Image

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

Published on 13 September, 2021
മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

"മാഷേ, ശനിയാഴ്ച്ച 9/11 അനുസ്മരണ ചടങ്ങുകളൊക്കെ കണ്ടിരുന്നോ?"

"തീർച്ചയായും. വളരെ വികാരഭരിതമായിരുന്നു. അന്ന് ജീവൻ പൊലിഞ്ഞ മൂവായിരത്തോളം പേരെ ഓർക്കാതെ ഇനി ഒരിക്കലും ഒരു സെപ്റ്റംബർ 11 കടന്നു പോകയില്ല. രാജ്യം നിശ്ചലമായ ദിവസമല്ലേ!"

"അന്ന് ആദ്യത്തെ ടവർ വീണു കഴിഞ്ഞപ്പോൾ ആളുകൾ നാലുപാടും ചിതറി ഓടിയ ചിത്രങ്ങൾ ഓർമ്മയിൽ നിന്നും മായ്ക്കാനാവില്ല."

"അന്ന് നമ്മൾ ഓടി. ഇന്ന് അഫ്‌ഗാനികൾ പ്ലെയിനിനു പുറകെ ഓടുന്നു. ആ ചിത്രവും മറക്കാനാവുന്നില്ല."

"എന്താ മാഷേ, അഫ്‌ഗാനിസ്‌താനിൽ നിന്നും ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണല്ലോ?"

"ജീവനിൽ കൊതിയുള്ളവരാണ് ഓടുന്നത്. തൊട്ടുപുറകേ മരണം വരുന്നുണ്ടെന്നുറപ്പുള്ളവർ പിന്നെ ഓടാതിരിക്കുമോ? എന്തെങ്കിലും സംശയമുള്ളവരുടെയൊക്കെ വീടുകളിൽ കയറി തോക്കിൻമുനയിൽ എല്ലാം കൊള്ള ചെയ്യുകയും ആണുങ്ങളെയെല്ലാം കൊല്ലുകയും ചെയ്‌താൽ പിന്നെ അവർ എന്തു ചെയ്യും?"

"കഴിഞ്ഞ 20 വർഷമായി എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച അവിടത്തെ യുവാക്കൾക്ക് ഈ ഭരണം അംഗീകരിക്കാൻ പറ്റുമോ?"

"ഇതുപോലെയാണ് പണ്ടു മലബാർ കലാപം ഉണ്ടായപ്പോൾ അവിടെ നിന്നും ഹിന്ദുക്കളൊക്കെ ഓടിപ്പോയത്."

"എന്താണ് മാഷെ ഈ മലബാർ കലാപം? അതെങ്ങനെയുണ്ടായി?"

"അതുണ്ടായിട്ട് ഇപ്പോൾ 100 വർഷം തികഞ്ഞു. ആദ്യമായി കലാപം പൊട്ടിപ്പുറപ്പെട്ടത് 1921 ആഗസ്റ്റിലാണ്. ഖിലാഫത്തുകാരാണ് അത് തുടങ്ങി വച്ചത്."

"ആരാണ് ഈ ഖിലാഫത്തുകാർ?"എന്താണു ഖിലാഫത്?"

"എടോ, തുർക്കി എന്ന രാജ്യം ഭരിച്ചിരുന്നത് ഓട്ടോമൻ സാമ്രാജ്യത്തിലെ ഖലീഫ ആയിരുന്നു. ഏതാണ്ട് നാനൂറിൽപരം വർഷങ്ങൾ നീണ്ടു നിന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തിലാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ ഒട്ടുമുക്കാലും ഇസ്‌ലാമിക രാഷ്ട്രങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്. ഇവരുടെ സാമ്രാജ്യത്തിന് അറുതിവരുത്തിക്കൊണ്ട് മുസ്‌തഫ കമാൽ പാഷയുടെ സൈന്യം തുർക്കിയിലെ ഖലീഫയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. അദ്ദേഹം തുർക്കിയെ ഒരു സ്വതന്ത്ര മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങളിൽ പലയിടത്തും അതിന്റെ പ്രതിഷേധങ്ങൾ അലയടിച്ചു. ബ്രിട്ടീഷുകാർ അതിനു ചുക്കാൻ പിടിച്ചതുകൊണ്ടു ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലുള്ള മുസ്ലിംകൾ തിരിഞ്ഞു. ഇന്ത്യൻ യുണിയൻ മുസ്ലിംലീഗ് നേതാക്കൾ അതിൻറെ നേതൃത്വം ഏറ്റെടുത്തു സമരമുറകൾ മുറുക്കിയപ്പോൾ ഗാന്ധിജി അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അതു ശക്തീകരിക്കും എന്നദ്ദേഹം വിശ്വസിച്ചു. കാരണം ഇന്നത്തെ പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടുന്ന ഇന്ത്യയിൽ ഇത്രയും മുസ്ലിം ജനസംഖ്യ ഉള്ളതുകൊണ്ട് അവരുടെ ശക്തികൂടി ബ്രിട്ടീഷ്‌കാർക്കെതിരെ തിരിക്കാം എന്നദ്ദേഹം ചിന്തിച്ചിരിക്കാം. അത് അദ്ദേഹം ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തമായിട്ടാണ് എനിക്കെന്നും തോന്നിയിട്ടുള്ളത്. എന്തായാലും ഖിലാഫത് പ്രസ്ഥാനം മലബാറിൽ ശക്തിയാര്ജിച്ചു."

"എന്നിട്ടു ബ്രിട്ടീഷുകാർ ഒന്നും മിണ്ടിയില്ലേ മാഷേ?"

"അവിടെയാണ് പ്രശ്നത്തിന്റെ തുടക്കം. ഖിലാഫത് സമരം ബ്രിട്ടീഷുകാർക്കെതിരായിട്ടാണ് തുടങ്ങിയത്. ബ്രിട്ടീഷുകാരെ എതിരിടാൻ അവരുടെ കയ്യിൽ ഒന്നുമില്ലായിരുന്നു. അവർ ഗാന്ധിജിയുടെ അഹിംസയിൽ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് അവർ പല ജന്മിമാരുടെയും വീടുകൾ കൊള്ളയടിച്ചു പണവും ആയുധങ്ങളും കരസ്ഥമാക്കി. ഈ ജന്മിമാരിൽ ഒട്ടുമുക്കാലും ഹിന്ദുക്കളായിരുന്നു. ഇതിൽ കലിപൂണ്ട ഹിന്ദുക്കൾ സമരക്കാരെപ്പറ്റിയുള്ള വിവരങ്ങൾ പോലീസിനു നൽകി. അതു മനസ്സിലാക്കി വിറളിപൂണ്ട ലഹളക്കാർ ഹിന്ദുക്കളുടെ വീടുകൾ തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചു. ആ കുടുംബങ്ങളിലെ പലരെയും വകവരുത്തി. ഇതിൽ മനം നൊന്ത ഹിന്ദുക്കൾ ലഹളക്കാരെ അമർച്ച ചെയ്യാനായി  കൂടുതൽ വിവരങ്ങൾ ചോർത്തിക്കൊടുത്തു. പോലീസുകാർ ലഹളക്കാരെ ഓടിച്ചിട്ടു പിടിച്ചു. അതിന്റെ പ്രതികാരമെന്നോണം സംശയത്തിന്റെ നിഴലിൽ നിന്ന ഹൈന്ദവ ഭവനങ്ങൾ ലഹളക്കാർ കൊള്ളയടിക്കുകയും അവരെ നിഷ്‌കരുണം കൊലപ്പെടുത്തുകയും ചെയ്തു. ഈ അവസരം മുതലെടുത്തു ഹിന്ദുക്കളെ നിർബന്ധമായി മതം മാറ്റി ഇസ്ലാം മതത്തിലേക്കു ചേർക്കുവാൻ സമരക്കാരിൽ ഒരു കൂട്ടം പ്രവർത്തിച്ചു. ഈ ലഹളക്കാരുടെ അനിഷേധ്യ നേതാവായിരുന്നു വാരിയംകുന്നത്തു കുഞ്ഞുമുഹമ്മദ് ഹാജി. എന്നാൽ ഇദ്ദേഹം മതത്തിന്റെ പേരിൽ ഏതെങ്കിലും ഹിന്ദുവിനെ കൊന്നതായോ മതം മാറ്റുകയോ ചെയ്തതായി തെളിവില്ല. അയാളുടെ കൂടെ പ്രവർത്തിച്ച ചില നേതാക്കന്മാരാണ് ഇതിനു മുൻകൈ എടുത്തത്. അതിൽ പ്രധാനികളായിരുന്നു കൊന്നാറെ മുഹമ്മദ് കോയ തങ്ങൾ, ആലി മുസലിയാർ തുടങ്ങിയവർ."

"അപ്പോൾ ഹിന്ദുക്കൾ ആരും ഇവർക്കെതിരെ തിരിഞ്ഞില്ലേ മാഷേ?"

"അവിടെയാണ് ഹിന്ദുക്കൾക്കു തെറ്റുപറ്റിയത്. അതവർക്കു വൻ നാശമായി തീരുകയും ചെയ്തു."

"അതെങ്ങനെ?"

"ഹൈന്ദവ ജന്മിമാരുടെ ഇല്ലങ്ങൾ തെരഞ്ഞുപിടിച്ച്‌ ലഹളക്കാർ ആക്രമിച്ചു. വീടുകളിൽ കയറി വീട്ടിലുള്ളവരെ വാൾമുനയിൽ മതം മാറ്റുകയോ നിഷ്കരുണം വെട്ടിക്കൊല്ലുകയോ ചെയ്യുമ്പോൾ അലറി നിലവിളിച്ച അവർക്ക് ആകെ സഹായത്തിനുണ്ടായിരുന്നത് അടിയാളന്മാരായിരുന്നു. എന്നാൽ ചാതുർവർണ്യവും തൊട്ടുകൂടായ്മയും അവർക്കു ഭ്രഷ്ട് കല്പിച്ചിരുന്നതുകൊണ്ട് അവർക്കു തീണ്ടാപ്പാട് അകലെ നിന്നു നോക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു. ജാതി ഉപജാതി കീഴ്വഴക്കങ്ങൾ കോറിയിട്ട അതിർവരമ്പുകൾ ഹിന്ദുക്കളെ സംഘടിതരാകുന്നതിൽ  വിലങ്ങുതടിയായപ്പോൾ മറ്റു പോംവഴിയില്ലാതെ അവർ നാലുപാടും ചിതറിയോടി. പിന്നെ നടന്നതു ഹിന്ദുക്കളുടെ കൂട്ടക്കൊലയും സംഘടിത മതംമാറ്റവും ആയിരുന്നു. അവരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് മതത്തിന്റെ പേരിലായിരുന്നില്ല, മറിച്ച് പൊലീസുകാരെ സഹായിക്കുന്നവർ എന്ന പ്രതികാര മനോഭാവത്തോടെ ആയിരുന്നു. ഈ ഹിന്ദുക്കളെ സഹായിച്ച ചില മാപ്പിളമാരെയും അവർ നിഷ്കരുണം കൊന്നു കളഞ്ഞു."

"ഇതിനെല്ലാം ചുക്കാൻ പിടിച്ചത് വാരിയൻകുന്നൻ ആയിരുന്നോ?"

"ഇതിൽ ഏറ്റവും വലിയ നരഹത്യ തുവ്വൂരിലെ കൂട്ടക്കൊല ആയിരുന്നു. അതിനു നേതൃത്വം കൊടുത്തത് വാരിയംകുന്നനല്ല, ചെമ്പ്രശ്ശേരിതങ്ങൾ ആണെന്നാണ് പറയപ്പെടുന്നത്."

"എന്തുകൊണ്ട് ഇത് ഹിന്ദുക്കൾക്കു തടയാനായില്ല മാഷേ?"

"ഇതിൽ രണ്ടു കാര്യമാണ്. ഒന്ന്, ഞാൻ നേരത്തെ പറഞ്ഞ വിഭാഗീയത. രണ്ട്, ഹിന്ദുക്കൾ താമസിച്ചിരുന്നത് ചിതറിയാണ്. ജന്മിമാർ അനവധി ഏക്കർ സ്ഥലത്ത് ഒരു വീടും കീഴ്‌ജാതിക്കാർ ദൂരെ മാറിയുമാണ് താമസിച്ചിരുന്നത്. തമ്മിൽ ഐക്യം ഇല്ലെന്നു തന്നെയല്ല അടിയന്തിര സന്ദർഭങ്ങളിൽ സന്ദേശം അതിവേഗം അറിയിക്കാൻ അതുകൊണ്ടുതന്നെ അവർക്കു കഴിഞ്ഞതുമില്ല. പിന്നെ, ആണുങ്ങൾ മിക്കവാറും സർക്കാരുദ്യോഗമായി ദൂരെ ആയിരിക്കും ജോലി ചെയ്യുക. അടിയന്തിരഘട്ടങ്ങളിൽ ഒന്നിച്ചു കൂടുവാൻ സ്ഥാപനങ്ങൾ ഒന്നുമില്ലായിരുന്നു. അമ്പലങ്ങളിൽ കീഴ്ജാതിക്കാർക്ക് പ്രവേശനം ഇല്ലാതിരുന്നതുകൊണ്ട് അവിടെ കൂടിയാലും കായികബലം കൂടുതലുള്ള അവരുടെ സഹായം ഉൾക്കൊള്ളാനാവാതെ ലഹളക്കാരുടെ തോക്കിനിരകളാകേണ്ടി വന്നു. എന്നാൽ മുസ്ലിംകൾക്ക് ഇക്കാര്യത്തിൽ അനുകൂല സാഹചര്യമാണുണ്ടായിരുന്നത്. കാരണം, അവർ താമസിച്ചിരുന്നത് കൂട്ടമായിട്ടായിരുന്നു. അതുപോലെതന്നെ, അത്യാവശ്യ സന്ദർഭങ്ങളിൽ അവർ പള്ളികളിൽ കൂട്ടബാങ്കു വിളിക്കുന്നതോടെ അവരെല്ലാം ഓടിക്കൂടുമായിരുന്നു. ലഹള ഏറ്റവും അധികം നാശം വിതച്ച ഏറനാട് താലൂക്കിൽ മുസ്ലിംകൾ ജനസംഖ്യയിൽ കൂടുതലായിരുന്നതും അവർക്ക് അനുകൂലമായി തീർന്നു."

"അപ്പോൾ ഹിന്ദുക്കളുടെ നേരെയുള്ള കൂട്ടക്കൊല ആയിരുന്നോ മലബാർ കലാപത്തിൻറെ ലക്‌ഷ്യം?"

"അല്ല. യഥാർത്ഥത്തിൽ ഖിലാഫത്തു പ്രസ്ഥാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തുടങ്ങിയ സമരം മതപരമായിരുന്നെങ്കിലും അത് ബ്രിട്ടീഷുകാർക്കെതിരായിട്ടായിരുന്നു. പിന്നീട് അത് ഹിന്ദുക്കൾക്ക് എതിരായിമാറി. മാപ്പിളമാരുടെ ഈ അക്രമത്തിന് ഹിന്ദുക്കളുടെയും പോലീസിന്റെയും പ്രതികാരം, അതിനു മാപ്പിളമാരുടെ കൂടുതൽ പ്രതികാരം, തിരിച്ചു പട്ടാളത്തിന്റെയും പോലീസിന്റെയും വൻ പ്രതികാരം. ഇതായിരുന്നു മലബാർ കലാപത്തിന്റെ സത്യസന്ധമായ ഒരു ചരിത്രം എന്നാണ് കെ. മാധവൻ നായരുടെ പുസ്തകത്തിൽ പറയുന്നത്."

"മാധവൻ നായർ ഹിന്ദു അല്ലേ? അപ്പോൾ ഹിന്ദുക്കൾക്ക് അനുകൂലമായി എഴുതിയതായിക്കൂടേ?"

"1904 ൽ കോട്ടയം സിഎം എസ് കോളേജിൽ പഠിക്കുമ്പോൾ വേദപാഠത്തിന് ഒന്നാം റാങ്ക് നേടിയ ആളാണ് മാധവൻ നായർ. അദ്ദേഹത്തിനു പ്രത്യേകിച്ച് മതമൊന്നുമില്ലെന്നാണ് കെ. കേളപ്പൻ അദ്ദേഹത്തെപ്പറ്റി പറയുന്നത്. മലബാർ കലാപത്തിന്റെ ചരിത്രത്തിൽ ഏറ്റവും വിശ്വസനീയമായതു മാധവൻ നായരുടെ പുസ്തകം ആണെന്നാണ് പരക്കെ അഭിപ്രായപ്പെടുന്നത്."

"എന്നിട്ടു ഹിന്ദുക്കളെല്ലാം അവിടെ നിന്നും പോയോ മാഷേ?"

"അവർക്കു വേറെ ചോയ്‌സ് ഒന്നുമില്ലായിരുന്നു. കൊല്ലുകയോ മതം മാറ്റുകയോ അല്ലാതെ ഒരു ഹിന്ദുവിനെപ്പോലും അവിടെ ബാക്കി വയ്ക്കില്ലെന്നു കൊന്നാറെ തങ്ങൾ പ്രതിജ്ഞ ചെയ്തു. ഇത് വാരിയൻകുന്നന്റെ അറിവോടെ ആയിരുന്നില്ല. കൊള്ള ആയിരുന്നു കലാപകാരികളുടെ മുഖ്യമായ ലക്‌ഷ്യം. എന്നാൽ ലഹള മറ്റൊരു ഘട്ടത്തിലേക്കു പ്രവേശിക്കുന്നത് കൊടക്കൽ സംഭവത്തോടെയാണ്.”

"അതെന്താണ്?"

നിരപരാധികളായ നിരവധി ക്രിസ്ത്യാനികളെ കൊന്നൊടുക്കിയാണ് ലഹളക്കാർ അവിടെ താണ്ഡവമാടിയത്. അതിൽ ഏറ്റവും നിഷ്ടൂരമായത് ഒരു സ്കൂൾ മാസ്റ്ററിനെയും അദ്ദേഹത്തിന്റെ അഞ്ചു മക്കളെയും വെട്ടി നുറുക്കിയതാണ്. പട്ടാളമോ പൊലീസോ അവിടെ എത്തുമ്പോഴേക്കും ലഹളക്കാർ അവിടെനിന്നു പോയിക്കഴിയും. അതോടെ ക്രിസ്ത്യാനികൾ മറ്റു നാടുകളിലേക്കു പലായനം ചെയ്തു. പൂക്കോട്ടൂർ മാത്രമാണ് ലഹളക്കാരുടെ കണക്കു കൂട്ടൽ തെറ്റിയത്. പട്ടാളത്തിന്റെ കോൺവോയ്‌യെ ലഹളക്കാർ മിന്നലാക്രമണത്തിൽ നേരിട്ടു. എന്നാൽ ഓർക്കാപ്പുറത്തായിട്ടും പട്ടാളക്കാർ തിരിച്ചടിക്കുകയും 400 ഓളം ലഹളക്കാർ മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെടുകയും ചെയ്തു."

"വാരിയൻകുന്നൻ ഒരു ഹിന്ദു വിരോധി ആയിരുന്നോ?"

"എന്നു പറയാനാവില്ല. അയ്യാളുടെ ലക്‌ഷ്യം അവിടെ സ്വന്തം രാജ്യം ഉണ്ടാക്കുക എന്നതായിരുന്നു. അതിൽ ഒരു പരിധി വരെ കുറച്ചു നാളത്തേക്കെങ്കിലും അദ്ദേഹം വിജയിച്ചു.  മുഖ്യമായും ആയുധങ്ങൾ മോഷ്ടിക്കാനും വിഭവ സമ്പത്തുകൾ കൊള്ളയടിക്കാനും ആയിരുന്നു അദ്ദേഹം ജന്മിമാരുടെ വീടുകൾ ആക്രമിച്ചത്. ഗവണ്മെന്റിനെയോ പട്ടാളത്തിനെയോ പോലീസിനെയോ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നവരെ അദ്ദേഹം വകവരുത്തി. അതിൽ മുഖ്യമാണ് വയോധികനും സ്വാത്വിയും സർവമത സമ്മതനുമായിരുന്ന ഖാൻ ബഹാദൂർ  ചേക്കുട്ടിയെ വെടിവച്ചു കൊന്നത്."

"അപ്പോൾ മാഷു പറയുന്നത് വാരിയൻകുന്നത്ത്‌ കുഞ്ഞുമുഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി ആണെന്നാണോ?"

"ഹേയ്, ഒരിക്കലുമല്ല. അങ്ങനെ ഒരു ചിന്ത പോലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിട്ടില്ല."

"പിന്നെ മാഷ് പറഞ്ഞത് അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെയാണ് തുടക്കത്തിൽ സമരം ചെയ്തതെന്ന്."

"അത് ശരിയാണ്. ഖിലാഫത് പ്രസ്ഥാനം സമരം തുടങ്ങിയത് ബ്രിട്ടീഷുകാർക്കെതിരെ തന്നെ ആയിരുന്നു. എന്നാൽ സ്വാതന്ത്ര്യ സമരവും അതുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. അവരൊക്കെയും തുർക്കിയിലെ ഖലീഫയുടെ അനുചരന്മാരായിട്ടാണ് സമരം നടത്തിയത്. അതിൽ ഇന്ത്യയോ ഇന്ത്യയുടെ സ്വാതന്ത്ര്യമോ അവർ ചിന്തിച്ചിട്ടുപോലുമില്ല. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഖിലാഫത് പ്രസ്ഥാനത്തെ അംഗീകരിക്കുക വഴി അതിന് സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പരിവേഷം ചാർത്തപ്പെട്ടു എന്നതും സത്യമാണ്. പക്ഷേ, കോൺഗ്രസ് നേതാക്കന്മാർക്കൊന്നും അവരുടെമേൽ യാതൊരു നിയന്ത്രണവും ഒരിക്കൽപോലും ഉണ്ടായിട്ടില്ല."

"പിന്നെ എങ്ങനെയാണ് വാരിയൻകുന്നനെ സ്വാതന്ത്ര്യ സമരസേനാനിയായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരുന്നത്? ഇപ്പോൾ അതെടുത്തു മാറ്റിയതു മുസ്ലിം വിരോധം കൊണ്ട് മാത്രമല്ലേ?"

 

"ചരിത്രരേഖകൾ അതാതു കാലത്ത്‌ അധികാരത്തിൽ ഇരിക്കുന്നവരുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കനുകൂലമായി പലരും വളച്ചൊടിക്കാറുണ്ട്. വാരിയൻകുന്നൻ സ്വാതന്ത്ര്യ സേനാനിയായിരുന്നോ എന്ന കാര്യത്തിൽ രണ്ടു തട്ടിലാണ് പലരും. മുഗൾ സാമ്രാജ്യത്തിൻറെ ചരിത്രം എല്ലാം അറിയാം. തോമ്മാശ്ലീഹാ എ.ഡി. 52 ൽ വന്നതിനു രേഖകളുണ്ടത്രേ! ശ്രീകൃഷ്ണൻ 5500 വർഷം മുൻപു ജനിച്ച തീയതി വരെ അറിയാം! പക്ഷേ, വെറും 100 വർഷം  മുൻപ് മാത്രം നടന്ന മലബാർ കലാപം എന്തായിരുന്നു എന്നു കൃത്യമായി അറിവില്ലത്രേ! അതിനുള്ള കൃത്യമായ രേഖകൾ മാത്രം കാണാനില്ല. ഇവിടെയാണ് രാഷ്ട്രീയവും വോട്ടുബാങ്കും കളിക്കുന്നത്. ചാനൽ ചർച്ചകൾ കാണുമ്പോളാണ് മനസ്സിലാകുന്നത് രേഖകൾ മാത്രമല്ല ചാനലുകളും വളഞ്ഞിരിക്കുന്നു എന്ന്."

"പിന്നെ എങ്ങനെയാണ് മാഷേ ഈ ലഹള അവസാനിച്ചത്?"

"കൊലക്കും കൊള്ളിവയ്പ്പിനും നിർബന്ധിത മതപരിവർത്തനത്തിനും എല്ലാം നെടുനായകത്വം വഹിച്ച ആലിമുസ്‍ലിയാരെയും കൊന്നാറെ തങ്ങളെയും മറ്റു നേതാക്കളെയും എല്ലാം പട്ടാളം പിടിച്ചു കൊണ്ടുപോകയോ വെടിവച്ചു കൊല്ലുകയോ ചെയ്തു. ആൾ ബലവും ആയുധബലവും നഷ്ടപ്പെട്ട വാരിയൻകുന്നത്തു കുഞ്ഞുമുഹമ്മദ് ഹാജിയെ 1922 ജനുവരി 6 ന് പട്ടാളം പിടിച്ചു വിചാരണ നടത്തി 20 ന് വെടിവച്ചു കൊന്നു. പിന്നീട് ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായതൊഴിച്ചാൽ ലഹള അവസാനിക്കുകയായിരുന്നു."

"അപ്പോൾ പലായനം ചെയ്തു പോയവരൊക്കെ പിന്നീട് തിരിച്ചെത്തിയോ?"

"പലരും തിരിച്ചു വന്നെങ്കിലും കുറച്ചു പേർ മാത്രമേ ഹിന്ദു മതത്തിലേക്കു മടങ്ങിയുള്ളൂ. മറ്റുള്ളവർ ഭൂരിഭാഗത്തിന്റെ കൂടെ ചേർന്ന് അവരുടെ സുരക്ഷ ഉറപ്പാക്കി."

"എൻറെ മാഷേ, ഈ മതങ്ങൾ ആണല്ലോ ഈ ലോകത്തിൻറെ സമാധാനം എല്ലായിടങ്ങളിലും നശിപ്പിക്കുന്നത്. മതങ്ങളില്ലാത്ത ഒരു ലോകം ആയിരുന്നെങ്കിൽ....."

"നെടുവീർപ്പിട്ടിട്ടു കാര്യമില്ലെടോ. മനുഷ്യൻറെ നാശം അവൻ തന്നെ സൃഷ്ടിക്കുന്നതല്ലേ!"

"ഇന്ന് നമ്മൾ കുറച്ചു കൂടുതൽ നടന്നു."

"ശരിയാണല്ലോ. വർത്തമാനം പറഞ്ഞു നടന്നതുകൊണ്ടു സമയം പോയതറിഞ്ഞില്ല. എങ്കിൽ നമുക്കു പിന്നെ കാണാം."

"അങ്ങനെയാവട്ടെ മാഷെ.”

Join WhatsApp News
jose cheripuram 2021-09-14 00:13:25
A very informative and sincere writing . The truth is that most of the time any protest deviate from it's purpose. there are evil elements creep in and the whole purpose of the mission is ruined. It happence now as well.
jose cheripuram 2021-09-14 00:14:00
A very informative and sincere writing . The truth is that most of the time any protest deviate from it's purpose. there are evil elements creep in and the whole purpose of the mission is ruined. It happence now as well.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക