ജന്നാത്തുൽ ഫിർദൗസ് (കഥ: നൈന മണ്ണഞ്ചേരി)

Published on 12 September, 2021
ജന്നാത്തുൽ ഫിർദൗസ് (കഥ: നൈന മണ്ണഞ്ചേരി)
ജന്നാത്തുൽ ഫിർദൗസിന്റെ മണമാണ്   അത്തറുപ്പാപ്പയെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക.ഉപ്പാപ്പയുടെ തിളക്കമുള്ള അത്തറുപെട്ടി അലങ്കരിക്കുന്നതിൽ ഏറ്റവും വിശേഷപ്പെട്ടയിനം അത്തറാണ് ജന്നാത്തുൽ ഫിർദൗസ്.ഉപ്പാപ്പ തന്നെയാണ് പറഞ്ഞൂ തന്നത്,ജന്നത്തുൽ ഫിർദൗസെന്നാൽ സ്വർഗങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട സ്വർഗമാണ്.ഒത്തിരി നൻമകൾ ചെയ്യുന്നവർക്കുള്ളതാണ് ആ സ്വർഗം.അതു കൊണ്ട് മോനും നല്ലവനായി ജീവിക്കണം..റബ്ബുൽ ആലമീനായ തമ്പുരാൻ നമ്മെയെല്ലാം  ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ.. ഉപ്പാപ്പ കൈകളുയർത്തി പ്രാർഥിച്ചു.

ഓരോ സ്വർഗങ്ങളുടെ പേരിലാണ് ഓരോ അത്തറുകൾ അറിയപ്പെടുന്നത്.സുറുമകളുടെ പേരാകട്ടെ ഓരോ രാജാത്തിമാരുടെ പേരിലും..രാജാത്തി,കോജാത്തി…എന്നിങ്ങനെ പോകുന്നു സുറുമകൾ..ഉപ്പാപ്പയെ ദൂരെ കാണുമ്പോഴേ അവന് വലിയ സന്തോഷമായിരുന്നു.അത്തറുകളും സുറുമകളും നിറഞ്ഞ ആ ചില്ലു പെട്ടി കാണാൻ തന്നെ എന്തു രസമാണ്.പല വലുപ്പത്തിലും വർണ്ണങ്ങളിലും തിളങ്ങുന്ന അത്തർ കുപ്പികൾ ദൂരെ നിന്നു തന്നെ കാണാം.അപ്പോൾ തന്നെ മുഖം സന്തോഷം കൊണ്ട് വിടരും.നാളെ മുതൽ അത്തറും തേച്ച് മദ്രസയിലും സ്ക്കൂളിലും പോകാമെന്നോർത്താണ് ഏറ്റവും വലിയ സന്തോഷം..

നേരത്തെ കൊണ്ടു വന്ന അത്തറൊക്കെ  എപ്പോഴെ തീർന്നിരിക്കുന്നു.  അതിന്റെ ദു:ഖത്തിലിരിക്കുമ്പോഴാണ് ദൂരെ പെരുന്നാൾ നിലാവ് തെളിയും പോലെ ഉപ്പാപ്പയുടെ വരവ്.സ്ക്കൂളിൽ സ്ഥിരം അത്തറും സ്പ്രേയുമൊക്കെ പൂശി ഷൈൻ ചെയ്യുന്നത് ഖാദറാണ്.അവന്റെ ഉപ്പ ഗൾഫിലാണെന്ന പത്രാസിലാണ് അവന്റെ നടപ്പ്. പിന്നെ താനാണ് അത്തറിന്റെ ആള്.   അതു കൊണ്ടാകാം തന്നെ കാണുമ്പോൾ തന്നെ അവന് ദേഷ്യമാണ്.’’ജന്നാത്തുൽ ഫിർദൗസി’’ന്റെ മുന്നിൽ ഖാദറിന്റെ അത്തറിന്റെ മണമൊക്കെ എങ്ങോ പോയൊളിക്കും.ഒരു ദിവസം അവൻ ചോദിച്ചു.’’നിന്റെ ഉപ്പ ഗൾഫിലാണോ?’’    അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ അതിന് എന്താ മറുപടി പറയേണ്ടതെന്ന് അവനറിയില്ല.ഉപ്പയെ കണ്ട ഓർമ്മ അവനില്ല.അതിനു മുമ്പേ ഉപ്പ അങ്ങ് ജന്നാത്തുൽ ഫിർദൗസിലേക്ക് പോയെന്നാണ് ഉമ്മ അവനോട് പറഞ്ഞത്.അങ്ങനെയാണ് അവൻ ജന്നാത്തുൽ ഫിർദൗസിനെക്കുറിച്ച് ആദ്യം കേൾക്കുന്നത്.അപ്പോൾ അവന് ഒരു സംശയം,ഇനി ഉപ്പ തന്നെയാണോ അത്തറുപ്പാപ്പയുടെ കയ്യിൽ തനിക്കു വേണ്ടി ഈ അത്തറായ അത്തറൊക്കെ കൊടുത്തു വിടുന്നത്? പിന്നെയാണ്  ഉപ്പ തങ്ങളെ വിട്ടു പോയതാണെന്നും ജന്നാത്തുൽ ഫിർദൗസെന്ന സ്വർഗത്തിലിരുന്ന് തങ്ങളുടെ ജീവിതം കണ്ടുകൊണ്ടിരിക്കുകയാണെന്നുമൊക്കെ മനസ്സിലായത്. ചെറുപ്പത്തിലെ ഉപ്പ പോയെങ്കിലും ഉമ്മ വേറെ കല്യാണം കഴിച്ചില്ല. തനിക്കും പുന്നാര അനുജത്തി സുഹറയ്ക്കും വേണ്ടിയായിരുന്നു ഉമ്മയുടെ ജീവിതം പിന്നെ..

കഥയും പാട്ടുമായി മുറുക്കിച്ചുവപ്പിച്ച് അത്തറുപ്പാപ്പ കടന്നു വരുമ്പോൾ ഉമ്മയുടെ മുഖം സന്തോഷം കൊണ്ട് തുടുക്കും.അത്തറും സുറുമയുമൊക്കെ വാങ്ങാമെന്നതു കൊണ്ടു മാത്രമല്ല അത്, ഉമ്മയുടെ നാട്ടിലെയും വിശേഷങ്ങൾ ഒരു ഖിസ്സ പോലെ  ഉപ്പാപ്പ പറഞ്ഞു കൊടുക്കും.ഉമ്മയുടെ ബാപ്പയുടെയും ഉമ്മയുടെയും സഹോദരങ്ങളുടെയുമൊക്കെ വിശേഷങ്ങൾ വിശദമായി ഉപ്പാപ്പ പറഞ്ഞു കൊടുക്കും.വല്ലപ്പോഴും മാത്രം ദൂരെയുള്ള  വീട്ടിൽ പോകുന്ന  ഉമ്മയ്ക്ക് വീടെന്നാൽ ഉപ്പാപ്പയായിരുന്നു. ഉമ്മയുടെ തൊട്ടടുത്ത നാട്ടുകാരനായിരുന്നു ഉപ്പാപ്പ.അത്തറു പെട്ടി തുറക്കുന്നതോടൊപ്പം ഉപ്പാപ്പ കഥകളുടെ കെട്ടുമഴിക്കും. മുറുക്കിയും ഇടയ്ക്ക് തുപ്പിയും അത്തറും സുറുമയുമൊക്കെ എടുത്തു വെച്ച് വരാന്തയുടെ ഓരത്തിരുന്ന് അത്തറുപ്പാപ്പ  കഥ പറയുന്നത്  ഒരു കാഴ്ച്ച തന്നെയായിരുന്നു

.ഉപ്പാപ്പയെ കാണാനും കഥകൾ കേൾക്കാനും ഉമ്മയുടെ മടിയിൽ സുഹറ ഉണ്ടാകും,അടുത്ത് താനും..ഊണും ചായയുമൊക്കെ കഴിഞ്ഞ്  വെയില് മങ്ങുമ്പോഴാണ് ഉപ്പാപ്പയുടെ തിരിച്ചു പോക്ക്.അത് വലിയ സങ്കടമായിരുന്നു,കാരണം ഇനി കഥകൾ കേൾക്കണമെങ്കിൽ ഉപ്പാപ്പ വരണം.ജന്നാത്തുൽ ഫിർദൗസ് കിട്ടണമെങ്കിൽ ഉപ്പാപ്പ വരണം.സുറുമ കിട്ടണമെങ്കിൽ ഉപ്പാപ്പ വരണം..ബദർ പടപ്പാട്ടും ഉഹദ് പടപ്പാട്ടുമൊക്കെ ഈണത്തിൽ ചൊല്ലുന്നത് കേൾക്കണമെങ്കിലും ഉപ്പാപ്പ വരണം.   
ഒരു ദിവസം സ്ക്കൂൾ വിട്ടുവരുമ്പോഴുണ്ട് ഉമ്മ താടിക്ക് കൈ കൊടുത്തിരിക്കുന്നു, എന്നും അത്തറുപ്പാപ്പ ഇരിക്കുന്ന വരാന്തയുടെ  അതേ മൂലയിൽ.. ‘’ഉമ്മാ,ചായ..’’  എന്ന് ചോദിച്ചതൊന്നും ഉമ്മ കേട്ട മടില്ല.   എന്തു പറ്റിയോ?സാധാരണ ദൂരെ കാണുമ്പോഴേ ഉമ്മ ചായ എടുത്തു കൊണ്ടു വരുന്നതാണ്.അടുത്തു ചെന്ന് നോക്കുമ്പോഴുണ്ട് ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..’’അത്തറുപ്പാപ്പ പോയി മോനെ..’’   പതിഞ്ഞ ശബ്ദത്തിൽ ഉമ്മ പറഞ്ഞു.ഒന്നുമറിയാതെ സുഹറ മുറ്റത്ത് കളിചു കൊണ്ടിരിക്കുന്നു..അപ്പോൾ ഇനി കഥകൾ പറഞ്ഞു തരാൻ ഉപ്പാപ്പ വരില്ലെന്നാണോ..അത്തറു പെട്ടിയുമായാണോ ഉപ്പാപ്പ പോയിരിക്കുക.? അതോ അത് ആരെയെങ്കിലും ഏൽപ്പിച്ചു കാണുമോ?    ഇനി  ജന്നാത്തുൽ ഫിർദൗസിനെന്താ ചെയ്യുക..അവന്റെ സംശങ്ങൾ പലതായിരുന്നു. ഉമ്മയുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കിയിരുന്നപ്പോൾ  അറിയാതെ അവന്റെ കണ്ണുകളും നിറഞ്ഞു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക