Image

രാജ്യത്ത് ആദ്യത്തെ ഇലക്‌ട്രിക്ക് ഹൈവേ; സൂചനകളുമായി കേന്ദ്ര ഗതാഗത മന്ത്രി

Published on 20 September, 2021
രാജ്യത്ത് ആദ്യത്തെ ഇലക്‌ട്രിക്ക് ഹൈവേ; സൂചനകളുമായി കേന്ദ്ര ഗതാഗത മന്ത്രി


ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിനെ ബന്ധിപ്പിക്കുന്ന 200 കിലോമീറ്റര്‍ നീളമുള്ള ഇലക്‌ട്രിക് ഹൈവേ നിര്‍മ്മിക്കുന്നതിനെ കുറിച്ച്സൂചന നൽകി   കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്‌ട്രിക് ഹൈവേ തന്റെ സ്വപ്ന പദ്ധതിയെന്നാണ് ഗഡ്കരി വിശേഷിപ്പിച്ചിട്ടുള്ളത്.

ഇലക്‌ട്രിക് ഹൈവേയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്ബോള്‍ റോഡിലുള്ള കേബിളുമായി വാഹനത്തിന്റെ ചാര്‍ജ് പോയിന്റ് ബന്ധിപ്പിച്ചാണ് ചാര്‍ജ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ ട്രക്കുകള്‍ക്കായുള്ള ഇത്തരം പാതകള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റോഡിനരികില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്‌ട്രോ മാഗ്നെറ്റിക് സാങ്കേതിക വിദ്യയിലൂടെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ആധുനിക രീതിയാവും ഇലക്‌ട്രിക് ഹൈവേകളില്‍ കൂടുതല്‍ ഉപയോഗപ്രദമാവുക. നിലവില്‍ ജര്‍മ്മനിയിലും സ്വീഡനിലും ഇലക്‌ട്രിക് ഹൈവേകള്‍ ഉപയോഗത്തിലുണ്ട്.

ഇന്ത്യയില്‍ ഇലക്‌ട്രിക് ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ചര്‍ച്ചകള്‍ ഗഡ്കരി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒരു വിദേശ കമ്ബനിയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. 2022 പകുതിയോടെ ഹൈവേയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് ഒരു ഇലക്‌ട്രിക് ഹൈവേ നിര്‍മ്മിക്കാന്‍ തന്റെ മന്ത്രാലയം ഒരു വിദേശ കമ്ബനിയുമായി ചര്‍ച്ച നടത്തുകയാണെന്ന് രണ്ട് ദിവസം മുമ്ബാണ് ഗഡ്കരി പറഞ്ഞത്.  ഡല്‍ഹി-മുംബൈ നഗരങ്ങള്‍ക്കിടയിലും ഇലക്‌ട്രിക് ഹൈവേ വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗതാഗത മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ഈ ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക. വൈദ്യുതിയില്‍ ഓടുന്ന ട്രെയിനുകള്‍ പോലെ ബസുകളും ട്രക്കുകളും കാറുകളും വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കും.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക