Image

പിന്നില്‍ നിന്നും കുത്തേല്‍ക്കാനാവില്ല ; കെ. പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

ജോബിന്‍സ് Published on 14 September, 2021
പിന്നില്‍ നിന്നും കുത്തേല്‍ക്കാനാവില്ല ; കെ. പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു
മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി. അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു, പിന്നില്‍ നിന്നു കുത്തേല്‍ക്കാന്‍ തയ്യാറല്ലെന്നും ഇതിനാല്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. 

അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. സോണിയഗാന്ധിക്കും  കെ.സുധാകരനും രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോളത്തെ നേതൃത്വത്തിന്റേത് ഏകാധിപത്യ സമീപനമാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. 

ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ച ആളാണ് താനെന്നും അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന തനിക്ക് യാതൊരു സ്ഥാനങ്ങളും നല്‍കിയില്ലെന്നും പല തവണ സീറ്റ് തരാമെന്ന് പറഞ്ഞു കബളിപ്പെച്ചെന്നും രാജി പ്രഖ്യാപനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. 

പുതിയ ഡിസിസി പ്രസിഡന്റ്മാരുടെ പട്ടിക പുറത്തു വന്നശേഷം കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് കെപി അനില്‍കുമാര്‍ പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടിരുന്നു. ഇതിനുശേഷം നെടുമങ്ങാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. 

ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തു വന്നതിന് പിന്നാലെ കെ.പി. അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിനായിരുന്നു നടപടി. എന്നാല്‍ ഈ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെ.പി അനില്‍ കുമാര്‍ ഇന്നു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക