Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 18 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് രാജി വച്ചു. മുപ്പതിലേറെ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മിയില്‍ ചേരുമെന്ന് ഭീഷണിമുഴക്കിയതിന് പിന്നാലെ അമരീന്ദര്‍ സിംഗിനോട് സ്ഥാനമൊഴിയാന്‍ സോണിയാഗാന്ധി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. എഐസിസി സര്‍വ്വേയിലും ഭരണ വിരുദ്ധ വികാരം വെളിവായിരുന്നു. അപമാനിതനായാണ് ഇറങ്ങുന്നതെന്ന് സോണിയാ ഗാന്ധിയെ  അറിയിച്ചതായി അമരീന്ദര്‍സിംഗ് പറഞ്ഞു.
**********************
കോണ്‍ഗ്രസില്‍ വീണ്ടും നേതൃമാറ്റം ആവശ്യപ്പെട്ട് ശശിതരൂര്‍. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയാഗാന്ധി തന്നെ ആവശ്യപ്പെടുകയാണെന്നും അങ്ങനെയെങ്കില്‍ പുതിയ നേതൃത്വം ഉടന്‍ വരണമെന്നും കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന് ഇത് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും ശശി തരൂര്‍ പറഞ്ഞു.
*******************
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തനും എഴുത്തുകാരനുമായിരുന്ന കെ.എം റോയി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊച്ചു കടവന്ത്രയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കേരളാ ഭൂഷണ്‍, ദി ഹിന്ദു, യുഎന്‍ഐ എന്നിവടങ്ങളില്‍ ലേഖകനും ദീര്‍ഘനാള്‍ മംഗളം ജനറല്‍ എഡിറ്ററുമായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
*************************
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാതിയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് പരീക്ഷകള്‍ അവസാനിക്കും.  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 13 ന് അവസാനിക്കും. പരീക്ഷകള്‍ക്കിടയില്‍ അഞ്ച് ദിവസം വരെ ഇടവേള നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 
***************************
രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമാണെന്ന്
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ച നിയമ വ്യവസ്ഥയല്ല നിലവില്‍ ഇവിടെയുള്ളതെന്നും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 
*********************
സിപിഎമ്മിനെതിരെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി. സിപിഎം പക്ഷം പിടിച്ച് സംസാരിക്കുകയാണെന്നും സമവായ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്നും മന്ത്രി വി.എന്‍. വാസവന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനവും തുടര്‍ന്നുള്ള പ്രസ്താവനയും അനുചിതമാണെന്നും മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. 
**********************
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുല്‍ പ്രയോജനപ്പെടുത്തിയില്ലെന്നും ജാഗോ ബംഗ്‌ള എന്ന തൃണമൂല്‍ മുഖപത്രത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലാകാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മാത്രമേ കഴിയൂ. മോദിക്ക് ബദല്‍ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും മുഖപത്രത്തില്‍ പറയുന്നു. 
**************************
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തി. പതിനഞ്ച് മിനുറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക