Image

കോഴിക്കോട് യുവാവിനെ ആക്രമിച്ച്‌ 1.2 കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

Published on 21 September, 2021
കോഴിക്കോട് യുവാവിനെ ആക്രമിച്ച്‌ 1.2 കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി;   തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
കോഴിക്കോട്: നഗരത്തില്‍ യുവാവിനെ ആക്രമിച്ച്‌ ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാത്രിയാണ് ബംഗാള്‍ സ്വദേശിയായ സ്ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച്‌ കവര്‍ച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി ഉരുക്കുശാലയില്‍ തയാറാക്കിയ സ്വര്‍ണകട്ടികളാണ് സംഘം കവര്‍ന്നത്. സംഘത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്.

കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ച്‌ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കവര്‍ച്ച നടന്നത്. നഗരത്തിലെ സ്വര്‍ണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാള്‍ സ്വദേശി റംസാന്‍ അലിയെയാണ് നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ആക്രമിച്ചത്. തന്നെ ചവുട്ടി വീഴ്ത്തിയ സംഘം പോക്കറ്റില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 1.2 കിലോ സ്വര്‍ണ കട്ടികള്‍ കവരുകയായിരുന്നു എന്നാണ് റംസാന്‍ അലി പറഞ്ഞത്. നഗരത്തിലെ ജ്വല്ലറിയിലേക്കായി തയാറാക്കിയ സ്വര്‍ണ കട്ടികള്‍ ഇയാള്‍ ഉരുക്കുശാലയില്‍നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

രാവിലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ടൗണ്‍ എസിപി അറിയിച്ചു. സ്വര്‍ണവുമായി വ്യാപാരി വരുന്ന വിവരം കവര്‍ച്ചാ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക