Image

ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ നാല് പേര്‍ അറസ്റ്റില്‍

Published on 15 September, 2021
ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ നാല് പേര്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന്‍ ഏജന്‍റ് എന്ന് സംശയിക്കുന്ന ആള്‍ക്ക് ചോര്‍ത്തി നല്‍കിയ നാല് പേര്‍ ഒഡീഷയില്‍ അറസ്റ്റില്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) കരാര്‍ ജീവനക്കാരെയാണ് ബലാസൂര്‍ സ്‌പെഷ്യല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബസന്ത ബെഹെറ, എസ് കെ ഫുസാഫിര്‍, പ്രകാശ് ബെഹെറ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയുടെ പേര് പോലീസ് പുറത്തു വിട്ടിട്ടില്ല. വളരെ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് ഇവര്‍ കൈമാറിയതെന്നാണ് വിവരം. നാല് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് കിഴക്കന്‍ റേഞ്ചിലുള്ള ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹിമാന്‍ഷു കുമാര്‍ ലാല്‍ പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ഡിആര്‍ഡിഒയിലെ ചിലര്‍ വിദേശ വ്യക്തികളുമായി തെറ്റായവിധത്തിലുള്ള ആശയവിനിമയം നടത്തുന്നുണ്ടെന്നും നിരവധി ഐ എസ് ഡി കോളുകളില്‍ കൂടി പാക് ഏജന്റുമാരെ ബന്ധപ്പെട്ടതായും രഹസ്യാന്വേഷണ വിഭഗത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചെന്നും തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ അറസ്റ്റിലായതെന്നും ബലാസുര്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

തെറ്റായ രീതിയില്‍ പണം സമ്പാദിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇവരില്‍നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ചണ്ഡിപുര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2014ലും ബലാസൂറില്‍ സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈശ്വ ബെഹെറ എന്ന കോണ്‍ട്രാക്ട് ഫോട്ടോഗ്രാഫറെ ആയിരുന്നു അന്ന് പോലീസ് അറസ്റ്റ് ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക