Image

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

Published on 18 September, 2021
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും 'മംഗളം' പത്രാധിപ സമിതി അംഗവുമായിരുന്ന കെ.എം റോയ് അന്തരിച്ചു. 82 വയസായിരുന്നു. 'മംഗളം' ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കേയാണ് സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്ന് വിരമിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ അദ്ദേഹം 'ഇരുളും വെളിച്ചവും' എന്ന പംക്തി  കൈകാര്യം ചെയ്തിരുന്നു. 'തുറന്ന മനസ്സോടെ' എന്ന പേരില്‍ മംഗളം ദിനപത്രത്തില്‍ പ്രതിവാര ലേഖനങ്ങളും എഴുതിയിരുന്നു. ആറ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌

കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പ്രസിഡന്റായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ജനനം 1939ല്‍ എറണാകുളം കരീത്തറ വീട്ടില്‍. അച്ഛന്‍ കെ.ആര്‍.മാത്യു. അമ്മ ലുഥീന 1963 എറണാകുളം മഹാരാജാസ് കോളേജില്‍ എം.എക്കു പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കേരളപ്രകാശം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങി.  തുടര്‍ന്ന് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം ദിനപത്രത്തിലും  പത്രാധിപ സമിതിയംഗമായി. പിന്നീട് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടറായി രണ്ടുകൊല്ലം.  1970ല്‍ കോട്ടയത്ത് ദ ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായി.  1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായി.  1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ) റിപ്പോര്‍ട്ടറായി. 1987ല്‍ കോട്ടയത്തു മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി ചേര്‍ന്നു.  2002ല്‍  മംഗളം ദിനപത്രത്തില്‍ നിന്ന് വിരമിച്ചു.  ഇപ്പോള്‍ കോളമിസ്റ്റ് എന്ന നിലയില്‍ മലയാളത്തിലും വിദേശരാജ്യങ്ങളില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും കോളങ്ങള്‍ എഴുതുന്നു.

1988-91 ല്‍ കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായിരുന്നു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.

പുസ്തകങ്ങള്‍-    മോഹമെന്ന പക്ഷി, സ്വപ്ന എന്റെ ദു:ഖം, മനസ്സില്‍ എന്നും     മഞ്ഞുകാലം, ഇരുളും വെളിച്ചവും (4 ഭാഗം), ആതോസ് മലയില്‍, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍, പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, ഷിക്കാഗോയിലെ കഴുമരങ്ങള്‍, കറുത്ത പൂച്ചകള്‍, ചുവന്ന പൂച്ചകള്‍.

അവാര്‍ഡുകള്‍    -ശിവറാം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്,  സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, റഹിം മേച്ചേരി അവാര്‍ഡ്, സി.പി.ശ്രീധരന്‍ അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ്, ആള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ ലൈഫ് ടൈംഅവാര്‍ഡ്, കേസരി രാഷ്ട്രസേവാ പുരസ്‌കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക