Image

വിശ്വാസികളെ ഇനിയും അപമാനിക്കാതെ കര്‍ദിനാള്‍ ആലഞ്ചേരി രാജിവച്ചു മാറി നില്‍ക്കണം: സഭാ സുതാര്യസമിതി

Published on 21 September, 2021
വിശ്വാസികളെ ഇനിയും അപമാനിക്കാതെ കര്‍ദിനാള്‍ ആലഞ്ചേരി രാജിവച്ചു മാറി നില്‍ക്കണം: സഭാ സുതാര്യസമിതി

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍  വിശ്വാസികളെ പൊതുസമൂഹത്തില്‍ ഇനിയും അപമാനിക്കാതെ കര്‍ദിനാള്‍ ആലഞ്ചേരി രാജിവച്ച് മാറിനില്‍ക്കണമെന്ന് സഭാ സുതാര്യസമിതി ആവശ്യപ്പെട്ടു.

16 ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയായ വ്യക്തിയാണ് ഒരു ക്രിസ്ത്യന്‍ സഭയുടെ ആത്മീയ തലവന്‍ എന്നുള്ളത് വിശ്വാസികളെ സംബന്ധിച്ച് അപമാനമാണ്. എന്നാല്‍ അതും ഒരു അഭിമാനമായി കൊണ്ട് നടക്കുകയാണ് കര്‍ദിനാള്‍ ആലഞ്ചേരിയെന്ന്‌സഭാ സുതാര്യസമിതി ആരോപിച്ചു.

ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണര്‍ ബീന പി ആനന്ദിന്റെ നേതൃത്വത്തില്‍ ആണ് അന്വേഷണം എറണാകുളം ജില്ലാ രജിസ്ട്രാര്‍ എബി ജോര്‍ജ്, കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ വിനോദ് പിള്ള, റവന്യൂ സീനിയര്‍ സൂപ്രണ്ട് ജയകുമാരന്‍ എസ്., റവന്യൂ ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്‍പിള്ള, ഉദ്യോഗസ്ഥരായ ഷിബു എം വി, എം. മനോജ് എന്നിവരാണ് അന്വേഷണ സമിതിയില്‍ ഉള്ളത്.

എറണാകുളം -അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലെ കാക്കനാടുള്ള ഭൂമി വില്‍പന നടത്തിയത് വഴി സഭക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിലാണ് വിദഗ്ധ സംഘത്തെ കൊണ്ട് അന്വേഷണം നടത്താന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ഈ വിവാദ ഭൂമി ഇടപാടില്‍ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തിയ കെപിഎംജി കമ്മീഷന്‍ അടക്കമുള്ള എല്ലാ അന്വേഷണ കമ്മീഷനുകളും കര്‍ദിനാള്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്ന ഭൂമി ഇടപാടില്‍ 60കോടിയില്‍ അധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തി. എന്നിട്ടും ചുമതലയില്‍ നിന്ന് മാറിനില്‍ക്കാതെ വിശ്വാസികളെ വീണ്ടും അപമാനിച്ചു കൊണ്ട് സഭാ നേതൃത്വത്തില്‍ തുടരുന്ന കര്‍ദിനാള്‍ ആലഞ്ചേരിയെ പുറത്താക്കാന്‍ സഭാ നേതൃത്വം ഇടപെടണമെന്ന് 
സഭാ സുതാര്യസമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവന്‍, ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക