Image

അതിജീവനത്തിന്റെ പ്രഥമരാത്രി: (കഥ, ചായു ആദൂർ)

Published on 16 September, 2021
അതിജീവനത്തിന്റെ പ്രഥമരാത്രി: (കഥ, ചായു ആദൂർ)


രാത്രി... ആദ്യരാത്രി!
അവളെ അറിയാൻ, അനുഭവിക്കാൻ ഒന്നായലിഞ്ഞുയരാൻ, ഉണരാൻ കാത്തുകാത്തിരിക്കുന്ന രാത്രി.

നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട്, അധികം ആൾക്കൂട്ടം ഇല്ലാതെ തന്നെ ക്ഷേത്രത്തിൽ വച്ച് താലികെട്ടി. അരുണ കഴുത്തുനീട്ടിത്തന്നു. അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ. ചടങ്ങെല്ലാം പെട്ടെന്ന് തീർത്തു.

പലരും ലൈവ് ആയി ചടങ്ങ് കണ്ടു.
കഴിഞ്ഞ ആഴ്ചയായിരുന്നു ക്വാറന്റൈൻ കഴിഞ്ഞ് അനന്തു പുറത്തിറങ്ങിയത്. ദുബായിൽ നിന്നും കൊച്ചിയിൽ ഇറങ്ങി, നേരേ വീട്ടിലേക്ക്. ഭാഗ്യം. ക്വാറന്റൈൻ കഴിഞ്ഞു ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റീവ് ആയിരുന്നു. പിന്നെ ആകെ തിരക്കായിരുന്നു. കോടിമുണ്ടും ഷർട്ടും പിന്നെ അരുണയ്ക്കുള്ള പുടവയും...
വല്ലാത്ത ആവേശമായിരുന്നു.
ഒറ്റമോളല്ലേ, എല്ലാം അവളുടെ വീട്ടുകാർ അറിഞ്ഞുചെയ്യും. തനിക്കാണെങ്കിൽ ദുബായിൽ നല്ല ഒരു കൺസൽറ്റിംഗ് കമ്പനിയിൽ എക്സിക്യൂട്ടീവ് പൊസിഷൻ.

രാവിലെ ആവേശത്തിലായിരുന്നു അനന്തു. തിരക്കൊഴിഞ്ഞപ്പോൾ രാത്രിയായി. അന്നേരമായപ്പോഴേക്കും അനന്തു തളർന്നു. വിശപ്പ്‌ തോന്നിയേയില്ല. ഒരു രുചിയുമില്ലാതെ അൽപ്പം അച്ചാറുകൂട്ടി ഉണ്ടെന്നു വരുത്തി. അരുണ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു.

അവളുടെ വീട്ടിലായിരുന്നതിനാൽ അടുത്തുള്ള കൂട്ടുകാരാവാം അവളെ കാണാൻ വന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അനന്തുവിന് ബോറായി. ക്ഷീണവും.

അരുണയോട് സൂത്രത്തിൽ പറഞ്ഞു, “എനിക്കൊന്നു ഫ്രഷ് ആകണം. ടയർഡ് ആയി. കിടന്നാലോ?”

അരുണ അനന്തുവിന്റെ കണ്ണിലേക്കു നോക്കി, ആത്മാവിലേക്ക് ചുഴിഞ്ഞിറങ്ങുന്ന നോട്ടം. എന്തോ... അനന്തു അസ്വസ്ഥനായി...

“വരൂ, മുറി കാണിച്ചുതരാം.. അനന്തു ഫ്രഷ് ആകുമ്പോഴേക്കും ഞാൻ വരാം”.

മുറിയിൽ കയറി. ചുറ്റും നോക്കി. നന്നായി സെറ്റ് ചെയ്തമുറി. എയർകണ്ടിഷൻ ഓണാക്കി. മുല്ലപ്പൂക്കളുടെ നേർത്തഗന്ധത്തിൽ അനുരാഗത്തിന്റെ ഗന്ധവും അലിഞ്ഞു ചേർന്നുവോ? അതോ, അരുണയുടെ ശരീരത്തിന്റെ ഉന്മദഗന്ധമോ?

അവൾ ചിരിച്ചു, വല്ലാതെ ചിരിച്ചു. “അനന്തു ഫ്രഷ് ആകൂ, ഞാനിപ്പോൾ വരാം, കേട്ടോ”.

ആത്മവിശ്വാസം തുളുമ്പുന്ന അവളുടെ സ്വരത്തിൽ പ്രതീക്ഷയുടെ പ്രകമ്പനം കേട്ടു? ജുമൈറയിലെ കടൽത്തിരകളിൽ അർദ്ധനഗ്നരായി കുളിക്കുന്ന വെളുത്തമേനികളെ ഓർത്തു. ബെല്ലിഡാൻസിൽ ഇളകിയാടുന്ന അരക്കെട്ടുകളിൽ, അഗാധനീലിമ വിടർന്ന നാഭീതടങ്ങളെയും ഓർത്തു. അനന്തുവിന് കുളിർന്നു.

രാത്രി, യാനയാത്രയിൽ കെട്ടിപ്പുണരുന്ന രതികാമനകൾ, നഗ്നസർപ്പങ്ങൾ, വികാരങ്ങളുടെ കടലിൽ എണ്ണിയാലൊടുങ്ങാത്ത ചുഴിമലരിൽ ആഴ്ന്നിറങ്ങിയ ശൃംഗാരനിമിഷങ്ങൾ...

അറിയാത്തതൊന്നുമില്ലായിരുന്നു, അറിഞ്ഞതെല്ലാം ഇട്ടേച്ചുപോന്നു. ഇനി പുതിയ ജീവിതം, പുതിയ സ്വപ്നം...

അനന്തുവിന്റെ ചുണ്ടിലൊരീണം നിറഞ്ഞു, “പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തേ... പറവതിനെളുതാമോ? “.

ഹോ! ഇന്നത്തെ രാത്രി, ശിവരാത്രി...
തൊണ്ട വരളുന്നുണ്ടോ? ഒരു ബീയർ കിട്ടിയിരുന്നെങ്കിൽ...

അനന്തു മൊബൈലിൽ മെസ്സേജ്കളെല്ലാം നോക്കി, ദുബായിൽ നിന്നും ഏറെ മെസ്സേജുകൾ കണ്ടു. ഗ്രീറ്റിംഗ്സ്, ബെസ്റ്റ് വിഷസ്. മതി. എല്ലാം നാളെ.

ഒരു മെസ്സേജിൽ കണ്ണുടക്കി. രാഗിണിയുടെ! ഒരു നീലഹൃദയം, തുടിക്കുന്ന ഹൃദയം.

രാഗിണി... അരക്കെട്ടിലൊരു മുല്ലവള്ളി പടരുംപോലൊരു അനുഭൂതി. അറിയാതെ രോമകൂപങ്ങളിൽ ആയിരം ഇതളുള്ള സൗഗന്ധികം വിരിഞ്ഞു. കാമപുഷ്പങ്ങളുടെ കന്മദഗന്ധം!

അരുണ, വേഗം വരൂ, ഞാൻ കാത്തിരിക്കുന്നു. നിന്നിലലിയാൻ, നിന്നിൽ നിറയാൻ.

അനന്തു ബാത്ത്റൂമിലേക്ക്‌ നടന്നു. ചുറ്റിലും നോക്കി. വെളുത്ത ബാത്ത് ടവൽ വൃത്തിയായി മടക്കി വച്ചിരിക്കുന്നു. ഷാമ്പൂ, ജാസ്മിൻ ഫ്ളേവർ, അരുണയുടെ ഫേവറിറ്റ് ആവും ജാസ്മിൻ. ഡോവ് സോപ് കണ്ടു.

ഷവർ തുറന്നു. സൂചിമുനകൾ മേലാകെ തറച്ചുകയറി. ആത്മാവിന്റെ വേരുകൾ തൊലിപ്പുറത്തു നീല ഞരമ്പായി വിടർന്നുവന്നു.

മേലാകെ ഡോവ് പതപ്പിച്ചു, ഷവറിന്റെ കുളിരിൽ ചുമ്മാതെ നിന്നു. മതിവന്നപ്പോൾ ഷവറടച്ചു. ടവ്വലെടുത്തു തുടച്ചു. വസ്ത്രം മാറി, കൈകൊണ്ടു മുടി കോതി. ഇനിയോ?

ബാത്റൂമിന്റെ കതകടച്ച് അനന്തു കട്ടിലിൽ ഇരുന്നു. ചുറ്റിലും നോക്കി. ചെറിയ ബുക്ക്ഷെൽഫ്, അതിൽ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ. ടേബിളിൽ ലാപ്ടോപ്. റൂം വളരെ ഒതുക്കിവച്ചിരിക്കുന്നു. ഡ്രസിങ് ടേബിളിൽ അവളുടെ മേക്കപ്പ് സാമഗ്രികൾ. വാർഡ്രോബ് വലുതാണ്. നോക്കണോ? വേണ്ട.

തന്റെ ഡ്രെസ്സുകൾ കൊണ്ടുവന്ന ഹാൻഡ് ലഗേജ് ടേബിളിന് താഴെ. സമയം? ഒൻപതായല്ലോ.

അനന്തു കട്ടിലിൽ ചാരിക്കിടന്നു. പില്ലോ ചാരിവച്ചു. റിലാക്സിംഗ് മോമെൻറ്സ്. മൊബൈൽ നോക്കണോ?

രാഗിണി എവിടെ? രാഗിണിയോ! അരുണയാണ്, അരുണ. അനന്തു മനസ്സിൽ ഉരുവിട്ടു, ഏറെവട്ടം.
ശരീരം വിയർത്തു. മനസ്സറിയാതെ ദുബായിലെത്തി. ആരാണവിടെ ഇനിയുള്ളത്?

കടന്നുപോയത് ഭീകരനാളുകളായിരുന്നുവല്ലോ. കോവിഡ് ബാധിച്ച പലരും എവിടെയെന്നറിഞ്ഞില്ല. മാസ്കിടാതെ പുറത്തുപോയാൽ നല്ല പിഴ. ലോക്ക്ഡൌൺ പലരെയും ബാധിച്ചു. തന്നെപ്പോലെ ചുരുക്കം ചിലർ ഭാഗ്യവാൻമാർ.

ലേബർ ക്യാമ്പുകളിൽ നൂറുകണക്കിന് ചെറുപ്പക്കാർ മരണവുമായി മല്ലിട്ടു. വൈറസ് കാറ്റിൽ പടർന്നു, പനിക്കൊണ്ട് തുള്ളി. പലർക്കും സഹായം എത്തിച്ചു. വെള്ളവും ഭക്ഷണവും കിട്ടാനില്ലാത്ത സ്റ്റുഡിയോ റൂമുകളിൽ അവർ കിടന്നു, അനങ്ങാതെ, വൈറസിനെ തട്ടിമാറ്റാൻ ശക്തിയില്ലാതെ. വീഥികൾ വിജനമായി. നാട് നരകമായി, ലോകം സ്തംഭിച്ചു.

തന്റെ ഭാഗ്യം. കോവിഡ് ബാധിച്ചില്ല. അതിജീവനം...
ഭാരത് സർക്കാരിന്റെ വന്ദേഭാരത്‌ ഫ്ലൈറ്റിൽ കേറിപ്പറ്റി. താനെന്തു ഭാഗ്യവാൻ! ഇപ്പോഴിതാ, കാത്തിരിക്കുന്നു തന്റെ വധുവിനെ, ആദ്യരാത്രിയുടെ അനുഭൂതിക്കായി, അവളുടെ മുറിയിൽ, കട്ടിലിൽ... വരൂ അരുണ, ഞാനിവിടെയുണ്ട്.

അനന്തുവിന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു. കാട്ടിൽപ്പടിയിൽ പൂമാലകൾ കെട്ടുപിണഞ്ഞുകിടന്നു. രതിമൂർച്ചയിൽ തളർന്നുകിടക്കുന്ന സർപ്പങ്ങളെപ്പോലെ! ചെടിപ്പിക്കുന്ന ഗന്ധം, ഇപ്പോഴാണ് അതിനെക്കുറിച്ചോർത്തത്. നിശബ്ദത അനന്തുവിനെ വരിഞ്ഞുമുറുക്കി. നിഴലുകൾ അരണ്ടവെളിച്ചത്തിൽ ചിറകുകൾ വീശിയൊഴുകി. എയർകോൺന്റെ നേരിയ മൂളിച്ച, പുറംലോകം അടഞ്ഞുവോ? ആരുടേയും ശബ്ദം കേൾക്കുന്നേയില്ലല്ലോ.

മൃത്യുവിന്റെ ഗന്ധമോ? താനൊരു ഗുഹയിലകപ്പെട്ടതുപോലെ തോന്നി അനന്തുവിന്.

അകലെനിന്നും നേർത്ത കാലൊച്ച കേട്ടു. പാദസരത്തിന്റെ താളാത്മകമായ സ്വരം. ചോരത്തിളപ്പുള്ള പുരുഷനെ തേടിവരുന്ന യക്ഷിയുടെ പദനിസ്വനമാണോ? രാഗിണിയുടെ ശബ്ദം ദൂരേനിന്നും ഒരു സംഗീതമായി വരുന്നതായി തോന്നി!

മൊബൈൽ റിംഗ് ചെയ്യുന്നതാണ്, എടുത്തില്ല. കണ്ണുതുറക്കാൻ മടിതോന്നി. ഇടനാഴിയിലൂടെ കാലൊച്ച അകന്നകന്നു മാഞ്ഞു. അനന്തുവിന്റെ ചെന്നിയിലൂടെ വിയർപ്പുരുകി. ഒഴുകി. ചൂടുലാവ! മുഖമാകെ നനയുന്നുണ്ടായിരുന്നു. കാൽവിരൽതുമ്പുകൾക്കിടയിലൂടെ തണുപ്പരിച്ചുകയറി മേലേക്ക്, മേലേക്ക്.

അഗ്നിയും ഹിമവും അടിവയറ്റിൽ കൂട്ടിമുട്ടിയപ്പോൾ മൂടൽമഞ്ഞു വിരിഞ്ഞു. അനന്തുവിന്റെ ആത്മാവിൽ അതിന്റെ കണങ്ങൾ നുഴഞ്ഞുകയറി.

കതകുതുറന്നു അരുണ മുറിയിലേക്ക് കടന്നുവന്നു. കയ്യിൽ ഒരു ട്രേയുമായാണ് അവൾ വന്നത്. ട്രേ ടേബിളിൽ വച്ചു. ഒരു കപ്പെടുത്ത് അവൾ അനന്തുവിന് നേരേ നീട്ടി, എന്തിനോ ക്ഷണിക്കുംപോലെ.

“ചൂടാറുംമുൻപ് കുടിച്ചോളൂ, അത്താഴം കാര്യമായി കഴിച്ചില്ലായിരുന്നു. പുതിയ അന്തരീക്ഷം, അല്ലേ? “

അനന്തു ഒന്നും മിണ്ടിയില്ല.
അവന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. കപ്പെടുത്തു ചുണ്ടോടുചേർത്തു. ചൂടുപാല് തൊണ്ടയിലൂടെ യിറങ്ങി. നല്ല ചൂട്. അവൻ മന്ദഹസിച്ചു. അരുണയുടെ കണ്ണുകൾ ഒന്നുവിടർന്നു.

മെല്ലെ അവൾ വാതിലിനരികെ ചെന്നു. അനന്തുവിനെ ഒന്നു നോക്കിയശേഷം കതകടച്ചു.

അവൾക്ക് ഒന്നും പറയാനില്ലേ? അനന്തു ഓർത്തു. തനിക്കും ഒന്നും പറയാനില്ലല്ലോ!

അവളുടെ താളലയമാർന്ന ശ്വാസം മുറിയിലാകെ നിറഞ്ഞു. നേർത്ത വീണാനാദം പോലെ അത് അവന്റെ മേലാകെ പടർന്നു.

അവളുടെ ഓരോ നീക്കവും അനന്തു നോക്കി നിന്നു. വാർഡ്റോബ് തുറന്ന് ഒരു ബാത്ത്ടവ്വൽ എടുത്ത് ഒരു ചെറുചിരിയോടെ ബാത്ത്റൂമിൽ കയറി. ഷവറിന്റെ സംഗീതം. ജാസ്മിന്റെ സുഗന്ധം. രാഗിണിയുടെ ഗന്ധം.

രാഗിണി... ആശുപത്രിയിൽ കിടന്നാണവൾ മരിച്ചത്. കോവിഡിന്റെ ഇര. ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങളിൽ മരണത്തിന്റെ താണ്ഡവം തുടങ്ങിയ ദുബായ്.

ലോകമെമ്പാടും മരണം ഒരു സംഖ്യമാത്രമായി ഒതുങ്ങി. രാജ്യങ്ങൾ പെട്ടെന്ന് വൃദ്ധരായി, നേതാക്കൾ നിശബ്ദരായി. മനുഷ്യരുടെ നിഴലുകൾ കാതോർത്തുകിടന്നു, അടുത്ത സംഖ്യ താനാണോ?

ബാത്ത്റൂമിന്റെ കതകുതുറന്നു മുല്ലപ്പൂഗന്ധം പരന്നു. അരുണയുടെ മുഖത്തു നേർത്ത രക്തഛവി.

അവൾ മെല്ലെ ഒഴുകിയെത്തി. അനന്തു അവളുടെ കയ്യെത്തിപിടിച്ചു. തണുത്തുറഞ്ഞ കൈകൾ. അവളുടെ മേലാകെ ഹിമകണങ്ങൾ വാരിവിതറിയതാരാണ്?

അവൾ ഞെട്ടി. കൈകൾ പേടിച്ചു.
അവൾ ആകാംക്ഷയോടെ ചോദിച്ചു. “എന്തേ, എന്തേ പറ്റിയത്... അനന്തുവിനെ പൊള്ളുന്നുണ്ടല്ലോ”.

അനന്തുവിനൊന്നും പറയാൻ സാധിച്ചില്ല. അവനാകെ പൊള്ളി. മേലാകെ ഒഴുകി.. തിളച്ചവെള്ളം വിയർപ്പായി ഒഴുകി. അവനാകെ വിറച്ചു. അവളെ തൊടാനാഞ്ഞ കൈകൾ കട്ടിലിൽ തളർന്നുവീണു.

അരുണ ആകെ ഭയന്ന് അവന്റെ നെറ്റിയിൽ തൊട്ടു. ചുടുകട്ടയിൽ തൊടുംപോലെ.

അവൾ കതകുതുറന്നു ഉച്ചത്തിൽ വിളിച്ചു, ആരെയോ വിളിച്ചു. പലസ്വരങ്ങൾ ഒഴുകിവന്നു. ഒരുമുഖം മാത്രം അനന്തു വ്യക്തമായി കണ്ടു.

രാഗിണി. അവൾ രണ്ടുകയ്യും നീട്ടി വിളിച്ചു, അനന്തുവിനെ.

അനുസരണയുള്ള ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അനന്തു ഇറങ്ങിനടന്നു. രാഗിണിയോടൊപ്പം...

ചായു ആദൂർ
Tel - +91 93070 05005 (Kerala)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക