Image

കൊടി സുനി ജയില്‍ സൂപ്രണ്ട്, കൊലക്കേസ് പ്രതികള്‍ക്ക് ജയില്‍ സുഖവാസകേന്ദ്രങ്ങളാകുന്നു: കെ.സുധാകരന്‍

Published on 21 September, 2021
കൊടി സുനി ജയില്‍ സൂപ്രണ്ട്, കൊലക്കേസ് പ്രതികള്‍ക്ക് ജയില്‍ സുഖവാസകേന്ദ്രങ്ങളാകുന്നു: കെ.സുധാകരന്‍


കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ജയിലില്‍ ഫോണ്‍വിളിച്ചുവെന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കണ്ണൂര്‍ ജയിലില്‍ സൂപ്രണ്ട് കൊടി സുനിയാണ്. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ ക്രിമിനലുകള്‍ സുഖശീതളച്ഛായയിലാണ് താമസം. ജയില്‍ ഒരു സുഖവാസ കേന്ദ്രമാണ്. ഇത് അഭിമാനബോധമുള്ളവരോട് പറഞ്ഞാലെ കാര്യമുള്ളു. ആളുകളും പ്രസ്ഥാനങ്ങളും പത്രങ്ങളൊക്കെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കേട്ടില്ലെന്ന ഭാവത്തില്‍ പോകുന്ന അന്ധരും ബധിരരുമായ കേരളത്തിെല ഭരണാധികാരികളോട് ഇനി പറഞ്ഞിട്ട കാര്യമില്ല. അവരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. അവരാണ് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്. അവരോട് പരാതിപ്പെട്ടിട്ട് എന്തുകാര്യം. സത്യത്തില്‍, ഈ സംഭവത്തില്‍ എന്തെങ്കിലും ലജ്ജാബോധമുണ്ടെങ്കില്‍ മുഖ്യമന്ത്രി പ്രതികരിക്കണ്ടെ? ഒരു നടപടി എടുക്കേണ്ടെ? -കെ.സുധാകരന്‍ കണ്ണൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമ്രന്തിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും സമൂഹത്തിലും ഉയര്‍ന്നുവന്നപ്പോഴും നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിയെ കുറിച്ച് എന്തു പറയാനാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ അദ്ദേഹം പ്രതികരിക്കൂ. പ്രതിക്കേണ്ട എന്ന് തീരുമാനിച്ചാല്‍ അന്ന് പ്രതികരിക്കില്ല. അത് ജനാധിപത്യ സംവിധാനത്തില്‍ ആദരിക്കപ്പെടേണ്ട യോഗ്യതയാണെന്ന അഭിപ്രായം തനിക്കില്ല. 

തടവുകാര്‍ സര്‍ക്കാരിന്റെ അതിഥികളായി തീറ്റിപ്പോറ്റുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. മാധ്യമങ്ങള്‍ ഇത്രയും ഗുരുതര ആരോപണം ഉയര്‍ത്തിക്കാണിച്ചിട്ടും അതിനോട് പ്രതികരിക്കാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിനെതിരെ ജനരോഷം ഉയരണം, പ്രതിഷേധം ആളിക്കത്തണം. അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രതിഷേധം ഉയരണം. 

പാലാ ബിഷപിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രശ്‌നം നീക്കുന്നതിന് കോണ്‍ഗ്രസ് യോഗം വിളിക്കും. അത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. യോഗം വിളിക്കുന്നത് എന്നാണെന്ന് നിശ്ചയിച്ചിട്ടില്ല. ആര് എന്തു പറഞ്ഞു എന്നതല്ല, അതിന്റെ ആത്യന്തിത ഫലമെന്താണെന്നാണ് നോക്കേണ്ടത്. ഇവിടെ മതസൗഹാര്‍ദ്ദം തകരുകയാണ്. സമാധാന അന്തരീക്ഷം തകരുകയാണ്. മതസൗഹാര്‍ദ്ദം തകര്‍ന്നാലുള്ള ആന്തരിക ഫലമെന്താണെന്ന് മനസ്സിലാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലേ? കൈവിട്ട് പോയിട്ടു നടപടികളുമായി പോയിട്ട് കാര്യമുണ്ടോ? കൈവിട്ടുപോകുന്നതിന് മുന്‍പ് നടപടി സ്വീകരിക്കേണ്ടെ? ഈ ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും സര്‍ക്കാരാണെങ്കില്‍ പേരിനെങ്കിലും ഒരു മതസൗഹാര്‍ദ്ദ യോഗം വിളിച്ചു ചേര്‍ക്കില്ലേ? പക്ഷേ ആ ആവശ്യമൊന്നും സര്‍ക്കാരിന്റെ ബധിരമൂക കര്‍ണങ്ങൡ പതിക്കുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക