വെളിപാട് - കവിത: ജിത്തു ധർമ്മരാജ്

Published on 16 September, 2021
വെളിപാട് - കവിത: ജിത്തു ധർമ്മരാജ്
ചിറക് മുളച്ചപ്പോൾ
ആദ്യം 
തകർത്തത് 
കൂട്
സ്വാതന്ത്ര്യത്തിന്റെ തടവറ
സ്ഥലരാശികളുടെ
സന്നിഗ്ധതകൾ പോലെ
ഋതുഭേദങ്ങളുടെ
അനന്തമായ രഥ്യകൾ
ജീവിതകാമനകളുടെ
ഹരിത ഛായയിൽ നിന്നും
കനലുപോലെയെരിയുന്ന
ഉണ്മയുടെ
അഗ്നി ശയ്യയിൽ
അസ്തിത്വത്തിന്റെ
ആന്തരിക
വൈരുധ്യങ്ങളെന്തെന്നറിഞ്ഞു
വാക്കിനും മൗനത്തിനുമിടയിലെ
നിഗൂഢതയാണ് സ്നേഹം
സലാം കുറ്റിച്ചിറ 2021-09-17 15:39:46
മനുഷ്യൻ പിറവിയിൽ തന്നെ പൈതൃകങ്ങളുടെ ചങ്ങലകണ്ണികളിൽ ഇഴ ചേർന്ന ജാതീയവും വംശീയവും,ദേശീയവുമായ വിവിധങ്ങളായ കെട്ടുപാടുകളിൽ ബന്ധനസ്ഥാനയിക്കൊണ്ടാണ്. പിന്നീട് ആർജ്ജിതമാകുന്ന അറിവുകൾ പൈതൃകത്തിന്റെ ചങ്ങലക്കെട്ടിൽ നിന്ന് കുതറി മുന്നേറുവാൻ സമ്മർദ്ദമേറുമ്പോഴും സന്നിഗ്ദ്ധതകളാൽ അറച്ചുനിൽക്കുന്ന വ്യാകുലതകൾ അവനെ പിറകോട്ട് വലിക്കുന്നുണ്ട്. ചുറ്റുപാടുകളും, കെട്ടുപാടുകളും സ്വപ്നങ്ങൾക്ക് വിലക്ക് തീർക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ പരിമിതികൾ അവന് ബോധ്യമാകുന്നു. ബന്ധങ്ങളും പൈതൃകങ്ങളും തീർത്ത കൂട്ടിൽ നിന്ന് പുറത്ത് കടക്കുക അത്ര എളുപ്പമല്ലെങ്കിലും ചിറക് മുളച്ചപ്പോൾ മുതൽ കൂടിന്റെ ചങ്ങലക്കെട്ടുകളെ ഉല്ലംഖിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വിദൂരവിഹായസ്സിലേയ്ക്ക് പറന്നുയരാൻ വെമ്പുന്ന ഉൽക്കടമായ സ്വാതന്ത്ര്യ ബോധത്തിന്റെ സ്വപ്ന സാക്ഷാൽക്കാരമാണ് ജിത്തു ധർമ്മരാജ് 'വെളിപാട്' എന്ന കവിതയിലൂടെ വായനക്കാരുമായി പങ്ക് വെയ്ക്കുന്നത് പ്രിയ കവി മിത്രം ജിത്തു ധർമ്മരാജിന് ശുഭാശംസകൾ ❤🌹 സലാം കുറ്റിച്ചിറ
വിദ്യാധരൻ 2021-09-17 16:34:17
പുറത്താക്കുന്നമേരിക്കയിൽ മക്കളെ മാതാപിതാക്കൾ പതിനെട്ടിൽ. എടുത്തു താഴേക്കെറിയുന്നു പക്ഷികൾ തൻ കുഞ്ഞുങ്ങളെ സ്വതന്ത്രമാക്കാൻ. സിംഹവും കടവയും ആനയും തള്ളിവിടുന്നു സ്വയം വേട്ടയാടാൻ മലയാളി മാത്രം മടിയിലിരുത്തുന്നു മക്കളെ വയസായി കുഴിയിൽ കാലു നീട്ടുവോളം . ഓതുന്നവരുടെ തലയിൽ വേദവും മന്ത്രവും ഓത്തുപഠിപ്പിക്കുന്ന ക്ഷേത്രത്തിൽ, പള്ളിയിൽ മദ്രസയിൽ , വെയിലിങ് വാളിൽ. തലതിരിഞ്ഞ തലമുറ തലവെട്ടുന്നു പരസ്പരം. കഷ്ടം നോക്കുക ഈ മലയാളി താളിൽ താണ്ഡവ നൃത്തമാടും മതഭ്രാന്തർ. മത്തായിയും മഹമ്മദും നാരായണനും നമ്പ്യാരും വിശുദ്ധനാംപോളും വെളിപാടുമായി പത്രോസും വരുന്നു ഇടയ്ക്ക് പോപ്പ് , പിന്നെ കുരിശേന്തിയ പുണ്യാളരും ഹാ . കഷ്ടം ഇതിൽ നിന്ന് മുക്തിയില്ലാർക്കുമേ . നല്ല കവിത
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക