Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 14 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പി. അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് എകെജി സെന്ററിലെത്തിയ അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി. 
******************************
ഇന്ന് സംസ്ഥാനത്ത് 15876 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15.12 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 
*******************************
സിപിഐ പുറത്തു വിട്ട തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ തള്ളി കേരളാ കോണ്‍ഗ്രസ് . പല മണ്ഡലങ്ങളിലും മുന്നണി വിജയിച്ചത് കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം കൊണ്ടാണെന്നും സിപിഐയുടെ അവലോകന റിപ്പോര്‍ട്ട് വ്യാജമാണെന്നും കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു . സിപിഐയുടെ വിമര്‍ശനം വ്യക്തിനിഷ്ടവും അടിസ്ഥാന രഹിതവുമാണെന്ന് ജോസ് കെ. മാണി യോഗത്തില്‍ പറഞ്ഞു.
****************************
ലോക് ജനശക്തി പാര്‍ട്ടി എംപി പ്രിന്‍സ് രാജ് പാസ്വാനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തു. ചിരാഗ് പാസ്വാന്റെ ബന്ധുവാണ് പ്രിന്‍സ്. മയക്കുമരുന്ന് നല്‍കി ബലാത്സംഗത്തിന് ഇരയാക്കിയെന്നും, തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും കാട്ടി എല്‍ജെപി പ്രവര്‍ത്തകയായ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ബിഹാറിലെ സമസ്തിപൂരില്‍ നിന്നുള്ള എംപിയാണ് പ്രിന്‍സ് രാജ്. 
******************************
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ ബെവ്കോയ്ക്ക് വാടകയ്ക്ക് നല്‍കുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാടകയ്ക്ക് നല്‍കാന്‍ പരിഗണിച്ചത് ആളൊഴിഞ്ഞ കെട്ടിടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
****************************
കെ.പി. അനില്‍കുമാറിന് നിരാശാബോധമാണെന്നും ഗുരുതര അച്ചടക്കലംഘനം നടത്തിയ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും പ്രഥമീക അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. അനില്‍ കുമാര്‍ പാര്‍ട്ടി വിട്ടതില്‍ കോണ്‍ഗ്രസിന് ഒരു ക്ഷീണവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. എന്നാല്‍ കെപി.അനില്‍ കുമാറിനെ അറിയില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ പ്രതികരണം.
****************************
ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ തെരഞ്ഞെടുപ്പിന് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കോടതിയുടെ നേരത്തെയുള്ള വിധികള്‍ക്കെതിരാണെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു. ഒക്ടോബര്‍ 14 ന് നടക്കുന്ന തെരഞ്ഞെടുപ്പിനെതിരെ യാക്കോബായ വ്ശ്വാസികളാണ് കോടതിയെ സമീപിച്ചത്. 
***********************
കൊവാക്സിന്‍, കൊവിഷീല്‍ഡ് പ്രതിരോധ കുത്തിവെയ്പ്പെടുത്തവരില്‍ രൂപം കൊള്ളുന്ന ആന്റിബോഡിയുടെ അളവ് പെട്ടെന്ന് കുറയുന്നതായി പഠനങ്ങള്‍. കൊവാക്സിന്‍ എടുത്തവരില്‍ രണ്ട് മാസത്തിനകവും കൊവിഷീല്‍ഡ് എടുത്തവരില്‍ മൂന്ന് മാസത്തിനകവും ആന്റിബോഡി കുറയുമെന്നാണ് കണ്ടെത്തല്‍. ഭുവനേശ്വറിലെ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഐസിഎംആറും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. പഠനം നടത്തുന്നതിനായി 614 പേരില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക