Image

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

Published on 16 September, 2021
കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

എന്നുപറഞ്ഞാൽ പൊതുവേ ആരും സമ്മതിക്കില്ല. ഏയ്... മഴയല്ലേ രാഗം? രീതി? ലയം? എന്നൊക്കെ പുരികങ്ങൾ കൂട്ടത്തോടെ ചുളിയും. കുറ്റം പറഞ്ഞുകൂടാ... മലയാളിമനസ്സിൽ രാഗം, രോഷം, സ്വപ്നം, കാമം എല്ലാത്തിനും കൂടി മഴ മാത്രമല്ലേ പ്രതീകമായുള്ളൂ? എന്നാൽ മലയാളസിനിമയിൽ കാറ്റ് കുളിർ വീശിയ എത്രയെത്ര ഗാനങ്ങൾ ഉണ്ടെന്നോ? കാറ്റിന്റെ വികാരാവേഗങ്ങളിലൂടെ ആണ് ഇന്ന് രാഗമഥനം.

സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എ ടി ഉമ്മർ സംഗീതം നൽകിയ 'തടവറ'യിലെ, "കാറ്റും ഈ കാടിന്റെ കുളിരും" എന്നു തുടങ്ങുന്ന പാട്ട് എത്രയോ കാലമായി മലയാളിമനസ്സിൽ പ്രണയ പ്രതിഷ്ഠിതമായിട്ട്. എഴുപതുകളിലെ പ്രേമ രംഗങ്ങൾക്ക് അനിവാര്യ ഘടകങ്ങളായ ജയൻ സീമ മാരുടെ പ്രേമ രംഗം എന്നതിനപ്പുറം നമ്മൾ എത്രത്തോളം ഈ പാട്ട് ആസ്വദിച്ചിട്ടുണ്ടാകും? വരികളിൽ തുളുമ്പി ഒഴുകുന്ന പ്രണയത്തിന് കാറ്റിനെയും കാടിന്റെ കുളിരിനെയും  കോരിത്തരിപ്പിക്കാനുള്ള വികാരക്ഷമതയുണ്ട്. തന്റെ സ്വപ്നങ്ങൾ ഈ നിമിഷത്തിൽ നിറഞ്ഞു പൂക്കുകയാണെന്നും വികാരം തുളുമ്പുന്ന ഒരു ചിത്രം,വെൺമേഘം നഭസ്സിൽ വരയ്ക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നുണ്ട് എന്നും ഈ നിമിഷത്തിന്റെ അനുഭൂതി തന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയാണെന്നും കവി (നായകൻ) പറയുന്നതിലൂടെ സംഭോഗ ശൃംഗാരത്തിന്റെ  മനോജ്ഞ വർണ്ണനയാണ് സംഭവിക്കുന്നത്.

അഭിനിവേശത്തിന്റെ ഉൾത്തുടിപ്പുകൾ കെട്ടഴിഞ്ഞുതിരുകയാണ് 'അഹിംസ'യിലെ"കാറ്റു താരാട്ടും കിളിമരത്തോണിയിൽ". നെഞ്ചിലെ മോഹത്തിന്റെ പൊള്ളലാറ്റാൻ കന്നിയിളം പെണ്മണിയെ നായകൻ തരളമായി ക്ഷണിക്കുകയാണ്. അവൾ സമീപസ്ഥ യായിരിക്കുകയെന്നാൽ പ്രേമത്തിന്റെ നെയ്തലാമ്പലുകൾ മന്ദംമന്ദം പൂവിടുക എന്നാണർത്ഥം. അവൾ ഒരു തേൻവസന്തമായി പൂക്കുക എന്നാൽ തന്റെ മെയ്യാകുന്ന പാരിജാതം കാമഹർഷത്താൽ നിറഞ്ഞുലയുക എന്നാണർത്ഥം. പ്രണയ സമീരന് അസാധ്യമായെന്തുണ്ട്? വരികൾ ബിച്ചു തിരുമല സംഗീതം എ ടി ഉമ്മർ.

  ശൃംഗാര ത്തിന് സംഭോഗം (നായികാനായകന്മാർ ഒന്നിച്ചായിരിക്കുന്ന )എന്നും വിപ്രലംഭം (നായികാനായകർ പിരിഞ്ഞിരിക്കുന്ന)എന്നും രണ്ട് അവസ്ഥാവിശേഷങ്ങൾ ഉണ്ടല്ലോ. ചിലപ്പോഴെങ്കിലും വിപ്രലംഭ ശൃംഗാരത്തിനാണ് താരള്യം കൂടുതൽ. അതുകൊണ്ടല്ലേ, നീ വരുമ്പോൾ കണ്മണിയെ കണ്ടുവോ അവളുടെ കവിളിണ തഴുകിയോ അല്ലെങ്കിൽ എവിടുന്നാണ് നിനക്കീ കസ്തൂരി ഗന്ധം കിട്ടിയത് കാറ്റേ എന്ന അതിമനോഹര ഗാനം മലയാളിക്കു കിട്ടിയത്?
ആലോചിച്ചിട്ടുണ്ടോ,എത്ര സുഗന്ധപൂരിതമാണ് ആ കാറ്റിന്റെ കുളിരെന്ന്??ശ്രീകുമാരൻതമ്പി എന്ന കവി, വിപ്രലംഭ ശൃംഗാര ത്തെ അതിന്റെ അത്യുദാത്തതയിൽ  കൊണ്ടാടിയ കവിയാണ് തന്റെ ഏറെ ഗാനങ്ങളിലും. അർജുനൻ മാഷിന്റെ സംഗീതമാകട്ടെ സ്വർണ്ണത്തിനു സുഗന്ധം പോലെയും. ചിത്രം പിക്നിക്ക്.

നഷ്ടപ്രണയമാണോ ഏക നിശാദൈർഘ്യമുള്ള ഒരു ബന്ധമാണോ " വാകപ്പൂമരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്ക് മുറിയെടുത്ത വടക്കൻതെന്നലിനു" പറയാനുള്ളത്? രണ്ടാമത്തേത് - ഒരു രാത്രി ബന്ധത്തിന്റെ കഥ - ആണെന്നാണ് തോന്നിയിട്ടുള്ളത്. നോക്കൂ - വാതിലിൽ ഒരു വസന്തപഞ്ചമിപ്പെണ്ണ് വന്ന് എത്തിനോക്കുന്നു. അവളുടെ വള കിലുക്കത്തിൽ ഭ്രമിച്ച് അവൻ, കാറ്റ് വിരൽ ഞൊടിച്ച് അവളെ അകത്തേക്കു ക്ഷണിക്കുന്നു. വിരൽ കടിച്ച് വിവശയായി ആ വിധുവദന ഒതുങ്ങിനിൽക്കുന്നു. ശേഷം സംഭോഗം  വിശദമായിത്തന്നെ വിവരിക്കുന്നുണ്ട് ബിച്ചുതിരുമല. രണ്ടാം രംഗത്തിൽ നാം കാണുന്നത്? പുലരിയിൽ കണ്ണുതുറക്കുന്ന കാമുകൻ ശയ്യയിൽ അവളില്ലെന്നറിയുന്നു- പിന്നെ വെച്ചു താമസിപ്പിച്ചില്ല - അവൻ തന്റെ പാടും നോക്കി പോയത്രേ!!!
    "അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി.. തെന്നൽ പറന്നുപോയി " സംഗീതം എ ടി ഉമ്മർ സിനിമ :അനുഭവം.
         പ്രണയത്തിന്റെ പേരിട്ടു പറയാനാവാത്ത ഒരു സഫല ഭാവമുണ്ട്, 'സെല്ലുലോയ്ഡി'ലെ "കാറ്റേ കാറ്റേ നീ..."എന്നു തുടങ്ങുന്ന ഗാനത്തിന്. ഗാന ശിൽപ്പികൾ ആരെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ( വായനക്കാർക്ക് അറിയുമെങ്കിൽ പറഞ്ഞു തന്നാൽ വളരെ സന്തോഷം ) ആ വരികൾ അപഗ്രഥനം ചെയ്തിട്ടുണ്ടോ പ്രിയരേ? ഹോ!! ആ മന്ദാനിലൻ ഒരു പാട്ടും മൂളി വന്നപ്പോൾ ആ മരം പൂത്തുലയുകയും കായ്ച്ചുവർഷിക്കുകയും ചെയ്തുവെങ്കിൽ എത്ര കൃതാർത്ഥനാണ് ആ പ്രണയസമീരൻ....  മീനത്തീവെയിലിന്റെ ചൂടിനെ തണുതണെയുള്ളൊരു തൂവൽ വീശലാക്കാൻ കെൽപ്പുള്ളവനാണ് അവൻ. എത്ര ഗോപ്യമായാണ് കാറ്റിന്റെ പ്രണയത്തെ കവി വരികളിൽ ഒതുക്കിയിരിക്കുന്നത്..

വാൽസല്യം,ദുഃഖം, ഭയം,രോഷം,വിരഹം എന്നിങ്ങനെ മലയാള സിനിമാഗാനങ്ങളിൽ കാറ്റ് പറയാത്ത വികാരങ്ങൾ ഇല്ല.വിശദമായി മറ്റൊരു വേളയിലേക്ക് മാറ്റിവെക്കുന്നു. ഇപ്പോൾ ഈ പ്രേമസമീരൻ ഇവിടെയൊഴുകട്ടെ....!!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക