കാലമിങ്ങനെ (കവിത: ഡോ.എസ്‌.രമ)

Published on 21 September, 2021
കാലമിങ്ങനെ (കവിത: ഡോ.എസ്‌.രമ)
ശീതീകരണിക്കുള്ളിൽ
വിഷം പുതച്ചു പച്ചക്കറികൾ.
മോർച്ചറി ഗന്ധത്തിൽ
തീൻമേശയിൽ മീനുകൾ
ധാന്യക്കൂമ്പാരങ്ങളെ
ഭയന്നോടുന്നു കീടങ്ങൾ

കണ്ണാടിക്കൂട്ടിൽ രുചി മുകുളങ്ങളെ
ത്രസിപ്പിക്കും നിറഭേദങ്ങൾ
അന്നപഥത്തിനിഷ്ടമില്ലായ്‌മയോടിണചേരുന്നു
പെറ്റുകൂട്ടുന്നർബുദകോശങ്ങളെ

ലാഭമായുസ്സിനു വിലയിടുന്നു
രുചിക്കൂട്ടുകൾക്കു പിന്നാലെ
കിതച്ചോടും കാലം
കുഴഞ്ഞു വീഴുന്നു

അന്തിയലസതയിൽ തെരുവിൽ
നിറയുന്നു കരിഞ്ഞ മാംസഗന്ധം
ഓരങ്ങളിലന്നത്തെ കൊതിക്കുമൊട്ടിയ
വയറുകൾ...
വിശപ്പിനെ പ്രണയിച്ചുറങ്ങുന്നു

വിയർപ്പിൻ വിളയെടുപ്പുകളൊരു
കോണിലാരോ കുഴിച്ചു മൂടുന്നു
കാടിറങ്ങും കൃഷിയിടങ്ങളിൽ
തൂങ്ങിയാടുന്നാത്മാഹുതിയുടെ കബന്ധങ്ങൾ
വിരൽത്തുമ്പാൽ പരതി പരതി
മൊബൈലിൽ മുഖം പൂഴ്ത്തുന്നു സമൂഹം
ഇന്നിന്റെ മുഖമിങ്ങനെ.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക