Image

പാഥേയം : (കഥ, മിനി സുരേഷ്)

Published on 15 September, 2021
പാഥേയം : (കഥ, മിനി സുരേഷ്)


  യാത്രികർ കുറവാണെങ്കിലും ട്രെയിൻ കൃത്യസമയത്തു തന്നെ ബാനസ് വാടി സ്റ്റേഷനിൽ എത്തി .കൊറോണക്കാലത്തിനു മുൻപ്  പാവങ്ങളുടെ രഥമെന്നു വിളിക്കുന്ന'ഗരീബ്-രഥ്'ട്രെയിനിന്റെ വരവും കാത്ത് കാറ്റിനു പോലും
ശ്വാസം കിട്ടാത്ത വിധത്തിൽ ജനങ്ങൾ തിക്കി തിരക്കി പ്ലാറ്റ്ഫോമിൽ നിൽക്കുമായിരുന്നു. അധികവും ഐ.ടി ഫീൽഡിലൊക്കെയുള്ളവരുടെ മാതാപിതാക്കളാണ്. നാട്ടിലെ വീടൊക്കെഅടച്ചിട്ടിട്ട്, മക്കൾക്ക് ജോലിക്ക് സമാധാനമായി പോകുവാൻ അവസരമൊരുക്കി കൊച്ചുമക്കളെ കരുതലോടെ പരിപാലിക്കുവാൻ
എത്തിയിട്ടുള്ളവർ. 
കൊറോണക്കാലംതുടങ്ങിയതിൽപ്പിന്നെമലയാളികളിലധികം പേരും 'വർക്ക് ഫ്രം ഹോമും 'ഒക്കെയായി കേരളത്തിൽത്തന്നെയാണ്.ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ വിജനമായിക്കിടക്കുന്ന പ്ലാറ്റ്ഫോമിൽ ര ണ്ടു മൂന്ന് നായ്ക്കൾ കുരച്ച് കൊണ്ട്
ഓടി നടക്കുന്നുണ്ട്. തെല്ലൊരു ഭയത്തോടെ അവക്കിടയിലൂടെ ട്രോളിബാഗും ഉന്തിക്കൊണ്ട് ശ്രീലേഖ നടന്നു.
'ഓ,ബി വൺ ബോഗിയാണല്ലോഇത്. എന്നാലിനി മരുമകനെ ഫോണിൽ വിളിച്ചു യാത്ര
പറഞ്ഞേക്കാം. മകളും,മരുമകനും ,കുഞ്ഞും കാർ പാർക്കിംഗിൽ  നിൽപ്പുണ്ട്. കൊച്ചുകുഞ്ഞ് കൂടെയുള്ളതിനാൽ ആളുകൾക്കിടയിൽ നിന്നുംഒഴിഞ്ഞു മാറി നിൽക്കുകയാണ്.
മകളുടെ പ്രസവത്തിനു വേണ്ടി ഇങ്ങോട്ട് വന്നിട്ട്മാസം മൂന്നായി.  വീട്ടു ചുമതലകളെല്ലാം ഇളയമകളെ ഏൽപ്പിച്ചിട്ടാണ് പോന്നത്. വീടൊക്കെ കുഴച്ചുമറിച്ചിട്ടിട്ടുണ്ടാവും.വീട്ടിൽ ചെന്നാൽ നല്ല ജോലിയുംകാണും. ഭാരമുള്ള ബാഗ് ഉന്തി വന്ന ക്ഷീണത്തിൽ അവളൊന്ന്‌ നിശ്വസിച്ചു.
 കംപാർട്ട്മെൻറിന്റെ കതക് തുറന്ന്  മൗനം വിറങ്ങലിച്ചു നിൽക്കുന്ന ഇടനാഴിയിലൂടെ മെല്ലെ നടന്നു.
 ബർത്തിനു മുകളിലേക്ക് ലഗേജ് അടുക്കി വയ്ക്കുന്ന മദ്ധ്യവയസ്കൻ ഒരു സഹയാത്രികയെ
കിട്ടിയ സന്തോഷത്താൽ താഴ്ത്തി വച്ച മാസ്കിനിടയിലൂടെ പുഞ്ചിരിച്ചു.
"ദൈവമേ, വേറെ ആരും എത്തിയില്ലെങ്കിൽ ഇയാളും ഞാനും തനിച്ച്..
"എങ്ങോട്ടാ..പുഞ്ചിരിയുടെ പ്രകാശം ഒട്ടും കുറക്കാതെ എതിർവശത്തെ സീറ്റിൽ അയാൾ ഇരിപ്പുറപ്പിച്ചു.
"കോട്ടയം" വിശാലമായ ചർച്ചക്ക് തുടക്കമിടുകയാണെന്നു മനസ്സിലായെങ്കിലും പെട്ടി സീറ്റിനടിയിലേക്ക് തള്ളി വയ്ക്കുന്നതിനിടയിൽ സാമാന്യ മര്യാദയ്ക്ക് അവൾ മറുപടി പറഞ്ഞു.
"കോട്ടയത്തെവിടാ..
"ടൗണിൽ തന്നെയാ..
രാത്രി കഴിക്കുവാനുള്ള ഭക്ഷണമടങ്ങിയ കിറ്റ്  സൈഡ്ടേബിളിലിലേക്ക് വയ്ക്കുന്നതിനിടയിൽ താല്പര്യമില്ലാതെയായിരുന്നു അവളുടെ ഉത്തരം.
"എനിക്ക് കോട്ടയത്ത് ഇറങ്ങി പിന്നെയുംപാറമ്പുഴ വരെ പോകണം. നമ്മൾ കോട്ടയത്തുകാർക്ക് ട്രെയിനാണ് സൗകര്യം, പ്ലെയിനാകുമ്പോൾ നെടുമ്പാശ്ശേരി ഇറങ്ങി..അവിടുന്ന് പിന്നെയും യാത്ര .....നിർത്താനുള്ള ഭാവമില്ലാതെ അയാൾ
തുടർന്നു കൊണ്ടേയിരുന്നു. വെറുതെ മൂളിയും..ഒറ്റ വാക്കുകളിൽ ഉത്തരമൊതുക്കിയും ശ്രീലേഖയും ഇരുന്നു. 
  യാത്ര തുടങ്ങുവാനുള്ള സമയമായെന്നറിയിച്ച് ട്രെയിൻ ഉച്ചത്തിൽ ഹോൺ മുഴക്കിക്കൊണ്ടേയിരുന്നു. അതിനിടയിലാണ് കംപാർട്ട്മെൻറിന്റെ കതക്
തള്ളിത്തുറന്ന് അവർ ഓടിക്കയറി വന്നത്. അറുപത് വയസ്സിനോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീ.
മൂന്നു വലിയ പെട്ടികൾ ഉന്തി നീക്കി കിതച്ചു കൊണ്ട് അവൾക്കെതിരെയുള്ള സീറ്റിൽ
വന്നിരുന്നു.ഒരു സ്ത്രീ കൂടി കൂട്ടിനുണ്ട് എന്നറിഞ്ഞപ്പോൾ അറിയാതെ ഒരു ആശ്വാസത്തിൻറെ നിഴൽ ഉള്ളിൽ
പടരുന്നത് അവളറിഞ്ഞു.
"എന്നാലിനി നിങ്ങള് രണ്ടു പേരും കൂടിയിരിക്ക്.
ഞാനപ്പുറത്തു കാണും. ഉത്തരവാദിത്വമുള്ള ഒരു സഹോദരന്റെ ശബ്ദം അയാളിൽ നിറയുന്നത്കണ്ട് ശ്രീലേഖ പുഞ്ചിരിയോടെ തലയാട്ടി.
നെഞ്ചിലേറ്റിയ കുതിപ്പുകളുമായി ട്രെയിൻ വേഗത്തിലോടാൻ തുടങ്ങിയിരുന്നു.
"അയ്യോ ,എന്റെ ചോറും പൊതി മകളുടെ ബാഗിൽ നിന്നും മേടിച്ചില്ല. അവളോടി വരുന്നത്ജനൽ ഗ്ലാസ്സിനിടയിലൂടെ കണ്ടതാ..അപ്പോഴേക്കും
ഓടിച്ചെന്നാൽ മതിയായിരുന്നു. മൊബൈലിലൂടെ അവർ മകളെ വിളിച്ച് പറ്റിയ
അബദ്ധത്തെക്കുറിച്ച് വീണ്ടും,വീണ്ടും പറയുന്നത് ശ്രീലേഖ കേട്ടു കൊണ്ടിരുന്നു.
 വിൻഡോ ഗ്ലാസ്സിനപ്പുറം  നഗരം ഇരുട്ടിൽ തിളങ്ങി
നിൽക്കുന്നു. ട്രെയിൻ വൈറ്റ് ഫീൽഡ് സ്റ്റേഷനിലേക്ക് കയറുകയാണ്.
"എന്റെ സാധനങ്ങൾ ഒന്നു നോക്കിക്കോണേ..
ഡോറിനടുത്ത് നീങ്ങി നിൽക്കട്ടെ. ഭക്ഷണം  വിൽക്കുന്നവർ ആരെങ്കിലും വരാതിരിക്കില്ല." പ്രത്യാശയോടെ
അവർ വാതിലിനടുത്തേക്ക് നീങ്ങി.
പണ്ടൊക്കെ എത്ര ആളുകളായിരുന്നു 'ചായ..കാപ്പി,
ബിരിയാണി' എന്നൊക്കെ വിളിച്ചു കൊണ്ട് ട്രെയിനിലൂടെ നടന്നിരുന്നത്. എത്രയോ പേരുടെ തൊഴിലാണ് കൊറോണ ഇല്ലാതാക്കിയത്.
അവൾ ബാഗിൽ നിന്ന് സാനിറ്റൈസറിന്റെ കുപ്പിയെടുത്ത് കയ്യിലേക്ക് അൽപ്പം പുരട്ടി.
'ഈ അമ്മക്കൊരു ശ്രദ്ധയുമില്ല. ഇടക്കിടക്ക് സാനിറ്റൈസ്
ചെയ്തോണ്ടിരിക്കണേ .'മകൾ വീട്ടിൽ നിന്നും ഇറങ്ങുവാൻ സമയത്ത് കുറെ പ്രാവശ്യം ഉപദേശിച്ചു വിട്ടതാണ്. അനുസരിച്ചില്ലെന്നു വേണ്ട.
എത്ര പെട്ടെന്നാണ് മനുഷ്യരുടെ ജീവിതചര്യകളും, രീതികളുമെല്ലാം മാറി മറിഞ്ഞത്. പഴയ കാലത്തിലേക്ക് ഇനി ഒരു തിരിച്ചു
പോക്ക് എന്നാണാവോ സാധ്യമാകുക.
"ഓ,ആരും വന്നില്ല. പ്ലാറ്റ്ഫോമിലെ ഒരു കടയിൽ
ഭക്ഷണം വിൽക്കുന്നുണ്ട്. ട്രെയിനിൽ നിന്നും
ഇറങ്ങി വാങ്ങാമെന്നു വച്ചാൽ സമയവുംഇല്ല. എനിക്കാണേൽ ഒട്ടു ധൈര്യവുമില്ല.
മരുന്നും കഴിക്കേണ്ടതാ ..എന്തേലും കിട്ടിയാൽ മതിയായിരുന്നു. നിരാശയോടെ തിരിച്ചു വന്ന് അവർ സീറ്റിലേക്കിരുന്നു.
"ചേച്ചി വിഷമിക്കാതെ. ഭക്ഷണവും,വെള്ളവുമല്ലേ ഇവിടിരിക്കുന്നത് ,ഇനിയിപ്പോൾ അപരിചിതരോടു ഭക്ഷണം വാങ്ങികഴിക്കുവാൻ മടിയാണെങ്കിൽ ആദ്യം തന്നെ ഞാൻ കഴിക്കാം. അപ്പോൾ വിശ്വാസമാകുമല്ലോ." ശ്രീലേഖ അവരെ സമാധാനിപ്പിക്കുവാനായി ഒരു നിർദ്ദേശം മുന്നോട്ടുവച്ചു.
"എങ്കിൽ നമുക്കെല്ലാവർക്കും കൂടി ഒന്നിച്ചിരുന്നങ്ങ് ഭക്ഷണം കഴിച്ചേക്കാം.മീൻ വറുത്തതും,നല്ല ചമ്മന്തിയും ഒക്കെ വച്ചിട്ടുള്ള പൊതിച്ചോറുണ്ട്.കൂടാതെ രാവിലെ വീട്ടിൽ ചെല്ലുമ്പോൾ കഴിക്കാനെന്നും പറഞ്ഞ് മരുമകൾ സ്പെഷ്യലായി ഉണ്ടാക്കിത്തന്ന
ചൂട് ഇഡലിയും ,സാമ്പാറുമുണ്ട്.മടിച്ചിരിക്കാതെ എടുക്ക് പിള്ളേരെ..
കുര്യൻ ചേട്ടൻ സ്നേഹത്തോടെ പറഞ്ഞു.
നല്ല മയമുള്ള ഇഡലി . ഒരെണ്ണം ശ്രീലേഖ എടുത്തു.
അവളുടെ ടിഫിൻ ബോക്സിലുള്ള ചപ്പാത്തിയിലൊരു പങ്ക് ഇരുവർക്കുമായി നൽകുകയും ചെയ്തു. ട്രെയിനിന്റെ സൈഡ് സീറ്റിലിരുന്ന് വാതോരാതെ സംസാരിച്ച് പാറമ്പുഴക്കാരൻ കുര്യൻചേട്ടനും,വേളൂർക്കാരി
ഇന്ദിരച്ചേച്ചിയും ഭക്ഷണം കഴിക്കുന്നത് കണ്ട് ശ്രീലേഖക്ക് കൗതുകംതോന്നി.എന്തെല്ലാം വിശേഷങ്ങളാണ് അവരിരുവരും ചിരകാല സുഹൃത്തുക്കളെപ്പോലെ കൈമാറുന്നത്.കുര്യൻ ചേട്ടൻ ബി.എസ്സ്.എന്നിൽ നിന്നാണ് വിരമിച്ചിട്ടുള്ളത്.ഭാര്യ മരിച്ചുപോയി. ഏകമകൻ ബാംഗ്ലൂരിൽ എഞ്ചിനീയറാണ്. ഇന്ദിരച്ചേച്ചി ഗൾഫിൽ നഴ്സായിരുന്നു. ഭർത്താവിന്റെ മരണശേഷം തിരിച്ചു ഗൾഫിലേക്ക് പോയില്ല.ഇരുവരും തന്നെപ്പോലെ തന്നെ തുണ നഷ്ടപ്പെട്ടവർ.ശിഷ്ടകാലം മക്കൾക്കു വേണ്ടി മാറ്റി വച്ചിരിക്കുന്നവരുമാണ്.
 'സാമൂഹിക അകലം 'പാലിച്ച് കുറച്ച് നീങ്ങിയാണിരുന്നതെങ്കിലും
ഇടക്കൊക്കെ ശ്രീലേഖയും അവരുടെ സംഭാഷണത്തിൽ പങ്കു ചേർന്നു.
"വയസ്സു കാലത്ത് മക്കൾ നോക്കത്തില്ലെന്നൊക്കെ പറയുന്നത് എന്റെ കാര്യത്തിൽ സത്യമല്ലെന്നേ.നമ്മൾ അവരോട് പെരുമാറുന്നത്
പോലെയിരിക്കും. മരുമോൾക്ക് എന്നോട് വലിയ കാര്യമാ.അപ്പച്ചാ..നാട്ടിൽപ്പോയി തനിയെ നിൽക്കരുതെന്ന് എപ്പോഴും പറയും.ആകാവുന്നിടത്തോളം അവിടെയും,ഇവിടെയുമായി ഇങ്ങനെ അങ്ങ് പോകട്ടെ.പിന്നെ സ്വത്തും,വഹകളും ഒക്കെ
കാലശേഷം കിട്ടുന്നരീതിയിൽ എഴുതി വച്ചിട്ടുണ്ട്.കാലം കഴിഞ്ഞ് അവരെന്തേലും ചെയ്യട്ടെ...
അല്ലേൽ തന്നെ ഉള്ള ജോലിയും കളഞ്ഞ് നമ്മക്കവരോട് നാട്ടിൽ വന്നു നിൽക്കാൻ
പറയാൻ പറ്റുവോ ..നല്ല കഥ."
"എനിക്കും പിള്ളേരൊക്കെ സുഖമായിരിക്കണമെന്നേയുള്ളൂ. വയസ്സായാലും
നമ്മുടെ ഇഷ്ടങ്ങൾ തന്നെ നടക്കണമെന്ന് യാതൊരു വാശിയുമില്ല" അയാളെ തുടരാൻ അനുവദിക്കാതെ ഇന്ദിര ഇടക്കു കയറി പറഞ്ഞു.
"കല്യാണം കഴിച്ചു കൊണ്ട് വരുന്ന പിള്ളേരെ
സ്വന്തം മക്കളായി കരുതണം."ബർത്തിൽ ബെഡ്ഷീറ്റു വിരിക്കുന്നതിനിടയിൽ ശ്രീലേഖയും തന്റെ അഭിപ്രായം വ്യക്തമാക്കി.
"ഓ,ഇപ്പോൾ ഷീറ്റൊന്നും ട്രെയിനിൽ നിന്നും കിട്ടത്തില്ലല്ലോ. സാരി കൊണ്ട് പുതച്ച് കെടക്കാം"
ഇന്ദിരയും കിടക്കുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത് കണ്ട് കുര്യൻ ചേട്ടൻപതുക്കെ എഴുന്നേറ്റു.
"എന്നാൽപ്പിന്നെ നിങ്ങള് സമാധാനമായി കിടന്നുറങ്ങ്.എന്തേലും ആവശ്യമുണ്ടേൽ വിളിച്ചാൽ മതി." 
"ചേട്ടാ,മൊബൈലിൽ അലാറം ഒന്നു വച്ചേക്കണേ..
ഇന്ദിരചേച്ചി വിളിച്ചു പറയുന്നത് മയക്കത്തിലേക്ക് വീഴുന്നതിനിടയിൽ ശ്രീലേഖ കേട്ടു.
 ഇടക്ക് ശരീരത്തിലെന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോഴാണ് ശ്രീലേഖ ഞെട്ടിയുണർന്നത്.
അയ്യേ,അയാളിത്തരക്കാരനാണോ, ഒരു തരത്തിൽ കൈയ്യെത്തി അവൾ ലൈറ്റിട്ടു. ഇന്ദിരച്ചേച്ചിയും  ഉറക്കമുണർന്ന് പകച്ചു നോക്കുന്നുണ്ട്.
"മോളേ, എനിക്കു തീരെ വയ്യ. കുര്യൻ ചേട്ടൻ ആകെ പരവശനായി വിയർത്ത് നിൽക്കുന്നു.
ശ്ശെ. ഒരു നിമിഷം ഈ പാവം മനുഷ്യനെക്കുറിച്ച്
അരുതാത്തത് ചിന്തിച്ചല്ലോ. തളർന്നു വീഴാൻ പോകുന്ന അദ്ദേഹത്തെ അവൾ
മെല്ലെ താങ്ങി ബർത്തിലിരുത്തി.വെള്ളക്കുപ്പി തുറന്ന് കുറച്ച് വെള്ളം അയാളുടെ വായിലേക്കൊഴിച്ചു കൊടുത്തു. വെള്ളം  ചുണ്ടുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്നതും. കണ്ണുകൾ മറിഞ്ഞ് അദ്ദേഹത്തിന്റെ തല താനേ ചെരിഞ്ഞു പോകുന്നതുമെല്ലാം ഒരു ഉൾക്കിടിലത്തോടെ മാത്രം നോക്കി നിൽക്കാനേ അവർക്കിരുവർക്കും കഴിഞ്ഞുള്ളൂ.

"പോയി ശ്രീലേഖേ.... ചേട്ടൻ പോയി.കുര്യൻ ചേട്ടന്റെ കൈ പിടിച്ച്
പൾസ് നോക്കുന്നതിനിടയിൽ ഇടറിയ സ്വരത്തിൽ
ഇന്ദിര പറഞ്ഞു.
 മനസ്സും,ശരീരവും ഒരു നിമിഷം സതംഭിച്ചു പോകുന്നതവളറിഞ്ഞു.
അവർ വിവരമറിയിച്ചതിനെ തുടർന്ന് ഗാർഡുകളും,
റെയിൽവേ പോലീസുമെല്ലാം എത്തി.
കുര്യൻ ചേട്ടന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് മകന്റെ നമ്പർ അവർ കണ്ടു പിടിച്ചു.മകനെ വിവരമറിയിച്ചിട്ട് അദ്ദേഹത്തിന്റെ  ചേതനയറ്റശരീരവും,സാധനങ്ങളുമെല്ലാം കംപാർട്ട്മെൻറിൽ നിന്നും കൊണ്ടുപോകുന്നത്  വേദനയോടെ അവരിവരും നോക്കി നിന്നു.
"മൊബൈലിൽ അലാറവും ഒക്കെ ഒരുക്കി വച്ച് നമ്മളെ കരുതലോടെ കോട്ടയത്ത് എത്തിക്കാമെന്ന് ഏറ്റിരുന്ന ആളാ..ദേ..കണ്ടില്ലേ" ഇന്ദിര പറയുന്നത്
കേട്ടപ്പോൾ ശ്രീലേഖക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല.
  വേർപാടിന്റെ  നോവറിയാതെ ട്രെയിൻ വീണ്ടും യാത്ര തുടരുമ്പോളും ഉറങ്ങാനാവാതെ,അധികമൊന്നും സംസാരിക്കാനാവാതെ അവരിരുവരും സീറ്റിൽ പകച്ചിരുന്നു.
"ഏറ്റുമാനൂർ അടുക്കാറായെന്നു തോന്നുന്നു.നമുക്ക്
പെട്ടിയൊക്കെ വാതിൽക്കലേക്ക് നീക്കി വക്കാം."ഇന്ദിര പറയുന്നതു കേട്ടപ്പോഴാണ്
അവൾക്കും സ്ഥലകാലബോധം വീണത്.
 തിടുക്കത്തിൽ പെട്ടിയും,ബാഗും ഒതുക്കി വച്ചു.
 സൈഡ് ടേബിളിലിരിക്കുന്ന ഭക്ഷണം കൊണ്ടു വന്ന കിറ്റും,മറ്റും ചുരുട്ടിയെടുത്തു വയ്ക്കുമ്പോഴാണ് സീറ്റിനടിയിലേക്ക്  ഉരുണ്ടു പോയ വെള്ളക്കുപ്പി ശ്രദ്ധയിൽപ്പെട്ടത്.
ഒന്ന് കുനിഞ്ഞ് അവളത് കയ്യിലെടുക്കുവാനൊരു ശ്രമംനടത്തി.

"അതു പോട്ടെ,സീറ്റിനടിയിലൊന്നും കയ്യിടണ്ട. വീട്ടിൽ ചെന്നാലുടൻ കുളിച്ചോണം. ഒരു മുതിർന്ന ചേച്ചിയുടെ സ്വാതന്ത്ര്യത്തോടെ ഇന്ദിര പറഞ്ഞതു
കേട്ട് അവൾ  തലയാട്ടി.
ജനാലയിലൂടെ നെഹ്റുസ്റ്റേഡിയവും,സെയിൻറ് ആൻറണീസ് ചർച്ചുമെല്ലാം കടന്നു വന്നു.
ട്രെയിൻ കിതപ്പടക്കി അതിന്റെ കോട്ടയത്തുള്ള താവളത്തിലേക്ക് കയറുകയാണെന്ന് മനസ്സിലായപ്പോൾ ശ്രീലേഖ സീറ്റിൽ നിന്നും ധൃതി പിടിച്ച് എഴുന്നേറ്റു. ബ്രേക്കു പിടിച്ചതു കൊണ്ടാകണം ,സീറ്റിനു താഴെ കിടന്നിരുന്ന  വെള്ളകുപ്പി പെട്ടെന്ന് മുന്നോട്ടാഞ്ഞു വന്നു.
യാത്രാമൊഴി ചൊല്ലുന്ന പോലെ അതിലെ ഒരിത്തിരി  ജീവജലം വല്ലാതെ ഇളകുന്നുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക