Image

ദൈവാശ്രയത്തില്‍ മുന്നേറുക: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍

ബഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ) Published on 21 September, 2021
ദൈവാശ്രയത്തില്‍ മുന്നേറുക: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കണ്‍വന്‍ഷന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ വച്ചു സെപ്റ്റംബര്‍ 11-ന് ശനിയാഴ്ച നടത്തപ്പെട്ടു. സി.എസ്.ഐ കൊല്ലം- കൊട്ടാരക്കര രൂപതാ ബിഷപ്പ് റൈറ്റ് റവ. ഉമ്മന്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.

ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്വയറിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ കണ്‍വന്‍ഷന് തുടക്കമായി. ജേക്കബ് ചാക്കോ, ഡോ. അന്നമ്മ സാധു, മെല്‍ജേ, വര്‍ഗീസ് എന്നിവരുടെ വേദപുസ്തക വായനയ്ക്കുശേഷം റവ.ഡോ. മാത്യു പി. ഇടിക്കുള പ്രാരംഭ പ്രാര്‍ത്ഥന നടത്തി.

എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റവ.ഫാ.  തോമസ് മുളവനാല്‍ ഏവരേയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്തു. കൗണ്‍സില്‍ പ്രസിഡന്റ് റവ. ഹാം ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ നമ്മുടെ കര്‍മ്മങ്ങളും പ്രവര്‍ത്തികളും ദൈവാശ്രയ ബോധത്തോടെയുള്ളതായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

റൈറ്റ് റവ.ഡോ. ഉമ്മന്‍ ജോര്‍ജ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രയാസങ്ങളുടേയും പ്രതിസന്ധികളുടേയും നടുവില്‍ ദൈവാശ്രയ ബോധത്തോടെയുള്ള ജീവിതമായിരിക്കണം നമ്മുടേത്. പ്രത്യേകിച്ച് കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ദൈവത്തെ മുന്‍നിര്‍ത്തി ഊര്‍ജ്ജം പകര്‍ന്ന് കഷ്ടതകളില്‍ തളരാതെ ശക്തരായി നാം മുന്നേറണമെന്ന് തിരുമേനി ആഹ്വാനം ചെയ്തു.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ.ഡോ. ഭാനു സാമുവേല്‍ "ട്രസ്റ്റ് ഇന്‍ ഗോഡ്' എന്ന വിഷയം ആസ്പദമാക്കി വചനപ്രഘോഷണം നടത്തി.

എക്യൂമെനിക്കല്‍ ട്രഷറര്‍ ഏബ്രഹാം വര്‍ഗീസ് സ്‌തോത്രക്കാഴ്ചകള്‍ എടുക്കുന്നതിന് നേതൃത്വം നല്‍കുകയും, റവ.ഫാ. ജോര്‍ജ് ടി. വര്‍ഗീസ് അതിന്മേല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

എക്യൂമെനിക്കല്‍ സെക്രട്ടറി ആന്റോ കവലയ്ക്കല്‍ കണ്‍വന്‍ഷനില്‍ സംബന്ധിച്ചവര്‍ക്കും., ഇതിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

അഭിവന്ദ്യ തിരുമേനിയുടെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെ കണ്‍വന്‍ഷന്‍ പര്യവസാനിച്ചു. എം.സി എന്ന നിലയില്‍ കണ്‍വന്‍ഷന്റെ നടപടിക്രമങ്ങള്‍ സാം തോമസ് നിയന്ത്രിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക