Image

തുടര്‍ സമരം പ്രഖ്യാപിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

Published on 14 September, 2021
തുടര്‍ സമരം പ്രഖ്യാപിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
പാലക്കാട്: മൂത്ത മകളുടെ ജന്മദിനത്തില്‍ തുടര്‍സമരം പ്രഖ്യാപിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണു വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ ഏകദിന നിരാഹാര സമരം നടത്തി സമരം പ്രഖ്യാപിച്ചത്. ഹൈക്കോടതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലെന്നും ഇത് ഇരകള്‍ക്കുള്ള നീതിനിഷേധമാണെന്നും സമരം ഉദ്ഘാടനം ചെയ്ത വി.കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

വാളയാര്‍ കേസില്‍ കീഴ്‌ക്കോടതി വിധിയും അന്വേഷണവും തെറ്റെന്നു ഹൈക്കോടതി കണ്ടെത്തിയിട്ടും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും എംപി ആരോപിച്ചു. "ഇന്ന് അവളുണ്ടായിരുന്നെങ്കില്‍ മധുരപ്പതിനേഴുകാരിയാകുമായിരുന്നെന്നും ഒരമ്മയ്ക്കും തന്റെ വിധിയുണ്ടാകരുതെന്നും' വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞു.

 2017 ജനുവരി 13ന് ആണ് 13 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സിബിഐ അന്വേഷണം അവസാനഘട്ടത്തിലാണ്. വാളയാര്‍ കുട്ടികളുടെ ഇളയ സഹോദരനു ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ എംപി കൈമാറി.

സമരത്തില്‍ വാളയാര്‍ നീതി സമരസമിതി ജോ. കണ്‍വീനര്‍ അനിത ഷിനു അധ്യക്ഷയായി. കണ്‍വീനര്‍ വി.എം. മാര്‍സന്‍, എലിസബത്ത് റാണി, അഡ്വ. ജലജ മാധവന്‍, എ. രാജേഷ്, എ. വിന്‍സന്റ്, പി.എച്ച്. കബീര്‍, കൃഷ്ണന്‍ മലമ്പുഴ, സലില്‍ ലാല്‍ അഹമ്മദ്, കെ. മായാണ്ടി, പത്മ മോഹനന്‍, എം. നിത്യാനന്ദന്‍, വി. രാജേന്ദ്രന്‍, കൃഷ്ണന്‍കുട്ടി കുനിശ്ശേരി, വിജയന്‍ അമ്പലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക