Image

കേരളത്തിലെ മാറിമറിയുന്ന ന്യൂനപക്ഷ രാഷ്ട്രീയ സമവാക്യങ്ങള്‍

ജോബിന്‍സ് Published on 17 September, 2021
കേരളത്തിലെ മാറിമറിയുന്ന ന്യൂനപക്ഷ രാഷ്ട്രീയ സമവാക്യങ്ങള്‍
മത സാമൂദായിക സ്വാധീനം കേരള രാഷ്ട്രീയത്തില്‍ ആദ്യകാലം മുതലേ ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ മന്ത്രിസഭാ രൂപീകരണം വരെ ഈ സന്തുലിതാവസ്ഥ സംരക്ഷിച്ചു പോരാന്‍ ഇരു മുന്നണികളും ശ്രദ്ധിച്ചിരുന്നു. 

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളെ പിടിച്ചു കുലുക്കിയ വിഷയമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം . ഏറെ കോളിളക്കം സൃഷ്ടിച്ച വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞത്. 

ബിജെപിയും എന്‍ഡിഎയും മാത്രമാണ് ഈ വിഷയത്തില്‍ ഒരു നിലപാട് പറഞ്ഞത്. മറ്റ് രണ്ട് മുന്നണികളിലേയും പാര്‍ട്ടികള്‍ സ്വീകരിച്ചത് വിത്യസ്ത നിലപാടുകളാണ്. സാധാരണയായി ഇത്തരം ന്യൂനപക്ഷങ്ങള്‍ക്കിടയലെ വിഷയത്തില്‍ ലീഗിന്റെ അഭിപ്രായമായിരുന്നു കോണ്‍ഗ്രസും യുഡിഎഫും അംഗീകരിച്ചിരുന്നത് അതെപ്പോഴും ഏകപക്ഷീയമായിരുന്നു താനും. മറ്റ് അഭിപ്രായങ്ങള്‍ പറയുന്നവരെ ഒതുക്കുകയായിരുന്നു പതിവ്. 

ഇതു പോലെ തന്നെ എല്‍ഡിഎഫിലും സിപിഎമ്മിന്റെ അഭിപ്രായമായിരുന്നു അംഗീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഇരുമുന്നണികളിലേയും ഒരു വിഭാഗം പാലാ രൂപതാധ്യക്ഷന് ശക്തമായി പിന്തുണ നല്‍കിയപ്പോള്‍ അവരെ എതിര്‍ക്കാന്‍ മറ്റുള്ളവര്‍ തുനിഞ്ഞില്ല. 

എല്‍ഡിഎഫിലേയ്ക്ക് ആദ്യം വന്നാല്‍ മുഖ്യമന്ത്രിയും സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും ഈ വിഷയത്തില്‍ ആദ്യം സ്വീകരിച്ച നിലപാട് ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച അത്ര കാഠിന്യം ഇരുവരുടേയും വാക്കുകള്‍ക്കില്ലായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ നിലപാട് മയപ്പെടുത്താനും ബിഷപ്പിനെതിരെ കേസെടുക്കില്ലെന്ന് പരസ്യമായി പറയാനും മുഖ്യമന്ത്രി തയ്യാറായി. 

മാത്രമല്ല കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി ബിഷപ്പിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും അരമനയിലെത്തി പിന്തുണ അറിയിക്കുകയും ചെയ്തപ്പോഴും ജോസ് കെ. മാണിയുടെ നിലപാടില്‍ തെറ്റില്ല എന്നാണ് പിണറായി പറഞ്ഞത്. കേരളാ കോണ്‍ഗ്രസിന് പിതാവിന് പിന്തുണയറിയിക്കാനും തങ്ങളുടെ അണികളുടെ വികാരം പ്രകടിപ്പിക്കാനും അവസരം ലഭിച്ചു. 

യുഡിഎഫിലേയ്ക്ക് വന്നാല്‍ പിതാവിന്റെ പ്രസ്താവനയെ ആദ്യം തന്നെ മുസ്ലീംലിഗ് ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. സുധാകരനും പിതാവിനെ തള്ളി രംഗത്തെത്തി. എന്നാല്‍ പി.ജെ. ജോസഫ് വിഭാഗം ആദ്യം മുതല്‍ പിതാവിനൊപ്പം ഉറച്ച് നിന്നു. ജോസഫ് ഗ്രൂപ്പിനെ ഈ വിഷയത്തില്‍ തള്ളിപ്പറയാനുള്ള ധൈര്യം ലീഗിനോ കോണ്‍ഗ്രസിനോ ഉണ്ടായില്ല. മാത്രമല്ല അനൂപ് ജേക്കബും ബിഷപ്പിനെ നേരിട്ട് കണ്ട് പിന്തുണയറിയിച്ചു

മാത്രമല്ല സതീശന് നിലപാട് മയപ്പെടുത്തേണ്ടി വരികയും ചെയ്തു. തങ്ങള്‍ രണ്ടുപേരുടേയും നിലപാട് തിരിച്ചടിയാകും എന്നറിഞ്ഞ് തന്നെയാണ് സതീശനും സുധാകരനും ചങ്ങനാശേരി അതിരൂപതാധ്യക്ഷനെ കാണുകയും സുധാകരന്‍ പാലാബിഷപ്പിനെ സന്ദര്‍ശിക്കുകയും ചെയ്തത്. 

കുറച്ചു കാലം മുമ്പ് വരെ കേരളത്തിലെ ന്യൂനപക്ഷ രാ്ര്രഷ്ടീയം ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ക്രൈസ്തവര്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതോടെയും ഇങ്ങനെ പ്രതികരിക്കുന്നവര്‍ക്ക് ബിജെപി പിന്തുണ നല്‍കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ തിരിഞ്ഞത്. 

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ ഇടയിലേയ്ക്ക് ബിജെപി കടന്നു കയറുന്നത് ദോഷം ചെയ്യുമെന്നും ക്രൈസ്തവര്‍ക്ക് ബിജെപിയോടുള്ള അയിത്തം കുറഞ്ഞു വരികയാണെന്നും ഇരുമുന്നണികള്‍ക്കും വ്യക്തമാണ്. ഇത് തന്നെയാണ് ഒപ്പമുള്ള കേരളാ കോണ്‍ഗ്രസുകള്‍ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ വിത്യസ്ത അഭിപ്രായം  സ്വീകരിച്ചപ്പോള്‍ തടയിടാന്‍ ഇരുമുന്നണി നേതൃത്വങ്ങളും ശ്രമിക്കാതരിക്കാന്‍ കാരണമായത്. 

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതും 80 :20 അനുപാത വിഷയത്തില്‍ ഇരുപക്ഷത്തെയും പരിഗണിച്ചുകൊണ്ടുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ മാറിവരുന്ന മനോഭാവം മനസ്സിലാക്കിയിട്ടു തന്നെയാണ്. മാത്രമല്ല പാലാ ബിഷപ്പ് എഴുതി വായിച്ച പ്രസംഗത്തിന് സഭയ്ക്കുള്ളില്‍ നിന്നും ശക്തമായ പിന്തുണയായണ് ലഭിച്ചത്. ഇതും രാഷ്ട്രീയ നേതൃത്വത്തെ അസ്വസ്ഥരാക്കി.

ഒരു വിഭാഗത്തെ മാത്രം പരസ്യമായി പിന്തുണയ്ക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രിയത്തില്‍ നിന്നും ഇരുവിഭാഗങ്ങളേയും പരിഗണിക്കുന്ന നിലയിലേയ്ക്ക് ഇരുമുന്നണികളും എത്തിയെന്ന്  വ്യക്തം





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക