Image

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

Published on 14 September, 2021
ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)
“സമദോഷ സമാഗ്നിശ്ച
സമധാതു മലക്രിയ
പ്രസന്ന ആത്മ ഇന്ദ്രിയ
മനഃസ്വസ്ഥ ഇതി അഭിധീയതേ”....
വാത, പിത്ത, കഫ ദോഷങ്ങള്‍ സമാവസ്ഥയില്‍ ഇരിക്കുകയും, ജഠരാഗ്നി സമാവസ്ഥയിലിരിക്കുകയും ചെയ്യുന്ന ആളിനെ “സ്വസ്ഥന്‍” എന്ന് വിളിക്കാം. അങ്ങിനെ ചിന്തിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ നന്നായി തങ്ങളുടെ ജോലി ചെയ്യുമ്പോള്‍ അഥവാ കഠിനാധ്വാനം ചെയ്യുമ്പോള്‍ തലച്ചോറിനും, നമുക്കും വിശ്രമിക്കാന്‍ കിട്ടുന്ന ഏക സമയമാണ് ഉറക്കം എന്നത്. എല്ലാവര്‍ക്കും അത്യാവശ്യം വേണ്ട ഒന്നും ഉറക്കമാണ്. ശരിയായി ഉറങ്ങാന്‍ കഴിയുന്നില്ല, രാത്രി വെറുതേ കിടക്കുകയാണ് എന്നൊക്കെ പരാതി പറയുന്ന ഏറെപ്പേരുണ്ട്.
    
ആയുര്‍വേദ വിധി പ്രകാരം നല്ല ഉറക്കം ലഭിക്കുന്നതിനായി നാം ആദ്യം തന്നെ അതിനുള്ള സമയം ക്രമീകരിക്കണം. ആഴ്ചയില്‍ അഞ്ചു ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുന്ന നാം അവധി ദിവസങ്ങളില്‍ വൈകി എഴുന്നേറ്റാല്‍ മതിയല്ലോ എന്ന മുടന്തന്‍ ന്യായം പറഞ്ഞു ഉറക്കമിളയ്ക്കും. എന്നാല്‍ ഇത് ഉറക്കത്തിന്റെ താളത്തെ തീവ്രമായി ബാധിക്കുന്നുണ്ടെന്ന് നമ്മള്‍ അറിയുന്നില്ല. സമയത്ത് ഉറങ്ങാന്‍ കിടക്കുന്നതിനു പിന്നില്‍ കൃത്യമായ ശാസ്ത്രീയവശം ഉണ്ട്. അതുവഴി നമ്മുടെ ശരീരത്തിന്റെ “ഉറക്കചക്രം” ക്രമീകരിപ്പെടുകയാണു ചെയ്യുന്നത്. ഇത് താളം തെറ്റാതെ സൂക്ഷിക്കേണ്ടതുണ്ട്.
    
എന്നാല്‍ ചിലര്‍ ആകട്ടെ രണ്ടു പെഗ്ഗ് അകത്തു പോയാലേ ഉറക്കം വരൂ എന്നും, അത്താഴം കഴിഞ്ഞ് ഒരു സിഗരറ്റ് വലിച്ചാലേ സമാധാനം ഉള്ളൂ എന്നൊക്കെ തട്ടിവിടാറുണ്ട്. മദ്യവും, സിഗരറ്റും മാത്രമല്ല എല്ലാ ലഹരിപദാര്‍ഥങ്ങളും ഉറക്കത്തിനു ഹാനികരമാണ്. മദ്യം ഉറക്കത്തിന് ഒരു തരത്തിലുള്ള ഗുണവും ചെയ്യില്ലെന്ന് ആദ്യം നാം മനസ്സിലാക്കണം. ഉറക്കത്തിലേക്കു പെട്ടന്നു വഴുതി വീഴാന്‍ മദ്യം സഹായിച്ചേക്കാം, എന്നാല്‍ അതിനു ശേഷം ലഭിക്കേണ്ട ഗാഢനിദ്രയെ മദ്യം തടസ്സപ്പെടുത്തും. അതുകൊണ്ടുതന്നെയാണ് മദ്യം കഴിച്ച് ഉറങ്ങുന്നവര്‍ക്ക് അടുത്ത ദിവസം ക്ഷീണവും, ഏകാഗ്രതക്കുറവും അനുഭവപ്പെടുന്നത്. ഇതിന്റെ സ്ഥിരമായ ഉപയോഗംകൊണ്ടുള്ള ഏക ഗുണം എന്തെന്നാല്‍ നമ്മെ മദ്യത്തിന് അടിമപ്പെടുത്തുന്നു എന്നത് തന്നെ. ഒടുവില്‍ മദ്യമില്ലാതെ ഉറങ്ങാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.
    
അടുത്തതായി ഫോണും, കമ്പ്യൂട്ടറും കട്ടിലിനു പുറത്ത് എന്ന് നാം തീരുമാനമെടുക്കേണ്ടതിന്റെ കാലം എന്നേ കഴിഞ്ഞിരിക്കുന്നു. ഉറക്കം വരാത്തപ്പോള്‍ പലരും നേരെ തിരിയുന്നത് ഫോണിലേക്കാണ്. എന്നാല്‍ ഉറക്കത്തിനു സഹായിക്കുന്ന ഹോര്‍മോണായ “മെലടോണ്‍” ന്റെ   പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ശേഷിയുള്ള വെളിച്ചമാണ് ഫോണ്‍ പ്രസരിപ്പിക്കുന്നത്. കാരണം പകല്‍ വെളിച്ചത്തോടു സാമ്യമുള്ള നീല ഹ്രസ്വതരംഗങ്ങളാണ് ഫോണ്‍ പുറപ്പെടുവിക്കുന്നത്. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പേ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തുന്നതാണ് അഭികാമ്യം. മറ്റൊന്ന് അമിതാഹാരം ആണ്.
“ മിതഭോജനേ സ്വാസ്ഥ്യം”
    
ആരോഗ്യത്തിന്റെ അടിസ്ഥാനഅളവു മിതമായ ആഹാരത്തിലാണ്. രാത്രി അരവയര്‍ ഭക്ഷണം എന്ന് പഴമക്കാര്‍ പറഞ്ഞിരിക്കുന്നത് വെറുതെയല്ല. വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കേണ്ട അധിക ആയാസം ശരീരത്തിന് ഉണ്ടാകും. തടി കൂടാനും ഇത് ഇടയാക്കും. നെഞ്ചെരിച്ചില്‍, ഉറക്കമില്ലായ്മ എന്നിവയ്ക്കും ഇതു കാരണമാകും. ഉറങ്ങുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പേ എങ്കിലും ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.

“ ദിവാസ്വാപം ന കുര്യാതു”
പകലുറങ്ങരുത് കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും. ആയുര്‍വേദ വിധിപ്രകാരം ഏത് പഞ്ചകര്‍മ്മ ചികിത്സയ്ക്കും പറയുന്ന പഥ്യക്രമത്തില്‍ പകല്‍ ഉറങ്ങരുതെന്നും എന്നാല്‍ രാത്രി ഉറങ്ങാതിരിക്കരുതെന്നും എല്ലാ ആചാര്യന്മാരും പറഞ്ഞിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇനി പെട്ടെന്ന് ഉറക്കം കിട്ടാന്‍ ഏറ്റവും നല്ലത് എന്തെന്നാല്‍ ഉറങ്ങും മുമ്പ് ഒരു ഗ്ലാസ് ചൂടുപാല്‍ കുടിക്കാം. ഇളം ചൂടുള്ള പാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പാലിലും തേനിലും അടങ്ങിയിരിക്കുന്ന “ട്രിപ്‌ടോഫാന്‍” നല്ല ഉറക്കം ലഭിക്കാന്‍ മെലടോണിന്‍ ഉത്പാദിപ്പിച്ചു ശരീരത്തെ സഹായിക്കുന്നു.

ഇനി നമുക്ക് നല്ല ആരോഗ്യത്തിനായി എങ്ങിനം ഉണരാം എന്ന് ചിന്തിക്കാം.
“നിശാന്തേ ച പിബേത് വാരി:” ഉണര്‍ന്നാലുടന്‍ ഒരു വലിയ അളവ് ശുദ്ധമായ പച്ചവെള്ളം കുടിയ്ക്കണം.  മലബന്ധം ഒഴിയും, ശരീരത്തിലെ വിഷാംശത്തെ കഴുകിക്കളയും. വേദനകളും ക്ഷീണവും അകറ്റാന്‍ കിടക്കയില്‍നിന്ന് എങ്ങനെ എഴുന്നേല്‍ക്കണം എന്നറിയുമോ ?  ചില ദിവസങ്ങളില്‍ ആകെ ക്ഷീണം തോന്നാറുണ്ടോ ? എങ്കില്‍ കാരണം നിങ്ങള്‍ ഉറക്കമുണര്‍ന്ന രീതിയാകാം. നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ ആവശ്യമാണ് എന്നതു പോലെതന്നെയാണ് നല്ല പൊസിഷനില്‍ ഉണരുകയും ചെയ്യുന്നത്. ശരിയായ രീതിയിലല്ല ഉറക്കമെങ്കില്‍ കഴുത്തു വേദനയും, പുറംവേദനയും തലവേദനയുമെല്ലാം ഒപ്പമെത്തും. എങ്ങനെ ഉണരണം - ആയുര്‍വേദവും, മോഡേണ്‍ മെഡിസിനും പറയുന്നത് നമ്മുടെ വലതുവശം ചേര്‍ന്ന് ഉറക്കം ഉണരുന്നതാണ് ഏറ്റവും നല്ലത് എന്നാണ്. ആയുര്‍വേദം പറയുന്നത് നമ്മുടെ ശരീരത്തിലെ “സൂര്യനാഡി” വലതുവശത്താണ് സ്ഥിതി ചെയ്യുന്നത് എന്നാണ്. ഒരിക്കലും കിടക്കയില്‍നിന്നു ചാടി എഴുന്നേല്‍ക്കരുത്. ശരീരം നന്നായി സ്‌ട്രെച്ച് ചെയ്തു പതിയെ കൈകള്‍ കുത്തി വേണം എഴുനേല്‍ക്കാന്‍. ഇത് കഴുത്തിനും, പുറത്തും സമ്മര്‍ദമുണ്ടാകാതെ ശരീരത്തെ ബാലന്‍സ് ചെയ്യും. ധാരാളം സമയമെടുത്ത് എഴുന്നേല്‍ക്കുന്നതുതന്നെയാണ് ഏറ്റവും ഉചിതം. നന്നായി ഉണര്‍ന്നാല്‍ ദിനചര്യകള്‍ നന്നാകും ഇത് ശരീരത്തിനും, മനസ്സിനും ആരോഗ്യവും, ഉണര്‍വ്വും നല്‍കും. അങ്ങിന് നല്ല ഉറക്കം ലഭിക്കുന്നതിനു ഇനി നമുക്ക് നന്നായി ഉണരാം..     

അബിത് വി രാജ്
(പാരമ്പര്യ ആയുര്‍വേദ പരിചാരകന്‍)
abiaathira@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക