങ്ങല്. തൊട്ടപ്പുറത്ത് ഒരു ചാക്കിൽ കുട്ടാപ്പി കിടപ്പുണ്ട്.

    സുന്ദരി പെൺപട്ടി അവളുടെ ഒരു കാമുകനുമൊത്ത് മുറ്റത്ത് ഭയങ്കര സല്ലാപം. ഇത് കണ്ടിട്ടാണ് വെളുമ്പന്റെ മോങ്ങലെന്ന് എനിക്ക് മനസിലായി. അവള് വെളുമ്പനെ ഒരിക്കലും മൈൻഡ് ചെയ്യാറേയില്ലായിരുന്നു.  കുട്ടാപ്പി ക്കാണെങ്കിൽ ഇതൊക്കെ കണ്ട് പുഛം. ചെറുപ്പത്തിലേ വരിയുടച്ചത് കൊണ്ട് തീറ്റയും ഉറക്കവും ആരെങ്കിലും വന്നാൽ കുരക്കലും മാത്രമാണ് അവന്റെ ദിനചര്യ. പെണ്ണും പിടക്കോഴിയും അവനെ ബാധിക്കുന്ന കാര്യമേയല്ല.

       അടുക്കള പുറത്ത് നിന്ന് അതിലേ വന്ന അമ്മ ചൂലെടുത്ത് കുട്ടാപ്പിക്കിട്ട്  പെടച്ചു.

    " കള്ളക്കഴുവേറി .... നീയുള്ളോണ്ടാ ഇതുങ്ങളൊക്കെ ഇവിടെ ഇങ്ങനെ കയറിയിറങ്ങുന്നേ.."

    ഞെട്ടിയെണീറ്റ് ഓടിയ കുട്ടാപ്പിക്കൊപ്പം എല്ലാവരും പുറത്തോട്ടോടി.

    "എന്തോന്ന് കാഴ്ച നോക്കി നിക്കാ "

  എന്ന നിലക്കുളള അമ്മേടെ നോട്ടം കണ്ട് ഞാൻ പതുക്കെ അകത്തേക്കും വലിഞ്ഞു.

    എന്നാലും വെളുമ്പന്റെ നിസാഹായാവസ്ഥയിൽ സഹതാപം തോന്നി.

    ഇത്രയും കാലം കഴിഞ്ഞ് ഇങ്ങനൊരു സ്വപ്നം. അവൻ അങ്ങനെ വല്ല അവസ്ഥയിലും..... അതോ... ഞാൻ തന്നെയാണോ അവൻ.... എനിക്കൊന്നും മനസിലായില്ല.

     ക്യാൻവാസിലെ ചിത്രത്തിൽ നിന്ന് അവൾ നോക്കി ചിരിക്കുന്നു.

   എഴുന്നേറ്റ് ബ്രഷും പെയ്ന്റുമെടുത്തു. ചിരിക്കുന്ന അവളെ എടുത്ത് ചുരുട്ടി വച്ച്
പുതിയൊരു ക്യാൻവാസെടുത്ത് പിടിപ്പിച്ചു.
അയയിൽ തുണി കുടഞ്ഞു വിരിക്കുന്ന പെൺകുട്ടിയെ വരക്കാൻ തുടങ്ങി. മുറ്റത്തെ മരവും കൊഴിഞ്ഞ് വീഴുന്ന ചില പഴുത്ത ഇലകളും , മരത്തിൽ നിന്ന് വീട്ടിലേക്ക് വലിച്ചു കെട്ടിയ അയയും വരച്ചു.  

    ഗേയ്റ്റിനടിയിൽ കൂടി നുഴഞ്ഞ് കയറി ഇപ്പുറത്തെത്തി നിൽക്കുന്ന അവനെ വരക്കാൻ മറന്നില്ല. അവനപ്പോൾ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

     പാവാടക്ക്  പകരം അവളെ ഇളംനീല സാരിയുടുപ്പിച്ചു. കുറച്ച് പക്വത തോന്നിക്കട്ടെ.ഞൊറികൾ പൊക്കി അരയിൽ കുത്തി , തല ഒരു വശത്തേക്ക് ചെരിച്ച് കൈയ്യിലെടുത്ത തുണി കുടയുന്ന അവളെ... വാരിക്കെട്ടിയ മുടി കുടച്ചിലിന്റെ ശക്തിയിൽ പാതിയഴിഞ്ഞ വിധത്തിൽ.....
അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന വെള്ളത്തുള്ളികൾ ....

     വരച്ച് കഴിഞ്ഞ ചിത്രത്തിലിരുന്ന് അവൾ കടക്കണ്ണു കൊണ്ട് നോക്കുന്ന പോലെ... എത്ര പെട്ടെന്നാണ് ഈ ചിത്രം വരച്ച് തീർന്നത്. എനിക്ക് തന്നെ അൽഭുതം തോന്നി.

     ചില ചിത്രങ്ങൾ അങ്ങനെയാണ്. പെട്ടെന്ന് പൂർത്തിയാകും. ചിത്രകാരനെ പോലും അൽഭുതപ്പെടുത്തി കൊണ്ട്.

     അവളെ തന്നെ നോക്കിയിരിക്കെ
കാലങ്ങളായി അടക്കിവച്ച പൗരുഷം ഊറിക്കൂടുന്നതറിഞ്ഞു. ഒരു ജീവനിലേക്ക് വേണ്ടി പ്രകൃതി കരുതി വച്ച കരുത്ത്.....

   പിറ്റേന്നവനെ കണ്ടപ്പോൾ  ഒരു കള്ളത്തരം ഒളിപ്പിക്കുന്നവനെ പോലെ ഞാനൊന്ന് ചിരിച്ചു.

     അവൻ യാതൊരു ഭാവഭേദവുമില്ലാതെ...

   "എന്തെയ് ?...." എന്ന് ആദ്യമായി  കണ്ടപ്പോഴെന്ന പോലെ..... എന്നെ നോക്കി.

ഞാൻ ഒന്നുമില്ലെന്ന് ചുമല് വെട്ടിച്ചു.

സമാനതകളുള്ള ചില ജൻമങ്ങൾ എന്ന് മനസിൽ ചിന്തിച്ചു.

എന്നും കണ്ട് കൊച്ചുവർത്താനം പറഞ്ഞ് നടന്ന് പോകുന്ന സുഹൃത്തിനെ പോലെ അവനിപ്പോഴും എന്റെ മാനസിക വ്യാപാരങ്ങൾ വരെ കവർന്നെടുത്ത്
(ഒരു പക്ഷേ എന്റെ തോന്നലായിരിക്കും)എനിക്ക് മുന്നിലൂടെ ഇങ്ങനെ കടന്ന് പോയ്ക്കൊണ്ടിരിക്കുന്നു.

 പറഞ്ഞ് നിർത്തി അയാൾ കുറച്ച് നേരം നിശബ്ദനായി.

 " ജിന്നേ... ഒരു വമ്പൻ കഥക്കുള്ള സ്കോപ്പുണ്ടല്ലോ ഇതിൽ "

എന്റെ സുഹൃത്ത് പറഞ്ഞു.

 അപ്പോളയാൾ സുഹൃത്തിന്റെ തോളിൽ തട്ടി എന്നോടായി പറഞ്ഞു.

"ഈ മനുഷ്യന് എഴുതാൻ മാത്രമല്ല, നന്നായി ഫുഡ് ഉണ്ടാക്കാനും അറിയാന്നേ..... ഈ മനുഷ്യൻ വന്നാൽ മാത്രം ശബ്ദമുഖരിതമാകുന്ന നിശബ്ദമായ ഇയാളുടെ  അപ്പാർട്ട്മെൻറിൽ ഇയാളുണ്ടാക്കി തരുന്ന രുചികരമായ ഭക്ഷണവും  കഴിച്ച് ദിവസങ്ങളോളം കഴിയാനും എനിക്ക് ഇഷ്ടാന്നേ..... ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട് ഞാനിയാളെ ബുദ്ധിമുട്ടിക്കാറുണ്ട് ഇടക്ക്. പിന്നെ ഞാൻ ഇയാളെ മനുഷ്യൻ എന്നാട്ടോ വിളിക്കാറ്. "

 ഇതു പറഞ്ഞ് അയാൾ ഞങ്ങളെ നോക്കി ഊറി ചിരിച്ചു.

ഇത് കേട്ടിരുന്ന ഞാൻ ചിന്തിച്ചത് അയാൾ എല്ലാരേയും മനുഷ്യാ എന്ന് തന്നെയായിരിക്കും വിളിക്കാറ്. അതിലപ്പുറം ഒരാളെ എന്ത് വിളിക്കാനാണ്. ആ വിളിയിൽ എല്ലാം ഉൾക്കൊണ്ടിരിക്കുന്നു. വെറും ഒരു മനുഷ്യനായിരിക്കാനും , മറ്റുള്ളവരെ മനുഷ്യൻമാരായി കാണാനുമാണ് ഇന്നത്തെ കാലത്ത് ആർക്കും കഴിയാത്തത്. ആ നായയിൽ പോലും അയാളൊരു മനുഷ്യനെയാണ് കണ്ടതെന്ന് എനിക്ക് തോന്നി. കേട്ടിരിക്കെ അയാൾക്ക് രണ്ട് ചിറകുകൾ ഉണ്ടെന്നും ആകാശം വഴി മേഘങ്ങൾക്കൊപ്പം പറന്ന് നടക്കുന്ന യഥാർത്ഥ ജിന്ന് തന്നെയാണെന്നും വരെ .....

 പിന്നെ അയാൾ കുറച്ച് ഗൗരവത്തോടെ പറഞ്ഞു.
" പുറകിലെ മതിൽ ചാടിക്കടന്ന് അപ്പുറത്തെ പറമ്പിൽ കൂടി നടന്നാൽ എത്തുന്നത് വേറൊരു വഴിയിലേക്കാണ്. നോക്കി നിന്നാൽ ആ വഴിയിലെ ഒരു വളവിൽ കാഴ്ചയെത്തി നിൽക്കും. ഞാൻ നോക്കി നിൽക്കെ അവനാ വളവും കടന്നങ്ങ് പോകും. "

 " വളവുകൾക്കിപ്പുറം നമ്മെ പിൻതുടരുന്ന പലതും  ഇല്ലാതാകും. വളവിനപ്പുറം..... ഒരു പക്ഷേ  അൽഭുതങ്ങളായിരിക്കും കാത്തിരിക്കുന്നത്. "

അയാളിത് പറയുമ്പോൾ ഞാൻ അകത്ത് അയാൾ പൂർത്തിയാക്കിയതും പൂർത്തിയാക്കാത്തതുമായ  രണ്ട് ചിത്രങ്ങളും ഒത്തു നോക്കുകയായിരുന്നു. സ്വയമറിയാതെ ഞാൻ പറഞ്ഞു പോയി.

 "മനോഹരമായിരിക്കുന്നു."

                         .....................
    

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

വിശക്കാതിരുന്നെങ്കിൽ! (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

View More