Image

കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ തുടങ്ങുന്നു

Published on 18 September, 2021
കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ തുടങ്ങുന്നു
കൊച്ചി: പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. പരമാവധി സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാല്‍ മതിയെന്നുള്ള നിര്‍ദേശവും മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്.

ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം ഇനി സ്റ്റാന്‍ഡ് ബൈ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ഇത്തരത്തില്‍ സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാര്‍ക്ക് കറങ്ങി നടക്കാനാകില്ല. ഇവര്‍ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.

മുമ്പ് അയ്യായിരത്തിനു മുകളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്.

കോവിഡ് കാലത്ത് സര്‍വീസ് കാര്യമായി കുറഞ്ഞു. ടിക്കറ്റിതര വരുമാനം കൂട്ടാന്‍ ചില വഴികളും കണ്ടെത്തിയെങ്കിലും സര്‍ക്കാരിന്റെ സഹായത്തോടെയാണ് കെ.എസ്.ആര്‍.ടി.സി. പിടിച്ചു നിന്നത്.

6204 ബസുകളാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ആകെയുള്ളത്. ഈ വര്‍ഷം ആദ്യം 4425 ബസുകള്‍ സര്‍വീസ് നടത്തുകയും വരുമാനം 100 കോടിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മാസങ്ങളിലും മികച്ച വരുമാനം ലഭിച്ചു. എന്നാല്‍ വീണ്ടും കോവിഡും ലോക്ഡൗണുമെല്ലാം എത്തിയതോടെ കോര്‍പ്പറേഷന്‍ കിതച്ചു.

ഇതോടെ സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു.

കഴിഞ്ഞ മാസം വരെ മൂവായിരം ബസുകള്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞുള്ളൂ.

കോവിഡിന് മുന്‍പുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക